Thursday, February 22, 2018

കെട്ടുകാഴ്ചകൾ

ഇനി നമുക്ക് മെനോപ്പാസത്തിന്റെ കാലത്ത്
വദനസുരതത്തിനു ഇളം മാംസം ചുമക്കുന്നവരുടെ
കഥ പറയാം.
പിന്നെ ജീവിതം പ്രണയമെന്നും
കവിതയെന്നും എഴുതാം.
കാലം നല്കിയ വരകൾ
പ്രണയത്തിന്റെ അടയാളങ്ങളായി എണ്ണാം.
യാത്രകളുടെ ചെങ്കല്ലു പാതകളിലൂടെ
കൊന്നപ്പൂവിന്റെ ഇതളുകൾ ചവിട്ടി നടക്കാം.
സൗഹൃദത്തിന്റെ ഇളം ചുണ്ടുകൾ
ഇടിഞ്ഞ മുലഞെട്ടിൽ തൊട്ടുറപ്പിക്കാം.
കാമിനിയുമമ്മയുമായി നടനസമവാക്യങ്ങൾ തീർക്കാം.
കുടിച്ചു തീർത്ത കദനങ്ങളും
നഷ്ടപ്പെട്ട കൂട്ടുമോർത്തു കണ്ണീർ വാർക്കുകയും
ചേർത്തു പിടിച്ചു മറുകുകൾ എണ്ണി
ഉമ്മകൾ നല്കുന്നവരുടെ ചിത്രമെഴുതാം.
അപരിചിതരുടെ ഷാൾ പുതച്ചു
വെറും കൂട്ടുകാരായി ജീവിച്ചു തീർക്കുകയും
സംശയ കണ്ണുകളിൽ
സദാചാര ചിലന്തിവല കുരുക്കികളിക്കുകയും
ചെയ്യുന്ന വിചിത്ര ജീവികളെ
പുസ്തകത്താളുകളിൽ ഒട്ടിച്ചു വയ്ക്കാം.
ഇത് കപടതയുടെ ലോകം :
ഇവിടെ മുഖം മൂടികൾ അനിവാര്യം.
അതേ നമുക്കിനി കവിതകൾ കുറിക്കാം.
...... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment