Tuesday, December 6, 2016

ഇന്ദ്രിയങ്ങള്‍ക്കപ്പുറം പുനര്‍ജ്ജനി തേടുന്നവര്‍ .... രാധാമീര

ഇന്ദ്രിയങ്ങള്‍ക്കപ്പുറം പുനര്‍ജ്ജനി തേടുന്നവര്‍
(കഥാസമാഹാരം)
രാധാമീര
അവന്തി പബ്ലിക്കേഷന്‍സ്
വില 150 രൂപ


കഥകള്‍ എന്നാല്‍ വായനയുടെ കടലിലെ വര്‍ണ്ണമത്സ്യങ്ങള്‍ ആണ്. അവയെ ആഹരിക്കുക എന്നാല്‍ മിഴിയും മനവും കൊണ്ട് അവയെ ആഹരിക്കുന്നു എന്നാണു വിവക്ഷ . അവിടെ ആസ്വാദനം എന്ന മനോഹരമായ അവസ്ഥ സംജാതമാകണം എങ്കില്‍ വായന നമ്മെ ആ ഒരു തലത്തിലേക്ക് കൊണ്ട് പോകണം. നിര്‍ഭാഗ്യവശാല്‍ മലയാളത്തില്‍ എഴുത്തുകാരില്‍ പലരും ആ ഒരു തലത്തിലേക്ക് ഉയരുന്നില്ല . വായനയുടെ ശുഷ്കമായ തലങ്ങളില്‍ കിടന്നു വായന മുരടിച്ചുപോകുകയും പരസ്പരം എഴുത്തുകാരെ വാഴ്ത്തിയും താഴ്ത്തിയും അണികള്‍ ചേര്‍ത്തും പണം മുടക്കിയും പരസ്പരം സംഘടനകള്‍ സംഘടിപ്പിച്ചു അവാര്‍ഡുകള്‍ നല്‍കിയും അവ ചതുപ്പ് നിലങ്ങള്‍ ആകുന്നു . ഒരു കാലത്ത് മ പ്രസിദ്ധീകരണങ്ങള്‍ ,മുത്തുച്ചിപ്പി എന്നിവ കേരളത്തിലെ വായനയെ സാരമായി ബാധിച്ചിരുന്നു . അതില്‍ പ്രധാനമായും ഉണ്ടായിരുന്നത് മാന്ത്രിക നോവലുകളും ആക്ഷന്‍ ത്രില്ലറുകളും പ്രണയ കഥകളും ആയിരുന്നു . ഈ നോവലുകള്‍ എല്ലാം തന്നെ പങ്കു വച്ചിരുന്നത് പച്ചയായ ഇക്കിളി തന്നെയായിരുന്നു . ഒളിച്ചും പാത്തും ആ കാലത്തെ കൗമാരങ്ങള്‍ തങ്ങളുടെ സ്വയംഭോഗ തൃഷ്ണയേ ശമിപ്പിച്ചിരുന്നത് ഇത്തരം വാരികകളിലെ കഥകള്‍ വായിച്ചും ചിത്രങ്ങള്‍ കണ്ടുമായിരുന്നു എന്നത് എണ്‍പത് തൊണ്ണൂറു കാലഘട്ടം പരിശോധിച്ചാല്‍ മനസ്സിലാകുന്ന വസ്തുതയാണ് . പി വി തമ്പി , ഏറ്റുമാനൂര്‍ ശിവകുമാര്‍ , മാത്യൂമറ്റം , തുടങ്ങി എണ്ണം പറഞ്ഞ കുറച്ചു എഴുത്തുകാര്‍ പല പേരില്‍ ഒരേ സമയം പല വാരികകളില്‍ എഴുതി നിറഞ്ഞു നിന്ന കാലവും ആയിരുന്നു അത് . ഒരു അഭിമുഖത്തില്‍ ലീലാ മേനോന്‍ പറഞ്ഞത് വളരെ പ്രസക്തമാണ് .
"പണ്ട് കേരളത്തില്‍ ആത്മഹത്യ വര്‍ധിച്ചതിന് ബ്ലേഡ് കമ്പനികള്‍ക്കുപുറമെ മറ്റൊരു കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത് പൈങ്കിളി കഥകളെയാണ്. യക്ഷി സിനിമകള്‍ യക്ഷിയെ പ്രതികാര-രക്തദാഹികളാക്കി ചിത്രീകരിക്കുന്നു. മാന്ത്രിക നോവലുകള്‍ സ്‌പെഷ്യാലിറ്റിയാക്കിയ കഥാകൃത്തുക്കളും മലയാളത്തിലുണ്ട്." മുലപ്പാലിനൊപ്പം അന്ന് കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു കൊടുത്തത് യക്ഷിക്കഥകളും മറ്റുമായിരുന്നു . ഇതിന്റെ ഫലമായി അന്ധവിശ്വാസവും ഭയവും അരക്ഷിതാവസ്ഥയും സമൂഹത്തില്‍ പ്രത്യേകിച്ചും ഗ്രാമീണ ജീവിതങ്ങളില്‍ വളരെ ആഴത്തില്‍ പടര്‍ന്നു കിടന്നു എന്നത് ആ കാലത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിയാല്‍ മനസ്സിലാകും .
ഇത്തരം ഒരു സാഹചര്യം ഇന്ന് നെറ്റിന്റെ ലോകത്ത് ഇല്ല എന്ന് തന്നെ കരുതാം . രതിയുടെ അതിപ്രസരം ഉണ്ട് എങ്കിലും അന്ധവിശ്വാസവും മാന്ത്രികതയും കുറഞ്ഞു വരുന്നതായി വേണം കരുതാന്‍ . രാധാ മീര എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ചന്ദ്രബിന്ദുവിന്റെ "ഇന്ദ്രിയങ്ങള്‍ക്കപ്പുറം പുനര്‍ജ്ജനി തേടുമ്പോള്‍" എന്ന കഥാ സമാഹാരം വായനക്ക് എടുക്കുമ്പോള്‍ പുറംചട്ടയില്‍ മലയാളിയുടെ കഥാകാരന്‍ എം ടി വാസുദേവന്‍ നായരും എഴുത്തിലെ വേറിട്ട ശബ്ദമായ മധുപാലും ആസ്വാദനം എഴുതിയിരുന്നത് ആണ് ആദ്യം കണ്ണില്‍ പെട്ടത് . അവര്‍ തന്ന ഊര്‍ജ്ജം ആണ് ഈ പുസ്തകത്തിനുള്ളില്‍ പ്രവേശിക്കാന്‍ മനസ്സിനെ പ്രേരിപ്പിച്ചതും . ഉള്ളില്‍ ജസ്റ്റിസ് സുകുമാരന്‍ എഴുതിയ അവതാരികയും നല്ലൊരു വായനയെ ആണ് സ്വാഗതം ചെയ്യുന്നത് . പക്ഷെ പ്രതീക്ഷകള്‍ ഒന്നാകെ തകിടം മറിയുന്നത് ഉള്ളിലേക്ക് കടക്കുമ്പോള്‍ ആണ്. മരിച്ചവന്റെ പ്രൊഫൈല്‍ എന്ന ആദ്യ കഥ ഭേദപ്പെട്ട നിലവാരം പുലര്‍ത്തി . എന്നാല്‍ തുടര്‍ന്ന് വന്ന കഥകള്‍ എല്ലാം തന്നെ മേല്‍ പറഞ്ഞ മ പ്രസിദ്ധീകരണങ്ങള്‍ ഇന്ന് കൈയ്യൊഴിഞ്ഞ മാന്ത്രിക നോവലുകള്‍ക്ക് കിടപിടിക്കുന്ന രീതിയായിരുന്നു സമ്മാനിച്ചത്‌ . ഫാന്റസിയുടെയും അമൂര്‍ത്തമായ രതിയുടെയും വിഭ്രമങ്ങളുടെയും ആകെത്തുകയായ ഒരു മനസ്സിന്റെ എഴുത്ത് പോലെ ചിതറിക്കിടക്കുന്ന അക്ഷരങ്ങള്‍ ചേര്‍ത്തു വയ്ക്കുമ്പോള്‍ വായനക്കാരന്‍ അറിയാതെ സങ്കടപ്പെട്ടുപോയേക്കാം . ഒരു ദീപാവലി ദിനം, വെറുതെ അല്ല ഒന്നും ,കാണാതെ പോകുന്നവര്‍ , മൈമുന , ആ ഒരു നിമിഷം, മടക്കയാത്ര , അവിചാരിതം എന്നീ കഥകള്‍ എഴുത്തിലെ ബാല്യത്തെ കാണിച്ചു തരുന്നു എങ്കിലും സാമൂഹ്യമായ ഒരു ഉത്തരവാദിത്വവും സമൂഹത്തോടുള്ള കടമയും പ്രകടിപ്പിക്കാന്‍ ഉള്ള ചില ശ്രമങ്ങള്‍ എന്നത് ശുഭസൂചകങ്ങള്‍ ആണ് . അണിയറയില്‍ ഒരുങ്ങുന്ന നോവലിലേക്കുള്ള കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ചില എഴുത്തുകളും ബ്ലാക്ക് മാജിക്ക് പോലുള്ള വെറും സമയം പോക്ക് എഴുത്തുകളും മാറ്റി വച്ച് വായനക്കാരന്റെ ഉള്ളു അറിഞ്ഞു കാലത്തിനു വേണ്ടി ഒരു പുസ്തകം സമ്മാനിക്കാന്‍ തന്റെ മൂന്നാമത്തെ പുസ്തകത്തില്‍ എത്തിയപ്പോള്‍ രാധാമീര മറന്നു പോകുന്നതാണോ അതോ എഴുത്തിലെ ആധിക്യം , ധൃതി എന്നിവ മൂലം മൂല്യം അറിയാന്‍ ശ്രമിക്കാതെ ആരാധക വൃന്ദങ്ങളില്‍ വീണു അന്ധത ബാധിച്ചുവോ എന്ന് സ്വയം ഒരു വിമര്‍ശനം നടത്തുന്നത് ഇത്തരുണത്തില്‍ നന്നായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു . മനസ്സില്‍ ഒരുപാട് കഥകള്‍ ഉള്ള ഈ കഥാകാരി വരും കാലങ്ങളില്‍ നല്ല രചനകളുമായി കാലികവും കാതലുള്ളതും ആയ വരികളിലൂടെ മലയാള വായനക്കാരെ ആനന്ദിപ്പിക്കും എന്ന ശുഭ പ്രതീക്ഷയോടെ .... ബി. ജി . എന്‍ വര്‍ക്കല



1 comment:

  1. പുസ്തകപരിചയം നന്നായി
    ആശംസകള്‍

    ReplyDelete