Saturday, May 4, 2019

മറയ്ക്കേണ്ടത് മുഖമായിരുന്നോ ?

മറയ്ക്കേണ്ടത് മുഖമായിരുന്നോ ?

ആദിമ ജനത വസ്ത്രം എന്നൊരു വസ്തുതയെ ഒരിയ്ക്കലും ആഗ്രഹിച്ചിരുന്നില്ല. മൃഗങ്ങള്‍ക്കൊപ്പം മറ്റൊരു ജാതി മൃഗം എന്നതിനപ്പൂപ്പുറം ആ ജീവിവര്‍ഗ്ഗങ്ങളില്‍ തുള്ളിക്കളിക്കുന്ന മുലകളോ ലിംഗ യോനി ദര്‍ശനമോ നിതംബങ്ങളോ ഒരു പ്രത്യേക വസ്തുവോ കാമോദ്ദീപക സംഗതികളോ കാഴ്ചകളോ ആയിരുന്നില്ല. ജരാവകളും സെന്‍റിനല്‍ ദ്വീപ് വാസികളും (ആറായിരം വര്ഷം പഴക്കമുള്ള ഗോത്ര വര്‍ഗ്ഗം), ആഫ്രിക്കന്‍ ഗോത്ര വര്‍ഗ്ഗങ്ങളും ഒക്കെ ഇതിന് ജീവിക്കുന്ന ഇന്നത്തെ ഉദാഹരണങ്ങള്‍ ആയി മുന്നിലുള്ളത് കൊണ്ട് തര്‍ക്കത്തിന് സാധ്യത ഉണ്ടാകുന്നില്ല. ആദ്യകാലത്ത് മനുഷ്യ ജീവികള്‍ക്ക് ആവശ്യം അത്യാവശ്യ ഭക്ഷണം ആയിരുന്നു. വന വിഭവങ്ങള്‍ ആയ കായ്കനികള്‍ മാത്രം ആയിരുന്നില്ല അവരുടെ ഇഷ്ട ഭക്ഷണം. സിംഹങ്ങളും മറ്റും വേട്ടയാടി തിന്ന ശേഷം ഉപേക്ഷിക്കുന്ന അഴുകിയ മാംസം ഹയനകളും ആയി മത്സരിച്ചുമവയെ ആട്ടിയോടിച്ചും കരസ്ഥമാക്കല്‍ ആയിരുന്നു അന്നത്തെ അവരുടെ ഏറ്റവും വലിയ ബുദ്ധിമുട്ടും തൊഴിലും. മനുഷ്യന്‍ സസ്യഭുക്കുകള്‍ ആണ് എന്നു വാദിക്കുന്നവര്‍ തങ്ങളുടെ തേഞ്ഞുപോയ തേറ്റപ്പല്ലുകളെ വെറുതെ കണ്ണാടിയില്‍ ഒന്നു നോക്കിക്കോട്ടെ. അതുപോലെ മൃഗം അല്ല മാംസഭുക്ക് അല്ലാ എന്ന വാദക്കാരൊക്കെ കോഴിയുടെ കാലെടുത്തു മുന്‍വരിപ്പല്ലുകള്‍ കൊണ്ട് കടിച്ചു തിന്നു തുടങ്ങട്ടെ. അപ്പോഴും ആദ്യം കടിക്കുക വശത്തേക്കു വച്ചാകും കാരണം ജീനിലുള്ളത് തൂത്താല്‍ പോകില്ല എന്ന്‍ ചൊല്ലുണ്ട്. അങ്ങനെ മൃഗങ്ങള്‍ക്കൊപ്പം നടന്നു ഉച്ചിഷ്ടം തിന്നു ജീവിച്ച മനുഷ്യനു ആ മാംസ്യം നല്കിയ ഗുണം ആയിരുന്നു അവന്റെ വികാസം വന്ന മസ്തിഷ്ക്കത്തിന് കൂടുതല്‍ വികാസം കിട്ടുക എന്നത്. അതോടെ അവന്‍ സ്വന്തമായി വേട്ടയാടി ആഹാരം കഴിക്കാന്‍ തുടങ്ങി. വേട്ടയാടലിന് പോകുമ്പോള്‍ ഇരകളെ പതിയിരുന്നു പിടിക്കാന്‍ കുഞ്ഞുങ്ങളും ആയി കൂടെ വേട്ടയ്ക്ക് വരുന്ന പെണ്ണുങ്ങള്‍ ഒരു ശല്യമായി തോന്നിത്തുടങ്ങിയപ്പോള്‍ അവരെ ഒരു ഇടത്തു ഇരുത്താന്‍ തുടങ്ങി. വെറുതെ ഇരിക്കണ്ട എന്നു കരുതിയിട്ടു അവരെക്കൊണ്ടു ഇരിക്കുന്നിടം വൃത്തിയാക്കിക്കാനും വേട്ടയാടി കൊണ്ട് വരുന്ന ഭക്ഷണം ആവശ്യത്തിന് എടുത്തിട്ടു ബാക്കി സംസ്കരിച്ചു വയ്ക്കാനും പറഞ്ഞു. ചുമ്മാ കുത്തിയിരുന്നു അങ്ങനെ സുഖിക്കണ്ട പിള്ളാരെ നോക്കല്‍ വലിയ ജോലി ഒന്നും അല്ല എന്നു അവര്‍ അങ്ങ് തീരുമാനിച്ചു. ക്രമേണ സമൂഹം , കുടുംബം ഒക്കെ നിലവില്‍ വന്നു. വസ്ത്രം ആണല്ലോ വിഷയം. വേട്ടയാടാന്‍ കാട്ടിലൂടെ ഉള്ള ഓട്ടത്തില്‍ പലപ്പോഴും മുറിവ് പറ്റുന്ന ഒരു പ്രധാന സംഗതിയായി ലൈംഗിക അവയവം. നാലു കാലില്‍ ഓടുന്ന മൃഗത്തിനേ പോലല്ലല്ലോ രണ്ടു കാലില്‍ ഓടുന്നവന്റെ പെടാപ്പാടുകള്‍. അതോടെ സ്ത്രീകള്‍ക്കും ആ ഭാഗം പൊതിഞ്ഞു വയ്ക്കാം എന്നും ഒരു ഐക്യം നല്കാം എന്നും ചിന്തിക്കാതെ തരമില്ല. കുട്ടികള്‍ വലുതായി വേട്ടയാടാന്‍ കഴിവുള്ളവര്‍ ആകും വരെ ഈ സുഖം അവര്‍ക്ക് കിട്ടിയതും ഇല്ല. അത് മൂലം അവര്‍ ആ സംഗതി നോക്കി കാമവര്‍ദ്ധകര്‍ ഒന്നും ആയതുമില്ല . പീഡനം ഒന്നും ഈ പറയും പോലെ സര്‍വ്വസാധാരണം ആയിരുന്നുമില്ല. എല്ലാ മനുഷ്യരിലും ഉള്ള പോലെ ഞരമ്പു രോഗികള്‍ ആയ മനോരോഗികള്‍ അവരിലും ഉണ്ടായിരുന്നിരിക്കാം പക്ഷേ സമൂഹം അവരെ ക്രൂരമായി ശിക്ഷിച്ചിരുന്നതിനാല്‍ അവര്‍ ഇന്നത്തെപ്പോലെ അന്നും സജീവമല്ലായിരുന്നിരിക്കാം.
ക്രമേണ കൃഷിയുടെ ലോകത്തേക്ക് വന്നതോടെ ജീവിത നിലവാരവും സംസ്കാര ചിന്തയും വര്‍ദ്ധിക്കാന്‍ തുടങ്ങി. മുന്പ് തണുപ്പ് വന്നാല്‍ സഹിക്കാന്‍ പറ്റിയില്ലെങ്കില്‍ പുതയ്ക്കാന്‍ മൃഗങ്ങളുടെ തൊലികള്‍  ഉപയോഗിച്ചിരുന്നു എന്നതിനപ്പുറം ശരീരം മുഴുവനും മൂടുന്നത് ഒരു ഫാഷന്‍ ആയിട്ടില്ല അന്ന്. സമൂഹ നിര്‍മ്മിതി വന്നപ്പോള്‍ വേട്ടയാടല്‍, കൃഷിപ്പണി എന്നിവ  പോലെ തന്നെ പ്രധാനം ആയി അവയെ സൂക്ഷിക്കല്‍ എന്നതും. സൂക്ഷിക്കാനും സംരക്ഷിക്കാനും തര്‍ക്കങ്ങള്‍ പരിഹരിക്കാനും പണി ചെയ്യാനും പണിയായുധങ്ങള്‍ നിര്‍മ്മിക്കാനും ഒക്കെ ഒക്കെ പ്രത്യേകം ആള്‍ക്കാരെ നിശ്ചയിച്ചപ്പോള്‍ അവിടെ ജാതി ചിന്ത വരികയും ക്രമേണ ചാതുര്‍വര്‍ണ്യം ഒരു സംസ്കാരം ആകുകയും ചെയ്തു. ക്രമേണ ഉണ്ടായ മതങ്ങള്‍ ഇവയെ തരാതരമായി ഉപയോഗപ്പെടുത്തി എന്നതും നമുക്ക് കാണാം. ഈ ക്രമത്തില്‍ തന്നെ വസ്ത്രവും ഫാഷന്‍ ആയി .  ഉന്നതമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് വസ്ത്രം ഒരു അലങ്കാരം ആയിരുന്നു . അവനു പണി ചെയ്യണ്ട വസ്ത്രം അഴുക്കാവില്ല കീറില്ല തുടങ്ങിയ സൌകര്യങ്ങള്‍ ഉണ്ടല്ലോ. അതിനു താഴോട്ട് അതേ പോലെ ഉപയോഗമനുസരിച്ചു അളവും ക്രമവും കുറവായിരുന്നു  സ്ത്രീകള്‍ക്കാകട്ടെ വെറുതെ വീട്ടില്‍ ഇരിക്കുന്നതിനാലും അധികം ആവശ്യങ്ങള്‍ ഇല്ലാത്തതിനാലും അരയില്‍ ഒരു തുണി കൊണ്ട് തൃപ്തയായിരുന്നു. ഗൃഹനാഥന്ഠെ പദവി അനുസരിച്ചു അവര്‍ക്കും മാറില്‍ കുറുകെ ഒരു തുണി ഒക്കെ അനുവദിക്കപ്പെട്ടു. വെറുതെ ഇരുന്നവര്‍ക്കൊക്കെ വേല ഇല്ലാതായപ്പോള്‍ കാമം ഒരു ജോലിയായി ഒരു ഉപാധിയായി ഒരു സമയം പോക്കായി . എങ്കിലും ശരീര കാഴ്ചകള്‍ കാമത്തിന്റെ അളവ് കോലായി മാറിയിട്ടില്ലായിരുന്നു. കൂടുതല്‍ നേരം നേരം പൊക്കുകള്‍ നടത്തിയവര്‍ക്ക് അതില്‍ ഗവേഷണം നടത്തണം എന്നു തോന്നുക സ്വാഭാവികം . ചിലര്‍ അത് കവിതയാക്കി ആസ്വദിച്ച് ഉല്ലസിച്ചു. ചിലര്‍ ചിത്രം വരച്ചു . ചിലര്‍ ശില്പങ്ങള്‍ നിര്‍മ്മിച്ചു . ചിലര്‍ അത്തരം കേളികള്‍ക്ക് വേണ്ട മാര്‍ഗ്ഗങ്ങളും രീതികളും പരീക്ഷിച്ചും കണ്ടും എഴുതി വച്ച് കൂടുതല്‍ പ്രചാരം നടത്തി . ക്രമേണ ലൈംഗികത എന്നാല്‍ കാഴ്ച തന്നെ എന്ന്‍ അവസ്ഥയിലേക്ക് വന്നു സംസ്കാരം. പതിയെ പതിയെ വസ്ത്രം ഇന്നത്തെ അവസ്ഥയിലേക്ക് എത്തുന്നത്  ഇന്ത്യയുടെയും ഇങ്ങ് കേരളത്തിന്റെയും കാര്യം ആണ് ഇതെങ്കില്‍ ഇതിന് വെറും അന്‍പത് അറുപത് കൊല്ലത്തെ പഴക്കമേ ഉള്ളൂ എന്നു കൂടി മനസിലാക്കണം. ഇതേ സംഗതി അങ്ങ് മൊസപ്പൊട്ടാമിയായില്‍ സംഭവിച്ചതും ഏകദേശം കൃഷി വരെ ശരിയാണ്.
പക്ഷേ അവിടെ മരുഭൂമിയുടെ വന്യതയില്‍ ജീവിച്ച മനുഷ്യന്‍ നിരന്തരം കാടിനുള്ളില്‍ എന്നത് പോലെ കാടില്ലായ്മയിലും പൊരുതുകയായിരുന്നു . കൊടിയ ചൂടും പൊടിക്കാറ്റും അവനെ ആസകലം വലച്ചു. പരിഷ്കാരം വരും തോറും അവന്‍ തന്റെ ശരീരം മുഴുവന്‍ മൂടി നടക്കാന്‍ തുടങ്ങി. അവിടെയും ഈ മൂടി നടക്കല്‍ പണം ഉള്ളവന് മാത്രം കഴിഞ്ഞ സംഗതികള്‍ ആണ് . അടിമകള്‍ക്ക് വേണ്ടത്ര വസ്ത്രങ്ങള്‍ പോലും ഉണ്ടായിരുന്നില്ല . അത് അവര്‍ക്കൊരു ആവശ്യവും അല്ലായിരുന്നു. അടിമ വസ്ത്രം ധരിച്ചിട്ടു എന്തു കാര്യം . ഉടമക്ക് ആകെയുണ്ടായിരുന്ന ഒരു നേരമ്പോക്ക് അന്നും ഇന്നും ഭക്ഷണം ഭോഗം വിശ്രമം എന്നിവ മാത്രമായിരുന്നു. പണി എടുക്കാന്‍ അടിമകള്‍ ഉണ്ട് . ആയിരത്തി അഞ്ഞൂറു വര്ഷം മുന്പും അവരുടെ വസ്ത്രം ഇന്നത്തെ പോലെ ആയിരുന്നില്ല. വിശുദ്ധ ക അബയുടെ ചുറ്റും നഗ്നരായി മനുഷ്യര്‍ പ്രദക്ഷിണം നടത്തിയിരുന്നത് ചരിത്രത്തില്‍ രേഖപ്പെട്ടതാണ് . അത് പോലെ നിസ്കരിക്കുമ്പോള്‍ പിറകില്‍ നില്‍ക്കുന്നവര്‍ രഹസ്യ ഭാഗം കാണുന്നു എന്നതിനാല്‍ നിസ്കാരത്തിന് അരയില്‍ മുട്ട് വരെ മൂടുന്ന വസ്ത്രം സ്ത്രീകള്‍ക്ക് നന്നായിരിക്കും എന്നു പ്രവാചകന്‍ പറഞ്ഞതായി വായിച്ച ഓര്മ്മ എവിടെയോ ഉണ്ട്. അവിടെ നിന്നും വസ്ത്ര ധാരണത്തില്‍ സംഭവിച്ച മാറ്റം നിങ്ങള്‍ നിങ്ങളുടെ ശിരോ വസ്ത്രം (മണല്‍ കാറ്റില്‍ മുടിയുടെ അവസ്ഥ എന്താണ് എന്നറിയാണ്‍ ഗള്‍ഫ് നാടുകളില്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ജോലി ചെയ്യുന്നവരോടു ചോദിച്ചാല്‍ മനസ്സിലാകും അവര്‍ എന്തുകൊണ്ടാണ് മുഖവും തലയും പൊതിഞ്ഞു കെട്ടുന്നത് എന്നു ) ധരിക്കുന്നത് മാറിലോട്ട് കൂടി താഴ്ത്തി ഇടുന്നത് നിങ്ങള്ക്ക് ഞങ്ങളുടെ നോട്ടത്തില്‍ നിന്നും രക്ഷ നേടുന്നതിന് ഉപയോഗമാകും എന്നൊരു ഔദാര്യം ആയി സംഭവിച്ചത് ആണ് . ക്രമേണ സമൂഹത്തിലെ എല്ലാവരും ശരീരം മുഴുവന്‍ മൂടുന്ന വസ്ത്ര ധാരണം നടത്തിയിരുന്നു അത് ഒരു പരിഷ്കാരം ആയിരുന്നില്ല ഒരു പ്രതിരോധം ആയിരുന്നു. വീടിനുള്ളില്‍ നാമമാത്രമായ വസ്ത്ര ധാരണവും പുറത്തു മൂടിപ്പൊതിഞ്ഞും അവര്‍ നടന്നത് ഈ ഒരു കാരണം കൊണ്ടായിരുന്നു. ഈ നാമമാത്രം ആയ കാരണത്താല്‍ ആണ് വീട്ടില്‍ പോലും ആണ്‍ പെണ്‍ വിഭജനം മുറികളില്‍ പോലും ഉള്ളത് . ഇതൊക്കെ അവരുടെ സംസ്കാരത്തെ അവര്‍ സംരക്ഷിക്കാന്‍ അവര്‍ ആചരിച്ചു പോന്നവയാണെങ്കില്‍ അവിടെ നിന്നും പ്രചരിച്ച മതത്തിനൊപ്പം ആചാരത്തിന്റെ ഭാഗമായി വസ്ത്രവും കടല്‍ കടന്നു എന്നതാണു ശരി. ലോകം ഒട്ടാകെ പ്രചാരം എവിടെയൊക്കെ ഉണ്ടായോ അവിടെയൊക്കെ അവര്‍ മരുഭൂമിയില്‍ അല്ലായിരുന്നിട്ടും ശരീരം മൂടി. തല മൂടി മുഖം മൂടി ജീവിച്ച് പരിശീലിച്ചു തുടങ്ങി. ഈ അനുകരണം എല്ലായിടത്തും ഉണ്ട് എന്നു പറയുക വയ്യ കാരണം അന്ധമായി അനുകരിക്കാത്ത പാശ്ചാത്യ നാടുകളില്‍ ഇവ സര്‍വ്വസാധാരണം ആയിരുന്നില്ല. ഇങ്ങ് കൊച്ചു കേരളത്തിലും ഇത് ഒരു ആചാരം ആയി അംഗീകരിച്ചില്ല പരക്കെ. അതിനാല്‍ തന്നെ അവര്‍ മറ്റുള്ളവര്‍ ധരിക്കുന്നതില്‍ നിന്നും വേറിട്ട വസ്ത്രം ധരിച്ചു കൊണ്ട് ഞങ്ങള്‍ വേറൊരു മനുഷ്യ വിഭാഗം ആണ് എന്ന്‍ ഭാവം മാത്രം നിലനിര്‍ത്തി. ക്രിസ്ത്യന്‍ മതം കൊണ്ട് വന്ന മുണ്ടും ചട്ടയും അവര്‍ പരിഷ്കരിച്ചു കാച്ചിയും തട്ടവും ആക്കി. മുണ്ട് ഇവിടെ തന്നെ ഉണ്ടായിരുന്നെങ്കിലും ഇവിടുള്ളവര്‍ക്ക് ചട്ട ഒരു അധികപ്പറ്റായിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജാവു സര്ക്കാര്‍ പൊതുമരാമത്ത് ജോലിക്കു സ്ത്രീകള്‍ക്ക് പണി വേണം എങ്കില്‍ ഉടുപ്പിട്ടു വരണം എന്നു പറഞ്ഞ കാര്യം റോബിന്‍ ജെഫ്രി എഴുതിയിട്ടുള്ളത് കാണാം. അങ്ങനെയുള്ള പടിപടി ആയുള്ള വസ്ത്ര പരിഷ്കാരങ്ങളില്‍ ഒന്നും തന്നെ മുഖം മറയ്ക്കുന്ന ഒരു സംഗതി ഉണ്ടായിരുന്നില്ല. ഉത്തരേന്ത്യയില്‍ വിവാഹം കഴിഞ്ഞ സ്ത്രീകള്‍ ഭര്‍ത്താവിന് അല്ലാതെ മുഖം മറ്റാരെയും കാട്ടാതെ സാരിത്തലപ്പ് കൊണ്ട് മറച്ചു വയ്ക്കന്ന ഒരു സംസ്കാരം ഉണ്ട് . ഇതിനെ ചുവടു പിടിച്ച് തലമുടി വെളിയില്‍ കണ്ടാല്‍ നാട്ടാര്‍ക്ക് മുഴുവന്‍ കാമം ഉണ്ടാകും എന്നു പഠിപ്പിച്ചു ഇടീച്ച തട്ടം അവര്‍ നാണം വരുമ്പോഴും അന്യ പുരുഷന്മാരേ കാണുമ്പോഴും മുഖത്തേക്ക് ഒന്നു ഇട്ടുകൊണ്ട് അനുകരണം ആവര്‍ത്തിച്ചു;. മുഗള്‍ ഭരണ കാലത്ത് ഉത്തരേന്ത്യന്‍ കൊടുക്കല്‍ വാങ്ങലുകള്‍ ഏറെ നടന്നതിന്റെ ബാക്കിയായിരുന്നു ഇതെന്നും ഊഹിക്കുന്നു. തട്ടം കൃസ്ത്യന്‍ സമുദായത്തിനും ഒരു ഇഷ്ടവസ്ത്രം ആയിരുന്നു എന്നു പഴയകാല പള്ളിയില്‍ പോകുന്ന സ്ത്രീകളുടെ തല മറയ്ക്കല്‍ സംബ്രദായം കൊണ്ട് അറിയാന്‍ കഴിയുന്നു.
പക്ഷേ ഇരുപത്തിഒന്നാം നൂറ്റാണ്ടു ആയപ്പോഴേക്കും ഇസ്ലാം മതത്തിന്റെ മത ചിന്തകള്‍ ഒരുപാട് കണിശമാകുകയും അന്യ നാടുകളിലേക്ക് കൂടി വര്‍ദ്ധിച്ച തോതില്‍ ശരീരം മൂടുന്ന വസ്ത്രങ്ങളുടെ ആവശ്യകത പ്രചാരം ആക്കുക്കയും ചെയ്യുക എന്ന്‍ അജണ്ട നടപ്പില്‍ വരികയുണ്ടായി. ഈ അജണ്ടയുടെ ഭാഗമായി അന്നുവരെ കാച്ചീയും തട്ടവും ഇട്ട സ്ത്രീകളെ ഒക്കെ അറേബ്യന്‍ വസ്ത്രങ്ങളില്‍ പുതപ്പിച്ചുകൊണ്ടു മതത്തിന്റെ ഏകീകരവും ഐക്യപ്പെടലും സജീവമാക്കാന്‍ തുടങ്ങി. ഒരു പൊടിക്കാറ്റോ മണല്‍ ശല്യമോ ഇല്ലാത്ത നാട്ടില്‍ ആയിട്ടും മതത്തിന്റെ ചിഹ്നം ആയി ഒരേ വസ്ത്രം ധരിക്കേണ്ട ഗതികേടിലായി ഇവിടെയുള്ള സ്ത്രീകളും. ഭാഗ്യത്തിന് ഇസ്ലാം മതം രൂപം കൊണ്ടത് അന്‍റാര്‍ട്ടിക്ക പോലുള്ള സ്ഥലങ്ങളില്‍ അല്ലാതായത് ഭാഗ്യം എന്നു കരുതാം . അല്ലെങ്കില്‍ വര്ഷം മുഴുവന്‍ കമ്പിളിത്തുണി ധരിച്ചു നടക്കേണ്ട ഗതികേടില്‍ ആയേനെ സ്ത്രീകള്‍. പുരുഷന്‍മാര്‍ക്ക് അറബി വേഷം ധരിക്കേണ്ട ആവശ്യമില്ലെന്ന അവരുടെ തന്നെ തീരുമാനത്താല്‍ അവര്‍ രക്ഷപ്പെടുത്തി സ്വയം. എങ്കിലും ഒത്തുതീര്‍പ്പുകള്‍ ഉണ്ടാകുന്നതിനായി കണങ്കാല്‍ മുകളില്‍ വച്ച് വസ്ത്രം ധരിക്കാനും മീശ ഒഴിവാക്കാനും തൊപ്പി ധരിക്കാനും ഒക്കെ ഉള്ള അവരുടെ മനസ്സ് കാണാതെ പോകരുതു. പൊതിഞ്ഞു വയ്ക്കുവാന്‍ ഉള്ള ഒരു വസ്തുവാണ് സ്ത്രീ എന്ന്‍ ഈ നൂറ്റാണ്ടിലെ ചിന്തയെ എത്രത്തോളം സമൂഹം അംഗീകരിക്കുന്നു എന്നതിന് ഉദാഹരണം ആണ് ഗഫൂറിന്റെ പോസ്റ്റുകളിലും അല്ലാതെയും ഇന്ന് ചെറുപ്പക്കാര്‍ മുഴക്കുന്ന ഭീഷണികള്‍ എന്നു കാണാം. ഒരു സ്ത്രീയുടെ മുഖമോ കൈ കാലുകളോ കണ്ടാല്‍ പുരുഷന് കാമം വരും എന്നു കരുതുന്ന ചെറുപ്പക്കാര്‍ എങ്ങനെയാകും അമുസ്ലീം ആയ സ്ത്രീകളുടെ അടുത്തു ആരോഗ്യകരമായ ഒരു സമീപനം വച്ച് പുലര്‍ത്തുക എന്നവര്‍ തന്നെ ചിന്തിക്കേണ്ട കാര്യമാണ് . സ്വന്തം സമുദായത്തിലെ സ്ത്രീകളെ മുഴുവന്‍ മറച്ചു വയ്ക്കാന്‍ പറയുന്നവര്‍ അന്യ സമുദായത്തിലെ സ്ത്രീകളും കൂടി അടങ്ങുന്ന ഒരു സമൂഹത്തില്‍ ആണ് ജീവിക്കുന്നതു എന്നത് അവര്‍ മറക്കുന്നു . അവരുടെ ഓരോ വാക്കുകളും മുഴുവന്‍ സ്ത്രീത്വത്തെയും അപമാനിക്കുന്നവ ആണ്. പൊതുവേ ഇസ്ലാം മതത്തില്‍ സ്ത്രീകള്‍ക്ക് നരകം മാത്രമാണു പറഞ്ഞിട്ടുള്ളത്. പുരുഷന് അതും സ്വര്‍ഗ്ഗം കിട്ടുന്നവന് മാത്രം അവിടെ വിലപ്പെട്ട മുത്തുകള്‍ പോലെ പരിശുദ്ധമായ ഇണകള്‍ ലഭിക്കുമ്പോള്‍ അവള്‍ക്ക ഔദാര്യം പോലെ ഒരിടത്ത് നിനക്കു ഇവനെ തന്നെ അവിടെ ഇണയായി കിട്ടും എന്നോ മറ്റോ  ഒരാശ്വാസവാക്ക് കണ്ടതായി ഓര്‍ക്കുന്നു ദൈവത്തില്‍ നിന്നും. മതം നവീകരിക്കേണ്ട കാലം കഴിഞ്ഞുപോയിരിക്കുന്നു . ഈ നൂറ്റാണ്ടിനപ്പുറം മതത്തിന് നിലനിപ്പില്ല. നിലവിലെ എല്ലാ മത തീവ്രചിന്തകളും അടിവരയിടുന്ന കാര്യം തന്നെയാണത്. പരിഷ്കാരം എന്നത് അടച്ചു മൂടി അടുക്കള കോണില്‍ സൂക്ഷിക്കല്‍ അല്ല എന്നു അവന്‍ തിരിച്ചറിയുന്നില്ല എങ്കില്‍ അവള്‍ അത് തുറന്നുപറയേണ്ടതാണ് . പക്ഷേ അടിയുറച്ചു പോയ മത വിശ്വാസത്തില്‍ അവനെ കുറ്റം പറഞ്ഞാലോ എതിര്‍ത്താലോ പോലും കിട്ടുന്ന നരക ശിക്ഷ ഓര്‍ത്ത് ഉത്തമ മത വിശ്വാസിയായ സ്ത്രീ അവന്‍ പറയുന്നതാ ശരി എന്നും ഞങ്ങള്‍ക്കിതു സ്വര്‍ഗ്ഗം ആണെന്നും പറയേണ്ടി വരുന്ന ഗതികേടിനെയാണ് സ്വാതന്ത്രം എന്നവര്‍ കൊട്ടിഘോഷിക്കുന്നത്. മാറണം .മറ്റ് മതങ്ങളില്‍ നടന്ന പുരോഗമനം ഈ മതത്തിലും ഉണ്ടാകണം. അതിനു ശ്രമിക്കുന്നവരെ അടിച്ചമര്‍ത്തുകയോ നിശബ്ദമാക്കുകയോ അല്ല വേണ്ടത്. സ്വമതത്തില്‍ ഉള്ളവര്‍ ആണെങ്കില്‍ അവനെ മതത്തില്‍ നിന്നും പുറത്തു പോയവന്‍ എന്നു വിളിക്കുകയും അന്യ മതത്തില്‍ ഉള്ളവന്‍ ആണ് പറയുന്നതു എങ്കില്‍ അവന്‍ ഇസ്ലാമോ ഫോബിയ പിടിച്ചവനാണെന്ന് പറയുകയും ചെയ്യുന്ന അത്രയും സമയം വേണ്ട സ്വയം ഒന്നു ചിന്തിച്ച് മാറ്റം കൊണ്ട് വരാന്‍. അതിനു പക്ഷേ ലോകാവസാനം വരെ മാറ്റമില്ലാതെ തുടരുന്ന ഒരു ഗ്രന്ഥം എന്ന പേരില്‍ ഇരുണ്ട കാലത്തെ ചിന്തകളെ ഇന്നും പിന്തുടരുകയും അതിനെത്തന്നെ വ്യാഖ്യാനിച്ചു കൂടുതല്‍ ഭീകരവും അസുരക്ഷിതവും അമാനവികവും ആക്കുന്നത് ശരിവയ്ക്കുന്നവരാല്‍ കഴിയും എന്നു കരുതുക വയ്യ തന്നെ . മറയ്ക്കേണ്ടത് മുഖം അല്ല മായ്ക്കേണ്ടത്  തെറ്റുകളെ ആണ് . തെറ്റുകള്‍ എന്നത് കാലാന്തരത്തില്‍ എങ്കിലും ശരിയാക്കുക വേണം. അതിനെയാണ് പരിഷ്കാരം എന്നു പറയുന്നതു . പരിഷ്കാരങ്ങള്‍ മാനവിക വളര്‍ച്ചയും നന്മയും ലക്കാക്കി വരേണ്ടതാണ് . അവ നിലനില്‍ക്കേണ്ടത് മാനവികതയുടെ പക്ഷത്തു ആകണം . തുല്യ നീതിയുണ്ടാകണം. സ്ത്രീ പുരുഷന് കീഴെയല്ല എന്ന ഒറ്റ ചിന്ത മതി അത് പ്രാവര്‍ത്തികമാക്കാന്‍ .
ആശംസ്കളോടെ ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment