നീ നടന്നൊരാ ഇടവഴികള്‍,
നീയോടിക്കളിച്ചൊരീ പൂമുറ്റം,
നിന്റെ സ്വപ്‌നങ്ങള്‍ക്കു നിറം നല്‍കും
പാഠശാലതന്‍ പൂഴിമണ്ണും
കൊതിച്ചിടുന്നുവല്ലോ നിന്‍
പാദസരത്തിന്‍ കൊഞ്ചലെന്നോമലേ...
ദുഷ്ടനാണച്ഛന്‍ ,അല്ലെങ്കില്‍
നിന്‍ മുഗ്ദ്ധശബ്ദത്തെ അപഹരിച്ചു
തപ്തമാം നിശ്വാസങ്ങളാല്‍
നിന്റെ കുഞ്ഞുമനം പൊള്ളിക്കുമോ.
നീ പറഞ്ഞില്ല പരിഭവം
നീ ഭാവിച്ചില്ല സങ്കടവും
എങ്കിലും ഉള്ളില്‍ നീ പേറിയിട്ടുണ്ടാം
നിന്റെ കനവുകള്‍ക്ക് താളമേകും
കനകപാദസരത്തിന്നോര്‍മ്മകള്‍ നീളെ .
കൂട്ടുകാര്‍ക്കൊപ്പം വര്‍ണ്ണ
ശലഭമായി പാറിപ്പറന്ന നീ
കുളിരുന്നോരീ കൊച്ചു പെട്ടിയില്‍
അവര്‍ തന്‍ കണ്ണീര്‍ കാണാതെ കിടക്കവേ
നോക്കുക മകളേ കണ്‍ തുറന്നെന്നെ
നീ പറഞ്ഞൊരാഗ്രഹം പോലിതാ
ഞാനണിഞ്ഞൊരീ പുത്തന്‍ കുപ്പായം കാണ്‍ക
പാദസരങ്ങള്‍ തന്‍ കിലുക്കം കേട്ടീടുക.
അണിയിച്ചിടാമവ നിന്‍
മരവിച്ചൊരീ പാദങ്ങളില്‍ ഞാന്‍
ഒരുവേള നൃത്തം ചെയ്യുവാന്‍
കൊതിയോടെ നീ ഉണര്‍ന്നെണീറ്റെങ്കിലോ...
ഉണരുക പൊന്‍മകളേ,
മാപ്പ് തരിക നീയെനിക്കിന്നു.
ചുവടുകള്‍ വച്ചൊന്നു നീ കേള്‍പ്പിക്കുകെന്നെ
ഹൃദയരാഗം പോലാ മണിനാദം.
------ബിജു ജി നാഥ് വര്‍ക്കല
https://youtu.be/_3EjB4x_AS0
(അനഘ എന്ന മകളുടെ മരവിച്ച കാലുകളില്‍ പാദസരമണിയിക്കുന്ന അച്ഛന്റെ മുഖം മനസ്സില്‍ മായാതെ കിടക്കുന്നു . എഴുതുവാന്‍ കഴിയാത്ത വണ്ണം ഒരച്ഛന്റെ ദുഃഖം എന്നെ പൊതിയുന്നു . പണത്തിനു ബുദ്ധിമുട്ട് വന്നപ്പോള്‍ മകളുടെ കാലിലെ പാദസരം ഊരി വാങ്ങിയ അച്ഛന്‍ ക്രിസ്തുമസിനു മുന്നേ അതെടുത്തു കൊടുക്കാമെന്നു വാക്ക് കൊടുത്തിരുന്നു . പക്ഷെ കാത്തു നില്ക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല . ഒരപകടത്തില്‍ അവള്‍ മരണത്തിന്റെ വായിലേക്ക് നടന്നു പോകുമ്പോള്‍, അവള്‍ ആഗ്രഹിച്ചിരുന്ന പോലെ വിലകൂടിയ ഒരു ഷര്‍ട്ട് വാങ്ങി ധരിച്ചു അവളുടെ പാദസരവുമായി അവളുടെ അച്ഛന്‍. മരവിച്ച അവളുടെ പാദങ്ങളില്‍ അണിയിച്ച ആ പാദസരങ്ങള്‍ ഇനിയൊരിക്കലും കിലുങ്ങികില്ല എന്നറിയുമ്പോഴും ......)
മകളെ നിന്നെയച്ഛനോരിയ്ക്കല്‍ക്കൊടി ഇതണിയിച്ചോട്ടെ ...
ReplyDelete