ഗസൽ
കവിതകൾ
ബാലചന്ദ്രൻ ചുള്ളിക്കാട്.
പിതാവേ ,
ഞാൻ കീഴടങ്ങിയവരുടെ കവി.
കരിങ്കൊടിയേന്തിയ ഏകാങ്ക ജാഥ.
ഇച്ഛയുടെ രക്തപതാക
എന്നിൽ നിന്നും തിരിച്ചെടുക്കേണമേ.
-പതാക.... ചുള്ളിക്കാട്
കവിതയിൽ നിന്നൊരു കവിയിറങ്ങി പൊതുനിരത്തിൽ നഗ്നനാ(യാ)യി നില്ക്കുമ്പോൾ കവിത തലച്ചോറിലൊരു കൊടുങ്കാറ്റായും കടന്നൽ മൂളലായും അനുഭവപ്പെടുന്നുവെങ്കിൽ തീർച്ചയാക്കുക നിങ്ങൾ ഒരു കവിയെ വായിക്കുകയാണ്. അയ്യപ്പനെയും ചുള്ളിക്കാടിനെയും കടമ്മനിട്ടയെയും വായിച്ചു വന്ന തലമുറയുടെ തലച്ചോറിലേക്ക് അതേ പോലൊരു തീച്ചൂള കോരിയിടാൻ പുതിയ തലമുറയിൽ ആര് എന്ന ചോദ്യത്തിനു മറുപടി പറയാൻ കഴിയാതെ പോകുന്നത് ഒന്നോ രണ്ടോ മിന്നാമിന്നി വെളിച്ചം വിതറി ഓരോ കവിയും ആരാധകവൃന്ദത്താൽ കവിത്വം നഷ്ടപ്പെട്ടു എഴുത്തുതൊഴിലാളികളായി മാറുന്നു എന്നതാണ്. സോണി ദത്തോ വിഷ്ണു പ്രസാദോ കരിം മലപ്പറ്റമോ ആർ സംഗീതയോ, കുഴൂർ വിത്സനോ ഒന്നും തന്നെ ഈ കടമ്പയിൽ നിന്നും പുറത്തു കടക്കാൻ കഴിയാത്ത രീതിയിൽ ആവർത്തനങ്ങളിലോ പരീക്ഷണങ്ങളിലോ വീണു ശ്വാസം മുട്ടുകയാണ്. സുധീർ രാജ് പ്രതീക്ഷകൾക്ക് തിരികൊളുത്തിയെങ്കിലും ജീവിതത്തിന്റെ ഒഴുക്കിൽ പെട്ടോ , പുറത്തു വരാനുള്ള മടിയിലോ എഴുത്ത് കുറഞ്ഞു വരുന്നതു കാണുമ്പോൾ ക്ഷുഭിത യൗവ്വനത്തിന്റെ പേര് നിലനിർത്താൻ പുതിയ കാലം ഒന്നും തരാതെ പോകുന്ന വിഷാദം കവിതാസ്വദകരെ വിഷമിപ്പിക്കുന്നുണ്ട്.
ഗസൽ എന്ന കവിതാ പുസ്തകത്തിൽ ചുള്ളിക്കാടിന്റെ പതിനഞ്ചു കവിതകൾ ഉണ്ട്. ചിലതൊക്കെ ചുള്ളിക്കാടിന്റെ പ്രണയ കവിതകളിൽ ഉള്ളവയാണ്. ആവർത്തന വിരസത തോന്നാത്ത കവിതകളുടെ ഒഴുക്ക് ആസ്വദിക്കാൻ ചുള്ളിക്കാടിനെ വായിച്ചാൽ മതിയെന്നു തോന്നും ഓരോ വായനയും .
ജീവിതത്തിന്റെ ചൂരും ചൂടും അനുഭവിക്കുന്നവർക്കു മാത്രമേ അതിനെ കവിതയിലോ കഥയിലോ ചിത്രവത്കരിക്കാൻ കഴിയൂ. ലോകോത്തരമായ ഭാഷാനൈപുണ്യം വാക്കുകളെയും വരികളെയും മറ്റൊരു ദേശവും കാലവും കാട്ടിത്തരാൻ ഉപയുക്തമാക്കുന്ന രീതിയിൽ പ്രയോഗിക്കാൻ കഴിഞ്ഞ ചുള്ളിക്കാടിന്റെ കവിതകളെ കെ പി അപ്പനും നരേന്ദ്ര പ്രസാദും സച്ചിദാനന്ദനും ഒക്കെ വാക്കുകൾ കൊണ്ടു മാല ചാർത്തുന്ന സുന്ദരമായ കാഴ്ചകൾ വായനക്കാരുടെ സന്തോഷത്തെ വർദ്ധിപ്പിക്കും. സമാനതകളില്ലാതെ പ്രണയവും നൊമ്പരവും ജന്മശാപങ്ങളും ജീവിത ദുരിതങ്ങളും ദാരിദ്ര്യവും പങ്കുവയ്ക്കാൻ കവികൾക്ക് ഇന്നുമൊരു ചുള്ളിക്കാടും അയ്യപ്പനും മാത്രം പ്രതീകമാകുന്നത് ഈ അനുഭവത്തിന്റെ പനിച്ചൂട് അവർക്ക് സ്വന്തമായിട്ടുണ്ട് എന്നതിനാൽ മാത്രമാണ്. കാലം ചുള്ളിക്കാടിനെ ഒരു പാട് മാറ്റിയിട്ടുണ്ടെങ്കിലും ഇന്നും ആ യുവതുർക്കിയുടെ വരികളിൽ ഞാന്നു കിടക്കാൻ മാത്രമാണ് വായനക്കാർക്കിഷ്ടം. അവർ ഒഴിച്ചിട്ട ഇരിപ്പിടം അനുകരണ സ്വഭാവികൾ മലീമസമാക്കുന്ന കാഴ്ചകൾക്കിടയിലും വായനക്കാരെ സന്തോഷിപ്പിക്കുക ഇത്തരം പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിക്കുക എന്നതാണ്. ആശംസകളോടെ ബി.ജി.എൻ വർക്കല
No comments:
Post a Comment