രാവിന്റെ ഗീതം
.........................
പൂക്കളൊക്കെയും മണം വെടിഞ്ഞെന്നും
കിളികളൊക്കെ ഗാനം മറന്നെന്നും
നിന്റെ കണ്ണിണകളിൽ നോക്കുമ്പോൾ
നക്ഷത്രങ്ങൾ കടലാസു പൂക്കളെന്നും
പൊട്ടിച്ചിരിയുടെ ചില്ലകൾ നിറയെ
അമർത്തി പിടിച്ച ശീല്ക്കാരം നിറച്ച്
നീ ഭ്രാന്തിന്റെ ഉന്മാദത്തിൽ പുലമ്പുന്നു.
ലോകം ശൂന്യമെന്നുറക്കെ പറഞ്ഞു കൊണ്ട്
വസ്ത്രങ്ങൾ ഉപേക്ഷിച്ച നീയോ
കാട്ടുചോലകളിൽ നീരാടിയും
കാട്ടുപൂക്കൾ ഇറുത്തു മുടിയിൽ ചൂടിയും
കറുത്ത പാറക്കെട്ടുകളിലൊന്നിൽ മലർന്നു കിടക്കുന്നു.
ആകാശം നീലവിരിപ്പിൽ തുന്നിച്ചേർത്ത
ഒഴുകുന്ന വെള്ളിമേഘ ചിത്രം നോക്കി
നീ ഒരു പാട്ടു പാടിത്തുടങ്ങുന്നു.
പ്രണയത്തിന്റെ മനോഹരമായ വരികൾ
ഇളം കാറ്റ് ഏറ്റെടുക്കുമ്പോൾ
ഉച്ച സൂര്യൻ നിന്നെ എത്തി നോക്കുന്നു.
തുടിച്ചുണർന്ന മുലഞെട്ടുകൾ കുടിച്ചു വറ്റിക്കാൻ
ധൃതി പൂണ്ട കരങ്ങളോടെയവൻ
മണ്ണിലേക്ക് പായുന്നു.
കാടുപിടിച്ച നിന്നരയിൽ നിന്നൊരു
കുഞ്ഞരുവി പിറവി കൊള്ളുന്നു.
നിന്നിലേക്കെത്താതെ തളർന്ന സൂര്യൻ
ചുവന്ന മുഖവുമായി കടലിൽ ചാടി മരിക്കുന്നു.
കരിമ്പാറക്കെട്ടിൽ ശിലയായി പതിഞ്ഞു കിടക്കവേ
നിന്റെ തുടയിടുക്കിൽ, പടം പൊഴിച്ചിട്ടൊരു
കരിനാഗം ഇഴഞ്ഞു പോകുന്നു.
തിളക്കം നഷ്ടപ്പെട്ട നിന്റെ മിഴികളിലേക്ക്
പേരറിയാത്തൊരു രാപ്പക്ഷി എത്തിനോക്കുന്നു.
രാത്രി മുഴുവനും നിന്റെ ചാരത്തിരുന്നത്
മനോഹരമായി പാടുന്നു.
നീ പാതിയടഞ്ഞ മിഴികളിൽ
എന്നെയാവാഹിച്ചു കൊണ്ടുറങ്ങാൻ മറന്നു കിടക്കുന്നു.
.... ബി.ജി.എൻ വർക്കല
എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Thursday, May 30, 2019
രാവിന്റെ ഗീതം
Wednesday, May 29, 2019
പ്രണയം ഒരു നിലാവാണ്!
പ്രണയം ഒരു നിലാവാണ്!
........................................
പ്രണയം ഒരു നിലാവാണ്.
നമ്മൾ അറിയാതെ,
നമ്മെ ചൂഴ്ന്നുകൂടുന്ന ഇളംതണുപ്പാണ് .
നമ്മെ കോച്ചിവലിക്കുന്ന തണുപ്പിലേക്ക്
ഉറങ്ങാൻ വിടുന്ന പുതപ്പാണ്.
പ്രണയം, പറയാൻ അറിയാത്ത,
പറഞ്ഞ് ഫലിപ്പിക്കാൻ കഴിയാത്ത
ഒരുപാട് വികാരങ്ങളുടെ
ഒരു ആന്ദോളനം ആണ് .
ഞാൻ നിന്നെ പ്രണയിക്കുകയാണ്
എന്നു പറയുന്നതും
ഞാൻ നിന്നെ അറിയുകയാണെന്ന് പറയുന്നതും
ഒന്നുതന്നെയാകുന്നത്
അതുകൊണ്ടു തന്നെയാണ്.
പ്രണയത്തിന്, ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാത്തതും അതുകൊണ്ടാകണം.
നീ അടുത്തുണ്ടാകുമ്പോൾ ,
പ്രകാശം ചുറ്റാകെ വ്യാപിക്കുന്നതും,
പേരറിയാ പൂക്കളുടെ സുഗന്ധം
എന്നെ ചൂഴ്ന്ന് നില്ക്കുന്നതും
അനുഭവിച്ചറിയാൻ കഴിയുന്നുവെങ്കിൽ
അതിനർത്ഥം
പ്രണയം അതിൻറെ ഉച്ചസ്ഥായിയിൽ,
അതിൻറെ ഊർവ്വരതയിൽ
എന്നെ പൊതിയുന്നു എന്നുതന്നെയാണ് .
നീ ചിരിക്കുമ്പോൾ
ഹൃദയത്തിൽ സന്തോഷം ഉണ്ടാകുന്നുണ്ടെങ്കിൽ
പ്രണയത്തിൻറെ അനിർവചനീയമായ രസാനുഭൂതിയിൽ
ഞാൻ മയങ്ങിപോകുന്നു എന്ന് തന്നെയാണ് .
നീ ഹൃദയത്തിലേക്ക് നോക്കുമ്പോൾ ,
നിന്റെ ഗന്ധം എന്നെ ചൂഴ്ന്നു നിൽക്കുന്നുവെങ്കിൽ,
നിശ്വാസം
എന്റെ ചെവിയരുകിൽ പതിക്കുന്നുവെങ്കിൽ
അതിനർത്ഥം
നമ്മൾ ഏറെ ദൂരെയല്ല,
വളരെ വളരെ അടുത്താണ് എന്ന് തന്നെയാണ്..
ഓരോ രാത്രിയുടെയും അവസാനയാമത്തിലേക്ക്
ഉറക്കത്തിനെ ചവിട്ടി ചവിട്ടി
മെല്ലെ കയറി പോകുമ്പോൾ
ആരെയാണോ ഓർമയിലേക്ക് ആവാഹിച്ചെടുക്കുക
ആരുടെ ഓർമയാണോ
മൂടിപ്പുതച്ച് ഉറങ്ങാൻ സഹായിക്കുക
അതിനെ എനിക്ക്
നിൻറെ പേര് ഇടാതെ തരമില്ലാതായിരിക്കുന്നു.
പ്രഭാതത്തിൽ കണ്ണുകൾ തുറക്കും മുൻപേ,
അത് നിന്റെ സന്ദേശം ആയിരിക്കണമേ
എന്ന് ഞാൻ ഓർമ്മിക്കുന്നുവെങ്കിൽ ...
തുറന്നു നോക്കുമ്പോൾ ,
പുഞ്ചിരിയോടു കൂടി
നീ എന്നെ നോക്കി നിൽക്കുന്നുവെങ്കിൽ,
നിന്റെ വാക്കുകൾ
എന്നെ കാത്തിരിക്കുന്നുവെങ്കിൽ,
ഞാൻ അറിയുന്നു
പ്രണയിക്കാൻ ഞാൻ അർഹതപ്പെട്ടിരിക്കുന്നുവെന്ന്.
നിന്റെ പ്രണയം
അതെന്റേതാണ്.
നീ എന്റേതു മാത്രമാണ്.
പ്രണയത്തിലൂടെയെങ്കിലും
നമുക്ക് പരസ്പരം ഒന്നാകാൻ കഴിയും.
വാക്കുകളിലൂടെ,
സന്ദേശങ്ങളിലൂടെ
ഒരൊറ്റ മനസ്സായി,
ശരീരമായി
ആകാശത്തിന്റെ അനന്തതയിൽ
വെൺമേഘത്തുണ്ടുകളായി
സഞ്ചരിക്കാനാകും.
നമുക്ക് നമ്മെ മറക്കാനും.
ഭ്രാന്തിന്റെ പൂത്തിരി കത്തിച്ച തലച്ചോറുമായി
ലോകത്തെ വിസ്മരിക്കാനാകും.
..... ബി.ജി.എൻ വർക്കല
നാസ്തികനായ ദൈവം.................. സി. രവിചന്ദ്രന്‍
Monday, May 27, 2019
ഇരുട്ടും വെളിച്ചവും
ഇരുട്ടും വെളിച്ചവും
...............................
വെളിച്ചമണഞ്ഞ പകലിൽ നിന്നും
ഇരുട്ടു സവാരിക്കിറങ്ങി.
ഉണങ്ങി വരണ്ട പുൽനാമ്പുകൾ
തണുത്തു തുടങ്ങുന്നതും
അലഞ്ഞു തളർന്ന കിളികൾ
നിശബ്ദമുറങ്ങുന്നതും കണ്ട
ഇരുട്ട് നിശബ്ദം മുന്നോട്ടൊഴുകി.
നോക്കൂ, നദികൾ പോലും എത്ര ശാന്തമായാണ്
ഇരുട്ടിലേക്കൊഴുകുന്നത്.
അലസമായൊരു കളകളാരവത്താൽ
നദിയും ഉറങ്ങുക തന്നെയാണ്.
വെളിച്ചമില്ലെങ്കിലെത്ര നന്നായെന്ന്
മരച്ചില്ലല്ലയിലിരുന്നു കൂമനും
വാഴക്കൂമ്പിലൂയലാടി നരിച്ചിലും പറഞ്ഞു.
അവരുമെത്ര നിശബ്ദമായാണ്
ഇരതേടിയിറങ്ങിയിരിക്കുന്നത്!
പകലിന്റെ അധ്വാനഭാരം ഇറക്കിവച്ച
പക്ഷിമൃഗാദികളും
തരുലതാദികളും
നദീ പ്രവാഹവും ശാന്തമാകുമ്പോൾ
ഇരുട്ടിൽ ഇരതേടിയിറങ്ങുന്ന
രാവിന്റെ സന്തതികൾക്കിടയിൽ
ഏറ്റം ഭയാനകമായ ഒരു ജീവിയെക്കണ്ട
ഇരുട്ട് നടുങ്ങുന്നു.
ഭക്ഷണത്തിനു വേണ്ടിയല്ലാതെ കൊല്ലുന്ന,
പ്രണയമില്ലാതെ ഭോഗിക്കുന്ന,
ലജ്ജയില്ലാതെ മോഷ്ടിക്കുന്ന
ഇരുകാലി മൃഗം...
ഇരുട്ട് എന്നും വേദനയോടെ കൊതിക്കുന്നു
ഒരിക്കലും പകൽ മായാതിരുന്നെങ്കിൽ!
..... ബിജു.ജി.നാഥ് വർക്കല
Saturday, May 25, 2019
റെയ്ന്‍ഡിയര്‍.................................. ചന്ദ്രമതി
Friday, May 24, 2019
ഒരു വാക്കു കൂടി.
ഒരു വാക്കു കൂടി.
...........................
നഷ്ടപ്പെട്ടു പോകുന്നതൊക്കെയും
ഇഷ്ടപ്പെട്ടു പോയവയായതിനാലാകാം
ഓരോ തവണയും നീ പോകുമ്പോൾ
ഹൃദയം വല്ലാതെ വേദനിച്ചു പോകുന്നത്.
നിരാസങ്ങളുടെ അഗ്നിത്തൂവലുകളാൽ
ഹൃദയാന്തരാളം നീ തഴുകുമ്പോഴൊക്കെയും
ഗൂഢമായ ഒരാനന്ദം നീയനുഭവിക്കുന്നതറിയുന്നു.
സെപ്റ്റിക് ടാങ്ക് പോലാണീ ഓൺലൈൻ പ്രണയങ്ങൾ
നിന്റെ വാക്കുകളിൽ പ്രണയം മറ്റൊന്നാണല്ലോ.
ഒരു വിരൽത്തുമ്പു പോലും തൊടാതെ
ഒരു ചുംബനം പോലും നല്കാതെ
ശരീരത്തെ ഒന്നു നോക്കുക പോലും ചെയ്യാതെ
പ്രണയിക്കുന്നതാണത്രെ വിശുദ്ധത!
എന്റെ പ്രായോഗിക ബുദ്ധിയിൽ
ഇതിനെ സൗഹൃദം എന്നാണ് പറയപ്പെടുന്നത്.
പ്രണയമില്ലാതെ കാമിക്കാനും
ചുംബിക്കാനും കഴിയില്ലെന്നു നീ പറയുമ്പോൾ
സൗഹൃദത്തിലൊരിക്കലും പ്രണയമില്ലെന്നു മറക്കുന്നു.
എനിക്ക് നിന്നെ പ്രണയിക്കണം.
മതിയാകുവോളം ഉമ്മകൾ നല്കണം
ശരീരങ്ങളെ സ്നേഹിക്കാൻ വിടണം.
നിന്റെ കണ്ണുകളെ നോക്കിയിരിക്കണം.
ഏകാന്തതകളെ നിന്നെക്കൊണ്ട് നിറയ്ക്കണം .
ഉപേക്ഷിക്കപ്പെടുന്നവന്റെ വേദനയറിയുക
ചുളിവ് പറ്റിയ ചർമ്മങ്ങളല്ല
കറുപ്പു പുരണ്ട ശരീരങ്ങളല്ല
നിന്റെ മനസ്സാണ് ഞാൻ കാണുന്നത്.
നിന്നെ മാത്രം.
നീയെന്ന ഒറ്റ മുഖത്തിലെ നിന്നെ മാത്രം.
.... ബിജു.ജി.നാഥ് വർക്കല
Tuesday, May 21, 2019
കാട്ടുകടന്നല്‍...........ഏഥ്ല്‍ ലിലിയന്‍ വോയ്നിച്
കാട്ടുകടന്നല്‍(നോവല്‍)
ഏഥ്ല്‍ ലിലിയന്‍ വോയ്നിച്
മൊഴിമാറ്റം : പി ഗോവിന്ദപ്പിള്ള
ചിന്ത പബ്ലീഷേഴ്സ്
വില : 300 രൂപ
ചില എഴുത്തുകാരുണ്ട് അവര്‍ എഴുതുന്നത് ലോകത്താകമാനം തരംഗമായി മാറുമ്പോഴും ഇതൊന്നുമറിയാതെ തന്റെ കൂട്ടിനുള്ളില്‍ പുറം ലോകത്തെ മറന്നു ജീവിക്കുന്നവര്‍. ആധുനിക വിവരസാങ്കേതികവിസ്മയങ്ങളുടെ ഈ കാലത്തല്ല അതെന്നത് മറച്ചു വയ്ക്കുന്നില്ല എങ്കിലും പറയട്ടെ അയര്‍ലണ്ടില്‍ 1864 ല്‍ ജനിച്ച ഒരു പെണ്‍കുട്ടി 1897ല്‍ പ്രസിദ്ധീകരിച്ച Gadfly എന്ന നോവല്‍ റഷ്യയുടെ ചരിത്രത്തില്‍ ഒരു വലിയ സംഭവം ആയി മാറി . റഷ്യയില്‍ മാത്രം 23 ഭാഷകളിലായി 120 ല്‍ അധികം പതിപ്പുകള്‍ ഇറങ്ങിയ ഒരു കൃതിയായത് . 40 ലക്ഷത്തിലധികം കോപ്പികള്‍ ലോകത്തെ ഒട്ടുമിക്ക ഭാഷകളിലേക്കും മൊഴി മാറ്റം. ഒടുവില്‍ 1955ല്‍ അവരെ തേടിച്ചെന്ന കുറച്ചു റഷ്യന്‍ പത്ര പ്രവര്‍ത്തകരില്‍ നിന്നുമാണ് അവര്‍ തന്റെ പുസ്തകത്തിന്റെ ചരിത്രയാത്രകള്‍ അറിയുന്നത്. അവര്‍ വേറെയും മൂന്നു നോവല്‍ കൂടി എഴുതിയിട്ടുണ്ടെങ്കിലും ഈ പുസ്തകത്തിനു ലഭിച്ച പ്രചാരം മറ്റൊന്നിനും ലഭിച്ചിട്ടില്ല. ഈ പുസ്തകത്തിന്റെ മേന്മ എന്നത് വസ്തുതകളെ വിശദമായി പഠിച്ച് എഴുതി എന്നതാണു എന്നു മനസ്സിലാക്കാന്‍ കഴിയുന്നു. തന്റെ സുഹൃത്തും വിപ്ലവകാരിയുമായ റഷ്യന്‍ സാഹിത്യകാരന്‍ സ്തെപ്ന്യാക് എന്ന തൂലികാ നാമമുള്ള ക്രഫ്ചിന്‍സ്കി (1851-1895) യുമായുള്ള സഹവാസവും അയാളുടെ ജീവിതവും എഥ്ലിന്റെ എഴുത്തിന് വളരെ ഉപകാരപ്രദമായ വസ്തുതകള്‍ നല്കി. ആ ജീവിതവും വിപ്ലവവും കൂടുതല്‍ അറിയാനും റക്ഷ്യയുടെ സാമൂഹ്യാന്തരീക്ഷം പഠിക്കാനും വേണ്ടി രണ്ടു കൊല്ലം അവിടെ പോയി താമസിക്കുകയും വിപ്ലവകാരികളും ആയി സംബര്‍ക്കം പുലര്‍ത്തുകയും ചെയ്ത എഴുത്തുകാരി ഒടുവില്‍ അയാളെപ്പോലെ തോന്നിപ്പിക്കുന്ന ഒരു വിപ്ലവകാരിയെ നായകനാക്കി ഇറ്റലിയുടെ പശ്ചാത്തലത്തില്‍ ആ നോവല്‍ എഴുതിപ്പൂര്‍ത്തിയാക്കുകയായിരുന്നു. ലോകമെമ്പാടും ഉള്ള കമ്മ്യൂണിസ്റ്റ് ആശയ പ്രവര്‍ത്തകരുടെ ഹരമായി മാറി ഈ നോവല്‍ . ഇതിന്റെ മൊഴിമാറ്റങ്ങള്‍ ഇത്രയും വ്യാപകമാകുകയും ഇതിന് ഇത്രയും ഖ്യാതി ലഭിക്കുകയും ചെയ്തത് ഈ ഒരു തീവ്ര ഇടതുപക്ഷ കാഴ്ചപ്പാടും ചുറ്റുപാടുകളും ചേര്‍ന്ന ആ നോവല്‍ പരിസരങ്ങള്‍ തന്നെയാണ് . അതിനാലാണ് ജയില്‍ ജീവിതത്തിനിടയില്‍ വായിക്കാനും മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യാനും പി ഗോവിന്ദപ്പിള്ളയ്ക്കു താത്പര്യം തോന്നിയതും തദ്വാരാ മലയാളിവായനക്കാര്‍ക്കിടയില്‍ ഈ പുസ്തകത്തിന്റെ എട്ട് പതിപ്പുകൾക്ക് മേൽ കോപ്പികള്‍ ഇറങ്ങുകയും ഉണ്ടായത്.
എഴുത്തിന്റെ കരുത്ത് എന്നത് കാലം അതിജീവിക്കുന്ന ഒന്നാണ് . തികഞ്ഞ, കത്തോലിക്കാ സഭയുടെ കഠിനമായ നിയന്ത്രണങ്ങള്‍ നിറഞ്ഞ കാലഘട്ടമായ പതിനെട്ടാം നൂറ്റാണ്ടില്‍ അയര്‍ലണ്ടില്‍ നിന്നും ഒരു എഴുത്തുകാരി നിര്‍ഭയമായി കത്തോലിക്ക സഭയെയും, കര്‍ദ്ദിനാള്‍മാരെയും മാര്‍പ്പാപ്പമാരെയും വിമര്‍ശിച്ചുകൊണ്ടു ഒരു വിപ്ലവകാരിയുടെ, ഒരു നാസ്തികന്‍റെ ജീവിതം പറയുക എന്നത് അസാമാന്യ ധൈര്യത്തിന്റെ വിഷയം ആണ് . ഇന്ന് ഇന്ത്യയില്‍ മത വിമര്‍ശനം എന്നത് സാംസ്കാരികമായി ഉയര്ന്ന നിലയില്‍ എന്നു അഭിമാനിക്കുന്ന മലയാളികള്‍ക്ക് പോലും മുട്ട് വിറയ്ക്കുന്ന വിഷയമാണ് എന്ന്‍ വരുന്ന കാലമാണ്. പെരുമാള്‍ മുരുകന്‍ വിഷയം മറക്കാന്‍ സമയമായിട്ടില്ല . സല്‍മാന്‍ റുഷ്ദി , തസ്ലീമ തുടങ്ങി മതത്തിന്റെ വാള്‍ മുനയില്‍ ജീവന്‍ ഭയന്ന് നടക്കുന്ന എഴുത്തുകാര്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ കാഴ്ച ആകുന്നിടത്ത് തികച്ചും ഈ എഴുത്തുകാരി ഒരു പ്രതിഭ തന്നെയാണ്.
ആര്‍തര്‍ എന്ന മനുഷ്യന്റെ ജീവിതമാണ് ഈ നോവല്‍ പറയുന്നതു . ആര്‍തര്‍ എന്ന കടുത്ത സഭാ വിശ്വാസിയായ കൗമാരക്കാരനില്‍ നിന്നും റിവാറസ് എന്ന നാസ്തികനായ വിപ്ലവകാരിയില്‍ എത്തി അവസാനിക്കുന്ന നോവലില്‍ ആര്‍തറെ കൂടാതെ തിളങ്ങി നില്‍ക്കുന്ന മറ്റ് പ്രധാനികള്‍ ആയ രണ്ടു പേരില്‍ ഒരാള്‍ അയാളുടെ പ്രണയിനി ആയിരുന്ന ഗെമ്മയും അയാളുടെ പിതാവായ കര്‍ദ്ദിനാള്‍ മോണ്ടനെല്ലിയും ആണ് . ഇവര്‍ മൂന്നുപേരെയും കോര്‍ത്തിണക്കി പറയുന്ന ഈ നോവലില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനപാദങ്ങളിലെ ഇറ്റലിയും, കത്തോലിക്കാ സഭയും ജനജീവിതവും വളരെ മനോഹരവും വിശദവും ആയി പറഞ്ഞു പോകുന്നുണ്ട്. ഹൃദയകാരിയായ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ ഈ നോവലില്‍ കാണാന്‍ കഴിയുന്നുണ്ട് എന്നതും കഥാപാത്രങ്ങളെ വളരെ ഭംഗിയായി അവതരിപ്പിക്കാനും അവരുടെ വികാര വിചാരങ്ങളെ മനോഹരമായി വരച്ചു കാണിക്കാന്‍ കഴിയുന്നു എന്നതും ഈ നോവലിന്റെ ചാരുതയാണ് . ആര്‍തര്‍ എന്ന കാട്ടുകടന്നല്‍ തന്റെ അവസാന നാളുകളില്‍ തന്റെ പിതാവിനോടു താന്‍ ആരെന്നു വെളിപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങള്‍ ഒട്ടൊരു ഹൃദയ വേദനയോടെ അല്ലാതെ വായിക്കുവാന്‍ കഴിയുകയില്ല. തീക്കനല്‍ പോലെയുള്ള അയാളുടെ ചോദ്യങ്ങള്‍ പൗരോഹിത്യത്തിന് നേരെയുള്ള കൂർത്ത കല്ലേറുകള്‍ പോലെ പതിക്കുന്നുണ്ട്. ഉത്തരം നഷ്ടമാകുന്ന മതവും കപടമായ ആത്മീയതയുടെ പുറം മോടികള്‍ വലിച്ചെറിയാൻ കഴിയാത്ത സന്യാസ ജീവിതങ്ങളുടെ പൊള്ളത്തരങ്ങളും വെളിവാക്കുന്ന ഉജ്ജ്വല നിമിഷങ്ങള്‍ ആണ് ആ രംഗങ്ങള്‍. ഗെമ്മയുമായുള്ള കൂടിക്കാഴ്ചകളില്‍ റിവാറസ് കാണിക്കുന്ന മനസാന്നിധ്യവും ഒളിച്ചുകളിയും ഗെമ്മയുടെ മനസ്സിലെ ആകുലതകളും സങ്കടങ്ങളും അവളിലെ പോരാട്ട മനസ്സും പ്രവര്‍ത്തികളും വളരെ നല്ലൊരു കഥാപാത്ര സൃഷ്ടിയായി കാണാം. വ്യക്തിത്വമുള്ള ഒരു സ്ത്രീയാണ് ഗെമ്മ ഇതില്‍. ചപലമായ പ്രണയമോ ,ചാപല്യങ്ങളോ കൊണ്ട് ദുര്‍ബ്ബലമാക്കാതെ വളരെ ശക്തയും വ്യക്തിത്വവും ഉള്ള ഒരു കഥാപാത്രമായി ഗെമ്മ നോവലില്‍ നിറഞ്ഞു നില്ക്കുന്നു .
വിരസങ്ങളായ ഒരു വസ്തുതയും ഈ നോവലില്‍ കണ്ടെടുക്കാന്‍ കഴിയുന്നില്ല എന്നു തന്നെ പറയാം. “ഞാന്‍ വായിച്ചിട്ടുള്ളതില്‍ വച്ചേറ്റവും വികാരോത്തേജകമായ നോവല്‍”എന്നു ബര്‍ട്രന്‍റ് റസ്സല്‍ അഭിപ്രായപ്പെട്ടത് ഒരിയ്ക്കലും ഒരു ഭംഗി വാക്ക് അല്ല എന്നു ഈ നോവലിന്റെ വായന ഓര്‍മ്മപ്പെടുത്തുന്നു. വായിച്ചു മടക്കി വയ്ക്കുമ്പോള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ആര്‍തറിനെ വായനക്കാരന്‍ കൂടെ കൊണ്ട് പോകുന്നു എന്നതാണു ഈ നോവല്‍ ഇത്ര കാലം കഴിഞ്ഞും വായനക്കാരെ തേടുന്നു എന്നതിന്റെ രഹസ്യം. മലയാളത്തിലേക്കുള്ള മൊഴിമാറ്റത്തില്‍ പറയത്തക്ക പരിക്കുകള്‍ ഇല്ല എങ്കിലും ഇടയില്‍ പലപ്പോഴും കടന്നു വരുന്ന ചില പ്രയോഗങ്ങളും ചില മൊഴിമാറ്റങ്ങളും ഇതൊരു തര്‍ജ്ജമ ആണെന്ന ബോധം വായനക്കാരില്‍ ഉണര്‍ത്തുന്നു എന്നൊരു വസ്തുത പറയാതിരിക്കാന്‍ കഴിയില്ല. ഒരു പക്ഷേ ആംഗലേയം അറിയുന്ന ഒരാള്‍ക്ക് Gadfly കുറെക്കൂടി ഹൃദയാര്‍ജ്ജവം ആയി മാറിയേക്കും എന്ന തോന്നല്‍ ഇല്ലാതില്ല. ഭാഷ വായനക്ക് ഒരു തടസ്സമാകാത്ത ഒരു വായനയാണ് ഈ നോവലിന്റെ ഗുണമായി മനസ്സിലാക്കുന്നതും . ഇത്തരം പാശ്ചാത്യ നോവലുകള്‍ മൊഴിമാറ്റം ചെയ്തു മലയാളി വായനക്കാരില്‍ എത്തിക്കുന്ന എഴുത്തുധര്‍മ്മം ഇന്നാരും കാണിക്കുന്നില്ല എന്നത് വായനക്കാരില്‍ നിരാശ നല്കുന്നുണ്ട്. നമുക്കറിയാത്ത ഭാഷകളില്‍ ഇനിയുമെത്രയോ മഹത്തരം ആയ രചനകള്‍ കിടക്കുന്നുണ്ടാകാം. വിരസമായ തര്‍ജ്ജമകള്‍ കൊണ്ട് വായനക്കാരെ വെറുപ്പിക്കുന്നവര്‍ക്ക് ഈ തര്‍ജ്ജമ ഒരു നല്ല വഴികാട്ടി കൂടിയാണ്. ഇനിയും ഒരുപാട് ഭാഷകളില്‍ ഇത് മൊഴിമാറ്റം ചെയ്തു പോകട്ടെ എന്നു ആശംസിക്കുന്നു .
ബി.ജി.എന്‍ വര്‍ക്കല
Monday, May 20, 2019
സമവാക്യങ്ങൾ
ജീവിതം
പ്രണയം
രതി
ഇവയ്ക്കിടയിൽ കടന്നു വരുന്ന എന്റെയെന്റെയെന്ന ചിന്തകൾ.
ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും,
വേലിചാടില്ലെന്നും
മനസ്സുകളുടെ വടംവലികൾ.
ശരീരം വേറിട്ടതാണെന്നും
മനസ്സു കിട്ടാത്തിടങ്ങളിൽ
ശരീരം വെറുമൊരു മാംസമെന്നും
തിരിച്ചറിയണം.
വ്യക്തിസ്വാതന്ത്യങ്ങളും
ഇഷ്ടങ്ങളും പരസ്പരം മാനിക്കണമെന്ന്
മനസ്സിനെ പഠിപ്പിച്ചാൽ
ഒരു കാമുക(കി)ക്കും
ഒളിഞ്ഞും പാത്തും രമിക്കേണ്ടി വരില്ല.
ഒരു ജീവനും
അകാല ചരമം പ്രാപിക്കില്ല.
ലോകമത്ര സുന്ദരമാകാൻ
എത്ര കാലം ചരിക്കണം നാമിനി.
...... ബി.ജി.എൻ വർക്കല
സമവാക്യങ്ങൾ
ജീവിതം
പ്രണയം
രതി
ഇവയ്ക്കിടയിൽ കടന്നു വരുന്ന എന്റെയെന്റെയെന്ന ചിന്തകൾ.
ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും,
വേലിചാടില്ലെന്നും
മനസ്സുകളുടെ വടംവലികൾ.
ശരീരം വേറിട്ടതാണെന്നും
മനസ്സു കിട്ടാത്തിടങ്ങളിൽ
ശരീരം വെറുമൊരു മാംസമെന്നും
തിരിച്ചറിയണം.
വ്യക്തിസ്വാതന്ത്യങ്ങളും
ഇഷ്ടങ്ങളും പരസ്പരം മാനിക്കണമെന്ന്
മനസ്സിനെ പഠിപ്പിച്ചാൽ
ഒരു കാമുക(കി)ക്കും
ഒളിഞ്ഞും പാത്തും രമിക്കേണ്ടി വരില്ല.
ഒരു ജീവനും
അകാല ചരമം പ്രാപിക്കില്ല.
ലോകമത്ര സുന്ദരമാകാൻ
എത്ര കാലം ചരിക്കണം നാമിനി.
...... ബി.ജി.എൻ വർക്കല
Saturday, May 18, 2019
പ്രണയം പ്രതീക്ഷ
ദൂരെ, കടലിന്റെ ആഴങ്ങളില്‍ വീണുരുകുന്ന
സൂര്യന്റെ ചെന്തീനിറമോലും സന്ധ്യയില്‍ .
നിന്നെ പ്രതീക്ഷിച്ചു നിന്നേകാന്തം, നിശ്ചലം
നിര്‍ന്നിമേഷമിതെത്ര കാലമീ ഞാനറിവൂ .
...... ബി.ജി.എൻ. വർക്കല
Saturday, May 11, 2019
എന്റെ ഹൃദയം
എന്റെ ഹൃദയം.
................................................
പുഴയിലല്ലായിരുന്നു ഞാൻ
മുതലമേലുമല്ലായിരുന്നു.
അത്തിമരത്തിൽ സൂക്ഷിച്ചതുമല്ല
നിന്റെ ,
അതേ നിന്റെ പാദത്തിൽ ഭദ്രമായ്
ആരുമറിയാതെ ഒളിച്ചു വച്ചതാണത്.
ഓർമ്മയില്ലേ?
എത്രവട്ടം നീയത് ചവിട്ടിയുരച്ചു കഴുകിനോക്കി
നിറം പോലും പോകാതെ
ഊർന്നു പോകാതെ
അതങ്ങിനെ തന്നെയുണ്ട്.
കെട്ടകാലത്തിനെ നോക്കി കവിതകുറിച്ചും
പടുമതങ്ങളെ പുലഭ്യം പറഞ്ഞും
ഇല്ലാത്ത ദൈവത്തിനെ ഭജിക്കുന്നോരെ
കളിയാക്കി ചിരിച്ചും
നടന്നു നീങ്ങുമ്പോൾ
എനിക്കറിയാം
അതെന്നിൽ ഭദ്രമല്ലന്ന്.
തുടർച്ചകളാകുന്ന മരണങ്ങളിൽ
ഒരു പേരെഴുതി ചേർക്കും കാലത്തും
എനിക്കാശ്വസിക്കാം
എന്റെ ഹൃദയം ആർക്കും കിട്ടില്ല.
അത് നിന്റെ കാലടിയിൽ ഭദ്രമായിരിക്കും.
നിനക്കൊപ്പം സഞ്ചരിച്ചു സഞ്ചരിച്ച്
നിനക്കൊപ്പം മാത്രമേ മറയൂ ഞാൻ.
നീയതാഗ്രഹിക്കുന്നില്ലെങ്കിലും.
..... ബിജു.ജി.നാഥ് വർക്കല
Wednesday, May 8, 2019
നിന്റെ ഓർമ്മകൾക്ക് ഭ്രാന്തിന്റെ ലഹരിയാണ്.
നിന്റെ ഓർമ്മകൾക്ക് ഭ്രാന്തിന്റെ ലഹരിയാണ്.
.........................................................................
എപ്പോഴാകാം...?
അസ്വസ്ഥതകൾ കൂടു തുറന്നു വിട്ടത്
ഇഷ്ടക്കേടുകൾ വരിവച്ചു വന്നത്
ബോധാബോധങ്ങളിൽ
കാട്ടുകടന്നലുകൾ കുത്തിനോവിച്ചത്.
ഓർമ്മകളാണ് നീ.
ചമ്രം പടിഞ്ഞിരുന്ന്
കണ്ണുകളിൽ പൂത്തിരി നിറച്ച്
എന്നെ നോക്കി ചിരിക്കുന്നവൾ.
ഞാനിപ്പോ എന്താ ചെയ്തതെന്ന
കുസൃതി ചോദ്യത്താൽ
വെറുതെ ഭ്രാന്തു പിടിപ്പിക്കുന്നവൾ.
കാൽവിരലിൽ മുറുക്കിയിട്ട
റബ്ബർ ബാൻഡിനെ അഴിച്ചും മുറുക്കിയും
അഞ്ചുവയസ്സിന്റെ കുസൃതി കാട്ടുന്നവൾ.
അതെന്താ അങ്ങനെ
എന്ന ചോദ്യത്തിൽ ഉത്തരം മുട്ടിക്കുന്നവൾ.
എല്ലാം നശിപ്പിക്കാൻ
എന്റെ ഒറ്റ കുസൃതി മതിയാകും.
ഒരുമ്മ എന്ന ഒറ്റ ചോദ്യത്തിൽ
വിഹ്വലത വന്നാ മിഴിയിൽ കൂടു വയ്ക്കും.
അറിയാതെ ഇടം കൈയെടുത്തു
മാറിലമർത്തും.
ഞാനില്ല കൂട്ടിനെന്നു പരിഭവം പറഞ്ഞ്
ഒളിച്ചോടും.
രക്ഷപ്പെട്ടു എന്ന ആത്മഗതത്തോടെ
മനസ്സിൽ കെട്ടിപ്പിടിച്ചായിരം ഉമ്മകൾ വയ്ക്കും.
ആരും കണ്ടില്ലെന്ന ആത്മഗതത്തിൽ
ചുവന്നു തുടുത്ത കവിൾ അമർത്തിത്തുടച്ച്
കണ്ണടച്ചു കിടക്കുന്നവൾ.
നിന്നെ ഞാനെങ്ങനെ പ്രണയിക്കാതിരിക്കുക.?
എന്നിട്ടും
എന്നിട്ടുമെന്താകാം നീ മറഞ്ഞു നില്ക്കുന്നത്.
ഉമ്മകൾ നമ്മെ അകറ്റുമെന്ന ഭയമോ
ഞാൻ പ്രണയിക്കപ്പെടാനർഹനല്ലാതെയോ ?
ഉറക്കം നഷ്ടപ്പെട്ട രാവുകൾക്ക്
നിറദ്രാവകത്തിന്റെ നീറ്റലുമില്ലിന്ന്.
ഏകാന്തത ചുംബിച്ചും
ആശ്ലേഷിച്ചും ശ്വാസം മുട്ടിക്കുമ്പോൾ
ഞാൻ നിന്നെ മാത്രം ഓർക്കുന്നതെന്താകും.
മുറിഞ്ഞുപോകുന്ന ശബ്ദമാകുന്നു ഞാൻ.
ആ മുറിവായിലൂടൊഴുകി നീങ്ങുന്നത്
നിന്റെ ഓർമ്മകൾ മാത്രം.
.... ബി.ജി.എൻ വർക്കല