Tuesday, January 3, 2017

പ്രണയത്താഴ്വരയിലെ ദേവദാരു ........ജോര്‍ജ് ഓണക്കൂര്‍

പ്രണയത്താഴ്വരയിലെ ദേവദാരു (നോവല്‍)

ജോര്‍ജ് ഓണക്കൂര്‍

ഡി സി ബുക്സ്

വില 100 രൂപ

 

ഓരോ എഴുത്തുകളും ഓരോ അടയാളപ്പെടുത്തലുകള്‍ ആണ്. ജീവിക്കുന്ന പരിസരങ്ങളെ, അറിയുന്ന ജീവിതങ്ങളെ, കണ്ടുമുട്ടുന്ന ദേശങ്ങളെ ഒക്കെയും അടയാളപ്പെടുത്തുന്നവയാണ് ഓരോ എഴുത്തുകളും . അവ വായനക്കാരില്‍ ചെലുത്തുന്ന സന്തോഷം അതുകൊണ്ട് തന്നെ വളരെ വലുതാണ്‌ . താന്‍ കാണാത്ത , അറിയാത്ത , കേള്‍ക്കാത്തത് ലഭ്യമാകുന്ന ഓരോ വായനയും അവന്റെ ഉള്ളില്‍ സന്തോഷത്തിന്റെ മഴവില്ലുകള്‍ വിരിയിക്കും . ജീവിതങ്ങളെ നോവലില്‍ വരച്ചിടുമ്പോള്‍ എഴുത്തുകാരന്‍ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ആ പരിസരങ്ങളെ കൂടി അടയാളപ്പെടുത്തുക സ്വാഭാവികമാണ് . അതോടെ ആ പരിസരങ്ങള്‍ പ്രസിദ്ധങ്ങളാകുകയും ചെയ്യുക ആണ് പതിവ് . കൂമന്‍ കാവില്‍ നിന്നും മലയാളിയുടെ മനസ്സ് പിടിച്ചെടുക്കാന്‍ കഴിയാത്ത പോലെ ഒരു അനുഭവം പങ്കു വയ്ക്കുക എന്നതാണ് എഴുത്തുകാരന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് അതുകൊണ്ടുതന്നെ നിസ്സംശയം പറയാം . രണ്ടു സംസ്കാരങ്ങളെ പരിചയപ്പെടുത്തുകയും അവയുടെ സമന്വയത്തിന്റെ രസതന്ത്രം മനോഹരമായി പറയുകയും ചെയ്യുക എന്നത് ഒരുപക്ഷെ ഭാഷയുടെ രസതന്ത്രം അറിയുന്നവര്‍ക്ക് മാത്രം കഴിയുന്ന ഒരു വസ്തുതയാണ് . ഇന്നിന്റെ എഴുത്തുകാരില്‍ നിന്നും എന്തുകൊണ്ടാണ് പഴയകാല എഴുത്തുകാര്‍ അകന്നു നില്‍ക്കുന്നത് എന്ന് മനസ്സിലാക്കുക ബഷീര്‍ , ഒ വി വിജയന്‍ , മുകുന്ദന്‍, സേതു, എം ടി, രാജലക്ഷ്മി , മാധവിക്കുട്ടി, സുഗതകുമാരി ,മധുസൂദനന്‍ നായര്‍ തുടങ്ങിയവരുടെ എഴുത്തുകള്‍ വായിച്ചു ഹൃദയം പൂത്തു വിടരുന്ന അവസ്ഥയില്‍ നിന്നുകൊണ്ട് പുതിയകാല എഴുത്തുകളെ വായിക്കുമ്പോള്‍ ആണ്. പലപ്പോഴും എഴുത്തിനെ ഗൗരവകരമായി കാണാതെ പോകുകയോ , എഴുത്ത് ഒരു ഫാഷന്‍ ആക്കുകയോ , എവിടെയെങ്കിലും ഒക്കെ എത്തപ്പെടണം എന്ന ഒറ്റ ചിന്തയില്‍ അനുകരണങ്ങളോ, കാട്ടിക്കൂട്ടലോ ആക്കുന്ന എഴുത്തുകള്‍ ആണ് ഇന്നിന്റെ പോരായ്മ എന്ന് പുതിയ കാല എഴുത്തുകാര്‍ അറിഞ്ഞു തുടങ്ങുമ്പോള്‍ മാത്രമേ വായനക്കാര്‍ക്ക് നല്ല എഴുത്തുകള്‍ ലഭ്യമാകൂ . ധര്‍മ്മരാജ് മടപ്പള്ളി , നിള ജാക്സന്‍ തുടങ്ങിയ എഴുത്തുകാരുടെ ഓണ്‍ ലൈന്‍ വായനകള്‍ നല്‍കുന്ന വായനാ സുഗന്ധം മറക്കുന്നില്ല എങ്കിലും പ്രവാസ ഭൂമികയില്‍ ഇരുന്നു ഞങ്ങള്‍ ഒരു പ്രത്യേക ലോകത്തെ ഉല്‍പ്പന്നങ്ങള്‍ ആണ് എന്ന് വിലപിക്കുന്നവര്‍ പരസ്പരം സുഖിപ്പിച്ചും പതപ്പിച്ചും നല്‍കുന്ന എഴുത്തുകള്‍ ഈ ഒരു വായന മധുരം നല്‍കാതെ പോകുന്നത് അവർ തിരിച്ചറിയുന്നില്ല എങ്കിലും വായനക്കാര്‍ അതു തിരിച്ചറിയുന്നുണ്ട് . അതിനാല്‍ തന്നെയാണ് കൊട്ടിഘോഷിക്കുന്ന പ്രസിദ്ധീകൃത പുസ്തകങ്ങള്‍ ഒന്നും തന്നെ രണ്ടാം എഡിഷന്‍ പോലും പിന്തുടരാന്‍ കഴിയാതെ കിതച്ചും തേങ്ങിയും നില്‍ക്കുന്നത് . പലപ്പോഴും സൗഹൃദ കൂട്ടായ്മകളില്‍ വിറ്റഴിയുന്നതൊ സമ്മാനിക്കുന്നതോ ആയ പുസ്തകങ്ങള്‍ കണ്ടു വില്പനയുടെയും അംഗീകാരത്തിന്റെയും സ്വപ്നം കാണുന്ന എഴുത്തുകാര്‍ മൂഢ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും വീണ്ടും എഡിഷന്‍ ഇറക്കി അതുമായി നിശബ്ദമാകുകയും ചെയ്യേണ്ടി വരുന്നു . മേമ്പോടിക്കായി കൂട്ടുകാരെക്കൊണ്ട്‌ സുഖിപ്പിക്കല്‍ ആസ്വാദനങ്ങള്‍ എഴുതി അതിനെ ഷെയര്‍ ചെയ്തു അവര്‍ യാഥാര്‍ത്ഥ്യത്തെ മറക്കാന്‍ ശ്രമിക്കുന്നു ബോധപൂര്‍വ്വം .
ഇത്തരം അവസ്ഥയില്‍ ആണ് വായനയില്‍ വിരക്തി തോന്നുകയും പുതിയ കാല എഴുത്തുകാരെ ഉപേക്ഷിച്ചു വായനക്കാര്‍ വീണ്ടും പഴയകാലത്തെ എഴുത്തുകാരിലേക്ക് ചേക്കേറുന്നതും.

ഇത്തവണ വായനയില്‍ തടഞ്ഞത് ശ്രീ 'ജോര്‍ജ്ജ് ഓണക്കൂര്‍' രചിച്ച "പ്രണയത്താഴ്വരയിലെ ദേവദാരു " എന്ന നോവല്‍ ആണ് . പുരസ്കാരങ്ങള്‍ അനവധി നേടിയ ഒരെഴുത്തുകാരന്‍ , ഭാഷയുടെ ഗരിമ കൊണ്ടും ഔന്നത്യം കൊണ്ടും മലയാള സാഹിത്യത്തില്‍ സ്ഥിരമായ ഒരു സ്ഥാനം നേടിയ എഴുത്തുകാരന്‍ . സാഹിത്യ മണ്ഡലത്തില്‍ പല ഇടങ്ങളും അലങ്കരിച്ച ഈ എഴുത്തുകാരന്‍ മലയാളിയുടെ വായനാഭിമാനം ആണ് . എന്താണ് പ്രണയത്താഴ്വരയിലെ ദേവദാരു പങ്കു വയ്ക്കുന്ന ജീവിതം എന്ന് ഒരു എത്തിനോട്ടം മാത്രം നടത്തുന്നത് വായനക്കാരെ കൂടുതല്‍ വായനയ്ക്ക് സഹായിക്കും എന്ന് കരുതുന്നു . ഈ നോവല്‍ പങ്കു വയ്ക്കുന്നത് കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഒന്നില്‍ നിന്നും വരുന്ന നായകന്‍ , വിദ്യ കൊണ്ടും കലാഭിരുചികള്‍ കൊണ്ടും മികച്ച ഒരു ചെറുപ്പക്കാരന്‍ ഹര്‍ഷവര്‍ദ്ധനന്‍ എന്ന ഉണ്ണിയുടെയും യേശുവിന്റെ ജന്മം കൊണ്ട് പ്രശസ്തമായ യെരുശലേമിന്റെ പുത്രിയായ സാറയെന്ന ഗവേഷക വിദ്യാര്‍ഥിനിയായ യുവതിയും തമ്മിലുള്ള പ്രണയവും ഒന്നിക്കലും ആണ് .

അച്ഛന്‍ ഇല്ലാത്ത ഉണ്ണി അമ്മയുടെ പൊന്നോമനയായിരുന്നു . കലാകാരിയായ അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവും സത് ചിന്തകളും മാത്രം കൈമുതലായുള്ള ഉണ്ണി നാടിന്റെ സ്പന്ദങ്ങളും സ്നേഹ വാത്സല്യങ്ങളും നിറഞ്ഞ ഒരു മനസ്സിന്റെ ഉടമയാണ് . ഇല്ലത്തിന്റെ പുറത്തു അയാള്‍ക്ക് കിട്ടുന്ന സ്നേഹ വാത്സല്യങ്ങള്‍ , സൗഹൃദങ്ങളില്‍ അയാള്‍ക്ക് കിട്ടുന്ന ബഹുമാനം എല്ലാം ആ അമ്മ പകര്‍ന്നു നല്‍കിയ അറിവുകള്‍ ആണ് . ഓര്‍മ്മകളില്‍ എപ്പോഴും അമ്മയെ പ്രതിഷ്ഠിച്ച ആ ചെറുപ്പക്കാരന്‍ ഒരിക്കലും തെറ്റിന്റെ വഴികളില്‍ സഞ്ചരിക്കാന്‍ മനസ്സിനെ അനുവദിക്കുന്നില്ല . കാഴ്ചകളിലോ ചിന്തകളിലോ ഭ്രമിക്കാത്ത വിവേകമതിയായ ഉണ്ണി ബോംബയില്‍ ഐ ഐ ടി യില്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നു . കൂട്ടുകാരനായ പ്രകാശന്‍ ക്ഷണിച്ചത് അനുസരിച്ച് അയാള്‍ ഒരു ഉല്ലാസ യാത്രപോലെ ആണ് ഇറ്റലിയിലേക്ക് പോകുന്നത് . അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയ ചിത്രകലയിലെ അഭിനിവേശം അയാളിൽ ദാവിഞ്ചിയുടെയും മറ്റും ഉത്തമസൃഷ്ടികളെ അടുത്ത് കാണാന്‍ ഉള്ള അഭിവാഞ്ചയുണര്‍ത്തിയതും സ്വാഭാവികം. അവിടെ വച്ചു തന്റെ കാഴ്ചകള്‍ക്ക് വഴികാട്ടിയായി വന്ന ഗവേഷക വിദ്യാര്‍ഥിനി ആയിരുന്നു സാറ. സാറയും ഒത്തുള്ള മൂന്നു ദിവസങ്ങള്‍ കൊണ്ട് ഉണ്ണിയില്‍ അവള്‍ പ്രണയം നിറയ്ക്കുന്നു . കലാപകലുഷിത ഭൂമിയില്‍ ജീവിക്കുന്ന അവള്‍ ഇന്ത്യയെ സ്നേഹിക്കുന്നു . ഗാന്ധി , ടാഗോര്‍ ബുദ്ധന്‍ എന്നിവരെ ഗര്‍ഭം ധരിച്ച ഇന്ത്യയെയും അതിന്റെ സ്നേഹത്തെയും മനസ്സില്‍ നിറച്ച സാറ ഉണ്ണിയിലൂടെ അവയെ അറിയാനും അനുഭവിക്കാനും ആഗ്രഹിക്കുന്നു . തിരികെ വരുന്ന ഉണ്ണി നാട്ടിൽ തന്നെ ജോലിയിൽ പ്രവേശിക്കുകയും വൈകാതെ തന്നെ സാറയെ നാട്ടിലേക്ക് കൊണ്ട് വരികയും അവളെ ഇന്ത്യയുടെ ചരിത്രത്തിന്റെ സംസ്കാരത്തിന്റെ ഇടവഴികളിലൂടെ കൈ പിടിച്ചു നടത്തുകയും ചെയ്യുന്നു . ഇടയില്‍ അവളെ മനസ്സാ അംഗീകരിച്ച അമ്മ അവളെ ഉണ്ണിയെ കൊണ്ട് താലി കെട്ടിക്കുകയും ചെയ്യുന്നു . ഉണ്ണിയിലെ മനസ്സിന്റെ വലിപ്പവും വിവേകവും വെളിവാക്കുന്നത് അച്ചു എന്ന അമ്മയുടെ പ്രിയ ശിക്ഷ്യയുടെ നേര്‍ക്കുള്ള അയാളുടെ മനോഭാവത്തില്‍ ആണ് . തന്റെ അനിയത്തി ആയി മാത്രം കാണുന്ന അച്ചുവിനെ ഉണ്ണി ഒരു വിധത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല ഒരിടത്തും തന്റെ മനസ്സില്‍ മറ്റൊരു രീതിയില്‍ കടന്നു കയറ്റം ചെയ്യുവാന്‍ . ഗ്രാമത്തിന്റെ വിശുദ്ധി വരികളില്‍ നിറച്ച ഈ നോവലില്‍ ഇറ്റലിയും അവിടത്തെ വിശ്വ പ്രസിദ്ധ കലാവസ്തുക്കളും വളരെ വിശദമായി എഴുത്തുകാരന്‍ വിവരിക്കുന്നു . നേരില്‍ കാണും പോലെ അവയൊക്കെ വായനക്കാരെ ആകര്‍ഷിക്കുകയും പഠിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും . ഒരു എഴുത്തുകാരന്റെ ധര്‍മ്മം എന്തെന്ന് അറിയുന്ന അദ്ദേഹം ഓരോ വിവരങ്ങളും വളരെ മനോഹരമായി തന്നെ പറയുന്നു . മൊസാപ്പട്ടാമിയന്‍ സംസ്കാരത്തിലെയും ആര്‍ഷ ഭാരത സംസ്കാരത്തിലെയും മിത്തുകളുടെ ലയനം / സാമ്യതകള്‍ ഒക്കെ വിശദമായി പ്രതിപാദിക്കുന്ന എഴുത്തുകാരന്‍ വായനക്കാരില്‍ വായനക്ക് ശേഷവും ചിന്തയും പഠനവും ആവശ്യപ്പെടുന്ന ഒരു നോവല്‍ ആയി പ്രണയത്താഴ്വരയിലെ ദേവദാരു സമ്മാനിക്കുന്നു .

വായനയില്‍ ചേരാതെ നിന്ന ഒരു വിഷയം കൂടി പരാമര്‍ശിക്കാതെ വായന പൂര്‍ത്തിയാകുന്നില്ല . ഫേസ് ബുക്കും ഇ മെയിലും ഒക്കെ കാലികമായ വിഷയത്തിലൂന്നി നോവലില്‍ കടന്നു കൂടുമ്പോഴും ഇന്ത്യ കാണാന്‍ സാറയും ആയി പോകുന്ന ഉണ്ണി അമ്മയ്ക്ക് എഴുത്തുകള്‍ എഴുതുന്നതും അമ്മ മറുപടി എഴുതുന്നതും വായനയില്‍ മുഴച്ചു നിന്ന് . പ്രത്യേകിച്ച് മൊബൈല്‍ ഫോണുകള്‍ നാടിന്റെ എല്ലാ മൂലയിലും എത്തിക്കഴിഞ്ഞിട്ടും ബിരുദ വിദ്യാര്‍ഥിയായ അച്ചു കൂടെ ഉണ്ടായിരുന്നിട്ടും ഒരിടത്തും മൊബൈല്‍ ഫോണ്‍ കടന്നുവന്നില്ല . ഒരിക്കല്‍ മാത്രം അച്ചുവുമായി ഫോണിലും എഴുത്തിലും സംസാരിച്ചു എന്നിടത്തു മാത്രം കടന്നു വരുന്ന ഒരു വസ്തു ആയിരുന്നു അതു . യാത്രയില്‍ ആയിരിക്കുന്ന ഒരാളിന് സ്വന്തമായി ഒരു വിലാസം ഉണ്ടാകില്ല എന്ന സാമാന്യ തത്വവും ഒരിടത്തു തന്നെ സ്ഥിരമായി നില്‍ക്കില്ല എന്നതും മനസ്സില്‍ വരുമ്പോള്‍ ഈ ഒരു പോരായ്മ എഴുത്തുകാരന്‍ അറിയാതെ സംഭവിച്ച ഒരു പിഴവാണോ എന്ന് മാത്രം ചിന്തിച്ചു പോയി .

വായനയില്‍ നല്ലൊരു അനുഭവം തന്ന എഴുത്തുകാരന് ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment