Wednesday, January 4, 2017

രക്തസാക്ഷികള്‍





വാക്കുകള്‍ തന്‍

പിരിയന്‍ ഗോവണി കയറി നീ

നോക്കുന്നു ദൂരങ്ങളില്‍

പാര്‍ത്തിരിക്കുന്നൊരു വിഷപ്പാമ്പിന്‍

ഫണി വിടരുന്നത് കാണുവാന്‍ !



വെട്ടി വീഴ്ത്തും ശരീരങ്ങള്‍

എണ്ണി നോക്കുന്നു കഴുകുകള്‍

വീര്യവും വാഴ്വും പറഞ്ഞു

നേരിന്റെ കാവ്യം ചമയ്ക്കുന്നു .

വെട്ടേറ്റു വീഴുംവരെ അവനും

മറ്റൊരു ഇരയെ തേടിയോനാകാം.

ചത്ത സംഹിതകള്‍ കുത്തി നിറച്ച

മസ്തിഷ്കം ചിതറുമ്പോള്‍

കണ്ടതില്ലാരും കുറച്ചു ചോരയും

മാംസവുമല്ലാതെ മറ്റൊന്നുമേ .



കാത്തിരിപ്പുണ്ട്‌ വീടുകള്‍ തോറും

അമ്മമാര്‍ അടുപ്പില്‍ തീകൂട്ടി

വന്നിടും തന്‍ സഞ്ചിയില്‍

പ്രതീക്ഷകള്‍ നിറച്ചുകൊണ്ടൊരു

രക്ഷകന്‍ പശിയകറ്റാനെന്നു .

കാത്തിരിപ്പില്‍ ഇല്ല വകഭേദം

അമ്മയോ അച്ഛനോ എന്ന്

ഭാര്യയോ മകളോ പെങ്ങളോ

മകനോ കൂടപ്പിറപ്പുകളോ

ഇല്ലവര്‍ക്ക് മുഖം ബന്ധമെന്നല്ലാതെ മറ്റൊന്നും.



കവലകള്‍ തോറും ദുഃഖമാചരിക്കുന്നോര്‍

ഓര്‍ക്കുന്നില്ലാ മുഖങ്ങളെ

ഓര്‍ക്കുന്നുണ്ടവര്‍ പിന്നെ

പുതുക്കുന്നുണ്ട്

മറ്റൊരു വീട്ടില്‍ ദുഃഖത്തിന്‍

കനലുകള്‍ കോരിയിടുവാന്‍ മുഖങ്ങളെ..



മരിച്ചു വീഴുന്നവന്‍ രക്തസാക്ഷിയാകുമ്പോള്‍

വീരനെ ഗര്‍ഭം ധരിച്ചവള്‍

വീരന്റെ ധര്‍മ്മ പത്നിയവള്‍

ചോരയില്‍ തീയുള്ളവന്റെ മകന്‍(ള്‍))

വിശേഷണങ്ങള്‍ പലതുണ്ടവര്‍ക്ക്..!

നക്ഷ്ടമായതവര്‍ക്കല്ലോ നിത്യവും

കഷ്ടമായതും അവര്‍ക്ക് മാത്രമല്ലോ. . 



ബിജു ജി നാഥ് , വര്‍ക്കല .

No comments:

Post a Comment