Thursday, May 30, 2019

രാവിന്റെ ഗീതം

രാവിന്റെ ഗീതം
.........................
പൂക്കളൊക്കെയും മണം വെടിഞ്ഞെന്നും
കിളികളൊക്കെ ഗാനം മറന്നെന്നും
നിന്റെ കണ്ണിണകളിൽ നോക്കുമ്പോൾ
നക്ഷത്രങ്ങൾ കടലാസു പൂക്കളെന്നും
പൊട്ടിച്ചിരിയുടെ ചില്ലകൾ നിറയെ
അമർത്തി പിടിച്ച ശീല്ക്കാരം നിറച്ച്
നീ ഭ്രാന്തിന്റെ ഉന്മാദത്തിൽ പുലമ്പുന്നു.
ലോകം ശൂന്യമെന്നുറക്കെ പറഞ്ഞു കൊണ്ട്
വസ്ത്രങ്ങൾ ഉപേക്ഷിച്ച നീയോ
കാട്ടുചോലകളിൽ നീരാടിയും
കാട്ടുപൂക്കൾ ഇറുത്തു മുടിയിൽ ചൂടിയും
കറുത്ത പാറക്കെട്ടുകളിലൊന്നിൽ മലർന്നു കിടക്കുന്നു.
ആകാശം നീലവിരിപ്പിൽ തുന്നിച്ചേർത്ത
ഒഴുകുന്ന വെള്ളിമേഘ ചിത്രം നോക്കി
നീ ഒരു പാട്ടു പാടിത്തുടങ്ങുന്നു.
പ്രണയത്തിന്റെ മനോഹരമായ വരികൾ
ഇളം കാറ്റ് ഏറ്റെടുക്കുമ്പോൾ
ഉച്ച സൂര്യൻ നിന്നെ എത്തി നോക്കുന്നു.
തുടിച്ചുണർന്ന മുലഞെട്ടുകൾ കുടിച്ചു വറ്റിക്കാൻ
ധൃതി പൂണ്ട കരങ്ങളോടെയവൻ
മണ്ണിലേക്ക് പായുന്നു.
കാടുപിടിച്ച നിന്നരയിൽ നിന്നൊരു
കുഞ്ഞരുവി പിറവി കൊള്ളുന്നു.
നിന്നിലേക്കെത്താതെ തളർന്ന സൂര്യൻ
ചുവന്ന മുഖവുമായി കടലിൽ ചാടി മരിക്കുന്നു.
കരിമ്പാറക്കെട്ടിൽ ശിലയായി പതിഞ്ഞു കിടക്കവേ
നിന്റെ തുടയിടുക്കിൽ, പടം പൊഴിച്ചിട്ടൊരു
കരിനാഗം ഇഴഞ്ഞു പോകുന്നു.
തിളക്കം നഷ്ടപ്പെട്ട നിന്റെ മിഴികളിലേക്ക്
പേരറിയാത്തൊരു രാപ്പക്ഷി എത്തിനോക്കുന്നു.
രാത്രി മുഴുവനും നിന്റെ ചാരത്തിരുന്നത്
മനോഹരമായി പാടുന്നു.
നീ പാതിയടഞ്ഞ മിഴികളിൽ
എന്നെയാവാഹിച്ചു കൊണ്ടുറങ്ങാൻ മറന്നു കിടക്കുന്നു.
.... ബി.ജി.എൻ വർക്കല

No comments:

Post a Comment