Wednesday, January 18, 2017

കേൾക്കാത്ത ശബ്ദം


നിദ്ര തന്നാഴങ്ങൾ തേടും മനസ്സിനെ
നിർദ്ദയം നീ മഴ തന്നിൽ നനയ്ക്കുമ്പോൾ
മൽപ്രിയേ തവ പ്രണയാധരങ്ങളിൽ
മുദ്രവച്ചാരോ പടിയിറങ്ങുന്നല്ലോ.

വേപഥുവോടെ ഞാനോടിയെത്തു -
മ്പോഴാന്തലോടെ തിരിച്ചറിഞ്ഞീടുന്നു .
യാത്രയപ്പത് നിൻ പ്രാണഗന്ധിയാം
ആത്മരാഗത്തെയാണെന്ന സത്യത്തെയും.

ഏകപക്ഷീയമാം പ്രണയാർദ്ര ലോക-
ത്തൊരേകാന്ത പക്ഷിയായെന്നുമേ.
ഒറ്റമരച്ചില്ല തന്നുടെയോരത്ത് കാല-
കാലങ്ങളായ് ഞാൻ മഞ്ഞു കൊള്ളുന്നു.

എന്നെക്കടന്നു പോം കാലത്തിൻ ചക്ര -
മെന്നും ചതച്ചീടുന്നെൻ പ്രേമ സൂനത്തെ.
രാപ്പാടി തൻ ഗീതമൊന്നിൽ പതിഞ്ഞതാം
ശോകാർദ്രമെന്നുടെ പ്രണയ സംഗീതവും.

ഇല്ല ശ്രവിക്കുവാൻ നിന്നിടാതിന്നു മീ-
സുന്ദരലോകം ചരിക്കുന്നിതഭംഗുരം.
വേദന കൊണ്ടൊന്നുറക്കെ ചിരിക്കുവാൻ
ഞാനും ശ്രമിക്കുന്നീ കെട്ടകാലത്തിലും.
...... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment