Tuesday, January 3, 2017

മനസ്സിൽ കവിത നിറയുന്ന കാലം


ശുഷ്കിച്ച മുല ഞരമ്പുകളിൽ
സ്നേഹത്തിന്റെ
ഊർജ്ജ പ്രവാഹം പോലെ
വറ്റിവരണ്ട പുഴയുടെ മാറിൽ
പിടയ്ക്കും പരൽമീൻ പോലെ
ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള
അവസാന പിടച്ചിൽ പോലെ
കവിത വരുന്നു.!
നിന്നെയും എന്നെയും ബന്ധിച്ചിടുന്ന
ചുംബനത്തിന്റെ ചെറു ചൂടിൽ
മനസ്സിൽ കവിത വിരിയുന്നു.
അഴിച്ചിട്ട മുടിക്കെട്ടിൽ നിന്നൂർന്നു
ആകാശത്തിലൊളിച്ച പകൽ
നക്ഷത്രങ്ങൾ പോലെ
നിന്റെ മണം തന്നോടിയൊളിച്ച
മാരുതനെപ്പോലെ
നീ തൊട്ട തണുവെന്റെ
കവിളിൽ നിന്നകലും മുന്നേ
മനസ്സിൽ കവിത വിരിയുന്നു.
നമുക്കിടയിൽ കാലമിങ്ങനെ
അതിരുകൾ തീർത്തില്ലായിരുന്നെങ്കി-
ലെന്നോർക്കുമ്പോൾ
വിങ്ങുന്ന ഹൃത്തിൽ നിന്നും
കവിതയൂറി വരുന്ന പോലെ. !
.... ബിജു. ജി. നാഥ് വർക്കല

1 comment: