Sunday, January 29, 2017

അഞ്ചിതൾ പൂവ്


ആദ്യ ഇതൾ വിടരുമ്പോൾ
അപരിചിതത്തിൻ നേർത്ത പട്ടുനൂൽ
ഇഴ പൊട്ടിയടർന്നിരുന്നുവോ ?
നമുക്കിടയിൽ നിന്നദൃശ്യമാം
തിരശ്ശീലയകന്നുവല്ലോ!

രണ്ടാമിതൾ വിടരുമ്പോൾ
ഞാനും നീയും തമ്മിലറിഞ്ഞുവോ?
നീയെന്നെയും ഞാൻ നിന്നെയും
കേൾക്കുകയായിരുന്നുവല്ലോ.

മൂന്നാമിതൾ വിടരുമ്പോൾ
നീയെന്റെ വർണ്ണങ്ങളിൽ,
അളവഴകുകളിൽ മിഴികോർത്തവ
അക്ഷരങ്ങളിൽ പടർത്തുകയായിരുന്നല്ലോ .

നാലാമിതൾ വിടരുമ്പോൾ
നിന്റെയക്ഷരങ്ങൾക്കു ജീവനിടുകയും
നിന്റെ പാദങ്ങൾ എന്നിലേക്കണയാൻ
ത്രസിച്ചു തുടങ്ങുകയുമായിരുന്നു.

അഞ്ചാമിതൾ വിടരുമ്പോൾ
നനുത്തൊരു പുഞ്ചിരിയാൽ
നിന്റെ വഴികളിലേക്കു ഞാനൊരു
തടയണ കെട്ടിഇരുളിലേക്ക് മറയുന്നു.
..... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment