Saturday, January 28, 2017

സമസ്യകള്‍


വീണുടയുന്നതും
വിണ്ടുകീറുന്നതുമായ
സുഷിരങ്ങളിലൂടെയാകാം
ജീവന്റെ സംഗീതം കേട്ടത് .

കണ്ണട ചില്ലുകള്‍
മാറിയ കാഴ്ചകളില്‍
മഴവില്ലുകള്‍ വിരിഞ്ഞും
മയില്‍പ്പീലികള്‍ വിടര്‍ന്നും നിന്നിരുന്നത്രെ.

മരണത്തിന്റെ സംഗീതം
തണുത്ത കാതുകളില്‍ മാത്രം.
മിടിപ്പ് നിലച്ച ഹൃദയത്തില്‍
ചെവിയോര്‍ക്കുകിലത്‌ ഉള്ളു പൊള്ളിച്ചേക്കും .

വിണ്ടു കീറിയ മുലഞ്ഞെട്ടില്‍
വരണ്ടുണങ്ങിയ ചുണ്ടുകള്‍ .
നീലിച്ച കണ്‍തടങ്ങളില്‍
സര്‍പ്പക്കാവുകള്‍ മര്‍മ്മരം പൊഴിക്കുന്നു .

ആട്ടുകല്ലിന് ഒരേഭാവം
അരിയരച്ചത് അപ്പത്തിനോ
ദോശയ്ക്കൊയെന്നറിയേണ്ട
അരഞ്ഞു കഴിയുമ്പോളൊന്നുറങ്ങണമത്രേ.

രാത്രി വണ്ടിയ്ക്ക് തലവയ്ക്കാന്‍
നിറവയറുമായൊരുസന്ധ്യ
ഇരുളിന്റെ മറപറ്റിയകലുമ്പോള്‍
ജീവിതം പനിയ്ക്കുമത്രേ തെരുവിലെവിടെയോ !
-----------------------------ബിജു ജി നാഥ്

No comments:

Post a Comment