Saturday, May 4, 2019

വി എം സതീഷ്‌ എഡിറ്റ് ചെയ്യാത്ത ജീവിതം..................എഡിറ്റര്‍: പി ശിവപ്രസാദ്‌


വി എം സതീഷ്‌ എഡിറ്റ് ചെയ്യാത്ത ജീവിതം (സ്മരണിക)
എഡിറ്റര്‍: പി ശിവപ്രസാദ്‌
സീ ഫോര്‍ ബുക്സ്
വില :250 രൂപ


        ഓര്‍മ്മകളെ പകര്‍ത്തി വയ്ക്കുന്നത് മനുഷ്യസജഹമായ ഒരു വികാരമാണ് . ജീവിതത്തിലെ കറുത്തതും വെളുത്തതും ആയ കയ്പ്പും മധുരവുമായ ഓര്‍മ്മകളെ വരും തലമുറയ്ക്ക് വഴികാട്ടിയാകാനോ അവര്‍ അറിഞ്ഞിരിക്കുവാനോ വേണ്ടിയാണ്  നാം അടയാളപ്പെടുത്തി വയ്ക്കുന്നത്. നമുക്ക് മുന്നേ നടന്നു പോയവരെക്കുറിച്ച് നാം പഠിക്കുന്നതും മനസ്സിലാക്കുന്നതും അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുന്നതും ഈ ഓര്‍മ്മക്കുറിപ്പുകള്‍ മുഖാന്തരമാണ് . സഹജമായ മനുഷ്യ വികാരം ഒരേ പോലെ കൃത്രിമത്വം തുളുംബുന്നതും ആകാറുണ്ട്. ചിലപ്പോള്‍ വാസ്തവ വിരുദ്ധമായ വസ്തുതകള്‍ മുന്നിലേക്ക് വച്ച് തെറ്റിദ്ധരിപ്പിക്കുക കൂടി ഓര്‍മ്മക്കുറിപ്പുകള്‍ ചെയ്യാറുണ്ട്. പുരാതനമായ പല മഹത് വ്യക്തികളുടെയും ചരിത്രം നാം ഇന്ന് പഠിക്കുന്നത് ഇത്തരം അസത്യങ്ങളിലൂടെയാണ്. ഇത്തരം അസത്യങ്ങള്‍ എഴുതപ്പെടുന്നത് പലപ്പോഴും പ്രസ്തുത വ്യക്തി മരിച്ചു നൂറ്റാണ്ടുകള്‍ കഴിഞ്ഞു വായ്പാട്ടുക്കള്‍ മുഖാന്തരം ആകും എന്നത് ഇതില്‍ പ്രധാനമായ ഒരു സംഗതിയാണ്. ഇതുമൂലം യാതാർത്ഥ്യ ബോധം മറച്ചു വയ്ക്കപ്പെടുകയോ അതിനെ അടയാളപ്പെടുത്തിയവ നശിപ്പിച്ചു കളയുകയോ ചെയ്യുക പതിവാണ്. ബൈബിള്‍ ഇതിനൊരു പ്രധാന ഉദാഹരണം ആയി കാണാന്‍ കഴിയും. യേശു എന്ന വ്യക്തിയുടെ ജീവിതത്തിനു ഇരുന്നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം എഴുതിയ കളക്ഷന്‍സ് ആണ് ബൈബിള്‍. പഴയനിയമം ശരിക്കും വായിക്കുന്നവര്‍ക്ക് ഇത് നന്നായ് മനസ്സിലാകുന്നതാണ് . അതിനാല്‍ തന്നെ സഭ ബോധപൂര്‍വ്വം പുതിയ നിയമത്തെ പരിഷ്കരിച്ചു മുന്നില്‍ വയ്ക്കുന്നുമുണ്ട്. ഇസ്ലാമിക ഗ്രന്ഥങ്ങളുടെ കാര്യത്തിലും ഈ ഒരു കാര്യം കാണാം . ഹദീസുകള്‍ രേഖപ്പെടുത്തിയ ബുഖാരി അടക്കമുള്ളവര്‍ ഇരുന്നൂറു കൊല്ലങ്ങള്‍ക്ക് ശേഷം ആണ് അവ എഴുതി ശേഖരിച്ചത് എന്നത് ചരിത്രം തന്നെ ശരി വയ്ക്കുന്ന കാര്യമാണല്ലോ. ശരിയായ ചരിത്രവും ശരിയാക്കുന്ന ചരിത്രവും ഇതിന്റെ ഇന്നത്തെ കാഴ്ചയില്‍ മനസ്സിലാക്കുവാന്‍ ഈ ഉദാഹരങ്ങള്‍ സഹായിക്കും. മഹാഭാരത കഥയില്‍ പിന്നീട് കുത്തിക്കയറ്റി മഹത്വം പ്രചരിപ്പിച്ച ഭഗവത് ഗീതയും, ഓരോ പുരാണങ്ങളിലും വ്യത്യാസപ്പെടുന്ന ഒരേ കഥകളും ഒക്കെ ഇത്തരം പരിഷ്കരണ ചരിത്രങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സഹായിക്കുന്ന വായനയാണ്. ഇങ്ങു താഴെ എത്തുമ്പോള്‍ സാമൂഹ്യ പരിഷ്കര്‍ത്താവ്‌ ആയി കേരളത്തില്‍ ജീവിച്ച ശ്രീ നാരായണ ഗുരു എന്ന യോഗിയെ ദൈവത്തിന്റെ പരിവേഷത്തില്‍ എത്തിക്കാന്‍ ഈഴവസമുദായത്തിലെ പ്രധാനികള്‍ നടത്തുന്ന കസര്‍ത്തുകള്‍ കാണാം . ടെലിവിഷന്‍ സ്ക്രീനില്‍ ഗുരുവിനെ കണ്ടു കമിഴ്ന്ന് വീണു തൊഴുന്ന ഭക്തരിലേക്ക് അത് നടന്നു വരുന്നുണ്ട്. മഹാഭാരതവും രാമായണവും ഇങ്ങനെ ജനപ്രീതിയില്‍ തിരികെ പിടിച്ച രണ്ടു വിശ്വാസങ്ങള്‍ ആണ് എന്ന് ടെലിവിഷന്‍ സീരിയലുകള്‍ കണ്ടു കടന്നുവന്ന ഈ തലമുറയ്ക്ക് അറിയാം. അവയില്‍ നിന്നും മുന്നോട്ടു വന്നപ്പോള്‍ അമീഷ്  തുടങ്ങി വച്ച വെള്ളപൂശല്‍ സംരംഭം കൂടുതല്‍ ജനകീയതയിലേക്ക് ദൈവങ്ങളെ എത്തിക്കാന്‍ സഹായിക്കുന്നുണ്ട്.
        ഇത്തരം വെള്ളപൂശലുകള്‍ക്ക്, മുന്‍പ് അക്ഷരം ആണ് ഉപയോഗിച്ചതെങ്കിൽ ഇന്ന് ആ സ്ഥാനത്തേക്ക് വിഷ്വല്‍ മീഡിയകള്‍ കടന്നു വന്നു എന്ന് മാത്രമേ ഉള്ളൂ വ്യത്യാസം. ഇത് മതത്തിന്റെ കാര്യം എങ്കില്‍ രാഷ്ട്രീയവും ഭിന്നമല്ല. ഏറ്റവും പുതിയത് , നിലവിലെ പ്രധാനമന്ത്രിയുടെ സിനിമ ആണെന്നത് നമുക്ക് കാണാന്‍ കഴിയും. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച നേതാക്കന്മാരും , ജീവിച്ചു എന്ന് വിശ്വസിപ്പിച്ച നേതാക്കന്മാരും നമുക്ക് വിവിധ പ്രത്യയ ശാസ്ത്രങ്ങളുടെ വകയായി ലഭ്യമാണ്. കലാകാരന്മാരെയും ഇങ്ങനെ ജനങ്ങളില്‍ വളരെ ആഴത്തില്‍ വിശ്വസിപ്പിക്കാന്‍ ചരിത്രങ്ങള്‍ രചിക്കാറുണ്ട്. മലയാളിക്ക് അതില്‍ പരിചയം ജയന്‍ എന്ന നടന്‍ ആകണം. മരണത്തിലൂടെ ജീവിച്ച ഒരു നടന്‍ ആയിരുന്നു അദ്ദേഹം. മറ്റു നടന്മാര്‍ക്കൊന്നും നേടാന്‍ കഴിയാത്ത ഒരു ഭാഗ്യമായിരുന്നു അദ്ദേഹം നേടിയെടുത്തത്. ജയന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്ന് കരുതുന്ന ആള്‍ക്കാര്‍ പോലും ഉണ്ട് എന്നതാണ് അതിന്റെ അതിശയോക്തി. കലാകാരന്മാരിലേക്ക് വരുമ്പോള്‍ ഏറ്റവും അവസാനം കണ്ടത് അതോ വായിക്കാന്‍ കഴിഞ്ഞത് പ്രവാസിയായ ഷാബു കിളിത്തട്ടില്‍ എഴുതിയ കാവാലത്തിനെ കുറിച്ചുള്ള സ്മരണകള്‍ ആയിരുന്നു. വിഷയത്തോട് കൂറ് പുലര്‍ത്താനും ഒരു അക്കാഡമിക്ക് തലത്തില്‍ പഠന വിഷയത്തിനു പര്യാപ്തവും ആയ രീതിയില്‍ ആ പുസ്തകം ഒരുക്കി എടുക്കാന്‍ ഷാബുവിലെ എഡിറ്ററിന്  കഴിഞ്ഞു ആ വര്‍ക്കില്‍. പിന്നെയും ജീവിച്ചിരിക്കുന്നവരെ കുറിച്ചുള്ള പുസ്തകങ്ങള്‍ വേറെയും ഉണ്ട് . അഷറഫ് താമരശ്ശെരിയെയും, ഉമാ പ്രേമനെയും തെരുവോരം മുരുഗനെയും ഒക്കെ ഇങ്ങനെ പുറം ലോകത്തില്‍ എത്തിക്കുവാന്‍ എഴുത്തുകാര്‍ ശ്രരമിച്ചത് സാഹിത്യ ലോകത്ത് കാണാന്‍ കഴിയുന്ന വസ്തുതയാണ്. ഈ നിരയിലേക്കാണ് യൂ ഏ ഈയിലെ കുറച്ചു സാഹിത്യകാര്‍ ഒന്നിച്ചു ചേര്‍ന്ന് പി. ശിവപ്രസാദിന്റെ നേതൃത്വത്തില്‍ മരിച്ചു പോയ ഒരു പത്ര പ്രവര്‍ത്തകന്റെ ഓര്‍മ്മകളെ ചികഞ്ഞെടുക്കാന്‍ ശ്രമിച്ചത്. ഒമാനിലും , ദുബായിലും ആയി പത്രപ്രവര്‍ത്തനം നടത്തിയ വി എം സതീഷ്‌ എന്ന അകാലത്തില്‍ പൊലിഞ്ഞുപോയ ധീരനും മനുഷ്യസ്നേഹിയും യഥാര്‍ത്ഥ പത്ര പ്രവര്‍ത്തകനും ആയ  വ്യക്തിയുടെ ഓര്‍മ്മകളെ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും അക്ഷരലോകം എന്ന പ്രവാസി സാഹിത്യകൂട്ടായ്മയിലെ പ്രമുഖരും ഓര്‍മ്മിക്കുന്നതാണ്  ഈ പുസ്തകത്തിന്റെ ഉള്ളടക്കം. നാല് എഡിറ്റര്‍മാരായ അക്ഷരക്കൂട്ടം പ്രവര്‍ത്തകര്‍ അടക്കം മൊത്തം നാല്പത്തി അഞ്ചോളം പേരുടെ ഓര്‍മ്മകള്‍ ആണ് ഈ പുസ്തകത്തില്‍ ഉള്ളത്. യൂ ഏ ഈ യിലെ പ്രമുഖരും പ്രശസ്തരും ആയ പത്രപ്രവര്‍ത്തകരും ,ഒന്നിച്ചു പ്രവര്‍ത്തിച്ചു ഇപ്പോള്‍ പ്രവാസം നിര്‍ത്തി നാട്ടില്‍ താമസം ആയവരും ആയ എല്ലാവരും സതീഷ്‌ എന്ന വ്യക്തിയെ ഓര്‍മ്മിക്കുന്നുണ്ട് ഇതില്‍. ഒരു അദ്ധ്യായം അദ്ദേഹത്തിന്റെ കുടുംബവും ആയി നടത്തിയ അഭിമുഖം ആണ്.
            ഓര്‍മ്മകളെ പറഞ്ഞു പോകുന്നവരില്‍ അധികം പേര്‍ക്കും പറയാന്‍ ഉണ്ടായിരുന്നതു ഒരേ കാര്യം മാത്രമായിരുന്നു. അതിനെ പലരും പല രീതിയില്‍ , അവരുടെതായ സാഹിത്യ ഭാഷയും മാനറിസങ്ങളും ചേര്‍ത്തു എഴുതിയിട്ടുണ്ട്. ഈ പുസ്തകം വായിച്ചു മടക്കുമ്പോള്‍ വായനക്കാരില്‍ ശക്തമായി നാല്പത്തി അഞ്ചു പേര്‍ പറഞ്ഞു പതിപ്പിക്കുന്ന ഒറ്റ വിഷയം ആണ്. ധീരനായ ഒരു പത്ര പ്രവര്‍ത്തകന്‍. വസ്തുതകളെ പഠിച്ചു മനോഹരമായി  അതിനെ അവതരിപ്പിക്കാന്‍ അറിയുന്നവന്‍. പ്രവാസത്തിലെ സാമൂഹ്യ പ്രശ്നങ്ങളെ ശക്തമായി അധികാരികളുടെ കണ്മുന്നില്‍ എത്തിക്കാനും അവയില്‍ വേണ്ടുന്ന നടപടികള്‍ എടുപ്പിക്കാനും കഴിഞ്ഞവന്‍. സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിനാല്‍ ഒമാനിലും പിന്നെ ദുബായിലും ജോലി നഷ്ടമായവന്‍. ജോലിയുടെ സത്യസന്ധതയും അതിലേക്കുള്ള അര്‍പ്പണവും മൂലം പ്രവാസത്തില്‍ ജയിലില്‍ കിടക്കേണ്ടി വന്ന ഏക പത്ര പ്രവര്‍ത്തകന്‍. മുഖം നോക്കാത്ത പത്ര പ്രവര്‍ത്തന ശൈലി മുഖമുദ്ര ആക്കിയ ഒരാള്‍. ഒരു തികഞ്ഞ മനുഷ്യ സ്നേഹിയും ജീവകാരുണ്യ പ്രവര്‍ത്തകനും. ആദ്യ പേജു മുതല്‍ അവസാന പേജ് വരെ ഇതായിരുന്നു എല്ലാവരും പറഞ്ഞത്. ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നവര്‍ അവരുടെ ഓര്‍മ്മകളെ പങ്കു വയ്ക്കുക സ്വാഭാവികം. ഇവിടെ ഒരു എഡിറ്റര്‍ ചെയ്യേണ്ടത് അവയെ അങ്ങനെ തന്നെ കൊടുക്കുന്നത് ആണെങ്കില്‍ അത് വായനയില്‍ എത്ര വിരസത സൃഷ്ടിക്കും എന്നത് തുടക്കത്തിലേ എഡിറ്റര്‍ കുറിപ്പിന് ഘടകവിരുദ്ധമായി വായന വരുന്നത് മുതല്‍ അനുഭവപ്പെടുന്നു. എല്ലാവർക്കും ഒന്നു തന്നെ പറയാന്‍ ഉള്ളതിനാല്‍ ആവര്‍ത്തന വിരസത കഴിവതും ഒഴിവാക്കാന്‍ നോക്കി എന്നത് വെറും വാക്കായിരുന്നു എന്നതാണത്.
            ഇത്രയധികം എഴുത്തുകാര്‍ ഉള്ള പ്രവാസസാഹിത്യകൂട്ടായ്മയില്‍ എന്തുകൊണ്ട് ഈ സമാഹാരത്തെ ഒന്നിച്ചു ചേര്‍ത്തു ഒരു ജീവചരിത്രം എഴുതാന്‍ കഴിഞ്ഞില്ല എന്നത് അത്ഭുതം ഉണര്ത്താതിരുന്നില്ല. അങ്ങനെ വന്നിരുന്നെങ്കില്‍ ഈ ഓര്‍മ്മ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇവരെയൊക്കെ നിരാശരാക്കാതെ അവരെയൊക്ക  കഥാപാത്രങ്ങള്‍ ആക്കിക്കൊണ്ട് ഒരു ജീവിത ചരിത്രം ആക്കാമായിരുന്നു അതായിരുന്നു ഏറ്റവും നല്ലൊരു സ്മരണിക ആവുക എന്ന് തോന്നി. ഇതില്‍ മിക്കവാറും പ്രതിപാദിക്കപ്പെട്ട സതീഷ്‌ എന്ന മനുഷ്യന്‍ സഹായിച്ച , അദ്ദേഹത്തെ ഓര്‍ക്കുന്ന ഒരു പിടി ആള്‍ക്കാര്‍ പ്രവാസത്തിലും നാട്ടിലും ഉണ്ട് എന്നിരിക്കെ അവരാരും ഇതില്‍ വന്നിട്ടില്ല എന്നതും ഏറ്റവും വലിയൊരു പോരായ്മയായി മുഴച്ചു നിന്നു. ലക്ഷ്യബോധം ഉണ്ടായിരുന്നിട്ടും അത് നിവര്‍ത്തിക്കാന്‍ കഴിയാഞ്ഞതാണോ അതോ തട്ടിക്കൂട്ടി ഒരു സ്മരണിക ഇറക്കി തങ്ങളുടെ ധര്‍മ്മം നിര്‍വ്വഹിച്ചത് ആണോ എന്നറിയില്ല. പുസ്തകം വിചാരിച്ച തലം കൈവരിക്കാന്‍ ഈ സ്മരണകള്‍ കൊണ്ട് കഴിഞ്ഞിട്ടില്ല എന്ന് മാത്രമാണ് വായന നല്‍കിയ അറിവ്. അദ്ദേഹം എഴുതിയ പുസ്തകത്തെ കുറിച്ച് ഒരു അദ്ധ്യായം ഉള്ളത് മാത്രമാണ് സതീഷ്‌ എന്ന മനുഷ്യന്‍ സഞ്ചരിച്ച വഴികളെ കുറച്ചെങ്കിലും വായനക്കാരില്‍ എത്തിക്കുന്നത്. കൂടുതല്‍ ജാഗ്രതകള്‍ ഇത്തരം മഹത് വ്യക്തിത്വങ്ങളെ അടയാളപ്പെടുത്തുമ്പോള്‍ വരും കാല എഴുത്തുകാര്‍ സ്വീകരിക്കും എന്ന ശുഭ പ്രതീക്ഷയോടെ ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment