Thursday, February 22, 2018

അവൾമാർ .......... ചാതുരി ചന്ദ്രഗീത

അവൾമാര്‍
(കഥകള്‍ )
ചാതുരി ചന്ദ്രഗീത
3000 ബിസി
വില: 90 രൂപ

          കഥകള്‍ ജീവിതത്തിന്റെ നേര്‍മുഖങ്ങള്‍ ആണ് . അവയിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ അതിനാല്‍ തന്നെ പലപ്പോഴും വായനക്കാരെ ഒരു നൊടി പരവശപ്പെടുത്തിയേക്കും. എന്നെയെങ്ങനെ എഴുത്തുകാരന്‍ കണ്ടെത്തി എന്ന് ആലോചിച്ചു ചുറ്റുപാടും പതറി നോക്കിപ്പോയേക്കും . ചിലപ്പോഴൊക്കെ ഗൂഢമായ ഒരാനന്ദത്തോടെ സ്വയം കഥയിലേക്ക് സന്നിവേശിപ്പിച്ചു ഉന്മാദം കൊണ്ടേക്കും . കാരണം കഥ ജീവിതത്തിന്റെ നേര്‍മുഖങ്ങള്‍ ആണ് . ചെറുകഥകള്‍ പലപ്പോഴും വലിയ നോവലിലും വലുതായ ആകാശം കാട്ടിത്തരുന്ന ചെറിയ കാഴ്ചകള്‍ കൊണ്ട് നിറഞ്ഞവയാകും . എളുപ്പം വായിച്ചു മടക്കി വയ്ക്കാം എന്ന ചിന്തയെ അടിമുടി അത് ഇളക്കി മറിക്കുകയും നിശ്ചലമായ ഒരു അവസ്ഥയിലേക്ക് വായനക്കാരനെ തള്ളിവിടുകയും ചെയ്യും .
മാധവിക്കുട്ടിയുടെ എഴുത്തുകള്‍ വായിക്കുമ്പോള്‍ അതിലെ നായികമാരിലെ ഉന്മാദവും പ്രണയവും വായനക്കാര്‍ സ്വന്തമായി അനുഭവിക്കുന്നത് ഈയൊരു കരവിരുത് എഴുത്തുകാരന്‍ സ്വായത്തമാക്കുമ്പോഴാണ് . എണ്ണം പറഞ്ഞ എഴുത്തുകാരികള്‍ മാത്രമേ ഇന്നും മലയാളത്തില്‍ ഉള്ളൂ എന്നത് ഒരുപക്ഷെ എഴുത്തിലെ അതിഭാവനയും സാഹസികതയും മാത്രം പരീക്ഷിക്കുകയും , പലപ്പോഴും ഭയം ഒരു നിശാവസ്ത്രം ആയി പൊതിയുമ്പോള്‍ അക്ഷരങ്ങളെ മറച്ചു പിടിക്കുകയും ചെയ്യുന്നതിനാല്‍ ആണ് . നളിനി ജമീല എഴുതുമ്പോള്‍ വായനക്കാര്‍ അതില്‍ തേടുന്നത് ജമീല തന്റെ കസ്റ്റമേഴ്സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉണ്ടോ എന്ന് തിരയുകയാണ് . സിസ്റര്‍ ജെസ്മി എഴുതുമ്പോള്‍ വായനക്കാരന്‍ തിരയുന്നത് കന്യാസ്ത്രീകളിലെ രതി ഭാവങ്ങളെ അറിയാനും പുരോഹിതന്മാരുടെ വികാരത്തെക്കുറിച്ച് പറഞ്ഞു രസിക്കാനും പോയിന്റുകള്‍ തേടിയാണ് . ഒരുപക്ഷെ പമ്മന്റെ നോവലുകളില്‍ നിന്നും രതിയുടെ പേജുകള്‍ മാത്രം നഷ്ടമായിരുന്ന കാലത്തിന്റെ പുതിയ കാല ഓര്‍മ്മകള്‍ പോലെയാണ് ഈ ഓര്‍മ്മകള്‍ മനസ്സില്‍ വരുന്നതും .
സ്ത്രീ എഴുതുമ്പോള്‍, പ്രത്യേകിച്ചും അത് തുറന്നെഴുത്തുകള്‍ ആകുമ്പോള്‍ സ്ത്രീകള്‍ക്ക് പോലും അതൊരു അസഹ്യതയായി അനുഭവപ്പെടുന്നു. പുറമേ ഭാവിക്കുകയാണ് അവയെന്ന് മറ്റുള്ളവര്‍ക്ക് അറിയാം എന്നത് പോലും അവര്‍ അറിയുന്നില്ല . ആര്‍ത്തവം എന്ന വാക്കിനെ കാണുമ്പോള്‍ ചുളിയുന്ന മുഖം പോലെയാണ് പെണ്ണ് രതിയെ കുറിച്ച് എഴുതുമ്പോഴും വായനക്കാരില്‍ ഉണ്ടാകുന്നത് .
ഈ കാലത്തിന്റെ മാറ്റം എന്നത് തുറന്നെഴുതുവാന്‍ ആര്‍ജ്ജവം ഉള്ള സ്ത്രീകള്‍ മലയാളത്തില്‍ സജീവമായി എന്നതാണ് . സോഷ്യല്‍ മീഡിയ മാത്രമല്ല പുസ്തകമേഖലയിലും അവരുടെ കൈയ്യൊപ്പുകള്‍ പതിഞ്ഞു ആഴത്തില്‍ തന്നെ . ലീന മണിമേഖലയെയൊക്കെ നോക്കി അത്ഭുതം കൂറിയിരുന്ന മലയാളിപ്പെണ്ണിന് ഇന്ന് അതിലും മനോഹരമായി എഴുതാന്‍ കഴിയുന്നതായി തെളിയിക്കുന്നു പല പുതിയ വായനകളും . ‘ചാതുരി ചന്ദ്രഗീത’യുടെ “അവൾമാര്‍” വായിക്കാനെടുക്കുമ്പോള്‍ പതിന്നാലു ചെറിയ കഥകള്‍ പെട്ടെന്ന് സമയം അപഹരിച്ചു കടന്നു പോകും എന്ന ചിന്തയായിരുന്നു . ശൈലന്‍ എഴുതിയ വരികളും എച്ചുമിക്കുട്ടിയുടെ ആസ്വാദനവും കടന്നു കഥകളിലേക്ക് നടന്നു തുടങ്ങിയപ്പോഴാണ് ഈ എഴുത്തുകാരിയുടെ ആഴം മനസ്സില്‍ വേരുറപ്പിച്ചത് .
ഓരോ സ്ത്രീ ജീവിതത്തിലേയും പതിവുകള്‍ , ആവര്‍ത്തനങ്ങള്‍ അതിനെ എത്ര ക്ലിയര്‍ ആയി ‘പതിവ്’ എന്ന കഥയില്‍ അവതരിപ്പിക്കുന്നു . അതിന്റെ ആഴം അറിയുക അവസാന വരികളില്‍ ആണ് . കൂട്ടുകാരിയുടെ 'എന്തുണ്ട് ' എന്ന ചോദ്യത്തിന് “ഒന്നുമില്ല വെറുതെ കിടക്കുന്നു” എന്നു പറഞ്ഞുകൊണ്ട് കാലുകള്‍ അകത്തി ഇണയ്ക്ക് ഭോഗിക്കാന്‍ കിടന്നുകൊടുക്കുന്ന കഥാപാത്രം കുടുംബജീവിതത്തിലെ നിശബ്ദ പ്രതിരോധങ്ങളുടെ നേര്‍ക്ക് തുറന്നു പിടിച്ച ഒരു കണ്ണാടിയാണ് .  വിരസമായ രതിയുടെ , ആവര്‍ത്തനങ്ങളുടെ മടുപ്പിനെ ഒക്കെ കഥാകാരി നന്നായി പറഞ്ഞു പോകുന്നുണ്ട് കഥകളില്‍ . പ്രണയത്തിന്റെ കളവില്‍, ഫോണില്‍ സെക്സ് ചെയ്യുന്ന വൃദ്ധനോട് ‘എനിക്ക് നിങ്ങളോട് പ്രണയമായിരുന്നു’ എന്ന് പറയുന്നിടത്ത് സ്ത്രീ എപ്പോഴും പ്രണയത്തോടെയല്ലാതെ രതിയെ ശരീര വിശപ്പിനായി ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന തുറന്നു പറച്ചില്‍ നടത്തുകയാണ് . മരണവും രതിയും ഒരേ തരംഗത്തില്‍ അലയടിക്കുന്ന ആ ഭ്രാന്തിന്റെ ഉന്മാദം അടങ്ങുമ്പോള്‍ ആണ് തിരിച്ചറിവിന്റെ ഓര്‍ക്കാനം സംഭവിക്കുന്നത് എന്നത് ജീവിതത്തിലെ കേവലമായ ശരീരബന്ധങ്ങളുടെ നിര്‍വ്വികാരതയെ അടയാളപ്പെടുത്തുന്നു .
ഈ കഥകളില്‍ ഒക്കെ ശരീരം ഒരു ഘടകമാണ് . ഒഴിവാക്കാനാവാത്ത ഒരു ഘടകം. പക്ഷെ ഒന്നിലും നേരെ പറയാതെ ഗുപ്തമായി പറഞ്ഞു പോകുന്ന ഒരു പെണ്‍മനസ്സുണ്ട് . ഒരിക്കലും തുറന്നു കാണിക്കാന്‍ കഴിയാതെ പോകുന്ന ആര്‍ക്കും മനസ്സിലാകാതെ പോകുന്ന ഒരു പെണ്‍മനസ്സ് . തിരക്കുള്ള ബസ്സില്‍ തന്റെ മാറിടം ഞെരിച്ചു കടന്നു പോയവനെ തിരഞ്ഞു പിടിച്ചു തന്റെ മുന്നില്‍ ഒരു കോമാളി ആയി നിര്‍ത്തി അവന്റെ ഉറ്റവര്‍ക്ക്‌ മുന്നില്‍ അവനെ തുറന്നു കാട്ടുമ്പോള്‍ പോലും അവളുടെ മാറിടം വേദനിക്കുന്നുണ്ടായിരുന്നു . അതുപോലെയാണ് സ്വാതന്ത്ര്യം തേടി ഓരോ പുരുഷനിലും പ്രണയം തേടുന്ന അവള്‍ തന്റെ ചിറകുകള്‍ അവിടെ ഉണ്ടോ എന്ന തപ്പിനോക്കലിലും കാണാന്‍ കഴിയുന്നത്‌ . വിവാഹം കഴിച്ചു തന്റേതാക്കി സ്വകാര്യ സ്വത്താക്കി സൂക്ഷിക്കാന്‍ ശ്രമിക്കുന്ന ഓരോ പുരുഷനും സ്നേഹിക്കുന്നത് അവളെയല്ല തന്നെത്തന്നെയാണ് എന്ന യാഥാര്‍ത്ഥ്യം അവള്‍ വിളിച്ചു പറയുമ്പോള്‍ പുരുഷന്റെ കാപട്യത്തിനു നേര്‍ക്കുള്ള ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണത് . ‘അവിഹിതം’ എന്ന കഥയാകട്ടെ മധുരമായ ഒരു പ്രതികാരവും ഒരേ മനസ്സുള്ള രണ്ടു സ്ത്രീകളുടെ പ്രണയത്തിന്റെ സാക്ഷാത്കാരവും കൂടിയാണ് . ‘വേശ്യ’ എന്ന കഥ സമൂഹത്തിന്റെ കാഴ്ചപ്പാടിനെയും നിയമവ്യവസ്ഥയുടെ മാറാത്ത മുഖവും കാട്ടുന്നു . ഈ കഥ കഥാകാരിയുടെ കൈയ്യൊപ്പു കൊണ്ട് മാത്രമാണ് സ്ഥിരം കണ്ടും കേട്ടും പഴകിയിട്ടും പുതുമയോടെ നില്‍ക്കുന്നത് . കൂട്ടത്തില്‍ ‘യക്ഷി’ മാത്രം ഒരു വലിയ പുതുമയോ എടുത്തു പറച്ചിലോ ഇല്ലാതെ പോയ കഥയായി തോന്നി . പ്രണയം , കാമിനിയുടെ മനസ്സ് എന്നിവയൊക്കെ നന്നായി പറയുന്നുണ്ട് എങ്കിലും അവതരണം അത് വേണ്ട വിധത്തില്‍ എത്തിക്കാന്‍ കഴിയാതെ പോയി എന്നതാണ് ആ കഥയില്‍ സംഭവിച്ചത് എന്ന് കാണാം .
‘മനുഷ്യാവകാശം’ എന്നത് വെറും വാക്കുകള്‍ മാത്രമാണ് എന്ന സംഗതിയെ എത്ര ലാഘവത്വത്തോടെയാണ് അവതരിപ്പിച്ചത് എന്ന് കാണാം . “ഒന്നൂല്ലടോ ഒരു ഗര്‍ഭപാത്രം ഉണ്ടായിപ്പോയി” എന്ന ഒറ്റ വാക്യത്തില്‍ ആ കഥ പൂര്‍ണ്ണത നേടുകയാണ്‌ . കൂട്ടത്തില്‍ ഏറ്റവും മനോഹരമായി പറഞ്ഞു എങ്കിലും അവസാനം കാല്പനികമായ ഒരു ഭ്രമലോകത്തില്‍ എറിഞ്ഞു കളഞ്ഞകഥയാണ് ‘വീട്ടിലേക്കുള്ള വഴി’ . അവസാനത്തിലെ നാഗക്കാവിലെ നാടകീയതയെ മാറ്റി പറഞ്ഞിരുന്നു എങ്കില്‍ തീര്‍ച്ചയായും ഈ കഥ ഏറ്റവും മികച്ചതായി മാറിയേനെ .
നല്ല കഥകള്‍ വായിക്കുക എന്നത് വായനക്കാരന്റെ സന്തോഷമാണ് . പ്രത്യേകിച്ചും എഴുത്തിനെ പരീക്ഷണം പോലെ കാണുകയും മാമൂലുകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുകയും ചെയ്യുന്ന എഴുത്തുകാര്‍ ആണെങ്കില്‍ . തീര്‍ച്ചയായും ആധുനിക മലയാള സാഹിത്യത്തില്‍ തന്റേതായ ഒരു സ്ഥാനം ഈ കഥാകാരിക്ക് സ്വന്തമാകും . പക്ഷെ എഴുത്തിലെ ലാഘവത്വവും , അലസതയും മാറ്റി വയ്ക്കുകയും ഗൗരവപരമായ ഒരു സമീപനം എഴുത്തിലേക്ക് കൊണ്ട് വരികയും ചെയ്യുക ആണെങ്കില്‍ മാത്രമേ അത് സാധിക്കൂ . എളുപ്പം എഴുതി തീര്‍ക്കുക എന്നതല്ല കാര്യം . ഉള്ളത് ചെറുതായി പറയുമ്പോള്‍ ഉണ്ടാകുന്ന അതേ സന്തോഷം അതിനെ പരത്തിപ്പറയുമ്പോഴും ഉണ്ടാകും എന്നത് കഥാകാരിക്ക് പരീക്ഷിക്കാവുന്ന സങ്കേതമാണ് . ആശയങ്ങള്‍ നിറയെ ഉണ്ട് . ഭാഷയും . വേണ്ടത് ഗൗരവപരമായ എഴുത്തിലേക്കുള്ള കാല്‍വയ്പ്പ്‌ ആണ് . മലയാളത്തില്‍ കൂടുതല്‍ കഥകള്‍ വായിക്കപ്പെടാന്‍ കഴിയട്ടെ എന്ന ശുഭപ്രതീക്ഷകളോടെ സസ്നേഹം ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment