Thursday, December 22, 2016

കാറ്റും മന്ദാരവും ...


തികച്ചും ലക്ഷ്യമില്ലാത്ത ഏതോ
ഒരു സഞ്ചാരപഥത്തിൽ നിന്നും
കാറ്റിനു കിട്ടിയതാണാ മഞ്ഞമന്ദാരത്തെ .
സൗരഭ്യം നുകർന്നും
പങ്കുവച്ചും
കൈകളിലെടുത്തമ്മാനമാടിയും
വിടാതെ കൂടെക്കൂട്ടാൻ
കൊതിച്ചൊരാ കാറ്റിനു പക്ഷേ
മന്ദാരത്തിൻ ഉള്ളറിയാനായില്ല.!
ഒരു വേനൽ തുടങ്ങുമ്പോൾ
മന്ദാരമലരിന്റെ ഗദ്ഗദം കേട്ട്
കാറ്റു ഞടുങ്ങി.
വിട്ടു പോകുമ്പോൾ
യാത്രാമൊഴി പറയുവാൻ
മന്ദാരവും വിറയ്ക്കുന്നുണ്ടായിരുന്നു.
ഇതൾ കൂമ്പി
സുഗന്ധമൊളിപ്പിച്ചു
കാറ്റിനെ ആട്ടിയോടിക്കുമ്പോൾ
അറിയാത്ത ചില നൊമ്പരങ്ങൾ
ഇരുവരും കരളിൽ പേറുന്നുണ്ടായിരുന്നു.
കാറ്റ് , കൈവിട്ട ജീവിതവുമായി
കുന്നിൻ ചരിവിലേക്ക് യാത്രയായി.
മന്ദാരം നിറമിഴികളോടെ
മനസ്സിനെയൊളിപ്പിച്ചു
വീണ്ടും ചിരിതൂകി നിന്നു.
... ബിജു.ജി.നാഥ് വർക്കല

1 comment:

  1. കുന്നിറങ്ങി കാറ്റുവരും...കാത്തിരിക്കാം.....
    ആശംസകള്‍

    ReplyDelete