Monday, February 12, 2018

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രണയകവിതകള്‍


ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രണയകവിതകള്‍
ഡി സി ബുക്സ്
വില : 40 രൂപ


“എന്നെ മറക്കൂ
മരിച്ച മനുഷ്യന്റെ കണ്ണ് തിരുമ്മിയടക്കുന്നത് പോലെ
എന്നേക്കുമായി നീ എന്നെക്കുറിച്ചുള്ളതെല്ലാം മറക്കൂ
വിടപറയുന്നു ഞാന്‍”  
നിമജ്ജനം (ബാലചന്ദ്രന്‍ ചുള്ളിക്കാട്)

കവിതയുടെ നഭസ്സില്‍ വിടര്‍ന്നുല്ലസിക്കുന്ന വനപുഷ്പങ്ങള്‍ക്ക് കൂര്‍ത്ത മുള്ളിന്റെ തിളക്കവും വേദനയും കാഴ്ചയിലും വായനയിലും ഓര്‍മ്മകളിലും നിറയ്ക്കാന്‍ കഴിയും . വേദനിപ്പിച്ചുകൊണ്ട് ഓര്‍ത്തു പോകുക സ്വാഭാവികം ആണ് അത്തരം കവിതകള്‍ . മനസ്സിലേക്ക് ഓര്‍ക്കാതിരിക്കുമ്പോള്‍ കടന്നു വരികയും ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ കടന്നുപോകുകയും ചെയ്യുന്ന അത്തരം കവിതകള്‍ എന്തുകൊണ്ടോ വായനയില്‍ അധികമൊന്നും വന്നു കണ്ടിട്ടില്ല . അതിനൊരപവാദം ആണ് ക്ഷുഭിതയൗവ്വനത്തിന്റെ കവിയായി കാലം അടയാളപ്പെടുത്തിയ മലയാളത്തിന്റെ ചുള്ളിക്കാട് . ഓര്‍മ്മയില്‍ മുള്ള് കുത്തുമ്പോലെ വായനക്കാരനെ സ്വാധീനിക്കുന്ന പതിനാറു കവിതകളുടെ സമാഹാരമാണ് ഡി സി പുറത്തിറക്കിയ “ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രണയകവിതകള്‍” . ഇതിലെ ഓരോ കവിതയും പ്രണയത്തിന്റെ തീവ്ര നോവുകള്‍ പങ്കുവയ്ക്കുന്നവയാണ് . ഒരുപക്ഷെ കാലം കാത്തുവച്ച ചില നിമിഷങ്ങളെ തിരികെ ഓര്‍ത്തെടുക്കാന്‍ കവി നല്‍കുന്ന അടയാളങ്ങള്‍ ആകാം അവ. വിശപ്പ്‌ കൊണ്ട് പൊരിയുന്ന കുഞ്ഞുങ്ങള്‍ക്ക് മുന്നിലേക്ക്‌ ഒരപ്പക്കഷണം ആയി വീഴാന്‍ കൊതിക്കുന്ന വയലാറിനെ പോലെ ഇവിടെ  ചുള്ളിക്കാട് പ്രണയത്തിന്റെ തീച്ചൂളയില്‍ വെന്തെരിയുമ്പോഴും ജീവിതത്തെ സ്നേഹിക്കാതെ കടന്നു പോകാന്‍ ശ്രമിക്കുന്ന , എല്ലാം ഉപേക്ഷിച്ചു തിരസ്കരിച്ചു മടങ്ങാന്‍ ശ്രമിക്കുന്ന ഒരു ആതുരനാകുകയാണ്  ഓരോ വരികളിലും.
“നേരമാവുന്നു , വരുന്നു ചിത്തഭ്രമ-
രോഗികള്‍ക്കുള്ളോരാവസാന വാഹനം.
വീര്‍പ്പില്‍ കരച്ചില്‍ ഞെരിച്ചടക്കിക്കൊണ്ട്
യാത്രയാക്കുന്നു വെറുക്കുന്നു നിന്നെ ഞാന്‍ .” (ഒരു പ്രണയഗീതം)
എന്ന് കവി പറയുന്നത് ഇതിനാലാകണം . ലോകത്തിന്റെ മുന്നില്‍ എന്നും ഒരു നിഷേധിയായി നിന്ന മനുഷ്യന്റെ നിയതികളോടും നീതികളോടും ഉള്ള പ്രതിരോധം ആണ് ഓരോ കവിതകളിലും ഉറഞ്ഞു കിടക്കുന്നത് എന്ന് തോന്നുക സ്വാഭാവികം ആകുന്നു. പ്രണയം ഉന്മത്തമാകുന്ന അവസ്ഥ ഓരോ പ്രണയികള്‍ക്കും ഒരു ആനന്ദമാണ് . പ്രണയത്തിന്റെ ചഷകം നിറച്ചു വച്ച ജീവിതം കൊതിക്കുന്ന മനസ്സുകള്‍ ഇങ്ങനെ ഉറക്കെ പറഞ്ഞു പോകുക തന്നെ ചെയ്യും .
കുതറും ധരിത്രി
നിന്‍ ലോഹപാളങ്ങള്‍ ഞെരി-
ച്ചണയുന്നെന്‍ പ്രണയാഗ്നിതന്‍
കൊടും ചൂള-
മുയിരിന്‍ വെടിമരുന്നറയെ ചുംബിക്കുമ്പോള്‍
ഒരു കൊള്ളിയാന്‍ പോലെ മിന്നി നാമൊന്നാവുന്നു . (ആദ്യരാത്രി)

സന്ദര്‍ശനം, സദ്ഗതി , ആനന്ദധാര, സദ്ഗതി , സഹശയനം തുടങ്ങി എല്ലാ കവിതകള്‍ക്കും അതിന്റെ മാസ്മരികമായ സൗന്ദര്യം വെളിവാക്കാന്‍ കഴിയുന്നുണ്ട് . ഒന്നും ചികഞ്ഞിട്ടു നോക്കാന്‍ കഴിയാത്ത വണ്ണം പ്രണയത്തിന്റെ നൂലുകൊണ്ട് മനോഹരമാക്കി നെയ്തെടുത്ത ഈ കവിതകള്‍ പ്രണയം നിലനില്‍ക്കുന്ന കാലത്തോളം ഒരു നോവായി ആരും ഓര്‍ത്ത്‌ വയ്ക്കുക തന്നെ ചെയ്യും . ഓരോ പ്രണയനോവുകളും ഇത് ഞാന്‍ എഴുതേണ്ടതല്ലേ എന്ന ശങ്ക ബാക്കി വച്ചുകൊണ്ട് മാത്രമേ ഈ വായനയെ മുഴുമിപ്പിക്കാന്‍ കഴിയൂ എന്നതാണ് കവി കാലത്തിലേക്ക് കുടഞ്ഞിട്ട ഈ അടയാളങ്ങളുടെ മേന്മ എന്ന് പറയാതെ വയ്യ .
ആയതിന്‍ ശിക്ഷയില്‍ ഞാനണിഞ്ഞീടണം
ആയിരം വര്‍ഷമീ ആഗ്നേയകങ്കണം
മായാഗ്നിയില്‍ ചുട്ട നഗ്നാപ്സരസ്സിന്റെ
ആയാസവിഗ്രഹം കെട്ടിപ്പുണരണം (ഗന്ധര്‍വ്വന്‍)

എന്നോരോ പ്രണയ മനസ്സും വിലപിക്കുന്ന കാലത്തിലൊക്കെയും ഈ കവിതകള്‍ ജീവസുറ്റതായി നില്‍ക്കുക തന്നെ ചെയ്യും. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല


No comments:

Post a Comment