Tuesday, January 10, 2017

പൊള്ളിക്കുന്ന ഉമ്മകൾ!


പതിവില്ലാതെ
അതേ, ഒട്ടും പതിവില്ലാതെ
നിന്റെ ഉമ്മകൾ കൊണ്ട്
എന്റെ മുഖം പൊളളി.
മധുരതരമായ
നിന്റെ ഉമ്മകളിൽ മാത്രം
ഉറങ്ങിയുണരുന്ന ഈ എനിക്കു തന്നെ
നിന്റെ ഉമ്മകൾ കൊണ്ടു പൊളളിയത്.
എന്താകാമെന്നു
തിരിഞ്ഞും മറിഞ്ഞും ഞാൻ ചിന്തിച്ചു.
എനിക്കു പറയണമെന്നുണ്ട് .
ഇനിയുമെന്നെ ചുംബിക്കരുതെന്നു.
പക്ഷേ എന്നെ പൊള്ളിച്ചുകൊണ്ട്
നീ പിന്നെയും ഉമ്മ വയ്ക്കുകയാണ്.
ഗുരുതരമായ
വലിയൊരശ്ലീലത പോലെ
ഞാൻ വല്ലാതെ ചൂളിച്ചുരുങ്ങുകയാണ്.
നീയതെന്താ തിരിച്ചറിയാത്തത്.
ഇത്രയും ആൾക്കാർ!
മുമ്പാണെങ്കിൽ ഞാനത് ചെയ്തേനെ.
ഒരു ചുംബന സമരം ഞാനാഗ്രഹിച്ചിരുന്നതുമാണ് .
പക്ഷേ , ഇതേകപക്ഷീയമായിരിക്കുന്നു.
നിന്നെ ചേർത്തു പിടിച്ചു
നിന്റെ അധരങ്ങളെ അമർത്തി
ചുംബിക്കാൻ
എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ലല്ലോ
എന്റെ വിരലുകൾ ആരോ കൂട്ടിക്കെട്ടിയിരിക്കുന്നു.
ചലനം നഷ്ടപ്പെട്ടവന്റെ നിഷ്ക്രിയത്വം
നീയത് മുതലെടുക്കുകയാണ്.
നോക്കൂ
നിന്റെ ഉമ്മകൾ കൊണ്ടെന്റെ മുഖം പൊള്ളുന്നു.
....... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment