Monday, February 5, 2018

മനസ്സേ കീഴടങ്ങുക നീയിനി .

ഇനി നമ്മളില്ല....
നമുക്കിടയിൽ ജന്മത്തിൻ കണ്ണികളുമില്ല.. (ഇനി ....
കരളുരുകി നാം ത്യജിക്കൂമീ
അനുരാഗമിന്നൊരു
കരിനിഴലായ് നമ്മെ ചുറ്റിയാളവേ,
ഇറ്റു കണ്ണുനീർ  പൊഴിക്കാതെ
അകന്നു പോകേണം
നമുക്കിന്നു
പകലുകൾ പോലും
വേദനയായീടവേ.....
കൂട്ടുകാരീ,
കൂട്ടുകാരീ നമ്മൾ കണ്ട സ്വപ്നങ്ങളിൽ
ഇഴപിരിയാതെ നാം നെയ്ത
സങ്കൽപ്പങ്ങളിൽ
ഒന്നുമിനി നമ്മെ വേട്ടയാടാതിരിക്കട്ടെ.
നമുക്കിനി  മറവികളെ
സ്നേഹിക്കാൻ പഠിക്കാം .
സായന്തനങ്ങളേ
നിങ്ങളിനി  എന്നെ ഓർക്കാതിരിക്കുവിൻ. (സായന്തന ....
ഇമകൾ ചിമ്മാതെ
ചൊടികൾ വാടാതെ
കണ്ണുനീർത്തുള്ളിയാൽ കവിൾത്തടം നനയ്ക്കാതെ
നിനക്ക് ഞാൻ നല്കീടാം
സുഖദമാം നിദ്രകൾ .(ഇമകൾ ...
പ്രണയത്തിന്റെ ഉദയനാളുകളിൽ
ആകാംഷയുടെ കണ്ണുകൾ കൊണ്ട് നീ
എന്നെ അളന്നിട്ട രാവുകൾ മറക്കതെങ്ങനെ ?( പ്രണയത്തിന്റെ ....
ചിത്രശലഭം പോലെ,
ഒരു വാനമ്പാടി പോലെ
നീ ഉല്ലസിച്ചിരുന്ന പൂവാടികളിൽ നിന്നും
നിഷേധത്തിന്റെ ചാട്ടവാറിനാൽ
നിന്നെ അറുത്തെടുത്തവൻ ഞാൻ .
പരസ്പരം നമ്മളിൽ കാണാത്ത ,
അറിയാത്ത ,പറയാത്തതൊന്നുമേ
ശേഷിക്കുന്നില്ലിനി.
വർഷാന്ത്യങ്ങളിൽ
സമ്മാനങ്ങളും
അന്യോന്യം കൈമാറും
ദീർഘചുംബനങ്ങളും
മാറ്റിനിർത്തിയാൽ
എന്തുണ്ട് നമുക്കിടയിൽ
ആത്മഹർഷത്തിൻ ഓർമ്മക്കുറിപ്പുകൾ .
കണ്ണുനീർത്തുള്ളിയാൽ മുഖം കുനിച്ചന്നു,
പാപഭാരത്തിൻ  വിഴുപ്പുമായ്
ഞാനെന്ന കനിവിന് നീ യാചിച്ച നിമിഷങ്ങൾ
ഒരാഘാതം പോലെ,
ഇടനെഞ്ചു പൊത്തി ഞാൻ
നിനക്കായി സാന്ത്വനമായതും
ഉറയുരിഞ്ഞ പാമ്പിനെ പോലെ നീ
വിശുദ്ധിയുടെ കുർബാന കൊണ്ടതും
മറക്കുവാൻ കഴിയുകില്ലെങ്കിലും(ഉറ ....
പ്രിയേ
പിരിയുവാൻ മടിക്കേണ്ടതില്ലൊരിക്കലും .
പ്രണയത്തിന്റെ കടൽ മുഴുവൻ വറ്റിപ്പോയിട്ടോ
ഇന്ന് നീ നിരാസത്തിന്റെ
കള്ളിമുൾച്ചെടികളെൻ നെഞ്ചിലേക്കിട്ടു
പടിയിറങ്ങുന്നതെന്നറിയില്ല.
എങ്കിലും എനിക്ക് നിന്നെ
തടയുവാനാകില്ല സഖീ .
നിന്റെ യാത്രയിൽ
മംഗളങ്ങൾ നേര്‍ന്നുകൊണ്ടു
 എന്റെ ചിത ഞാൻ കൊളുത്തിടട്ടെ .(നിന്റെ ....
-------------------ബി ജി എൻ വര്‍ക്കല



1 comment:

  1. എത്ര വേഗം പ്രണയത്തിന്റെ ഉദയവും അസ്തമയവും.. !

    ReplyDelete