Friday, February 16, 2018

വൈകിവീശിയ മുല്ലഗന്ധം ........ജാസ്മിൻ സമീർ

വൈകിവീശിയ മുല്ലഗന്ധം
(കവിതകൾ)
ജാസ്മിൻ സമീർ
ലിപി പബ്ലിക്കേഷൻസ്
വില: 60 രൂപ

"കവിതയാണ് ജീവിതം.
ജീവിതം തന്നെ കവിതയും."
കവിത എഴുതുക എന്നത് ഒരു കാലത്ത് അസാധാരണ കൃത്യം ആയിരുന്നതും അതിനാൽ തന്നെ അവരെ വ്യക്തമായ് കാലം അടയാളപ്പെടുത്തുകയും ചെയ്തിരുന്നു എന്നും സാഹിത്യം ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് കവിത ജീവിതത്തെ വരച്ചിടാൻ ശ്രമിച്ചിരുന്നതിനാലല്ല മറിച്ചതിൽ വിജയിച്ചിരുന്നു എന്നതിനാലാണ്. ശ്രമവും വിജയവും രണ്ടാണ്. ഒന്നു മനസ്സ് കൊതിക്കുന്നതാണ് മറ്റേത് മനസ്സിന്റെ തീരുമാനമാണ്.  അതു കൊണ്ടു തന്നെ ഓരോ കവിയും കവിത കുറിക്കുമ്പോൾ അത് ശ്രമമോ വിജയമോ എന്നു വ്യക്തമായി മനസ്സിലാക്കണം. അപ്പോൾ മാത്രമേ സാഹിത്യാസ്വാദകർക്ക് നല്ല വായനാവിരുന്നു നൽകുവാൻ കഴിയുകയുള്ളു.

ലിപി പബ്ലിക്കേഷൻസ് പുറത്തിറക്കിയ ജാസ്മിൻ സമീറിന്റെ  "വൈകിവീശിയ മുല്ലഗന്ധം" എന്ന കവിത സമാഹാരം വായനക്കെടുക്കുമ്പോൾ കവിതയുടെ ഒരു മാല്യം വളരെ വൈകിയാണെങ്കിലും വായനക്കാർക്ക് സമ്മാനിക്കുന്ന സന്തോഷം കവിയും, കവിതയുടെ മാസ്മരിക സൗന്ദര്യത്തിന്റെ അഭൗമ തലങ്ങളെ ഉദ്ധരിച്ചിട്ടുള്ള ബഷീർ തിക്കോടിയുടെ അവതാരികയും, മുരളി മംഗലത്തിന്റെ പഠനവും ആണ് വഴികാട്ടിയായത്. വളരെ ആകാംഷയോടുകൂടിയാണ്  25 കവിതകളുടെ ഇടയിലേക്ക് ദാഹിച്ചു വലഞ്ഞ മനസ്സുമായി കവിതാ രസം നുകരാനിറങ്ങിയതും.  പക്ഷേ, കവിതകൾക്ക് വായനയിൽ ഒന്നും തന്നെ നല്കാനായില്ല എന്ന ഖേദത്തോടെയാണ് പുസ്തകം വായിച്ചു തീർത്തത്. ടൈറ്റിൽ കവിത തന്നെ കർത്താവും ക്രിയയും തമ്മിൽ വൈരുദ്ധ്യങ്ങൾ നല്കി തുടക്കമിടുകയായിരുന്നു. മുല്ല, മരുഭൂമിയിലെ ഒറ്റച്ചെടിപ്പോലെ സഹിച്ചും ത്യജിച്ചും കഴിഞ്ഞവൾ പടർന്നു കയറാൻ ഒരു മരമില്ലാതെ കാത്തിരുന്നവൾ എന്നു തുടങ്ങുന്ന കവിത പിന്നെ കാണുന്നത് വള്ളിപ്പടർപ്പിൽ കാട്ടുമരങ്ങളിൽ പറ്റിയും പുൽകിയും കിടക്കുന്നതും ഒടുവിൽ പടരാൻ , ഗന്ധം പകരാൻ വൈകിയൊരുവൻ വന്നതുമാണ്. ആരും താങ്ങില്ലായിരുന്നൊരുവൾ തന്റെ ജീവിതം പുഴുക്കുത്തുകൾക്കിട്ടു കൊടുത്തു ഒടുവിൽ ഒരാൾ തണലാകുന്ന കാഴ്ചയെ നല്കാനുള്ള ശ്രമം വേണ്ടവിധത്തിൽ പറയാൻ കഴിയാതെ പോയതായി മനസ്സിലാക്കാൻ കഴിഞ്ഞു. മാതൃത്വം കവിതയിൽ പറയാൻ ശ്രമിക്കുന്നത് കാണുമ്പോഴും ,മറ്റെല്ലാ കവിതകൾ വായിക്കുമ്പോഴും ബോധ്യമാകുന്നത് എന്തൊക്കെയോ പറയാൻ വെമ്പുന്ന ഒരു കവിമനസ്സും കുറേ വാക്യങ്ങളും തമ്മിൽ നടക്കുന്ന സമരങ്ങൾ ആണ് ഓരോ കവിതയും എന്നാണ്.
തീർച്ചയായും ഒരു നല്ല എഡിറ്റർ ഇല്ലാത്ത പ്രശ്നം ഈ പുസ്തകത്തിനു അനുഭവപ്പെട്ടു. പുതിയ കവിതകൾ കൂടുതൽ മികവോടെ വായനയ്ക്ക് ലഭിക്കും എന്ന ശുഭപ്രതീക്ഷയോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment