ഓര്‍മ്മയിലെ വെള്ളാരങ്കല്ലുകള്‍
ഷൈന കുഞ്ചന്‍
പായല്‍ ബുക്സ്
വില :140 രൂപ
ഓര്‍മ്മകള്‍ക്ക് എന്ത് മധുരമാണ് . കവി ഹൃദയം പറയുന്നു " ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന..." അതെ ഗൃഹാതുരത്വം ഉണര്‍ത്തുന ഒരുപിടി ഗാനങ്ങള്‍ നമുക്ക് സ്വന്തമാണ് ഓര്‍മ്മകള്‍ക്ക് പിറകെ സഞ്ചരിക്കുമ്പോള്‍ . ചില ഓര്‍മ്മകള്‍ വല്ലാതെ മധുരം നല്‍കുന്നു . ചില ഓര്‍മ്മകള്‍ ആകട്ടെ ജീവിതകാലം മുഴുവന്‍ വേട്ടയാടിക്കൊണ്ടിരിക്കും . നോവിന്റെ , കയ്പ്പിന്റെ , വെറുപ്പിന്റെ അങ്ങനെ അങ്ങനെ ഓര്‍മ്മകള്‍ക്ക് പല തലക്കെട്ടുകള്‍ ആണ് . ചില ഓര്‍മ്മകളെ ഓര്‍ക്കാന്‍ കൂടി ശ്രമിക്കാറില്ല എന്നതും ഓര്‍മ്മയുടെ ഒരു സവിശേഷതയാണ് . ഓര്‍മ്മകളെ കാലത്തിനു ഓര്‍മ്മിക്കുവാന്‍ വേണ്ടി കൊരുത്തു വയ്ക്കുമ്പോള്‍ പലപ്പോഴും നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തെയും പരിസരങ്ങളെയും കൂടി ലോകത്തിനു പരിചയപ്പെടുത്തുക ആണ് പതിവ് . അത്തരം ഓര്‍മ്മകളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഇരുന്നു അത് വായിക്കുന്നവര്‍ സമാനമായ ഓര്‍മ്മകളെയോ, അതുമല്ലെങ്കില്‍ ഈ ഓര്‍മ്മകളുടെ ഭാഗമായോ , ആ നാടിന്റെ സ്പന്ദനമായോ ചിലപ്പോള്‍ ആ ഓര്‍മ്മയായോ തേങ്ങലോ ,പുഞ്ചിരിയോ , പകയോ സഹതാപമോ എന്തെങ്കിലും ഒക്കെ പങ്കുവയ്ക്കപ്പെടുന്നുണ്ടാകും .
"ഓര്‍മ്മകളൊക്കെ പഴയത് പോലെതന്നെയുണ്ട് ഉള്ളില്‍ . അത് കൈവെള്ളയിലെടുത്തിട്ട് തൊട്ടും മണത്തും നടക്കുമ്പോള്‍ ഞാന്‍ വീണ്ടും കുട്ടിയാകുന്നു . ഒരു കുട്ടിക്കാലം എന്റെയുള്ളില്‍ പിറക്കുന്നു ... അതിന്റെ ഓര്‍മ്മയില്‍ ഊഞ്ഞാലുകെട്ടി സ്വയം ആടി ഞാന്‍ ആമോദിച്ചു രസിക്കുന്നു . "
ജീവിത സായാഹ്നങ്ങളില്‍ എത്തുമ്പോള്‍ ആണ് നാം പലപ്പോഴും ആത്മകഥകള്‍ എഴുതിത്തുടങ്ങുന്നത് . നമ്മുടെ ജീവിതത്തെ ചുറ്റിപ്പറ്റിയും നമ്മെ പറ്റിയും പലപ്പോഴും പലതും നമുക്ക് തുറന്നു പറയേണ്ടി വരികയും ചെയ്യും ആത്മാംശമായ ഒരു അനുഭവക്കുറിപ്പെന്നോ, തുറന്നെഴുത്തെന്നോ ഒക്കെ അതിനെ വിശേഷിപ്പിക്കാം. ശ്രീമതി ഷൈന കുഞ്ചന്‍ തന്റെ അഗ്നിശയനം എന്ന നോവലിന് ശേഷം പുറത്തിറക്കിയ ഓര്‍മ്മയിലെ വെള്ളാരങ്കല്ലുകള്‍ എന്ന ഓര്‍മ്മക്കുറിപ്പുകള്‍ വായനയില്‍ നല്ല നിലവാരം പുലര്‍ത്തി എന്ന് പറയാം . കുട്ടിക്കാലത്തിന്റെ ഓര്‍മ്മപ്പൊട്ടുകളെ ഒരു വെളുത്ത കടലാസിലേക്ക് പടര്‍ന്നിടുമ്പോള്‍ അതില്‍ നിറയെ വര്‍ണ്ണങ്ങള്‍ മാത്രമാണ് ഉള്ളത് . നോവും വിങ്ങലും കണ്ണീരും നിറഞ്ഞ ഭൂതകാലങ്ങളെ അല്ല എഴുത്തുകാരി പങ്കു വയ്ക്കുന്നത് . പൊടിപ്പും തൊങ്ങലും വച്ചുള്ള വര്‍ണ്ണനകളും വായിക്കാന്‍ കഴിയില്ല . പകരം കണ്ണൂരിന്റെ തനതായ ഗ്രാമ്യഭംഗിയില്‍ ഭാഷാപ്രയോഗത്തിലൂടെ തികച്ചും നിഷ്കളങ്കയായ ഒരു കൊച്ചു പെണ്‍കുട്ടിയുടെ മനസ്സിനെ അവതരിപ്പിക്കുകയാണ് ഈ ഓര്‍മ്മപ്പുസ്തകത്തില്‍ .
കുട്ടിക്കാലം എത്ര തന്നെ വര്‍ണ്ണാഭമാണ് എന്ന് ഷൈന ഓര്‍മ്മിച്ചെടുക്കുമ്പോള്‍ വായനക്കാരിലും ആ വര്‍ണ്ണങ്ങള്‍ നിറയ്ക്കാന്‍ കഴിയുന്നു എന്നതില്‍ ആണ് എഴുത്ത് പച്ചപിടിച്ചു നില്‍ക്കുന്നത് . സ്കൂളിലെ ജീവിതം , ഓര്‍മ്മകള്‍ അതിലൂടെ സഞ്ചരിക്കുമ്പോള്‍ കുഞ്ഞു മനസ്സിലെ കൌതുകങ്ങള്‍ , ചപലതകള്‍ , വിഷമതകള്‍ എല്ലാം അതേപടി അവതരിപ്പിക്കുന്നു കഥാകാരി ഇവിടെ . സഹോദരങ്ങള്‍ , കൂട്ടുകാര്‍ , അയല്‍ക്കാര്‍, ബന്ധുക്കള്‍ , നാട്ടിന്‍പുറത്തെ കുതൂഹലങ്ങള്‍ , പ്രത്യേകതകള്‍ ഇന്നിന്റെ തലമുറയ്ക്ക് അന്യമായ പച്ചപ്പിന്റെ കാഴ്ചകള്‍ , ബാല്യത്തിന്റെ പൂഴിമണ്ണ്‍ പുരണ്ട , മുട്ടുകാല്‍ മുറിഞ്ഞു തുപ്പല്‍ തൊട്ടു തേച്ച കാലത്തെ കോണ്ക്രീറ്റ് സമുച്ചയങ്ങളില്‍ ഇരുന്നു വായിക്കപ്പെടുക എന്നത് കാലത്തിന്റെ ഗതികേടുകളില്‍ പെടുന്നു .
എഴുത്തിലെ പോരായ്മകള്‍ എന്ത് എന്ന് നോക്കിയാല്‍ പലപ്പോഴും കുഞ്ഞിചിന്തകളില്‍ നിന്നും വലിയ ഒരു മനുഷ്യന്റെ ചിന്തകളിലേക്ക് കടന്നു പോകുകയും പോയകാലത്തെ ഇന്നിന്റെ കണ്ണില്‍ നിന്നുകൊണ്ട് വിലയിരുത്തുകയും ചെയ്യുന്നത് വായനക്കാരില്‍ ആ കൊച്ചു കുട്ടിയെ പെട്ടെന്ന് ഒരു പ്രായമായ സ്ത്രീയായി കാണാനും അവരുടെ ഭൂതകാലമാണ് ഇതെന്ന് ചിന്തിപ്പിക്കാനും തോന്നിപ്പിക്കുന്നു എന്നുള്ളതാണ് . ഒരു കുട്ടിയുമൊത്ത് സഞ്ചരിക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് ആ കുട്ടിക്കാലം കൂടുതല്‍ മിഴിവുറ്റതാകുക എന്ന് കരുതുന്നു . ഇടയില്‍ പെട്ടെന്ന് വലിയ ഒരാളിന്റെ ഇടപെടലുകള്‍ വന്നു ചേരുന്നു .അവസാനത്തില്‍ സ്വന്തം നഷ്ടങ്ങളെയും മനോ വേദനകളെയും ഓര്‍മ്മിപ്പിക്കുമ്പോള്‍ അത് പൂര്‍ണ്ണമാകുന്നു . ഒരുപക്ഷെ തുടക്കം മുതല്‍ കൊണ്ട് വന്ന ആ ഒഴുക്ക് അവസാനം വരെ നിലനിര്‍ത്തുകയും ആ കുട്ടിയില്‍ നിന്നുള്ള രൂപമാറ്റം അവസാനത്തെ ആ അധ്യായത്തില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു എങ്കില്‍ അതിലൊരു മധുരം ഉണ്ടായേനെ. ഇത് ഈ പുസ്തകത്തിന്റെ ഒരു വലിയ പോരായ്മ ആയി അല്ല പകരം ഒരു പക്ഷെ അങ്ങനെ ആയിരുന്നെങ്കില്‍ എന്നുള്ള ഒരു ചിന്തയില്‍ നിന്നാണ് ഉണ്ടാകുന്നത് . ഗ്രാമ്യഭാഷ നന്നായി പ്രയോഗിക്കുന്ന ഈ എഴുത്തുകാരിയില്‍ നിന്നും കൂടുതല്‍ ഭംഗിയും ലാളിത്യവും ഉള്ള രചനകള്‍ വായനക്കാര്‍ പ്രതീക്ഷിക്കുക തന്നെ ചെയ്യും .
ആശംസകളോടെ ബി. ജി . എന്‍ വര്‍ക്കല .
bgn_1975@yahoo.co.in