Friday, February 9, 2018

ഏകാന്തതയിലെ അന്തേവാസികള്‍

ഏകാന്തതയിലെ അന്തേവാസികള്‍
-----------------------------------------
ഏകാന്തത ഒരു സാമ്രാജ്യമാണ്‌ . അവിടെ നീയും ഞാനും ഓരോ അന്തേവാസികള്‍ മാത്രം . നാമിരുവരും ഒരേ ലോകത്തിലെ ഒരേ കനലിലൂടെ സഞ്ചരിക്കുമ്പോഴും നീ മാത്രമെന്തേ അകന്നു നില്‍ക്കുന്നു . നമുക്കൊന്നിച്ച്‌ സഞ്ചരിക്കാം .....
വരുംകാലത്തിനു കഥകള്‍ പറയാന്‍ വേണ്ടിയെങ്കിലും ഒരു യാത്ര നമുക്കൊരുമിച്ചു സഞ്ചരിക്കാം .
നീ കരുതുന്നതൊക്കെയും വെറുതെയാണ് എന്നറിയുക .
നീ സ്വന്തമെന്നു കരുതുന്നതൊന്നും നിന്റെ സ്വന്തമേ അല്ല എന്നതും .
നീ പ്രണയിക്കുന്നു എന്ന് കരുതുന്നത് വെറുതെയാണ് . നീ സ്നേഹിക്കുന്നതെയുള്ളൂ . ശരീരം കൊണ്ടുള്ള സ്നേഹം, ആത്മാര്‍ഥത കൊണ്ടുള്ള സഹതാപം . എത്രയോ കാലം കൊണ്ട് നീ ആര്‍ജ്ജിച്ച സ്നേഹം . നിരാസത്തിന്റെ കയ്പ്പ്നീര്‍ കുടിച്ച ദിനരാത്രങ്ങളില്‍ , നിന്റെ ഏകാന്തതകളില്‍ , നീ കരഞ്ഞു തീര്‍ത്ത രാത്രികളില്‍ നിന്നും നീ പെറുക്കിയെടുത്ത ചിന്തയാണ് സ്നേഹിക്കാം എന്നത് . നീ ഇന്നഭിനയിക്കുകയാണ്. നിന്റെ അഭിനയത്തിന് മറ്റൊരു ഉദാഹരണം ആണ് നിന്റെ പ്രണയവും . ഒരേ സമയം ഒരാളെ സ്നേഹിക്കുകയും മറ്റൊരാളെ കാമിക്കുകയും ചെയ്യുമ്പോഴും നീ അതിനെ രണ്ടിനെയും പ്രണയം എന്ന് വിളിക്കുകയാണ്‌ .
സദാചാരത്തിന്റെ മുള്‍പ്പടര്‍പ്പുകളില്‍ കിടന്നു നീ ശ്വാസം മുട്ടുകയാണ് . അപ്പോഴും നീ സ്വാതന്ത്ര്യം അല്ല കൊതിക്കുന്നതു .
രണ്ടു വള്ളത്തില്‍ കാല്‍ വച്ചുള്ള നിന്റെ സഞ്ചാരത്തില്‍ ആരോട് നീ പ്രതിപത്തി പുലര്‍ത്തുക .
ഞാന്‍ നിന്നെ പ്രതീക്ഷിക്കുന്നത് ഒന്നിച്ചു സഞ്ചരിക്കാന്‍ ആണ് . ശരീരം കൊണ്ടല്ല . സാമീപ്യം കൊണ്ട് മാത്രം . മനസ്സുകള്‍ കൊണ്ട് മാത്രം . നിനക്കതിനെ ഒരു പേരും ഇട്ടു വിളിക്കാന്‍ കഴിയില്ല . പ്രണയം , സ്നേഹം , കാമം ഒന്നും അതില്‍ നിനക്ക് ചേര്‍ക്കാന്‍ കഴിയില്ല കാരണം ഞാന്‍ നിന്നെ പ്രണയിക്കുന്നില്ല , സ്നേഹിക്കുന്നില്ല , കാമിക്കുന്നില്ല . മനസ്സിലാക്കുന്നു . അറിയുന്നു. കണ്ണുകള്‍ നോക്കി നിന്റെ മനസ്സും ശരീരവും വായിച്ചവന്‍ ഞാന്‍ . നിന്നെ അറിയാനൊന്നും ബാക്കിയില്ലാത്തവന്‍ . അടയാളങ്ങള്‍ പോലും മനക്കണ്ണാല്‍ കണ്ടെടുത്തവന്‍ . എങ്കിലും നാം ജീവിക്കുന്ന ഏകാന്തത എന്ന ഒറ്റ സാമ്രാജ്യത്തില്‍ എന്തിനായാണ് നാം വെവ്വേറെ സഞ്ചരിക്കുന്നത് . ...?
...ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment