മൂന്നു കഥകൾ പ്രവാസത്തിലെ മൂന്നു എഴുത്തുകാരുടെ വ്യത്യസ്ഥ അവാർഡുകൾ നേടിയ മൂന്നു കഥകളുടെ വായന.
വിത്തുഭരണി
ശ്രീദേവി എം മേനോന്‍
കഥകളുടെ ശേഖരണത്തില്‍ ആസ്വാദ്യതയുടെ പച്ചപ്പുകള്‍ പകര്‍ന്നു തരുന്ന വായനകള്‍ വളര വിരളമായി മാത്രം ആണ് ഇന്ന് സംഭവിക്കുന്നത് . പുതുകാലത്തെ എഴുത്തിന്റെ ശുഷ്കത അല്ല അതിനു കാരണം . പക്ഷെ വായനയില്‍ നഷ്ടപ്പെടുന്ന കാമ്പുള്ള എഴുത്തുകള്‍ ആണ് ഇതിനു നിദാനമായി പറയാനുള്ളത് . മിന്നാമിനുങ്ങുകള്‍ പോലെ നുറുങ്ങു വെട്ടവുമായി ചില വായനകള്‍ ഇടയ്ക്കിടയ്ക്ക് നമ്മെ തലോടി കടന്നുപോകുമ്പോള്‍ അതിനാല്‍ തന്നെ സന്തോഷം അനുഭവപ്പെടുക സ്വാഭാവികമാണ് . വിത്തുഭരണി എന്ന കഥ അത്തരത്തില്‍ ഒരു വായനാനുഭവം തന്ന കഥയാണ് . എഴുത്തുകളിലൂടെ എല്ലായ്പ്പോഴും അല്ലെങ്കിലും ഒരു പ്രവചനസ്വഭാവമോ, ഒരു സന്ദേശമോ നല്‍കി വായനക്കാരെ, സമൂഹത്തെ ഉണര്‍ത്തുന്നത് ഒരു സാമൂഹിക ഉത്തരവാദിത്വമാണ് എഴുത്തുകാരന്റെ. ശ്രീദേവി ഈ കഥയില്‍ അതു നിറവേറ്റിയിരിക്കുന്നു എന്നത് സന്തോഷകരമാണ്. ഖാസിം എന്ന് പേരുള്ള വൃദ്ധന്‍ പണ്ടെങ്ങോ വന്നടിഞ്ഞ മഞ്ഞപ്പൂക്കളുടെ ആ താഴ്വരയിലെ ഏകാന്ത ജീവിതത്തിനിടയ്ക്കു തനിക്കു സമ്മാനമായി കിട്ടിയ റേഡിയയിലൂടെ ഒരിക്കല്‍ കേള്‍ക്കുന്ന വാര്‍ത്തയിലൂടെ ഒരു പെണ്‍കുട്ടി പങ്കുവച്ച വിത്തുശേഖരണം എന്ന ആശയത്തിലേക്ക് ആകൃഷ്ടനായി തന്റെ ഏകാന്തതയെ ഉപേക്ഷിച്ചു ലോകത്തിന്റെ കണ്ണിലേക്ക് ഇറങ്ങുന്ന വിഷയം ആണ് പങ്കു വയ്ക്കപ്പെടുന്നത് എഴുത്തുകാരി . സേതുവിന്റെ പാണ്ഡവപുരം പങ്കു വയ്ക്കുന്ന പ്രതീകാത്മതകയുടെ മഞ്ഞ നിറം ഇവിടെയും സമര്‍ത്ഥമായി എഴുത്തുകാരി ഉപയോഗിച്ചിരിക്കുന്നു . മരണത്തിന്റെ , നിരാശയുടെ , അന്ധതയുടെ കാഴ്ചഫലം തരുന്ന മഞ്ഞനിറം . ചുറ്റാകെ പൂവിട്ടു നില്‍ക്കുന്ന മഞ്ഞപ്പൂക്കള്‍ , ചെടികള്‍ , തടാകം എന്തിനേറെ തന്റെ താടി മുടികള്‍ പോലും മഞ്ഞിച്ചു പോയ ഒരു കാലം . അതില്‍ നിന്നുമാണ് അയാള്‍ എല്ലാത്തരം വിത്തുകള്‍ അവയെ നന്മയുടെ പ്രതീക്ഷയുടെ ഊർവ്വരതയുടെ പുതുനാമ്പുകളെ വാര്‍ത്തെടുക്കുന്ന അധ്യാപകന്റെയോ പ്രവാചകന്റെയോ ഓര്‍മ ഉണര്‍ത്തി ശേഖരിക്കുകയും അവയെ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയിലെക്ക് നടന്നു കയറുന്നത് . അപ്പോഴും അയാളുടെ ഭാണ്ഡത്തില്‍ കടിച്ചു തൂങ്ങിക്കിടക്കുന്ന ആസുരതയുടെ കരിന്തേളുകള്‍ നന്മയുടെ മേല്‍ എപ്പോഴും കടന്നുകയറാന്‍ വെമ്പല്‍ കൊള്ളുന്ന തിന്മയുടെ അവസാനിക്കാത്ത അധിനിവേശത്തിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എഴുത്തുകാരിയില്‍ പക്ഷെ പങ്കു വയ്ക്കുന്ന ആത്മവിശ്വാസത്തിന്റെ വിത്തുകള്‍ക്കൊപ്പം പങ്കു വയ്ക്കുന്ന ചില വിട്ടുപോകാത്ത ഗോത്രീയതയും ദര്‍ശിക്കാന്‍ കഴിയുന്നുണ്ട് . ആസുരതയുടെ വാര്‍ത്തകള്‍ വായിക്കേണ്ടത് ക്രൌര്യം നിറച്ച നോട്ടത്തോടെ ദാര്‍ഷ്ട്യം തുളുമ്പുന്ന അംഗ വിക്ഷേപങ്ങളോടു കൂടിയ കറുത്ത പെണ്ണു ആകണം എന്നത് കറുപ്പിനോടുള്ള വിദ്വേഷവും അസഹ്യതയും മനുഷ്യനില്‍ നിന്നും അകലാത്ത ഒരു സമസ്യയാകുന്ന കാഴ്ച പകരുന്നു . നിറം പോലെ തന്നെയാണ് സ്ത്രീക്കാഴ്ച്ചകളില്‍ കാണുന്ന മറ്റു ചില വിശേഷണങ്ങളും . സ്ത്രീ പുഞ്ചിരിക്കേണ്ടത് എങ്ങനെ ആകണം എന്ന ഖാസിമിന്റെ കാഴ്ചപ്പാട് , സ്ത്രീകളോടുള്ള സമീപനം ഒക്കെ പുരുഷകാലത്തിന്റെ തെറ്റായ ധാരണകളും കാഴ്ചപ്പാടുകളും ശരിവയ്ക്കുന്ന സ്ത്രീ മനസ്സുകളെ ആണ് അടയാളപ്പെടുത്തുന്നത് . പൊതുവില്‍ നല്ല പ്രതീക്ഷ നല്കുന്ന ഒരു എഴുത്തുകാരിയാണ് ശ്രീദേവി എന്ന് ഈ കഥ സാക്ഷ്യപ്പെടുത്തുന്നു .
മയില്‍ ചിറകുള്ള മാലാഖ അഥവാ മെലക് താവൂസ്
സബീന എം സാലി
കന്യാവിനോദമെന്ന കഥാ സമാഹരത്തിലൂടെയാണ് സബീനയെ ശ്രദ്ധിക്കുന്നത് . അതിരുകള്‍ ഇല്ലാതെ ജീവിതത്തെ അടയാളപ്പെടുത്താന്‍ ഉള്ള ഈ കലാകാരിയുടെ കഴിവ് വളരെ മനോഹരമായി അടയാളപ്പെടുത്തിയ ഒരു കഥാ സമാഹാരം ആയിരുന്നു അതു . താന്‍ ജീവിക്കുന്ന ഭൂമികയുടെ ചിത്രം , തന്‍ അഭിരമിക്കുന്ന കാലഘട്ടത്തിന്റെ ആവശ്യകതകള്‍ , ജീവിതങ്ങളുടെ നിറചിത്രങ്ങള്‍ എന്നിവ അടയാളപ്പെടുത്തുക എന്നത് എഴുത്തില്‍ ഒരു വെല്ലുവിളി ആണ് . പ്രത്യേകിച്ച് മതപരമായ ചുറ്റുപാടുകളോ സാമൂഹ്യ ഇടപെടലുകളോ ഉള്ള ഒരു സമൂഹമോ ലോകമോ ആണ് എങ്കില്‍ എഴുത്തുകാര്‍ പലപ്പോഴും ശ്വാസം മുട്ടുകയോ എഴുത്തില്‍ കൃത്രിമത്വം വരികയോ ചെയ്യുക നാം അനുഭവിക്കുന്ന വായനകള്‍ ആണ് . ഇത്തരം സാഹചര്യങ്ങളില്‍ എഴുത്തുകാര്‍ പലപ്പോഴും കൈകൊള്ളുക അപരവത്കരണം , ബിംബവത്കരണം തുടങ്ങിയ സാധ്യതകളിലേക്ക് ആണ്. സബീനയും ഇത്തരം ഒരു സാഹസം തന്റെ കഥകളില്‍ പ്രയോഗിച്ചു കണ്ടിരുന്നു . ഇവിടെ മയില്‍ ചിറകുള്ള മാലാഖ അഥവാ മെലക് താവൂസ് എന്ന കഥയില്‍ സബീന പങ്കു വയ്ക്കുന്നത് മെസപ്പൊട്ടാമിയന്‍ സംസ്കാരത്തില്‍ നിന്ന് ഉന്മൂലനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ചിത്രം ആണ് . യസീദികളുടെ ജീവിതം , പലായനം അതിജീവനത്തിന്റെ നാള്‍ വഴികള്‍ എന്നിവയിലേക്ക് ഒരു യാത്രയാണ് സബീന ഈ കഥയില്‍ നടത്തുന്നത് . ആസുരതയുടെ കനല്‍ വഴികള്‍ താണ്ടി വരുന്ന യാസിഹ എന്ന യസീദി പെണ്‍കുട്ടിയുടെ ആത്മകഥയിലൂടെ മാഹിര്‍ എന്ന പത്രപ്രവര്‍ത്തകന്‍ തന്റെ വാര്‍ത്തകള്‍ക്ക് ഒരു സ്കൂപ്പ് കണ്ടെത്തുന്നതാണ് ഇതി വൃത്തം . ഒരു ഡാന്‍സ് ബാറില്‍ നിന്നും അവളെ കണ്ടെത്തുകയും അവളിടെ പച്ചക്കണ്ണില്‍ നിന്നും അയാള്‍ മലഞ്ചെരുവുകളുടെ ജീനുകള്‍ തിരിച്ചറിയുകയും അവളെ സമീപിച്ചു അവളില്‍ വിശ്വാസം നേടിയെടുത്തു അവളുടെ കഥ അറിയുകയും ഒടുവില്‍ അവള്‍ അജ്ഞാതന്റെ വെടിയുണ്ടയില്‍ അവസാനിക്കുകയും ചെയ്യുന്നു കഥയില്‍ . യസീദികളുടെ ചരിത്രവും വിശ്വാസവും ആചാരങ്ങളും പരാമര്‍ശിക്കുക വഴി ഒരു ചരിത്രകാരിയുടെ റോള്‍ കൂടി എഴുത്തുകാരി ഇവിടെ ഉപയോഗിക്കുന്നു . ഈ കഥയുടെ പോരായ്മയായി പറയാവുന്നത് കാഴ്ചകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയകളും പത്രമാധ്യമങ്ങളും പങ്കു വച്ച വിവരണങ്ങള്‍ , വാര്‍ത്തകള്‍ എന്നിവയെ ഒരു കഥയിലേക്ക് ആവാഹിച്ചു എന്നുള്ളത് മാത്രമാണ് . വിവരണങ്ങള്‍ മാത്രമാകുന്ന ഓരോ കാഴ്ചയും വായിക്കപ്പെട്ട ആ അവസ്ഥകള്‍ മാത്രമാണ് അവയുടെ തനിയാവര്‍ത്തനം മാത്രം . യാസിഹക്ക് പറയാന്‍ വേണ്ടി ഒന്നും പ്രത്യേകിച്ച് ഉണ്ടാകുന്നില്ല എങ്ങും തന്നെ . അതുപോലെ പത്രപ്രവര്‍ത്തകനായ പുരുഷന്റെ കാപട്യം , അയാളിലെ കൌശലത കഥയുടെ ഒഴുക്കില്‍ അതു പ്രതിനിധാനം ചെയ്യുന്ന വഴികളില്‍ എവിടെയും സ്ത്രീക്ക് രക്ഷയില്ല എന്ന കാഴ്ച നല്‍കുന്നില്ലേ എന്ന് തോന്നി . അബലയായ ഒരു സ്ത്രീക്ക് നല്‍കാന്‍ കഴിയുന്ന എല്ലാ സംരക്ഷണവും ഞാന്‍ നിനക്ക് നല്‍കാം എന്ന അയാളുടെ വാക്കുകളില്‍ ആണ് അവള്‍ തന്റെ മനസ്സ് തുറക്കുന്നത് . എന്നാല്‍ കഥ പറഞ്ഞു കഴിയുമ്പോള്‍ തന്‍റെ വിശ്വാസങ്ങള്‍ക്ക് എന്നും മറുപുറം നില്‍ക്കുന്ന ആ പെണ്‍കുട്ടിയെ മരണം എന്ന തമാശക്ക് വിട്ടുകൊടുത്തുകൊണ്ട് തന്റെ ഭാഗത്തെ നീതിയുടെ മൂടുപടം അണിയിക്കുന്ന കാഴ്ച പരിതാപകരമായി അനുഭവപ്പെട്ടു . മറ്റൊന്ന് പലായനത്തില്‍ തിരികെ വരുന്ന സ്ത്രീകളില്‍ കന്യകാത്വം തിരികെ പിടിപ്പിക്കുന്ന കാഴ്ചയാണ് . സ്ത്രീയുടെ ജീവിതം ഈ ഒരു കന്യകാത്വം എന്ന നേര്‍ത്ത പാടയില്‍ കുരുങ്ങി കിടക്കുന്നു എന്ന വിക്ടോറിയന്‍കാലഘട്ട ചിന്തയില്‍ നിന്നും ഇന്നും മുന്നോട്ടു വരാത്ത മനുഷ്യരുടെ ചിന്തകള്‍ ഓര്‍മ്മിപ്പിച്ചു ആ വിവരണങ്ങള്‍ . പരിണാമപരമായി മനുഷ്യശരീരത്തില്‍ അവശേഷിച്ച ഇന്ന് ഒരുപയോഗവും ശാരീരികമായി നിര്‍വഹിക്കാത്ത ഒരു വസ്തുവിനെ ഇന്നും സ്ത്രീകള്‍ ഹിമാലയന്‍ വിഷയമായി കാണുന്നത് കാലത്തിനു പിറകെ സഞ്ചരിക്കുന്നത് കൊണ്ടാകാം .
പൊതുവേ സബീനയുടെ കഥകളില്‍ കാണുന്ന സാമൂഹ്യ പ്രതിബദ്ധത ഇതില്‍ വായിക്കാം എങ്കിലും സങ്കുചിതമായ ഒരു കാഴ്ചപ്പാടുകളിലേക്ക് എഴുത്തുകാരി തിരികെ നടക്കാന്‍ ശ്രമിക്കുന്ന അനുഭവം ഉണ്ടാകുന്നുണ്ട് . അവ തിരിച്ചരിയുകയാണെങ്കില്‍ സബീന എന്ന എഴുത്തുകാരി കൂടുതല്‍ ഉയരങ്ങള്‍ താണ്ടും എന്ന ശുഭാപ്തി വിശ്വാസം ഉണ്ട് .
സാളഗ്രാമം
രമേഷ് പെരുമ്പിലാവ്.
എഴുത്തിലെ അപരവത്കരണം വളരെ ഉദാരമായ ഒരു സമീപനമായി ഇന്ന് കണ്ടു വരുന്നുണ്ട് . തന്നില്‍ നിന്നും വേറിട്ട് നിന്ന് കൊണ്ട് ലോകത്തെ കാണാനും ചിന്തകളും പങ്കുവയ്ക്കാനും എഴുത്തുകാരന്‍ കണ്ടെത്തുന്ന ഒരു സങ്കേതമാണ് ഇത് . പലപ്പോഴും താന്‍ തന്നെ ആകണമെന്നില്ല തന്റെ പരിസരങ്ങളിലെ , സമൂഹത്തിലെ ഒക്കെ ഒരു പ്രതീകം ആകാം അതിനെ പക്ഷെ നേരിട്ട് അവതരിപ്പിക്കുക എന്നത് പല വിഷയങ്ങളിലേക്ക് കടന്നുപോകും എന്ന തിരിച്ചറിവില്‍ നിന്നാണ് അപരത്വം എന്ന സമീപനങ്ങളില്‍ എഴുത്തുകാര്‍ എത്തപ്പെടുന്നത് . രമേഷ് പെരുമ്പിലാവ് എന്ന എഴുത്തുകാരന്‍ തന്റെ സാളഗ്രാമം എന്ന കഥ അവതരിപ്പിക്കുന്നത് പ്രവാസത്തിലെ ഒരു പ്രതിനിധിയെ പരിചയപ്പെടുത്താന്‍ വേണ്ടിയാണ് . പ്രവാസിയായസമൂഹത്തില്‍ വളരെ വലുതായല്ല എങ്കിലും കണ്ടുവരുന്ന ഒരു വിഭാഗമാണ് സ്വവര്‍ഗ്ഗലൈംഗികതയെ സ്നേഹിക്കുന്നവര്‍ . സോഷ്യല്‍ ഇടങ്ങളിലും മെസ്സെഞ്ചര്‍ ഇടങ്ങളിലും ഇത്തരക്കാരുടെ അതിപ്രസരം കാണാം എങ്കിലും ഇതില്‍ നിന്നും വിഭിന്നമായി ഒരു തലത്തില്‍ ആണ് രമേശ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ഒരു ഷെയര്‍ റൂമിലെ മൂന്നാം നില കട്ടിലില്‍ തന്റെ എതിര്‍ കട്ടിലിലെ അന്തേവാസിയുടെ മരണത്തോടെ നിരാശയിലേക്ക് വീഴുന്ന ചെറുപ്പക്കാരന്റെ കഥയാണ് ഇത് . സാളഗ്രാമന്‍ എന്ന സലാഹുദ്ധീനെ പരിചയപ്പെടുത്തുന്ന ഈ കഥയില്‍ സാളഗ്രാമന്‍ മരിക്കുന്ന ഓര്‍മ്മയില്‍ നിന്നാണ് ആരംഭിക്കുന്നത് കഥ . അവിടെയ്ക്ക് സലാഹുദ്ധീന്‍ എന്ന ഒരു ഭാവനാ കഥാപാത്രമായി കടന്നുവരുന്ന വ്യെക്തിയെ പകല്‍ വെളിച്ചത്തില്‍ കാണാന്‍ കഴിയാതെ അയാളെ തിരഞ്ഞുഅയാളുടെ വേരുകള്‍ തിരഞ്ഞു നടക്കുന്ന നായകന്‍ ഒടുവില്‍ അയാള്‍ എന്നത് മിഥ്യയാണ് എന്നതും സാളഗ്രാമന്‍റെ മരണത്തോടെ അയാളും മരിച്ചുപോയിരിക്കുന്നു എന്നതും മനസ്സിലാക്കുകയും മദ്യപിച്ചു സ്വയം ഹത്യയുടെ താളലയത്തില്‍ അപകടമരണം വരിക്കുന്നതും ആണ് കഥ പറയുന്നത് . ഗ്രാമത്തെക്കുറിച്ചുള്ള ഓര്‍മ്മ അല്ലെങ്കില്‍ ഗൃഹാതുരത എന്നാല്‍ കാവില്‍ ഉത്സവത്തിനു ആദ്യമായി ലഭിച്ച രതിസുഖം ആണ് അയാള്‍ക്ക് . അതു പകര്‍ന്നു നല്‍കിയ സുരേന്ദ്രന്‍ മാഷില്‍ നിന്നും അയാള്‍ അധിക ദൂരം സഞ്ചരിക്കുന്നില്ല . സലാഹുദ്ധീന്‍ നായകനെ ഭോഗിക്കുമ്പോള്‍ ലഹരിയുടെ മൂടുപടം അണിഞ്ഞു അയാള്‍ അതു ആസ്വദിക്കുന്നതും അതിന്റെ സുഖം നല്‍കിയ ഓര്‍മ്മയില്‍ അയാളെ തിരഞ്ഞു തുടങ്ങുന്നതും ഗേ സെക്സിന്റെ പ്രണയത്തിന്റെ പുതിയ വായനയായി വിലയിരുത്താന്‍ കഴിയും. ലെസ്ബിയന്‍ കഥകള്‍ മലയാളത്തില്‍ ഒരുപാട് ഉണ്ടെങ്കിലും ഗേ സെക്സിന്റെ കഥകള്‍ വിരലില്‍ എണ്ണാന്‍ പോലും ഉണ്ടാകാത്ത ഒരു കാലത്തിലാണ് രമേഷ് തന്റെ സാളഗ്രാമത്തെ അവതരിപ്പിക്കുന്നത് . സോദോമിന്റെയും ഉപ്പു കല്ലിന്റെയും പ്രതീകങ്ങളിലൂടെ സ്ത്രീ എന്നത് അയാളിലെ ലൈംഗികതയേ തെല്ലും അലോസരപ്പെടുത്തുന്നില്ല എന്ന് സൂചിപ്പിക്കുന്നുണ്ട് . അതുപോലെ വേശ്യാലത്തിന്റെ അന്തരീക്ഷത്തെ വിലയിരുത്തുന്ന കാഴ്ചകളില്‍ പോലും ആ ഒരു പ്രതീതി വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട് . പരീക്ഷണങ്ങള്‍ ആകുന്ന എഴുത്തുകളില്‍ വിജയം വരിക്കുക എന്നതാണ് എഴുത്തുകാരന്റെ വെല്ലുവിളികള്‍ എന്നതിനാല്‍ തന്നെ രമേഷ് തന്റെ കഥയിലൂടെ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് എന്ന് മനസ്സിലാക്കാം . ഇടയില്‍ വളരെ ശുഷ്കമായി പ്രവാസത്തിന്റെ പരാധീനകളെ സൂചിപ്പിക്കാന്‍ ഉള്ള ശ്രമം മാത്രമാണ് ഈ കഥയില്‍ പ്രവാസത്തിന്‍റെ അടയാളപ്പെടുത്തല്‍ ആയി ചൂണ്ടിക്കാണിക്കാന്‍ കഴിയുക . പ്രണയത്തിലെ ഈ സ്വവര്‍ഗ്ഗരീതിയെ അടയാളപ്പെടുത്താന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ വളരെ നല്ല ഒരാകാശം ആണ് എഴുത്തുകാരില്‍ തുറന്നിടുന്നത് .
മൂന്നു പേർക്കും ആശംസകൾ . ബി.ജി.എൻ വർക്കല