Tuesday, January 17, 2017

നിയോഗം (നോവല്‍ ) ........സേതു

നിയോഗം (നോവല്‍ )
സേതു
ഡിസി ബുക്സ്
വില 95 രൂപ

“ഒറ്റപ്പെട്ടോര്‍ക്ക് ചുറ്റും നോക്കുമ്പോള്‍ ഇത്തിരി വട്ടത്തിലുള്ള ഒരു ലോകമേ കാണാന്‍ പറ്റൂ. അതു അവനവന്റെ കാഴ്ചക്കുറവന്ന്യാണ്. പുറത്തു വളരെ വല്യ ഒരു ലോകമുണ്ട്. പലതരക്കാരായ ഒരുപാട് മനുഷ്യര്‍. അവരെ മുഴുവനങ്ങു മറക്കാന്‍ എനിക്കും നിനക്കുമാവില്ല . ഞാനും എന്റെ ഭാര്യയും ഒരു തട്ടാനും എന്ന മട്ടിലൊക്കെ ചെറുതായിട്ട് നിരീക്കാന്‍ ഇനി എന്നെക്കൊണ്ടാവില്ല.”

എഴുത്തിലെ മാജിക് എന്നത് അതിന്റെ ഭാഷയാണ്‌ . അതു കൈകാര്യം ചെയ്യുന്ന രീതിയാണ് . അതു നടത്തിക്കുന്ന വഴികളാണ് . ഭ്രാന്തമായ ഒരു സുഖമാണ് ചില വായനകളെ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുക . മലയാളത്തില്‍ മാജിക്കല്‍ റിയലിസം പ്രയോഗിച്ച ചുരുക്കം വളരെ ചുരുക്കം എഴുത്തുകാരെ ഉള്ളൂ . അവയില്‍ വളരെ പ്രധാനമായി എനിക്ക് തോന്നിയിട്ടുള്ളത് സേതു എന്ന എഴുത്തുകാരനെയാണ് . പാണ്ഡവപുരം എന്ന ഒറ്റ നോവലിലൂടെ അതു അദ്ദേഹം തെളിയിച്ചിട്ടുള്ളതും ആണ് . വായനയുടെ ഭ്രമകല്പനകളെ എങ്ങനെ വിജയകരമായി ഉപയോഗിക്കാം എന്നുള്ള ഈ എഴുത്തുകാരന്റെ പരീക്ഷണങ്ങള്‍ മലയാളസാഹിത്യത്തിന് വളരെ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് . അദ്ദേഹം നേടിയെടുത്ത പുരസ്കാരങ്ങള്‍ തന്നെ അതിനു തെളിവും .
"നിയോഗം '' എന്ന നോവല്‍ ഇതേ ശൈലി പിന്തുടരുന്ന ഒരു നോവല്‍ ആണ് എന്ന് മനസ്സിലാക്കാം . വളരെ ചെറിയ , സാധാരണ ഒരു വിഷയത്തെ വളരെ ഗൂഢമായ വഴികളിലൂടെ നടത്തി വായനക്കാരില്‍ ആകാംഷയും സംഭ്രാന്തിയും വൈകാരികതയും സൃഷ്ടിക്കാന്‍ പാകത്തില്‍ അവതരിപ്പിച്ചു എന്നുള്ളതാണ് നിയോഗത്തിന്റെ പ്രത്യേകത എന്ന് കാണാം . ദാമോദരന്‍ മാഷിന്റെയും കമലാക്ഷിയമ്മയുടെയും ജീവിതത്തിലൂടെ സഞ്ചരിച്ചു പോകുന്ന ഈ നോവലില്‍ വളരെ കുറച്ചു ജീവിതങ്ങളെ ഉള്ളൂ എങ്കിലും അവ വളരെ വലിയൊരു ലോകം വായനക്കാരന് നല്‍കുന്നു .ഒരു ഗ്രാമത്തിന്റെ എല്ലാ ഭംഗിയും വശ്യതയും നിര്‍മലതയും അതു പകര്‍ന്നു തരുന്നു . അധ്യാപക ജീവിതത്തിൽ നിന്നുള്ള വിരമിക്കലിന് ശേഷം ആണ് ദാമോദരന്‍ മാഷിനു രണ്ടു മക്കള്‍ ഉണ്ടാകുന്നത് . കമലാക്ഷിയമ്മ ജന്മം നല്‍കുന്ന രണ്ടു ആണ്‍കുട്ടികള്‍ . രണ്ടുപേരും രണ്ടു രീതി . മൂത്തവന്‍ എല്ലാ സൗന്ദര്യ സങ്കല്‍പ്പങ്ങളെയും തെറ്റിച്ചു കൊണ്ടും ഇളയവന്‍ അതിനു വിപരീതവും ആയി ജനിക്കുന്നു . വളര്‍ച്ചയിലും രണ്ടുപേരും രണ്ടു തലങ്ങളില്‍ ആണ് വളരുന്നത്‌ . ഒന്ന് ആസുരതയിലും മറ്റൊന്ന് ആത്മീയതയിലും . പക്ഷെ ഇവര്‍ക്കിടയില്‍ വിങ്ങിക്കരയുന്ന , വിഭ്രാന്തികളില്‍ അലയുന്ന രണ്ടു ആത്മാക്കള്‍ ഉണ്ട് . തന്റെ യാതൊരു ഛായയും അവകാശപ്പെടാന്‍ ഇല്ലാത്ത രണ്ടു കുട്ടികള്‍. അവരുടെ ജന്മ രഹസ്യം തേടി അലയുന്ന മാഷിന്റെ മാനസികാവസ്ഥ . വാര്‍ദ്ധക്യത്തിന്റെ ബുദ്ധിമുട്ടുകള്‍ . ഇഷ്ടദൈവത്തില്‍ നിന്നും സന്താനഭാഗ്യം നേടുന്ന കുന്തിയെ ആണ് കമലാക്ഷിയമ്മ ഇവിടെ പ്രതിനിധാനം ചെയ്യുന്നത് . പക്ഷെ ഒരിക്കലും ആ ഒരു സമവായത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ നില്‍ക്കുന്ന ദാമോദരന്‍ മാഷും വയറ്റാട്ടി കാര്‍ത്തുവും സാധാരണ മനുഷ്യരുടെ എല്ലാതരത്തിലുള്ള മനോവൈഷമ്യങ്ങളും അനുഭവിക്കുന്നു . ഇടയിലേക്ക് ദുരൂഹതയുടെ മൂടുപടം അണിഞ്ഞു വരുന്ന അമ്മുക്കുട്ടിയമ്മ മറ്റൊരു തലത്തില്‍ വായനക്കാരെ വിഭ്രമിപ്പിക്കുന്നു . മാതൃത്വവും വൈധവ്യവും അതിന്റെ ആകുലതകളുടെയും അടിച്ചമര്‍ത്തപ്പെട്ട ആന്തരികവികാരങ്ങളുടെ സ്ഫോടനാത്മകമായ നിമിഷങ്ങളേയും പങ്കു വയ്ക്കുന്ന അമ്മുക്കുട്ടിയെ വളരെ കയ്യടക്കത്തോടെ എഴുത്തുകാരന്‍ കൈകാര്യം ചെയ്തിരിക്കുന്നു . ഗ്രാമത്തിന്റെ നഷ്‌ടമായ ഒരു മുഖം കൂടി ഇതില്‍ വായിച്ചെടുക്കാന്‍ കഴിയും . സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും വഴിപിരിയലുകളുടെയും ജീവിതങ്ങളെ വായിക്കുക എന്നത് സാധാരണമായി അനുഭവപ്പെടുകയാണ് പതിവ് എങ്കിലും സേതുവിന്‍റെ മാന്ത്രിക വിരലുകളില്‍ അതു വളരെ മനോഹരമായ ഒരു തലത്തിലേക്ക് ഉയരുകയും വായന ഒരു ലഹരിനിറഞ്ഞ അനുഭൂതിയാകുകയും ചെയുന്നു .
ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment