Tuesday, February 27, 2018

നിന്നെ വായിക്കുമ്പോള്‍


നിന്നെ വായിക്കുമ്പോൾ!
.......................................
നിലാവ് കടമെടുത്ത മിഴികളില്‍
ആഴങ്ങള്‍ തേടുമ്പോള്‍
അറിയാതെ വായിക്കുവാന്‍ കൊതിയാകുന്ന ദേഹി. 
യാത്രയ്ക്ക് തയ്യാറായി മനസ്സ്
വായിച്ചു തുടങ്ങുന്നു ഞാനും .
ഇഴയടുപ്പം നഷ്ടപ്പെട്ട ഇണകള്‍ പോലെ
ഇരുവശം മുഖം വീര്‍പ്പിച്ചു
മിഴികള്‍ താഴ്ത്തി നില്‍പ്പവര്‍
പറയാതെ പറയുന്നു കുടിച്ചു തീര്‍ത്ത
കഥകള്‍ പലതും മൂകമായി .
പൊട്ടുകുത്തിയ പോലൊരു മറുകിന്റെ
ചുട്ടി കുത്തി നിന്നൊരാള്‍ നാണം പൂണ്ടു.
പടര്‍ന്ന കണ്മഷിപോല്‍ പരന്നൊരു
തളര്‍ന്ന ചുണ്ടുകള്‍ തന്‍ ഭ്രമണപഥങ്ങളില്‍
നിറയെ  കുരുന്നു ഗ്രഹങ്ങള്‍ നിരക്കുന്നു .
കളഞ്ഞു പോയ മരതക മണി
തിരയുവാന്‍ ഒരു ചുഴിയുണ്ടതിലെങ്ങോ
മുങ്ങി നിവരുവാന്‍ കഴിയാതെ നില്‍ക്കുന്ന
മിഴികളെ ഞാന്‍ വലിച്ചെടുത്തീടവേ
പാര്‍ശ്വങ്ങള്‍ തന്‍ മടക്കുകള്‍ പറയുന്നു
പാഴാക്കി കളയുന്ന സൗന്ദര്യചിന്തകള്‍.
ഒടിഞ്ഞു മടങ്ങുന്ന വരകളും കുറികളും
മുറിച്ചു തുന്നിയ വടുക്കളും ചേര്‍ന്നൊരു
കവിത രചിക്കുന്നു പോയ കാലത്തിലെ
ജന്മ സാഫല്യകഥകള്‍ മധുരമായി .
നിറഞ്ഞു കവിഞ്ഞൊരു കൈക്കുടന്നയില്‍
മടങ്ങി ഒതുങ്ങുമാ പൂമുഖവാതിലില്‍
ഒളിച്ചുനിന്നൊരു കറുത്ത മറുകിന്റെ
ചിരിച്ച മുഖം കണ്ടു മനസ്സ് കുളിര്‍ത്തുപോയി .
വിടര്‍ന്ന ദളങ്ങള്‍ ചുരുണ്ട് മണ്ണിന്റെ
ഇരുണ്ട നിറത്തെ കടമെടുക്കുന്നതും
ഒളിച്ചു നില്‍ക്കാതെ പുറത്തു വന്നൊരു
സമസ്യ പോലെന്നെ കൊതിപിടിപ്പിക്കുന്നു .
തുടുത്തതാഴ്വര കടന്നു പോകുന്നു വെണ്-
തടമത് നൃത്ത ചുവടു പോലവേ
കൗമാരത്തിന്‍ മുഖമലങ്കരിക്കുന്ന
ശ്മശ്രുക്കള്‍ തന്‍ ഓര്‍മ്മപടര്‍ത്തുന്നു .
ഇല്ല വായന ഇനിയും നീട്ടുവാന്‍
ഇല്ല ബാക്കിയൊന്നും ശേഷിക്കുന്നുമില്ലങ്കിലും
മിഴികള്‍ തിരികെ വരാതെ നിന്നുള്ളില്‍
തടഞ്ഞു നില്കുന്നു ശാഠ്യക്കാരന്‍  കുരുന്നിനെപ്പോലെ .
-------------ബിജു .ജി. നാഥ് വര്‍ക്കല




1 comment:

  1. അതിമനോഹരം. ഒരുപാട് ഇഷ്ടമായ ബിജുവിന്റെ ചില രചനകളില്‍ ഇതുംകൂടി..

    ReplyDelete