Sunday, December 11, 2016

പിയേത്ത ......... ഹണി ഭാസ്കര്‍

പിയേത്ത (നോവല്‍ )
ഹണി ഭാസ്കര്‍
ഗ്രീന്‍ ബുക്സ്
വില 155 രൂപ

പുരാണ കഥകള്‍ മിത്തുകള്‍ എന്നിവയെ സന്നിവേശിപ്പിച്ചു കൊണ്ട് ആധുനികകാലത്ത്  കഥ പറയുമ്പോള്‍ മിത്തുകള്‍ക്ക്‌ പലപ്പോഴും അര്‍ത്ഥഭ്രംശം വരികയോ അവ വായനയെ തെറ്റായ വഴികളിലേക്ക് നയിക്കുകയോ ചെയ്യും . ചിലപ്പോഴെങ്കിലും പങ്കജാക്ഷി എന്ന നാമവും പേറി  കൃശനേത്രിനിയായ സ്ത്രീ ജീവിക്കുന്ന അവസ്ഥ പേരിനും കഥയ്ക്കും വന്നുകൂടായ്കയില്ല . രചനകള്‍ക്ക് പേരുകള്‍ കൊടുക്കുമ്പോള്‍ രചനയുമായി പുലബന്ധം സ്ഥാപിക്കാത്ത അവസ്ഥ വരുന്നത് എഴുത്തുകാര്‍ ചിന്തിക്കുന്നതൊന്നും എഴുതപ്പെടുന്നത്‌ മറ്റൊന്നും ആയി വായിക്കപ്പെടുമ്പോള്‍ ആണ് . ഉടല്‍ രാഷ്ട്രീയം എന്ന നോവലിലൂടെ മലയാളസാഹിത്യത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിച്ച യുവ എഴുത്തുകാരി ഹണി ഭാസ്കറിന്റെ പിയേത്ത എന്ന നോവല്‍ ആഖ്യായന ശൈലി കൊണ്ട് വളരെ നല്ല നിലവാരം പുലര്‍ത്തിയ ഒരു നോവല്‍ ആണ് . ഉടല്‍ രാഷ്ട്രീയത്തില്‍ നിന്നും വേറിട്ട ഒരു ഭാഷയും ശൈലിയും കടമെടുക്കാന്‍ ഈ എഴുത്തുകാരിക്ക് കഴിഞ്ഞിരിക്കുന്നു . ഇത് ശുഭസൂചകമായ ഒരു മാറ്റം ആണ് . എഴുത്തുകാര്‍ പതിവ് ശൈലികളില്‍ തന്നെ പതിഞ്ഞു കിടക്കുകയും വായനക്കാരില്‍ അലോസരം ഉണര്‍ത്തുകയും ചെയ്യുന്ന രീതികള്‍ മാറുകയും ഓരോ കൃതിയും ഓരോ തരത്തില്‍ വരികയും ചെയ്യുക എന്നത് എഴുത്തുകാരന്റെ കഴിവിന്റെ മാനദന്ധം കൂടിയാണ് . എന്താണ് പിയേത്ത എന്ന നോവല്‍ പ്രതിനിധാനം ചെയ്യുന്നതു എന്ന് നോക്കാം . സാറ എന്ന ജേര്‍ണലിസ്റ്റും ജോനാഥന്‍ എന്ന ചിത്രകാരനും തമ്മിലുള്ള ബന്ധം , കല്‍ക്കട്ടയുടെ സാമൂഹ്യ പരിസരങ്ങളിലെ സ്ത്രീ പീഡനങ്ങളും ഇവയ്ക്കെതിരെയുള്ള സാറയുടെ പോരാട്ടം എന്നിവയാണ്   പിയേത്ത മുന്നോട്ടു വയ്ക്കുന്ന വിഷയം . ഇതില്‍ കല്‍ക്കട്ടയിലെ ചുവന്ന തെരുവും പരിസരങ്ങളും ആണ് പ്രധാനമായും നോവലിന് സഞ്ചരിക്കാനുള്ള പാത എന്ന് കാണാം . ബാംഗ്ലൂര്‍ നിന്നും ജോനാഥനൊപ്പം കല്‍ക്കട്ടയ്ക്ക് എത്തുന്ന സാറയിലൂടെ രണ്ടു നഗരങ്ങളുടെയും ഗലികളുടെ ചിത്രം വരച്ചിടാന്‍ ശ്രമിച്ചിരിക്കുന്നു എഴുത്തുകാരി ഇതില്‍ . ബാംഗ്ലൂര് ജനിച്ചു ജീവിക്കുന്ന സാറയുടെ വേരുകള്‍ കേരളത്തില്‍ ആണ് . എങ്കിലും അവര്‍ ജീവിക്കുന്ന പരിസരം സാഹചര്യങ്ങളുടെ അവസ്ഥാന്തരത്തില്‍ ബാംഗ്ലൂര് ആകുന്നു . ഒരു ഗുണ്ടയായിട്ടും കടം വാങ്ങി പോയവരില്‍ നിന്നും കടങ്ങള്‍ തിരികെ കിട്ടാത്ത പിതാവ് . ഒടുവില്‍ മറ്റു ചിലരാല്‍ കാല്‍ തല്ലിയൊടിക്കപ്പെട്ടു കിടക്കുമ്പോള്‍ മാനസാന്തരപ്പെടുന്ന സ്ഥിരം കുഞ്ഞാട് ആകുകയും പിന്നെ എല്ലാം വിറ്റ് പെറുക്കി ഫ്രേസര്‍ ടൗണിനു അടുത്തുള്ള കോള്‍സ് റോഡിലെ കൊച്ചു ചേരിയില്‍ താമസം ആക്കുകയും ചെയ്യുന്നു . അവിടെ വച്ച് സാറയും സഹോദരി മേരിയും അനിയന്‍ മിഖായേലും അമ്മ മാര്‍ത്തയും മാത്രമാകുന്നു പിതാവിന്റെ അകാലത്തിലെ മരണം മൂലം. പഠിത്തത്തില്‍ മുന്നിലായിരുന്ന സാറയ്ക്ക് വേണ്ടി സ്ഥിരം ചേച്ചിമാരുടെ സ്ഥാനം ഒഴിഞ്ഞു കൊടുക്കല്‍ ഇവിടെയും സംഭവിക്കുന്നു . മേരി ജോലിക്ക് പോകുകയും സാറ മറ്റാരുടെയും ഔദാര്യം സ്വീകരിക്കാന്‍ താത്പര്യമില്ലാത്തവള്‍ ആകയാല്‍ ജോലി ചെയ്തു കൊണ്ട് പഠനം നടത്തുകയും ചെയ്യുന്നു . ചേരിയിലെ ജീവിതത്തെ വളരെ നന്നായി തന്നെ സാറയിലൂടെ വിവരിക്കുന്നുണ്ട് . സമൂഹത്തോട് എപ്പോഴും ഒരു തീക്ഷ്ണ സ്വഭാവം വച്ച് പുലര്‍ത്തുന്ന സാറ മനസ്സിലെങ്കിലും ഒരു വിപ്ലവകാരിയാണ് . കുളിമുറിയില്‍ ഒളിഞ്ഞു നോക്കുന്നവന്റെ മുഖത്ത് ചൂടുവെള്ളം ഒഴിക്കുകയും , മേലധികാരി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മുഖത്തു അടിച്ചു രക്ഷപ്പെടുകയും ചെയ്യുന്ന സാറ കുറ്റിക്കാട്ടില്‍ ഒരു പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് കടിച്ചുകുടയുമ്പോള്‍ ആ പരിസരത്തു നിന്നും രക്ഷപ്പെടുകയാണ് ചെയ്യുന്നത് . ആ കുട്ടിയെ രക്ഷിക്കാന്‍ ആളെ കൂട്ടുകയോ ആരോടെങ്കിലും പറയുകയോ ചെയ്യാന്‍ ശ്രമിക്കാതെ ആ ക്രൂരന്മാരെ ഓര്‍ത്ത്‌ രാത്രി മുഴുവനും വല്ലാതെ മനസ്സില്‍ രോക്ഷം കൊള്ളുന്ന സാറ പിറ്റേന്ന് ആ കുട്ടിയുടെ ചിതറിയ ശവം കാണാന്‍ പോകുകയും വ്യവസ്ഥിതിയോടു കലഹിക്കുകയും ചെയ്യുന്നു മനസ്സിലെങ്കിലും .അമ്മ മാര്‍ത്തയുടെ കിഡ്നി സംബന്ധമായ അസുഖത്തിന് പണം കിട്ടാന്‍ ചേച്ചി മേരി ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കുന്നു . ഓപ്പറേഷന് രണ്ടു ദിവസം മുന്നേ അമ്മ മരിക്കുന്നു . പ്രസവം കഴിഞ്ഞു ആറുമാസം കഴിഞ്ഞു മേരിയും മരിക്കുന്നു . അനിയന്‍ മീഖായേല്‍ ചേരിയിലെ പുരുഷന്റെ എല്ലാ വൃത്തികേടുകളും ആയി സാറയില്‍ നിന്നകന്നു നില്‍ക്കുന്നു . ഈ അവസരത്തില്‍ ആണ് സാറ ജോനാഥനെ കണ്ടുമുട്ടുന്നത് . ആ കണ്ടുമുട്ടലിനു വേണ്ടി മാത്രമായി അപ്പോള്‍ സാറയില്‍ അവരോധിക്കപ്പെടുന്ന ചിത്രങ്ങളോടുള്ള ഭ്രമം അതുവരെ ഒരിടത്തും പരാമര്‍ശിക്കപ്പെടുന്നതേയില്ല എന്നത് ഒരു പോരായ്മ തന്നെയാകുന്നു . ജോനാഥനെ കണ്ടുമുട്ടിയതോടെ അവളുടെ ജീവിതത്തിനു മാറ്റം സംഭവിക്കുന്നു . അവള്‍ ജോനാഥന്റെ കൂടെ കല്‍ക്കട്ടയിലേക്ക് പോകുന്നു . സാറ എന്ന പുരോഗമന ചിന്താഗതിക്കാരിയെ ആണ് നോവല്‍ ആരംഭിക്കുമ്പോള്‍ വായനക്കാരന്‍ കാണുന്നത് . ലിവിംഗ് ടുഗതര്‍ പോലെ ജോനാഥന് ഒപ്പം താമസിക്കുന്ന സാറ ജോനാഥന്റെ ഒരു സ്വകാര്യവിഷയങ്ങളിലും ഇടപെടുകയോ തിരിച്ചു ജോനാഥന്‍ സാറയുടെ കാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യുന്നില്ല . പരസ്പരം വിശ്വാസവും സഹകരണവും കൊണ്ട് ഒരു വീട്ടില്‍ താമസിക്കുന്ന അവരില്‍ പരസ്പരം പ്രണയം ആണ് അവരെ ബന്ധിപ്പിക്കുന്ന കണ്ണി . പനി പിടിച്ചു കിടന്ന ജോനാഥനെ സ്വന്തം ശരീരത്തിന്റെ ചൂട് കൊണ്ട് വിറയല്‍ മാറ്റി ഒടുവില്‍ ശരീരം പങ്കിട്ടു തുടങ്ങുന്നു ക്രമേണ. സാറ കണ്ട പുരുഷന്മാരില്‍ മാന്യനായ പുരുഷന്‍ ആയിരുന്നു ജോനാഥന്‍ എന്നവള്‍ ഓര്‍ക്കുന്നു . അതിനായി സാറ ഉയര്‍ത്തുന്ന വാദം "സ്വന്തം അസ്ഥിത്വത്തം ഉറപ്പിക്കാനൊ വെളിവാക്കാനൊ അനുവദിക്കാതെ അതാവശ്യപ്പെടുന്ന മാത്രകളുടെ സാധ്യത അനുസരിച്ച് പല അളവുകളിലുള്ള പാത്രങ്ങളിലേക്ക് അവളെ തന്നെ പകരുകയാണ് അവള്‍ ചെയ്തിരുന്നത് . ജോനാഥന് വേണ്ടതും അതുതന്നെയായിരുന്നു എന്നാണു" . ജോനാഥന്‍ പക്ഷെ സാറയെ ഉപമിക്കുന്നത് ലിലിത്തിനോട് ആണ് . മൊസപ്പൊട്ടാമിയന്‍ മിത്തുകളില്‍ പല കഥകളില്‍ ആയി നിറഞ്ഞു കിടക്കുന്ന ലിലിത്തില്‍ ജോനാഥന്‍ കണ്ടെത്തുന്നത് ആദി മാതാവായ ലിലിത്തിനെയാണ് . ആദിയില്‍ ദൈവം സൃഷ്ടിച്ച രണ്ടുമനുഷ്യര്‍ ആയിരുന്നു ലിലിത്തും ആദവും പക്ഷെ ആദത്തിന്റെ പുരുഷാധിപത്യത്തെ ലിലിത്ത് താനിക്കും അവനു തുല്യതയാണ് എന്ന കാരണത്താല്‍ വകവച്ച് കൊടുക്കാതിരിക്കുകയും ദൈവം ലിലിത്തിനെ വധിക്കുകയും ആദത്തിന് തുല്യ ആകാത്ത വിധം അവന്റെ വാരിയെല്ലില്‍ നിന്നും മറ്റൊന്നിനെ ഹവ്വയെ സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തുവത്രേ . അതില്‍ പക പൂണ്ട ലിലിത്ത് പാമ്പായി വേഷം മാറി ഹവ്വയുടെ സഹായത്താല്‍ ആദത്തോട് പക വീട്ടുകയും സ്വര്‍ഗ്ഗത്തു നിന്നും രണ്ടും പുറത്താകുകയും ചെയ്തു എന്ന് ആണ് കഥ . പക്ഷെ ജോനാഥന്‍ ഇഷ്ടപ്പെടുന്നത് ലിലിത്ത് എന്ന ആദിമാതാവിനെ അല്ല പകരം ലിലിത്ത് എന്ന ദുര്‍മന്ത്രവാദിനിയെ ആണ് എന്ന് പിന്നീടുള്ള വരികള്‍ ഓര്‍മ്മിപ്പിക്കുന്നു . അവളിലെ രതിയുടെ ആവേഗങ്ങളെ ആണ് അയാള്‍ ഇഷ്ടപ്പെടുന്നത് . പക്ഷെ അതല്ല എന്ന് സ്ഥാപിക്കപ്പെടാന്‍ അവളില്‍ ലിലിത്തിന്റെ പ്രതികാരത്തെ അയാള്‍ അടയാളപ്പെടുത്തുന്നത് "സ്ത്രീയുടെ പ്രശ്നങ്ങളെ പൊതുസമൂഹത്തിലെ കാഠിന്യം നിറഞ്ഞ പെരുമാറ്റങ്ങളെ ഒക്കെയും 'ഇരവാദം' എന്ന് പറഞ്ഞു പുശ്ചിച്ചു തള്ളാന്‍ ഒരു കൂട്ടം ആളുകള്‍ തുനിഞ്ഞിറങ്ങുന്ന ഈ കാലത്ത് ഒരുപാട് സ്ത്രീകള്‍ക്ക് വേണ്ടി സ്വയരക്ഷ നോക്കാതെ സമരം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട നീ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായി ന്യായാസനങ്ങളുടെ അകത്തളം വരെ കയറിച്ചെല്ലുന്നു" എന്നാണു . മറ്റൊരിടത്ത് പറയുന്നു "എന്റെ പ്രണയത്തിന്റെ പറുദീസയില്‍ നിന്നും പുറത്താക്കപ്പെട്ടാലും (ആരെന്നത് വ്യെക്തമല്ല. ദൈവമാകം എങ്കില്‍ എന്തിനു എന്നതും  ) നിന്റെ തിരിച്ചു വരവ് ഏദനിലെ കൌശലക്കാരിയായ മഹാസര്‍പ്പത്തെപ്പോലെ എന്നെ ചുറ്റിവരിയാന്‍ ഒരു മാത്രപോലും വൈകുകയില്ല എന്നെനിക്കറിയാം" എന്നാണു . ലിലിത്ത് സര്‍പ്പം ആകുന്നതു പോലും ആദത്തോടും ദൈവത്തോടും ഉള്ള പകയില്‍ നിന്നാകുമ്പോള്‍ അവര്‍ക്കിടയില്‍ എങ്ങനെ പ്രണയം സംസാരിക്കുക എന്ന് വായനക്കാരന്‍ ചിന്തിക്കട്ടെ . ജോനാഥനും ഒന്നിച്ചുള്ള ജീവിതത്തില്‍ ഇടയിലേക്ക് കടന്നു വരുന്ന മറ്റൊരു സ്ത്രീയാണ് ജയശ്രീ മിശ്ര. എത്ര തന്നെ പുരോഗമനം പറയുമ്പോഴും മിശ്രയും ആയി മുറിയടച്ചിരുന്നു രാത്രി മുഴുവന്‍ സംസാരിക്കുന്ന ജോനാഥന്‍ സാറയെ വല്ലാതെ അലോസരപ്പെടുത്തുന്നു എന്നത് അവരുടെ റൂമിലേക്കുള്ള വെളിച്ചത്തിലേയ്ക്കു ഇടയ്ക്കിടെ നോക്കി പുലരും വരെ വായിക്കുന്നു എന്ന ഭാവത്തില്‍ ഇരിക്കുന്ന സാറയിലും  പുലര്‍ച്ചെ പ്രഭാതഭക്ഷണത്തിന് ഇരിക്കുമ്പോള്‍ ഉള്ള ജോനാഥനെ അവള്‍ വിട്ടുകൊടുക്കില്ല ആര്‍ക്കും എന്ന സൂചനാ സംഭാക്ഷണവും വ്യെക്തമാക്കുന്നു . ഇനി നോവലിലെ മറ്റൊരു കഥയും തലക്കെട്ടിനു ചേര്‍ന്ന് വായിക്കേണ്ടത് എന്ന് സാറ വ്യക്തമാക്കുകയും ചെയ്യുന്ന വിഷയത്തിലേക്ക് വരാം . മേരി എന്ന ചേച്ചിയുടെ കന്യകാ ഗര്‍ഭം നേരത്തെ പറഞ്ഞു കഴിഞ്ഞതാണല്ലോ . പിയേത്ത എന്ന വാക്ക് സൂചിപ്പിക്കുന്നത് യേശു കൃസ്തുവിനെ അന്ത്യ കര്‍മ്മങ്ങള്‍ക്കായി എടുക്കും മുന്നേ കന്യാമറിയം തന്റെ മടിയില്‍ കിടത്തിയ സന്ദര്‍ഭത്തെ പല കലാകാരന്മാരും വരയ്ക്കുകയും ശില്‍പം ആക്കുകയും ചെയ്തിട്ടുണ്ട് . ഇതില്‍ മൈക്കലാഞ്ചയുടെ ശില്‍പം ആണ് ഇന്ന് പ്രശസ്തമായ ഒന്ന്. ഇതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ പരാമര്‍ശിക്കുന്നില്ല . പക്ഷെ ഈ ചിത്രം പ്രതിനിധാനം ചെയ്യുന്ന ഈ പേര് ഇതില്‍ എവിടെയാണ് ചിത്രീകരിക്കപ്പെടുന്നത് എന്ന് നോക്കാം . മേരി എന്ന കന്യകയായ മാതാവ് മരിച്ചു പോകുകയും അവളുടെ കുട്ടി ഏതോ ആരുടെയോ കുട്ടിയായി വളരുകയും ചെയ്യുന്നു . സാറ കാലാന്തരത്തില്‍ ഒരു റെയില്‍വെ സ്റ്റേഷനില്‍ വച്ച് ഒരു കുട്ടിയില്‍ നിന്നും ഭക്ഷണം തട്ടിപ്പറിച്ചു ഓടിയ യുവാവിനെ പോലീസ് തല്ലിചതയ്ക്കുമ്പോള്‍ അവനെ രക്ഷപ്പെടുത്തുകയും അവന്‍ മിഖായേല്‍ എന്ന തന്റെ സഹോദരന്‍ ആണെന്ന് തിരിച്ചറിയുകയും അവനെ തിരികെ കൊണ്ട് വരുകയും ചെയ്യുന്നു . ജോനാഥന്‍ തനിക്കൊരു ചിത്രം വരയ്ക്കാന്‍ കഴിയാതെ സംഘര്‍ഷത്തില്‍ ഇരിക്കുമ്പോള്‍ സാറ മിഖായേലിനെ താന്‍ തുന്നിയ മേലങ്കി പുതപ്പിച്ചു മടിയില്‍ കിടത്തി ഉറക്കുകയും അത് കണ്ട ജോനാഥന്‍ പിയേത്തയേ ഓര്‍മ്മിച്ചുകൊണ്ട് ചിത്ര നിര്‍മ്മാണത്തിലേക്ക് തിരിയുകയും ചെയ്യുന്നു .
ഈ നോവലില്‍ കല്‍ക്കട്ടയിലെ ചുവന്ന തെരുവുകളെ കുറിച്ചുള്ള വിവരങ്ങള്‍ തരുന്നുണ്ട് . അവിടേക്ക് രണ്ടു വട്ടം സാറ പോകുന്നുണ്ട് ഒരിക്കല്‍ ജോനാതനും ഒരുമിച്ചു സോനാഗച്ചിയിലും പിന്നൊരിക്കല്‍ കാളിഘട്ടില്‍ ജയശ്രീ മിശ്രയും ഒരുമിച്ചും. ഒരു വേശ്യാത്തെരുവില്‍ കൂടി നടക്കുകയും അതോടൊപ്പം അവിടെയെങ്ങും കാണുന്ന പുരുഷന്മാര്‍ തനിക്കു വിലയിടുന്നത് കണ്ടു പുരുഷന്റെ കാമാസക്തിയെയും സ്ത്രീയോടുള്ള സമീപനത്തെയും വിമര്‍ശിക്കുകയും ചെയ്യുന്നത് എത്ര കണ്ടു അനുകൂലമായ ഒരു പ്രതികരണം ആണെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ് . ജോനാഥന്‍ മനുഷ്യരെ തിരയുന്നത് അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ യഥാര്‍ത്ഥ മനുഷ്യര്‍ ഉള്ളത് കാളീഘട്ടിലും സോനാഗച്ചിയിലും ഉള്ള സ്ത്രീകള്‍ക്കിടയില്‍ മാത്രമാണ് എന്നാണ് .   
സമൂഹത്തിലെ സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാകുന്ന സമത്വം ഇല്ലായ്മയിലും അവള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്കും എതിരെ വളരെ രൂക്ഷമായി പ്രതികരിക്കാന്‍ ഉള്ള ഒരു ശ്രമം , അഭിവാഞ്ച എഴുത്തുകാരി നോവലിലില്‍ ഉടനീളം ഉപയോഗിക്കുന്നുണ്ട് . പ്രതികരണം ആവശ്യമായ ഇടങ്ങളില്‍ ഘോരഘോരം തന്റെ ആത്മഗതങ്ങളില്‍ ചിലപ്പോള്‍ വാക്കുകളില്‍ പ്രയോഗിക്കുന്ന അത്തരം രോക്ഷ പ്രകടനങ്ങള്‍ അല്ലാതെ നോവല്‍ വലുതായി ഒന്നും തന്നെ വായനക്കാരോടു പങ്കു വയ്ക്കുന്നില്ല . ആദ്യ പകുതിക്ക് ശേഷം സാറ തന്നെ കുറിച്ച് പറയുന്നിടത്ത് ഒരു നോവല്‍ ഒളിച്ചു കിടക്കുന്നുണ്ട് . പ്രത്യേകിച്ചും മേരിയുടെ കന്യകാഗര്‍ഭം . തീര്‍ച്ചയായും ആ വിഷയത്തെ ഒന്നൂതിത്തെളിച്ചു എടുക്കുകയാണെങ്കില്‍ ഒരു നല്ല നോവല്‍ സമ്മാനിക്കാന്‍ കഴിഞ്ഞേക്കും കാരണം ആ ഭാഗത്തെ അവതരിപ്പിച്ചിരിക്കുന്ന ശൈലിയും അത് സഞ്ചരിച്ച വഴികളും ആദ്യപകുതിയില്‍ നിന്നും വളരെ വേറിട്ടതും മനോഹരവും ആയിരുന്നു എന്ന് കാണാം . 
ഹണി ഭാസ്കര്‍ പുതിയ തലമുറയുടെ മുന്നില്‍ ഒരു കഴിവുള്ള എഴുത്തുകാരിയാണ് . തന്റെ കഴിവിനെ പക്ഷെ വേണ്ട രീതിയില്‍ ഈ എഴുത്തുകാരി ഉപയോഗിക്കുന്നുണ്ടോ എന്നതാണ് ചിന്തനീയം . തന്റെ അലസതയില്‍ നിന്നും പുറത്തു കടക്കുകയും വിഷയത്തെ കാലികമായും ഗൌരവപരമായും സമീപിക്കുകയും എഴുത്തിനെ ശക്തമായി ഉപയോഗിക്കുകയും ചെയ്യുകയാണെങ്കില്‍ നാളെകളെ അടയാളപ്പെടുത്താന്‍ ഈ യുവരക്തത്തിന് കഴിയും . ആശംസകളോടെ ബി. ജി. എന്‍ വര്‍ക്കല

1 comment:

  1. ഹണി ഭാസ്കറിന്‍റെ പിയേത്ത എന്ന നോവലിന്‍റെ അവലോകനം നന്നായി
    ആശംസകള്‍

    ReplyDelete