Friday, January 20, 2017

ചുവടുകൾ ( യാത്രക്കുറിപ്പുകൾ ) .........കെ എ ബീന

ചുവടുകൾ ( യാത്രക്കുറിപ്പുകൾ )
കെ എ ബീന
കറന്റ്‌ ബുക്സ്
വില 75 രൂപ

മലയാള സാഹിത്യത്തിൽ യാത്രക്കുറിപ്പുകളെക്കുറിച്ചു പറയുമ്പോൾ പ്രത്യേകിച്ച് അതിലെ സ്ത്രീ സാന്നിദ്ധ്യങ്ങളെക്കുറിച്ചു പറയുമ്പോൾ വളരെ വിരളമായ / ശുഷ്കമായ ഒരു ലിസ്റ്റ് ആകും വായനക്കാരനു ലഭിക്കുക. എങ്കിലും ലഭ്യമായവയിൽ മുന്നിൽ നില്കുക കെ. എ ബീന തന്നെയാണ്. കുട്ടിക്കാലത്തു തന്നെ റഷ്യയിലേക്കു നടത്തിയ യാത്രവിവരണം കൊണ്ട് ബീന തന്റെ സത്രീ സാന്നിദ്ധ്യം അടയാളപ്പെടുത്തിക്കഴിഞ്ഞിരുന്നതാണല്ലോ ... വേറിട്ട വായനകൾ സമ്മാനിച്ച മറ്റു എഴുത്തുകാരികൾ ഇല്ല തന്നെ. കെനിയൻ ഡയറിയിലൂടെ വ്യത്യസ്തത നല്കിയ വൈൽഡ് ടൂർ യാത്രാവിവരണവുമായി സർഗ്ഗ റോയിയുണ്ട് മുൻ വായനയിൽ എന്നത് മറക്കുന്നില്ല. പുണ്യനഗരങ്ങളുടെ ഹൃദയത്തിലൂടെയുള്ള യാത്രകൾ , വിവരണങ്ങൾ എന്നിവ കൊണ്ട് ആത്മീയതയുടെ പുറംതോടു അണിഞ്ഞു നില്ക്കുന്ന യാത്രക്കുറിപ്പുകൾ സുലഭമാണ് ഇന്ത്യൻ എഴുത്തുകാരികളിൽ . ഇവയിൽ വ്യത്യസ്ഥത വരുത്താൻ ശ്രമിക്കാതെ ഒരേ ശൈലിയുമായി അവ വായനയുടെ രസം കൊല്ലുന്നു. എന്നാൽ ഇതിൽ നിന്നും വ്യതിചലിക്കുന്ന ഒരു ശൈലിയാണ് കെ.എ ബീനയുടെ "ചുവടുകൾ " എന്ന കൃതി. ഇന്ത്യൻ റയിൽവേയുടെ ടൂർ പാക്കേജിൽ ആൻസി എന്ന കൂട്ടുകാരിയുമൊത്ത് ഇന്ത്യൻ തീർത്ഥാടന വഴികളിൽ സഞ്ചരിച്ച ഓർമ്മകൾ. എന്തുകൊണ്ടു ഇതു വേറിട്ടു നില്കുന്നു എന്നു ചോദിച്ചാൽ സന്ദർശിച്ച ഇടങ്ങളുടെ വിശ്വാസ ചരിത്രങ്ങൾ മാത്രമല്ല അവയുടെ സമകാലിക മൂല്യച്യുതികളും രാഷ്ട്രീയ സാമൂഹിക ജീവിതത്തിലെ പൊരുത്തക്കേടുകളും ഒക്കെ ഇവയിൽ പരാമർശിക്കപ്പെടുന്നുണ്ട്. കാശി , പുരി ,ഗയ തുടങ്ങിയ ഇടങ്ങളിൽ എഴുത്തുകാരി സ്ഥല കൗതുകങ്ങൾക്കൊപ്പം അപചയങ്ങളും കാട്ടിത്തരുന്നു. ഗംഗാ തീരത്തെ മാലിന്യങ്ങൾ , ക്ഷേത്രങ്ങളിൽ നടക്കുന്ന കള്ളത്തരങ്ങൾ ,ഭക്തി വ്യവസായങ്ങൾ എന്നിവ എഴുത്തുകാരി തുറന്നെഴുതുന്നു. അതുപോലെ കൽക്കത്തയുടെ സ്ഥിതിയും.. മദർ തെരേസയെ അറിയില്ലാത്ത കൽക്കട്ടയുടെ പച്ചമുഖം ഒട്ടൊരു കൗതുകം നല്കുന്ന കാഴ്ചകയാണ്. അഹിന്ദുക്കൾക്ക്  പ്രവേശനമില്ല എന്നെഴുതിയ ഇടത്ത് ഹിന്ദുവായ കൂട്ടുകാരി സംശയത്തിന്റെ മുനയിൽ ക്ഷേത്രപ്രവേശനം നടത്താനാകാതെ നില്ക്കു സോൾ കൂടെയുള്ള അന്യമതസ്ഥയായ കൂട്ടുകാരിയുമൊന്നിച്ചു നിർഭയം ഉള്ളിൽ കയറിയ അനുഭവം എഴുത്തുകാരിയെ മാത്രമല്ല വായനക്കാരെയും ചിരിപ്പിക്കാതെ തരമില്ല. ഇത് ഇന്ത്യയെ കണ്ടെത്തുന്ന ഒരു യാത്രയല്ല. പക്ഷേ ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച യാത്രയായിരുന്നു. യാത്രയിലെ സഹ യാത്രികരായ പുരുഷന്മാരിലെ മനോഭാവവും പരിണാമവും , ട്രെയിൻ യാത്രയുടെ സുഖവും രസവും 'വായനക്കാരനും അനുഭവിച്ചു. ചുരുക്കത്തിൽ ആത്മീയ തലത്തിൽ അന്വേഷണം നടത്തുന്നവരെയും ചരിത്രകുതുകികളേയും ഒരു പോലെ സഹായിക്കുന്ന വായന ഉറപ്പു നല്കുന്നു ഈ പുസ്തകം . ആശംസകളോടെ ബി.ജി.എൻ. വർക്കല

No comments:

Post a Comment