ജോണ്‍
നമ്മള്‍ പിരിയുകയാണ് .
നിശയുടെ നിഴലുകളില്‍
നാം കെട്ടിയാടിയ വേഷങ്ങള്‍
ഇനിയഴിച്ചു മാറ്റുക .
എനിക്കും നിനക്കും
വഴികള്‍ വേറെയാണിനി.
ജോണ്‍
നമ്മള്‍ പിരിയുകയാണ് .
പ്രണയത്തിന്റെ ദീര്‍ഘവാര്‍ഷികങ്ങള്‍,
ചുംബനത്തിന്റെ ആഴക്കടലുകള്‍....
വേണ്ട ഒന്നും നമുക്കിനി ഓര്‍ക്കാതിരിക്കണം .
നോക്കൂ ,
നീ എന്നെ ഒരിക്കലെങ്കിലും പ്രണയിച്ചിരുന്നോ ?
ഞാന്‍ മിണ്ടുമ്പോഴല്ലാതെ
ഞാന്‍ വിളിക്കുമ്പോള്‍ അല്ലാതെ
എപ്പോഴെങ്കിലും നീ എന്നെ ഓര്‍ത്തിട്ടുണ്ടോ ?
ജോണ്‍
നിങ്ങള്‍ ഒരു കള്ളനാണ് .
ഇപ്പോള്‍ നിങ്ങള്‍ക്കെന്നോട് മിണ്ടാന്‍ എത്രയധികം സമയമുണ്ട് .
ജോണ്‍
നിങ്ങള്‍ ഒരു സാഡിസ്റ്റ് ആണ്.
എന്റെ ഹൃദയത്തെ
ഓരോ നിമിഷവും കീറി മുറിച്ച
എന്നെ മാനസികമായി തകര്‍ത്തുകൊണ്ടിരുന്ന
ഒരു ഹൃദയശൂന്യന്‍ ആണ് നിങ്ങള്‍ .
എന്നോട് പറയാതെ
അകന്നു നിന്ന എത്രയോ ദിനങ്ങള്‍!
ഒരിക്കല്‍പ്പോലും നിങ്ങള്‍ക്ക് എന്നെ സ്നേഹിക്കാനായിട്ടില്ല .
ജോണ്‍
നിങ്ങള്‍ ഒരു ക്രൂരനാണ്.
(നിന്നെ മറക്കാന്‍ എനിക്കാ ചിന്ത മാത്രം മതി ).
ഒറ്റയ്ക്കായിരിക്കുമ്പോള്‍
എന്തൊക്കെ സ്വപ്ങ്ങള്‍ നിങ്ങളെനിക്ക് പകര്‍ന്നിരുന്നു .!
പക്ഷെ അവയൊക്കെയും ഒറ്റയ്ക്കായിരിക്കുമ്പോള്‍ മാത്രമായിരുന്നു .
നഗ്നതയുടെ പുതപ്പുകളായി
ഒരേ കിടക്കയിലന്നു നമ്മള്‍ വിയര്‍പ്പില്‍ മുങ്ങുമ്പോള്‍
ജോണ്‍
ഞാനറിയുകയായിരുന്നു .
നിങ്ങളിലൊന്നും ഇല്ല .
വലിയ ഒരു കപടതയാണ് നിങ്ങള്‍....
പൊലിപ്പിച്ചു കാട്ടിയ വലിയ കളവു .
ഇപ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു .
എന്റെ നിലാവുകളില്‍
എന്റെ ഏകാന്തതകളില്‍
എനിക്കൊരു ഗന്ധര്‍വ്വന്‍ കൂട്ടുണ്ട് ഇന്ന് .
ജോണ്‍
ഞാന്‍ പോകുകയാണ് .
നിങ്ങളെ ഒറ്റയ്ക്കാക്കുന്നതില്‍ പക്ഷെ എനിക്ക് വിഷമം ഒട്ടുമില്ല .
നിങ്ങള്‍ അണിയിച്ച എന്റെ താലി
അത് ഞാന്‍ കടലിനു സമ്മാനിച്ചു കഴിഞ്ഞു .
ഇല്ല ഇനിയും നിങ്ങളെ എനിക്ക് ചുമക്കുക വയ്യ തന്നെ .
ജോണ്‍
ഞാന്‍ പോകുകയാണ്
നിങ്ങള്‍ തന്നതൊക്കെയും തിരികെ തന്നുകൊണ്ട്
എന്റെ സന്തോഷങ്ങളിലേക്ക്...
തിരികെ വിളിക്കരുത്
ഇനി നമ്മള്‍ കാണുകയുമരുത് .
ജോണ്‍
ഞാന്‍ പോകുകയാണ് .
....ബിജു.ജി.നാഥ് വര്‍ക്കല
No comments:
Post a Comment