Friday, May 24, 2019

ഒരു വാക്കു കൂടി.

ഒരു വാക്കു കൂടി.
...........................
നഷ്ടപ്പെട്ടു പോകുന്നതൊക്കെയും
ഇഷ്ടപ്പെട്ടു പോയവയായതിനാലാകാം
ഓരോ തവണയും നീ പോകുമ്പോൾ
ഹൃദയം വല്ലാതെ വേദനിച്ചു പോകുന്നത്.
നിരാസങ്ങളുടെ അഗ്നിത്തൂവലുകളാൽ
ഹൃദയാന്തരാളം നീ തഴുകുമ്പോഴൊക്കെയും
ഗൂഢമായ ഒരാനന്ദം നീയനുഭവിക്കുന്നതറിയുന്നു.
സെപ്റ്റിക് ടാങ്ക് പോലാണീ ഓൺലൈൻ പ്രണയങ്ങൾ
നിന്റെ വാക്കുകളിൽ പ്രണയം മറ്റൊന്നാണല്ലോ.
ഒരു വിരൽത്തുമ്പു പോലും തൊടാതെ
ഒരു ചുംബനം പോലും നല്കാതെ
ശരീരത്തെ ഒന്നു നോക്കുക പോലും ചെയ്യാതെ
പ്രണയിക്കുന്നതാണത്രെ വിശുദ്ധത!
എന്റെ പ്രായോഗിക ബുദ്ധിയിൽ
ഇതിനെ സൗഹൃദം എന്നാണ് പറയപ്പെടുന്നത്.
പ്രണയമില്ലാതെ കാമിക്കാനും
ചുംബിക്കാനും കഴിയില്ലെന്നു നീ പറയുമ്പോൾ
സൗഹൃദത്തിലൊരിക്കലും പ്രണയമില്ലെന്നു മറക്കുന്നു.
എനിക്ക് നിന്നെ പ്രണയിക്കണം.
മതിയാകുവോളം ഉമ്മകൾ നല്കണം
ശരീരങ്ങളെ സ്നേഹിക്കാൻ വിടണം.
നിന്റെ കണ്ണുകളെ നോക്കിയിരിക്കണം.
ഏകാന്തതകളെ നിന്നെക്കൊണ്ട് നിറയ്ക്കണം .
ഉപേക്ഷിക്കപ്പെടുന്നവന്റെ വേദനയറിയുക
ചുളിവ് പറ്റിയ ചർമ്മങ്ങളല്ല
കറുപ്പു പുരണ്ട ശരീരങ്ങളല്ല
നിന്റെ മനസ്സാണ് ഞാൻ കാണുന്നത്.
നിന്നെ മാത്രം.
നീയെന്ന ഒറ്റ മുഖത്തിലെ നിന്നെ മാത്രം.
.... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment