ലൈംഗിക ന്യൂനപക്ഷങ്ങളുടെ മേല്‍ സമൂഹം നടത്തുന്ന ആക്രമണങ്ങള്‍ പരിഷ്കൃത സമൂഹം കൈവിടാത്ത ഏറ്റവും വലിയ മാനുഷികപീഡനം ആണ് . ദൗര്‍ഭാഗ്യവശാല്‍ അത് സമൂഹത്തെ ഒരു ക്യാന്‍സര്‍ പോലെ വരിഞ്ഞു മുറുക്കിയിരിക്കുന്നു എക്കാലവും. ഭിന്നലിംഗക്കാരെയും , സ്വവര്‍ഗ്ഗ ലൈംഗികതയെ ഇഷ്ടപ്പെടുന്നവരെയും തിരഞ്ഞു ആക്രമിക്കാന്‍ മതവും പൗരോഹിത്യവും എക്കാലവും ഉത്സാഹം കാണിച്ചിരുന്നു . ഇന്നത്തെ കാലത്തിന്റെ ചിത്രം എടുക്കുകയാണെങ്കില്‍ നിയമപാലകര്‍ പോലും ഈ സമൂഹ കാഴ്ചപ്പാടിനെ ശരിവയ്ക്കുകയും അവരിലേക്ക് നീതിനിഷേധത്തിന്റെ ദണ്ഡ് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നുണ്ട് .
ഒരു ഹിജഡയുടെ ആത്മകഥ എന്ന പുസ്തകത്തിലും മറ്റും ഈ സാമൂഹ്യ , നിയമ അതിക്രമങ്ങളെക്കുറിച്ച് പറയുന്നുണ്ട് എങ്കിലും അത് മഞ്ഞുമലയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് എന്ന് നമുക്കെല്ലാമറിയാം. എന്തുകൊണ്ടാണ് ഇവര്‍ വെറുക്കപ്പെടുന്നത് എന്ന ചോദ്യം ഉയരുമ്പോള്‍ ലഭിക്കുന്ന ഉത്തരങ്ങള്‍ വളരെ രസാവഹമാണ് . മതം ദൈവം എന്നീ സംഗതികള്‍ ഉടന്‍ ചിത്രത്തില്‍ വരികയും പ്രകൃതി വിരുദ്ധം എന്നൊരു വസ്തുത പൊടുന്നനെ പ്രതിരോധം തീര്‍ക്കാന്‍ പ്രയോഗിക്കുകയും ചെയ്യും. ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്ന വസ്തുത ഇതല്ല . എന്റെ മനസ്സില്‍ തോന്നിയ ചില കാര്യങ്ങള്‍ ഞാന്‍ പങ്കുവയ്ക്കുകയാണ് . അതായത് ഗേ സെക്സ് ഇഷ്ടപ്പെടുന്നവര്‍ , ഭിന്നലിംഗക്കാര്‍ എന്നിവര്‍ എങ്ങനെയാണ് സമൂഹത്തില്‍ നിന്നും വേറിട്ടവര്‍ ആയി കാണാനും മനസ്സിലാക്കാനും കഴിയുന്നത്?
ഒരു സമൂഹത്തില്‍ കുറച്ചു ആള്‍ക്കാര്‍ക്കിടയില്‍ പെട്ടെന്ന് ഒരു ആളെ വേറിട്ട് കാണുന്നത് അയാളുടെ ശാരീരിക പ്രത്യേകതകള്‍ കൊണ്ടോ വസ്ത്ര ധാരണം കൊണ്ടോ നിറം കൊണ്ടോ ഒക്കെ ആകാം . ഈ വസ്തുത മനസ്സില്‍ വച്ചുകൊണ്ട് ഒരു സമൂഹത്തില്‍ നോക്കുകയാണെങ്കില്‍ ഒരു ഗേ അല്ലെങ്കില്‍ ഭിന്നലിംഗ വ്യക്തിയെ മനസ്സിലാക്കാന്‍ എന്താണ് കാരണം എന്ന് മനസ്സിലാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടി വരുന്നു . നോക്കൂ ഞാന്‍ ഇവിടെയുണ്ട് . എനിക്ക് ചില പ്രത്യേകതകള്‍ ഉണ്ട് എന്ന് വിളിച്ചറിയിക്കല്‍ ആണത്. ശാരീരിക പ്രത്യേകതകള്‍ ഒരു വ്യക്തിയുടെ സ്വകാര്യതയാണ് . അത് സമൂഹത്തോട് പറയേണ്ടകാര്യം ഉണ്ട് എന്ന് കരുതുന്നില്ല . സ്ത്രീയും പുരുഷനും പോലും ഇന്ന് വസ്ത്രധാരണത്തില്‍ തനതായ ഒരു പൊതു ശൈലി കടമെടുക്കുകയും സമൂഹത്തില്‍ നിന്നും വേറിട്ടല്ലാതെ ഒന്നായി നില്‍ക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നിടത്താണ് ഞങ്ങള്‍ നിങ്ങളില്‍ പെട്ടവരല്ല എന്ന ഒരു വിളിച്ചറിയിക്കല്‍ സംഭവിക്കുന്നത് . എന്താകും ഇതിന്റെ ഉദ്ദേശ്യം? തങ്ങളില്‍ പെട്ടവരുടെ കൂട്ടായ്മ ഉണ്ടാക്കുക എന്നതാണോ ? അതിനു ഇന്ന് ഒരുപാട് മാര്‍ഗ്ഗങ്ങള്‍ വിവരസാങ്കേതിക വിദ്യകളും മറ്റുമായി നിലനില്‍ക്കെ ആ ഒരു കാരണം കൊണ്ട് മാത്രം തങ്ങളെ വേറിട്ടവര്‍ ആയി കാണിക്കാന്‍ അവര്‍ വ്യഗ്രത പൂണ്ടു നില്ക്കുന്നുണ്ടോ? ഇവിടെയാണ് ലൈംഗികത എന്ന വിഷയം മുന്നിലേക്ക് വരുന്നത്. ലൈംഗികപരമായ തങ്ങളുടെ ആകര്‍ഷണം , ആവശ്യം വെളിവാക്കാന്‍ വേണ്ടി മാത്രമാകുന്നു അത്തരം വിളിച്ചറിയിക്കല്‍ എന്നത് മനസ്സിലാകുന്നത് ഇവിടെയാണ് . ഞാന്‍ സന്നദ്ധമാണ് എന്നൊരു അറിയിപ്പ് ഓരോ നടപ്പിലും , ഭാവത്തിലും വേഷത്തിലും , സംസാരത്തിലും നല്‍കുകയും അതിനെ ബോധപൂര്‍വ്വം മറച്ചു പിടിച്ചുകൊണ്ടു ഞങ്ങള്‍ പൊതുഇടങ്ങളില്‍ ആക്രമിക്കപ്പെടുന്നു എന്ന് വിലപിക്കുകയും ചെയ്യുന്നത് ഈ ഒരു കാരണം കൊണ്ട് മാത്രമാണ് . ഒരു ലൈംഗിക തൊഴിലാളി തന്റെ വേഷവിധാനത്തിലും ഭാവപ്രകടനത്തിലും കൂടി താനൊരു ഇരയാണ് എന്ന് പ്രകടപ്പിക്കുകയും തന്റെ അന്നത്തിനുള്ള വഴി തേടുകയും ചെയ്യുന്നത് പോലെ ഒരു ഗേ സെക്സ് ഇഷ്ടപ്പെടുന്ന ആള്‍ , ഭിന്ന ലിംഗത്തിലുള്ള ഒരാള്‍ പൊതു ഇടങ്ങളില്‍ തങ്ങളുടെ ഭാവ പ്രകടനങ്ങളും , പെരുമാറ്റങ്ങളും അവലംബിക്കുക എന്നത് തികച്ചും സ്വാഭാവികമായ ഒരു സംഗതിയാണ് . പക്ഷെ ഇവിടെയാണ് സമൂഹത്തിലെ മത സദാചാര ചിന്തകര്‍ ഭൂരിപക്ഷവും ഉള്ളത് എന്നത് മറക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് തങ്ങളുടെ ചിന്തയില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രകൃതി വിരുദ്ധ ലൈംഗികത വെറുക്കപ്പെട്ടതും ഒഴിവാക്കേണ്ടതും ആണ്. അതില്‍ നിന്നും ഉയരുന്ന സ്വാഭാവിക പ്രതിരോധമാണ് അവര്‍ക്ക് നേരെയുള്ള അപഹാസ്യങ്ങളും കയ്യേറ്റങ്ങളും എന്ന് മനസിലാക്കുക വളരെ എളുപ്പമാണ്. സ്വതന്ത്ര ചിന്താഗതിക്കാരായ ആള്‍ക്കാര്‍ ഒഴിച്ച് സമൂഹത്തിലുള്ള മറ്റു മനുഷ്യര്‍ അതിനാല്‍ തന്നെ അനുഭാവപൂര്‍വ്വമായ ഒരു നിലപാട് ഇവര്‍ക്ക് നേരെ എടുക്കില്ല എന്നത് വ്യക്തമാണ്.
പെരുമാറ്റപരമായ ഒരു അച്ചടക്കം ഇല്ലായ്മ ഇത്തരം മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞുകൊണ്ട് അവയെ ക്രമപ്പെടുത്തുകയാണെങ്കില്‍ തീര്‍ച്ചയായും ഈ ഒരു ആക്രമണം , അവഹേളനം തുടങ്ങിയവ ഒഴിവാക്കാന്‍ ഒരു പരിധി വരെ കഴിയും എന്ന് കരുതുന്നു . കേരളം വിട്ടു പുറത്തേക്ക് പോയിക്കഴിഞ്ഞാല്‍ പോലും ഈ പ്രത്യേകതകള്‍ ഉള്ളവരെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും എന്നാല്‍ ഇന്ത്യക്ക് പുറത്ത് ഇവരെ തിരിച്ചറിയുക പ്രയാസമാണ് . അവര്‍ പ്രത്യേക കമ്മ്യൂണിറ്റി ആയി മാറി നിന്നുകൊണ്ട് പ്രലോഭനപരമായ ലൈംഗികതയ്ക്ക് ശ്രമിക്കുന്നില്ല . സ്വാഭാവികമായ ലൈംഗിക മനോഭാവം ഉള്ള ഒരു ജനതയെന്ന നിലയില്‍ അവരും സമൂഹത്തിന്റെ ഭാഗം മാത്രമായി ഒന്നിച്ചു നില്‍ക്കുന്നു . അവരുടെ ഇണകളെ കണ്ടെത്താന്‍ അവര്‍ക്ക് തെരുവില്‍ വേഷം കെട്ടേണ്ടി വരുന്നില്ല എന്നതാണ് പ്രധാനമായും ചിന്തിക്കേണ്ട ഒരു വിഷയം . എന്തുകൊണ്ടും പുരോഗമനപരമായ ചിന്തകള്‍ വെച്ച് പുലര്‍ത്തുന്ന നമ്മുടെ മലയാളി സമൂഹം ഇക്കാര്യത്തില്‍ കുറച്ചുകൂടി വിശാലമായ ഒരു കാഴ്ചപ്പാട് കൊണ്ട് വരേണ്ടിയിരിക്കുന്നു . ഒപ്പം ഇത്തരം കമ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്ന മനുഷ്യര്‍ സമൂഹത്തില്‍ ഇടപെടലുകളില്‍ ഒരു സാമൂഹ്യ മര്യാദ കൈവരിക്കുകയും ചെയ്യണം . വേഷം കെട്ടലുകളില്‍ കൂടിയുള്ള വിളിച്ചറിയിക്കല്‍ ആകരുത് അത്. അങ്ങനെ വരുമ്പോഴാണ് ജനം പൊതു സമൂഹത്തില്‍ തൊഴില്‍ ഇടങ്ങളില്‍ പോലും ലൈംഗികതയുടെ കണ്ണുകളില്‍ കൂടി അവരെ കാണാന്‍ ശ്രമിക്കുന്നത് .
ലൈംഗിക തൊഴില്‍ മാത്രമേ ചെയ്യൂ എന്ന് വാശിയുള്ളവര്‍ക്കും ഗേ ലൈംഗികത ഇഷ്ടപ്പെടുന്നവരെ തേടുന്നവരും ആയവര്‍ക്ക് നേരത്തെ പറഞ്ഞ ലൈംഗിക തൊഴിലാളികള്‍ തുടരുന്നതും തങ്ങളുടേതായ പരമ്പരാഗത പ്രകടനങ്ങളും തുടരാവുന്നത് നല്ലത് തന്നെ പക്ഷെ അതിഷ്ടപ്പെടാത്ത സമൂഹത്തില്‍ ആകുമ്പോള്‍ , കൂട്ടത്തില്‍ ആകുമ്പോള്‍ അതില്‍ ഉണ്ടാകുന്ന സാമൂഹ്യ ഇടപെടലുകളെ ഞങ്ങള്‍ ന്യൂനപക്ഷമാണ് ലൈംഗികതയില്‍ അതിനാല്‍ ഞങ്ങളെ ഇര തേടാന്‍ വിടൂ എന്ന അഭ്യര്‍ത്ഥന കൊണ്ട് പ്രതിരോധിക്കാന്‍ കഴിയുമോ എന്ന് ചിന്തിച്ചു മനസ്സിലാക്കേണ്ട കാര്യമാണ് .
ലൈംഗികത പാപമല്ല . പക്ഷെ പിടിച്ചെടുക്കല്‍ അല്ല . രണ്ടു പേര്‍ക്ക് ഇഷ്ടം തോന്നിയാല്‍ മാത്രം സംഭവിക്കേണ്ട ഒന്നാണത് . ഒരാളോട് തോന്നുന്ന വികാരമെന്തു തന്നെയായാലും അത് തുറന്നു പറയുന്നതാണ് ബന്ധങ്ങളുടെ സുതാര്യത . ഇഷ്ടം അല്ല എങ്കില്‍ ഇല്ല എന്ന് പറയുന്നിടത്ത് ആ വിഷയം അവസാനിക്കുന്നു . പകരം മനസ്സില്‍ ഒന്ന് വച്ചുകൊണ്ട് പുറമേ കളവു കാട്ടുന്നത് ഒരിക്കലും ആരോഗ്യകരമായ ബന്ധമല്ല. ഒരാള്‍ ലൈംഗികമായ ഇഷ്ടം പറഞ്ഞാല്‍ അതിനോട് താത്പര്യം ഇല്ല എങ്കില്‍ അയാളോട് വെറുപ്പും ദേഷ്യവും ഉണ്ടാകുക എന്നത് ആത്മാര്‍ത്ഥമായ ഒരു സൗഹൃദത്തിനും യോജിച്ചതാകുന്നില്ല . പകരം അയാളെ കൂടുതല്‍ ഇഷ്ടപ്പെടുകയാണ് വേണ്ടത് സ്നേഹപൂര്‍വ്വമാ അനിഷ്ടം പറഞ്ഞുകൊണ്ട് തന്നെ. അതല്ലേ ശരിക്കും വേണ്ടത് .
ബിജു.ജി.നാഥ് വര്‍ക്കല
No comments:
Post a Comment