Saturday, May 25, 2019

റെയ്ന്‍ഡിയര്‍.................................. ചന്ദ്രമതി


റെയ്ന്‍ഡിയര്‍ (കഥകള്‍ )
ചന്ദ്രമതി
മള്‍ബറി
വില : 35 രൂപ

          കഥകള്‍ക്ക് ആത്മാവുണ്ട് എന്ന് തോന്നുക അവ വായനയില്‍ വിടാതെ സന്തോഷിപ്പിച്ചു കൂടെ നില്‍ക്കുമ്പോള്‍ ആണ്. കഥയുടെ ചരിത്രത്തെ ജനകീയമായി അവതരിപ്പിച്ചുകൊണ്ട് ആന്റണ്‍ചെക്കോവ് ഒരു പുതിയ കഥാ സംസ്കാരം തുടങ്ങിവച്ചു. അതൊരു നല്ല മാറ്റം ആയിരുന്നു . മലയാളത്തില്‍ കഥകള്‍ പഴയ ഫോര്‍മാറ്റില്‍ കുരുങ്ങിക്കിടന്നു ശ്വാസം മുട്ടുന്നതില്‍ നിന്നും രക്ഷപ്പെടുക കൂടി ചെയ്തപ്പോള്‍ പരിഭാഷകള്‍ ഇല്ലാതെ തന്നെ നല്ല കഥകള്‍ വായിക്കാന്‍ മലയാളിക്കും അവസരം ലഭിക്കുകയുണ്ടായി. അനുഗ്രഹീതരായ എഴുത്തുകാര്‍ എല്ലാം തന്നെ വാരി വലിച്ചു എഴുതിയതായി കാണാന്‍ കഴിയുന്നില്ല. മേന്മയേറിയ എഴുത്തുകള്‍ സമ്മാനിച്ചു അവര്‍ പുതിയ എഴുത്തിന്റെ പണിപ്പുരകളിലേക്ക്  പിന്‍വാങ്ങുന്നു . എഴുത്തില്‍ ലിംഗഭേദം വേണ്ട എന്ന അഭിപ്രായത്തോട് ചേര്‍ന്ന് നില്‍ക്കുന്ന , ശക്തമായി വാദിക്കുന്ന ഒരു മലയാളി എഴുത്തുകാരിയാണ് അധ്യാപിക കൂടിയായ പ്രൊഫസര്‍ ചന്ദ്രമതി. റിട്ടയര്‍ ചെയ്ത ഈ അധ്യാപിക മലയാളത്തിലും ഇംഗ്ലീഷിലും ആയി ഒട്ടനവധി എഴുത്തുകള്‍ സമ്മാനിച്ച ഒരു പ്രതിഭയാണ്. വിദേശത്തും സ്വദേശത്തും ആയി നിന്നുള്ള അനവധി അംഗീകാരങ്ങള്‍ തേടി വന്ന ഒരെഴുത്തുകാരി ആണ് പ്രൊഫസര്‍ ചന്ദ്രമതി. കഥകള്‍ എഴുതേണ്ടത് എങ്ങനെ എന്ന് പഠിക്കുന്ന പുതിയ തലമുറയ്ക്ക് പഠിക്കാന്‍ ഒട്ടനവധി കാരണങ്ങള്‍ ഉണ്ട് ഈ എഴുത്തുകാരിയില്‍. പ്രത്യേകിച്ചും സ്ത്രീ എഴുത്ത് എന്നാല്‍ എന്തെന്ന് അറിയാതെ പരക്കം പാഞ്ഞു എന്തെഴുതിയാല്‍ ആണ് ശ്രദ്ധിക്കപ്പെടുക എന്നറിയാതെ പായുന്ന പുതുമുഖങ്ങള്‍ക്ക് പഠിക്കാന്‍ ഒരുപാടുണ്ട്. മാധവിക്കുട്ടിയെ കോപ്പി അടിച്ചും , അനുകരിച്ചും പെണ്ണെെഴുത്ത് എന്തെന്നുള്ള ചോദ്യങ്ങള്‍ക്ക് അപക്വമായ ഒരു കാഴ്ചപ്പാട് നല്‍കുന്ന എഴുത്തുകാര്‍ ശരിക്കും മലയാളത്തില്‍ എഴുതുന്ന പല എഴുത്തുകാരെയും കാണാതെ പോകുകയാണ് . മലയാളിക്ക് പ്രിയമാകുന്ന എഴുത്തുകള്‍ തുറന്നെഴുത്തുകള്‍ ആണെന്ന ചിന്തയാണ് പെണ്ണെഴുത്ത്‌ എന്ന ലേബലില്‍ ഫോര്‍മാറ്റ് ചെയ്യപ്പെടാന്‍ എഴുത്തിലെ പെണ്‍ ലിംഗത്തിനു പ്രചോദനം ആകുന്നത്. ഇതിനു തികച്ചും ഘടകവിരുദ്ധമാണ് ചന്ദ്രമതി എന്ന എഴുത്തുകാരി.
            എഴുതുമ്പോള്‍ കുറച്ചു എഴുതുക, പറയുമ്പോള്‍ മര്‍മ്മം അറിഞ്ഞു പറയുക. ലളിതമായി ഒരു കഥയെ നിര്‍മ്മിക്കാന്‍ കഴിയും. പ്രത്യേകിച്ചും തുറന്നു പറയലുകള്‍ക്ക് നല്ലത് ബിംബവത്കരണങ്ങള്‍ പോലെ മനോഹരമായ എന്തുണ്ട് സാഹിത്യത്തില്‍. കഥയില്‍ ആയാലും കവിതയില്‍ ആയാലും ഇതൊരു വലിയ സാധ്യതയും , കഴിവും ആണ് . അത് മനസ്സിലാക്കി എഴുതുന്നവര്‍ക്ക് കഥയുടെ ലോകത്ത് വളരെ നല്ലൊരു സ്ഥാനത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയും. പുതിയ കാല എഴുത്തുകാരില്‍ ഈ ഒരു പ്രവണത പലപ്പോഴും കാണാന്‍ കിട്ടാറില്ല. എന്നാല്‍ അറിയപ്പെടുന്ന എഴുത്തുകാര്‍ എല്ലാം തന്നെ ഇതില്‍ പ്രഗത്ഭർ ആണ് അല്ലെങ്കില്‍ അവ ശ്രമിച്ചു കൊണ്ടിരിക്കുന്നവര്‍ ആണ് എന്നതൊരു നല്ല സൂചനയാണ്. ചന്ദ്രമതിയുടെ എഴുത്തുകളില്‍ ഒക്കെ ബിംബവത്കരണം ഒരു പ്രധാന ഘടകമായി കാണാന്‍ കഴിയും. അതൊരു സചേതനമോ അചേതനമോ ആയ വസ്തുവാകം പക്ഷെ അതില്‍ ഒരു ഗൂഡമായ രസം എഴുത്തുകാരി സ്വയം ആസ്വദിക്കുന്നതായി വായനകള്‍ പറയുന്നുണ്ട്. ഏറ്റവും പുതിയ കഥയായ അലമാരിയും അസ്ഥികൂടങ്ങളും വരെ ഇതിനു ഉദാഹരണം ആയി പറയാമെങ്കിലും മള്‍ബറി 1998 ല്‍ പ്രസിദ്ധീകരിച്ച "റെയിന്‍ ഡിയര്‍ " എന്ന കഥാ സമാഹാരം ആണ് ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നത്. പന്ത്രണ്ടു ചെറിയ കഥകള്‍ അടങ്ങിയ ഈ പുസ്തകം വായനയില്‍ ഒരു രസാവഹമായ അന്തരീക്ഷം സമ്മാനിച്ചവയാണ്. ഇതിലെ ‘ബൊമ്മകള്‍’ എന്ന കഥ ഇത്തരത്തില്‍ ബിംബവത്കരണത്തില്‍ എടുത്തു പറയാവുന്ന ഒരു കഥയാണ്. അറിയപ്പെടുന്ന ഒരു എഴുത്തുകാരിയുടെ അവസാന നിമിഷങ്ങളെ ആണ് ഈ കഥയില്‍ അവതരിപ്പിക്കുന്നത്. പ്രശസ്തിയുടെ കൊടുമുടിയില്‍ വിരാജിച്ച , വിദേശത്ത് വസിച്ച ഈ എഴുത്തുകാരിയുടെ മരണത്തിനോട് അടുക്കുന്ന നിമിഷങ്ങളില്‍ അവരിലൂടെ കടന്നു പോകുന്ന ചിന്തകളും, കുടുംബ ബന്ധങ്ങളില്‍ ഒരു അമ്മയായും, പെങ്ങളായും ഒക്കെ തന്റെ വേഷങ്ങളില്‍ സംഭവിക്കുന്ന ബന്ധങ്ങളുടെ ചിന്തകളും താന്‍ ഉപയോഗിച്ച് വലിച്ചെറിഞ്ഞതും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതുമായ ബൊമ്മകളുടെ സംഭാഷണങ്ങളും ഒക്കെ വളരെ മനോഹരമായി പറഞ്ഞ ഒരു കഥയാണ് അത് . മറ്റൊരു കഥയില്‍ പെണ്ണെഴുത്ത് എന്ന പ്രയോഗത്തെ വളരെ കൂളായി എഴുത്തുകാരിയുടെ സ്വതസിദ്ധമായ  ശൈലിയില്‍ ആക്ഷേപഹാസ്യത്തിലൂടെ പറയുന്നുണ്ട്. ചന്ദ്രമതിയുടെ എഴുത്തുകളില്‍ കാണാവുന്ന മറ്റൊരു വിഷയം വിവാഹേതര ബന്ധങ്ങളുടെ കുറ്റബോധമില്ലാത്ത കുമ്പസാരങ്ങള്‍ ആണ്. പലപ്പോഴും ഇതില്‍ കണ്ട കഥകളില്‍ (പിന്നീട് വന്ന കഥകളില്‍ കാലോചിതമായ അപ്ഡേറ്റുകള്‍ എഴുത്തുകാരി വിനിയോഗിക്കുന്നുണ്ട്) സൗന്ദര്യവും ആരോഗ്യവും ഒരു പ്രധാന കാര്യമായി കാണാന്‍ കഴിയുന്നു. മേദസ്സ് നിറഞ്ഞ ശരീരം , നിറത്തിലെ ഇരുളിമ , പീനസ്തനങ്ങളുടെ അഭാവത തുടങ്ങി ഒരു കാലത്തെ പുരുഷ ചിന്തകളിലെ പ്രധാനകാരണങ്ങള്‍ ഒക്കെ എഴുത്തുകാരി ഉപയോഗിച്ചിട്ടുണ്ട്. കൊലപാതകങ്ങളിലേക്കോ വിവാഹഛിദ്രങ്ങളിലേക്കോ വീണുപോകാതെ ഭദ്രമായി ബന്ധങ്ങള്‍ സൂക്ഷിക്കുന്ന ആണ്‍ പെണ്‍ മനസ്സുകളുടെ വിശാലമായ ഒരു അന്തരീക്ഷം , വിഷയങ്ങളെ രതിയുടെ നീലിമയില്ലാതെ അവതരിപ്പിക്കാന്‍ ഉള്ള കഴിവ് ഒക്കെ ചന്ദ്രമതി കഥകളെ മികവുറ്റത് ആക്കുന്നു. മറ്റൊരു രസാവഹമായ വസ്തുത കഥാകൃത്ത്‌ വായനക്കാരോട് കഥയോടൊപ്പം സംവദിക്കുന്ന ഒരു തന്ത്രം കൂടി എഴുത്തുകാരി ചില കഥകളില്‍ ഉപയോഗിച്ചിരിക്കുന്നു എന്നുള്ളതാണ്. ഇത് വായനയില്‍ നല്ലൊരു അനുഭൂതി നല്‍കുന്നുണ്ട്. ബഷീര്‍ കഥാപാത്രങ്ങളെ വായിക്കുമ്പോള്‍ തോന്നുന്ന  അനായാസമായ പാത്രപിന്തുടര്‍ച്ചകള്‍ സാധ്യമാകുന്ന രീതികൂടിയാണത്. ചില എഴുത്തുകള്‍ക്ക് ഒരു പോരായ്മ തോന്നിയത് കഥാപാത്രങ്ങള്‍ വണ്ടി മാറി കയറിയതാണോ എന്നൊരു സംശയം ആണ് . ചില കഥകളുടെ പരിസരങ്ങളും മറ്റും അടുത്തൊരു കഥയിലും ആവര്‍ത്തിക്കുന്നത് അനുഭവിക്കാനായി. ഇവിടെ കഥയാണോ മാറിയത് കഥാപാത്രമാണോ എന്നത് വായനക്കാരന്‍ തീരുമാനിക്കട്ടെ എന്ന് എഴുത്തുകാരി ബോധപൂര്‍വ്വം തീരുമാനിച്ചതാണോ എന്നറിയില്ല.
            കവിതകള്‍ നിറഞ്ഞ കഥകള്‍ എന്നുകൂടി പറയാതെ പൂര്‍ത്തിയാവുകയില്ല. അതുപോലെ ചില കഥകളുടെ രീതികള്‍ കാണുമ്പോള്‍ അതിനു പാശ്ചാത്യ കഥകളുടെ രീതി പിന്തുടരുന്നതായി മനസ്സിലാക്കാന്‍ കഴിയും. സ്ത്രീ മനസ്സുകളെ മാത്രം തിരഞ്ഞു പിടിച്ചു പ്രദർശിപ്പിക്കുന്നവയല്ല ചന്ദ്രമതിക്കഥകള്‍. എന്നാല്‍ നായികാപ്രധാനം ഉള്ള കഥകള്‍ ആണുതാനും അവയൊക്കെ. വ്യക്തിത്വം ഉള്ള , സ്ഥിരതയുള്ള കഥാപാത്രങ്ങള്‍ ആണ് ' പൊതുവേ കണ്ടു വരുന്ന അബല ചപല ഫോര്‍മാറ്റുകളില്‍ തടഞ്ഞു കിടക്കുന്ന ഒന്നല്ലത്. കഥകളുടെ പഠനം നടത്തുന്നവര്‍ക്ക് തികച്ചും നല്ല വായന നല്കുന്ന ഒരു കഥാ കഥന രീതിയാണ് ചന്ദ്രമതി ഈ കഥകളിലും അനുവര്‍ത്തിക്കുന്നത്. മലയാളത്തിലെ നല്ല കഥകള്‍ വായിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒഴിവാക്കാന്‍ കഴിയുകയില്ല ഈ എഴുത്തുകാരിയെ. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment