Wednesday, May 29, 2019

നാസ്തികനായ ദൈവം.................. സി. രവിചന്ദ്രന്‍

നാസ്തികനായ ദൈവം(പഠനം)
സി. രവിചന്ദ്രന്‍
ഡി സി ബുക്സ്
വില : 499 രൂപ

            പ്രപഞ്ചത്തില്‍ മനുഷ്യജീവികള്‍ക്ക് ബുദ്ധിവികാസം ഉണ്ടായ കാലം മുതല്‍ അവന്‍ തിരയുന്ന വസ്തുതയാണ് താന്‍ എവിടെ നിന്നും വന്നു എന്നത്. പരിണാമഘട്ടങ്ങളില്‍ വിട്ടുപോയ കണ്ണികളെ തേടി, ശാസ്ത്രം ഇന്ന് വളരെയധികം പ്രയാസപ്പെടുന്നില്ല . കാരണം അതല്ലാതെ തന്നെ മനുഷ്യജീവന്‍ ,പ്രപഞ്ചോല്‍പ്പത്തി തുടങ്ങിയ കാര്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു. ശാസ്ത്രത്തിന്റെ വ്യക്തമായ അന്വേഷണങ്ങള്‍ എങ്ങും തടഞ്ഞു നില്‍ക്കുന്നില്ല . ആ നിഗമനങ്ങളെ സാധൂകരിക്കുന്ന തെളിവുകളും വസ്തുതകളും ഇന്നും കണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഇവിടെ ശാസ്ത്രം ശരിയെന്നു ഇന്ന് വരെ പറയാന്‍ കഴിയുന്നത് ശാസ്ത്രം പറയുന്ന ആ കാലയളവുകളില്‍ നിന്നും ഒരിടത്തും അതിനു മുന്നേയുള്ള ഒന്നിന്റെ തെളിവ് ഒന്നിച്ചു ഒരേ കാലത്ത് കിട്ടുന്നില്ല എന്നുള്ളതാണ് . ആധുനിക കാലത്ത് മതം ഏറ്റവും ഭയപ്പാടോടെ കാണുന്ന ഒരു വ്യക്തിയാണ് റിച്ചാര്‍ഡ് ഡ്വാക്കിൻസ് എന്ന ശാസ്ത്രഞ്ജന്‍. അദ്ദേഹത്തിന്റെ ‘ദൈവ വിഭ്രാന്തി’(God Delusion) എന്ന ഒറ്റ പുസ്തകം അമേരിക്കയില്‍ മത വിശ്വാസികള്‍ക്കിടയില്‍ ചെലുത്തിയ സ്വാധീനം എത്ര വലുതെന്നു കാണാന്‍ ആ പുസ്തകത്തിന്റെ വില്പനയുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ മതിയാകും . അതിനെ തുടര്‍ന്ന്‍  പിന്നെയും ചില പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റെ വകയായി പുറത്തിറങ്ങുകയുണ്ടായി. ‘ഭൂമിയിലെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങള്‍’(The Greatest Show on Earth) അതില്‍ പേരെടുത്തു പറയാന്‍ കഴിയുന്ന മറ്റൊരു പുസ്തകം ആണ് . ക്രിസ്തുമതവും കുറെയൊക്കെ ഇസ്ലാം മതവും ഡ്വാക്കിൻസിനെ ഭയന്ന് തുടങ്ങിയത് പിന്നീടുള്ള ചരിത്രം. ദൈവ വിഭ്രാന്തിയെ എതിര്‍ത്തുകൊണ്ട് മാത്രം ഇരുപതിലധികം പുസ്തകങ്ങള്‍ ഇറങ്ങുക എന്നത് ഇതിനു പ്രത്യക്ഷമായ ഒരു ഉദാഹരണം  മാത്രം. ഈ പുസ്തകങ്ങളെ മലയാളത്തില്‍ പരിചയപ്പെടുത്തിയ  വ്യക്തിയാണ് കേരള യൂണിവേഴ്സിറ്റിയിലെ ഭാഷാദ്ധ്യാപകനായ പ്രൊഫസര്‍ സി രവിചന്ദ്രന്‍. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ നവോത്ഥാനപ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഇന്ന് സി രവിചന്ദ്രന്‍ നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണ്‌ . മതവും സംസ്കാരവും കൊണ്ട് മലീമസമായ ആധുനിക ജീവിതത്തെ തുറന്നു കാട്ടി പുരോഗമനത്തിന്റെ പാതയിലേക്കുള്ള വഴി വെട്ടുന്ന പ്രൊഫസര്‍ രവി ചന്ദ്രന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ശ്രീ നാരായണ ഗുരുവടക്കമുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ നല്‍കിയ സംഭാവനകളുടെ ആധുനിക മാതൃകകള്‍ ആണ്. മൃദു സമീപനത്തിലൂടെ അവര്‍ മുന്നോട്ടു വച്ച ആശയങ്ങളെ ഒട്ടും കലര്‍പ്പോ അലങ്കാരങ്ങളോ സുഖിപ്പിക്കലുകളോ ഇല്ലാതെ കാലോചിതമായ പരിഷ്കാരങ്ങളോടെ ബോധവല്‍ക്കരിക്കാന്‍ ഉപയോഗിക്കുന്നു ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ. ഇഷ്ടമല്ലാത്ത സത്യങ്ങളെ ഇഷ്ടക്കേടോടെ കേട്ട് പ്രതിരോധിക്കാന്‍ മതം പാടുപെടുന്ന കാഴ്ച അതിനാല്‍ തന്നെ രവിചന്ദ്രനിലൂടെ മലയാളികള്‍ക്ക് പരിചിതമാകുന്നു. ദേശീയ തലത്തിലെ സക്കീർ നായിക്കിനെപ്പോലെ കേരളത്തിലെ എം എം അക്ബര്‍ അടക്കമുള്ളവരും, ഹൈന്ദവ ഗുരുക്കളും, നേതാക്കളും ഒക്കെ ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടി വരുന്നത് ഇന്നിന്റെ കാഴ്ചയാണല്ലോ. പലപ്പോഴും മതം മാത്രമല്ല രാഷ്ട്രീയ ആശയങ്ങളും ആ വിമര്‍ശനത്തിന്റെ മുന്നില്‍ ഉത്തരം ഇല്ലാതെ നില്‍ക്കേണ്ടി വരുന്നുണ്ട്.
 ‘ഭൂമിയിലെ അതിമഹത്തായ ദൃശ്യവിസ്മയങ്ങള്‍’ , ‘നാസ്തികനായ ദൈവം’ പകിട, തുടങ്ങി ഒട്ടനവധി പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം തന്നെ 'കാര്‍ട്ടറുടെ കഴുകന്‍' പോലുള്ള സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളും , വെളിച്ചപ്പാടിന്റെ ഭാര്യ പോലുള്ള സാമൂഹ്യ വിഷയങ്ങളും,  വാസ്തുശാസ്ത്രവും ജ്യോതിഷവും ഒക്കെ വിമര്‍ശിക്കപ്പെടുന്ന കൃതികളും രാമസേതുവിനെ കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ ഒക്കെ രവി ചന്ദ്രന്റെ സംഭാവനകള്‍ ആണ് . തമിഴ്നാട്ടില്‍ നിന്നും പെരിയോറും മലയാളത്തില്‍ നിന്നും ഇടമറുകും തുടങ്ങി വച്ച വായനയിലൂടെ ഉള്ള പുരോഗമന ചിന്തയ്ക്ക് കുറച്ചു കൂടി വസ്തുനിഷ്ടമായ കാഴ്ചകളും സംഭാവനകളും രവിചന്ദ്രന്‍ സമ്മാനിക്കുന്നുണ്ട്. സരസമായ ഭാഷാശൈലിയിലൂടെ ഇന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളവും വിദേശത്തും അദ്ദേഹത്തെ കേള്‍ക്കാന്‍ നിറഞ്ഞ സദസ്സുകള്‍ ഉണ്ടാകുന്നുണ്ട്.

            “നാസ്തികനായ ദൈവം” എന്ന പുസ്തകം റിച്ചാര്‍ഡ് ഡ്വാക്കിൻസ് എഴുതിയ God Delusion എന്ന കൃതിയുടെ സമഗ്രമായ ഒരു പഠനം ആണ് . ആ പുസ്തകം എന്ത് പറയുന്നു എന്നത് മാത്രമല്ല അതിനെ പലപ്പോഴും ഇന്ത്യന്‍ സാഹചര്യങ്ങളിലേക്ക് കൊണ്ട് വരാനും അതിലൂടെ തനിക്കു പറയാനുള്ള കാര്യങ്ങള്‍ ശങ്കയില്ലാതെ പറയുകയും ചെയ്യുന്നു ലേഖകന്‍ ഇതില്‍. യൂറോപ്പില്‍ പടര്‍ന്നു കിടക്കുന്ന സെമിറ്റിക്ക് മതങ്ങളുടെ വിമര്‍ശനം ആണ് ഡ്വാക്കിൻസ് ഈ പുസ്തകത്തില്‍ ഉപയോഗിക്കുന്നത് എന്നാല്‍ അതിനെ മലയാളിക്ക് പരിചയപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ പ്രധാന ആയുധമായ ഹിന്ദു മതത്തിനെ കൂടി പറയാതെ കഴിയുകയില്ലല്ലോ. ശാസ്ത്രം ഇന്നുവരെ കണ്ടുപിടിച്ചവയും മതം ഇന്നുവരെ ചെയ്തു പോകുന്നതും ആയ കാര്യങ്ങളെ കാര്യ കാരണ സഹിതം  വിശദീകരിക്കുന്ന ദൈവ വിഭ്രാന്തിയില്‍ യൂറോപ്പിന്റെ വളരെ വ്യത്യസ്തമായ ഒരു ഭൂപടം കൂടി കാഴ്ചയാകുന്നതായി കാണാം. മതം അവിടത്തെ സാംസ്കാരിക സാമൂഹ്യ ഘടകങ്ങളില്‍ ഇവിടത്തതിലും അധികം പിടി മുറുക്കിയിരിക്കുന്നതും അമേരിക്കയില്‍ മാത്രം ഏകദേശം അന്‍പത്തിരണ്ടു ശതമാനത്തോളം ജനതയും മതത്തിന്റെ തീവ്രവികാരങ്ങളില്‍ പെട്ട് ഉഴലുന്ന ജീവികള്‍ ആണെന്നതും വളരെ വിശദമായി ഈ പുസ്തകം വിവരിക്കുന്നുണ്ട്. ഇന്ത്യയുടെ പശ്ചാത്തലത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്‌ ജാതിയും മതവും ആണെങ്കില്‍ യൂറോപ്പില്‍ ആ സ്ഥാനത്ത്  മതവും വര്‍ണ്ണവും ആണ്. രണ്ടും ഒരു നാണയത്തിന്റെ ഇരുഭാഗങ്ങള്‍ തന്നെ എന്നതിനാല്‍ ഇതിനൊക്കെയും ഒരു എകീകത അനുഭവിക്കാന്‍ കഴിയുന്നുണ്ട്. പുറമേ നിന്നും നോക്കുന്ന മനുഷ്യരില്‍ അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ വളരെ വലിയ പുരോഗതി  ഉള്ള രാജ്യങ്ങള്‍ ആയി അനുഭവപ്പെടുമ്പോഴും അവിടെ അതിതീവ്രമായ മതതീവ്രവാദം ഉണ്ട് എന്ന് ഡ്വാക്കിൻസ് ഉദാഹരണ സഹിതം വിശദമാക്കുന്നു. അതുകൊണ്ട് തന്നെ ഇസ്ലാമിക രാജ്യങ്ങളെ മാത്രം വിമര്‍ശിക്കുന്ന ലോകം ഈ ഒരു കാഴ്ച കാണാതെ പോകുകയല്ലേ ചെയ്യുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മതം എവിടെയും ഒരു പുകയുന്ന അഗ്നിപര്‍വ്വതം തന്നെയാണ്.

            ‘ഭൂമിയിലെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങള്‍’ ആണ് ഈ പുസ്തകത്തിലും കൂടുതല്‍ ഒരു പക്ഷെ മനുഷ്യരുടെ കണ്ണ് തുറപ്പിക്കുന്ന ഒന്നെന്നു വായനയില്‍ അനുഭവപ്പെടുന്നുണ്ട് .  
സി രവിചന്ദ്രന്റെ ഭാഷയും അവതരണവും ഈ പുസ്തകത്തിനെ കൂടുതല്‍ വായനക്കാരിലെത്തിക്കുന്നു എന്നാണു ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഇറങ്ങി പത്തു വര്ഷം കഴിയുമ്പോഴും ഇതിനു കിട്ടുന്ന സ്വീകാര്യത. ദൈവവും മതവും മനസ്സില്‍ നിന്നും കുടിയിറങ്ങിപ്പോകുന്നതിനു വേണ്ടിയല്ല പകരം എന്താണ് മതവും ദൈവവും എന്നറിയുവാനും നാം ജീവിക്കുന്ന ഭൂമിയെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും അറിയുന്നതിനും ഇത്തരം പുസ്തകങ്ങള്‍ ആവശ്യമാണ്‌ . പഠനം എന്നതിനപ്പുറം ഈ പുസ്തകത്തെ ഒരു പരിഭാഷയായി അവതരിപ്പിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോയി. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല.

No comments:

Post a Comment