വീട്ടിലേക്കുള്ള വരമ്പുകൾ ( ഓർമ്മക്കുറിപ്പുകൾ )
മുരളി മീങ്ങോത്ത്
കൈരളി ബുക്സ്
വില 120 രൂപ
ഓർമ്മക്കുറിപ്പുകളുടെ കാലമാണിത്. പോയകാലത്തിന്റെ മധുരങ്ങളെ ഓർമ്മിക്കുന്ന ഇന്നിന്റെ വിങ്ങലുകൾ ആണ് ഒരു തരത്തിൽ ഓർമക്കുറിപ്പുകൾ എന്നു പറയാം. ജീവിതത്തെ ഒരു പന്തയക്കുതിരയെപ്പോലെ ഓടിച്ചു വിടുന്ന മനുഷ്യൻ. തന്റെ വാർദ്ധക്യത്തിലോ വീഴ്ചയിലോ താൻ പിന്നിട്ട വഴികളെക്കുറിച്ചു ചിന്തിച്ചു തുടങ്ങുമ്പോഴാണ് അധികവും ഓർമ്മക്കുറിപ്പുകൾ ജനിക്കുന്നത്. അതിൽ കള്ളനും കൊള്ളക്കാരനും പാതിരിയും ലൈംഗികത്തൊഴിലാളിയുമെന്നു വേണ്ട ജീവിതത്തിന്റെ സമസ്ത മേഖലകളിലുള്ളവരും ഉണ്ടാകും. ഓരോ ജീവിതത്തിനും ഓരോ കഥ പറയാനുണ്ടാവും. ഓരോ കഥയും ഓരോ പാഠങ്ങൾ ആകുന്നതങ്ങിനെയാണ്. പറഞ്ഞു വന്നത് അങ്ങനെ ജീവിതത്തിന്റെ അനുഭവങ്ങളെ നാം പങ്കു വയ്ക്കുമ്പോൾ നമുക്ക് ലോകത്തിനോട് വിളിച്ചു പറയാൻ , കാട്ടിക്കൊടുക്കാൻ അനുഭവങ്ങളുടെ ,കാഴ്ചകളുടെയൊക്കെ എന്തെങ്കിലും പാഠങ്ങൾ ഉണ്ടാകണം എന്നു തന്നെയാണ്.
'മുരളി മീങ്ങോത്ത് 'എന്ന ചെറുപ്പക്കാരൻ കാസർകോഡ് , മീങ്ങോത്ത് ജനിച്ചു വളർന്നു ഇന്ത്യൻ എയർഫോഴ്സിൽ ജോലിയെടുത്തു ഇന്ത്യയുടെ മാറിലൂടെ യാത്ര ചെയ്ത ഒരാൾ ആണ്. പാതി കാലം പിന്നിട്ടപ്പോൾ ഗൾഫ് നാടുകളിലെ ചൂടും ചൂരും രുചിച്ച ഒരാൾ എന്ന നിലയിൽ വായനക്കാർ വളരെയധികം പ്രതീക്ഷിക്കുക തന്നെ ചെയ്യും വായനയിൽ. അതിനാൽത്തന്നെ എഴുതാൻ തുടങ്ങുമ്പോൾ സമൂഹത്തോട് പ്രതിബന്ധതയുള്ള ഏതൊരെഴുത്തുകാരനെയും പോലെ മുരളി മീങ്ങോത്തും താൻ കണ്ടതും അനുഭവിച്ചതുമായ ജീവിതങ്ങളെ , ഭൂവിഭാഗങ്ങളെ , ചരിത്രങ്ങളെ വായനക്കാരനു പരിചയപ്പെടുത്തേണ്ട ബാധ്യതയുണ്ട്.
ഇവിടെ മുരളിയെന്ന എഴുത്തുകാരൻ "വീട്ടിലേക്കുള്ള വരമ്പുകൾ " എന്ന കൃതിയിൽ എന്താണ് പങ്കു വയ്ക്കുന്നതെന്നു പരിശോധിക്കാം. നാട്ടിലെ തകർന്നു പോയ രണ്ടു തീയേറ്ററുകൾ , തറവാട്ടിലേക്കുള്ള യാത്ര , റാണി മേട്ടിലേക്കുള്ള യാത്ര , ഭുജ് ,ഹരിയാന , ആഗ്ര , ഡൽഹി ,പോണ്ടിച്ചേരി , യമൻ , ദുബായ് എന്നീ ഇടങ്ങളിലേക്കുള്ള യാത്രകളും ജീവിതവും , കുട്ടിക്കാലത്തിന്റെ കുറച്ചു ഓർമ്മകളുമൊക്കെയായാണ് മുരളിയുടെ ഈ പുസ്തകം വായനക്കാർക്കു മുന്നിൽ നിൽക്കുന്നത്. കടന്നു പോയ ഇടങ്ങളുടെ മാത്രമല്ല പരിചിതമായ വിഷയങ്ങളും അനുഭവങ്ങളും കാഴ്ചകളും തന്നെ വളരെ സാധാരണമായി നാട്ടുകാരായ സുഹൃത്തുക്കളോടും സഹ ജോലിക്കാരോടും ധൃതിയിൽ പറഞ്ഞു പോകുന്ന മുരളി ഒന്നും തന്നെ വിശദമാക്കാനോ ആഴത്തിൽ പഠിക്കാനോ മിനക്കെട്ടില്ല അതോ പങ്കു വയ്ക്കാൻ ലുബ്ധ് കാട്ടിയോ എന്ന ആശങ്ക മാത്രം നല്കി ഈ പുസ്തകം വായിച്ചു മടക്കിയപ്പോൾ .
ചിലപ്പോ തോന്നാറുണ്ട് വെറുതെ നാം നമ്മെ അടയാളപ്പെടുത്താൻ വേണ്ടി മാത്രമാണോ എഴുതുന്നത് . നമുക്ക് സമൂഹത്തോട് ഒരു കടപ്പാടും ഇല്ലേയെന്നു. കുട്ടിക്കാലം മുതൽ ഒരു പാട് വായനകൾ ഉണ്ടായിരുന്ന ഒരാളിൽ നിന്നും ഒരു പാട് പ്രതീക്ഷിക്കുന്നവർക്ക് നിരാശ നല്കുമെങ്കിലും ദേശവാസികൾക്ക് ഓർമകളെ ഒന്നുകൂടി അയവിറക്കുവാൻ ഈ പുസ്തകത്തിനു കഴിയും എന്നത് സംശയമില്ല. കൂടുതൽ മികവോടെ കൂടുതൽ വായനകൾ സമ്മാനിക്കാനീ എഴുത്തുകാരനു കഴിയട്ടെ എന്ന ആശംസകളോടെ സ്നേഹപൂർവ്വം ബി.ജി.എൻ. വർക്കല
No comments:
Post a Comment