നിലനില്പിനെക്കുറിച്ചാണ്
അവർ മിണ്ടിയതത്രേ.
കാടിന്റെ നിശബ്ദതയിൽ
മുലകൾ രക്തം ചുരത്തുന്നതും
വൃഷണങ്ങൾ ചതഞ്ഞരയുന്നതും
ജനാധിപത്യമാണോ എന്നു തിരഞ്ഞുവത്രെ.
ഉള്ളവനും ഇല്ലാത്തവനുമായി
ഇന്നുമന്തരമെന്ത് എന്നവർ കേട്ടത്രേ.
കാടിന്റെ മക്കൾക്കു വേണ്ടി
കോടികൾ പങ്കിട്ടെടുക്കുന്നവരെ
തെരുവിലവർ വിചാരണ ചെയ്യുമത്രെ.
കാക്കിയിട്ട നീതി ചവിട്ടിയരച്ചവർക്കിടയിൽ
ചവച്ചു തുപ്പപ്പെട്ട സ്ത്രീത്വങ്ങൾക്കിടയിൽ നിന്നും
തലയുയർത്തി ചിലർ പ്രതികരിച്ചപ്പോൾ
വടക്കെങ്ങാണ്ടൊക്കെ കുറേപ്പേർ മരിച്ചുവത്രെ.
ഇരകൾ വേട്ടക്കാരുടെ നിറത്തിലായത്
എത്ര വേഗത്തിലാണ് .
തലക്കും മുലക്കും വിലയിട്ട ന്യായാസനം
വേട്ട തുടങ്ങിയപ്പോഴാണത്രേ
സഹ്യന്റെ വന നിരകളിൽ
അഭയം തേടിയതവർ.
അവർ ഒരാളല്ല
ഒരു സമൂഹമാണ്.
അതിനാൽ തന്നെയാകണം
അവർ മാത്രമല്ല
അവർക്കു വേണ്ടി ശബ്ദമുയർത്തുന്നവരും
ദേശദ്രോഹികൾ ആകുന്നത്.
..... ബിജു. ജി. നാഥ് വർക്കല.
എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Tuesday, December 20, 2016
ദേശദ്രോഹികൾ .
Subscribe to:
Post Comments (Atom)
No comments:
Post a Comment