Saturday, May 11, 2019

എന്റെ ഹൃദയം

എന്റെ ഹൃദയം.
................................................
പുഴയിലല്ലായിരുന്നു ഞാൻ
മുതലമേലുമല്ലായിരുന്നു.
അത്തിമരത്തിൽ സൂക്ഷിച്ചതുമല്ല
നിന്റെ ,
അതേ നിന്റെ പാദത്തിൽ ഭദ്രമായ്
ആരുമറിയാതെ ഒളിച്ചു വച്ചതാണത്.
ഓർമ്മയില്ലേ?
എത്രവട്ടം നീയത് ചവിട്ടിയുരച്ചു കഴുകിനോക്കി
നിറം പോലും പോകാതെ
ഊർന്നു പോകാതെ
അതങ്ങിനെ തന്നെയുണ്ട്.
കെട്ടകാലത്തിനെ നോക്കി കവിതകുറിച്ചും
പടുമതങ്ങളെ പുലഭ്യം പറഞ്ഞും
ഇല്ലാത്ത ദൈവത്തിനെ ഭജിക്കുന്നോരെ
കളിയാക്കി ചിരിച്ചും
നടന്നു നീങ്ങുമ്പോൾ
എനിക്കറിയാം
അതെന്നിൽ ഭദ്രമല്ലന്ന്.
തുടർച്ചകളാകുന്ന മരണങ്ങളിൽ
ഒരു പേരെഴുതി ചേർക്കും കാലത്തും
എനിക്കാശ്വസിക്കാം
എന്റെ ഹൃദയം ആർക്കും കിട്ടില്ല.
അത് നിന്റെ കാലടിയിൽ ഭദ്രമായിരിക്കും.
നിനക്കൊപ്പം സഞ്ചരിച്ചു സഞ്ചരിച്ച്
നിനക്കൊപ്പം മാത്രമേ മറയൂ ഞാൻ.
നീയതാഗ്രഹിക്കുന്നില്ലെങ്കിലും.
..... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment