Thursday, January 19, 2017

കാലം കാത്തു നില്ക്കാറില്ല , മരണവും ..


അകലയാണകലെയാണകലെയാണെങ്കിലും
അണയാതെയുളളിലുണ്ടെന്നുമെന്നും ചിരം .
അനുമതിയില്ലാതെ അരികിൽ വന്നീടുവാൻ
അകതാരിലില്ലെന്നിൽ തരിപോലുമാഗ്രഹം !

ഇമകളിൽ നിറയുന്ന ഗദ്ഗദ പുഴകളിൽ
ഇടറി വീണൊഴുകി കടലുതേടുന്നൊരു
ഇലയായി മാറുന്ന മമ ജീവനൊരിക്കലും
ഇരതേടിയലയുന്ന നരജന്മമല്ലറിയുക .

ഉടയുന്ന വിശ്വാസപ്പെരുമകൾ കൊണ്ട്
ഉലകിലുണ്ടാവില്ല കലാപങ്ങളെങ്കിലും.
ഉണരുവാൻ അനുവദിക്കാതിന്നു മീ-
ഉഴവുചാലുകളിൽ പുരോഹിതവൃന്ദങ്ങൾ!

ഋണബാധ്യതയില്ലാ ജനതയില്ലാത്തിടം
ഋഷഭത്തിനായി പൊരുതുന്ന മന്നവർ
ഋജുരേഖയിൽ ചരിക്കുന്ന ചിന്തകൾ
ഋതുഭേദമില്ലാതെ കപടമീ ലോകവും.

എരിയുന്ന ജീവന്റെ കിരണങ്ങൾ കൊണ്ടു
എരിപൊരി കൊള്ളുന്ന കാലമേ വിട തരൂ .
എതിരിട്ടു നിന്നൊരീ ലോകത്തെ വെല്ലുവാൻ
എളുതല്ലയെന്നുള്ള പാഠം പഠിച്ചു ഞാൻ .

ഒരു ജന്മമേയുള്ളു മനുജ നീയറിഞ്ഞീടുക
ഒരു കാലമേയുള്ളു വരും കാലമെന്നതും.
ഒരുമയില്ലാതെ നാം ചരിച്ചീടുകിൽ ന്യൂനം
ഒടുങ്ങുമീ മണ്ണിൽ നീതിയില്ലാതെന്നുമേ.
....... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment