Wednesday, February 21, 2018

പാദസരത്തിൻ ഭംഗിയോർത്തു

പാദസരത്തിൻ ഭംഗിയോർത്തു .
.................................................
നേർത്ത രോമങ്ങൾ
ചിത്രത്തുന്നൽ തീർത്ത
കണങ്കാലിലരഞ്ഞാണം പോൽ
പൊന്നിൻ പാദസരം കാൺകെ
കവിതയൊന്നുള്ളിൽ വിടരുന്നു സഖീ.
ഓർമ്മകൾ തൻ തണൽമരങ്ങൾ
പാതയോരങ്ങളിൽ കുട ചൂടി നിൽക്കവേ
പുലരി നല്കിയ കനവിൽ ഞാനത്
കണ്ടു പുഞ്ചിരി തൂകുന്നു.
നീ വരുന്ന വഴികളിലെങ്ങും
ഞാൻ തിരയുന്നതുണ്ടത് നിശ്ചയം.
എങ്കിലും ഞാൻ കാണാതെ പോയൊരാ
കാൽ വണ്ണ തൻ നിറമതും മറക്കാമോ?
പണ്ടു നാം ഒരു വിരൽ കോർത്തു
യാത്ര ചെയ്തൊരാ പാരാവരങ്ങളിൽ
കണ്ടതില്ല ഞാൻ , ഓർത്തതുമില്ല നിൻ
സ്വർണ്ണ പാദസരത്തിനെ നോക്കുവാൻ.
കാത്തു നിന്നെത്ര നാളുകൾ പിന്നെ ഞാൻ
കേണിരുന്നിതെത്രയോ വേളകൾ
ഇല്ല നിന്നിലെ ലോലമാം തന്ത്രികൾ
തെല്ലുമേയെന്നെ ആശ്വസിപ്പിച്ചില്ലഹോ!
ഇന്നുമാ നിമിഷങ്ങളോർത്തു ഞാൻ
കാത്തു നില്പുണ്ടീയിടവഴിയോരത്ത്.
വന്നീടുക നീയൊന്നു കൂടിയെൻ
കനവു നിനവായ് മാറുവാൻ പ്രിയസഖീ.
...... ബി.ജി.എൻ വർക്കല

No comments:

Post a Comment