ഡിസംബര്‍ (കഥകള്‍ )
പെരുമ്പടവം ശ്രീധരന്‍
സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ്
വില 75 രൂപ
"ഒന്നും ഓര്‍ക്കാതിരിക്കുകയാണ് നല്ലത് . മനസമാധാനത്തിന് നേതാക്കന്മാര്‍ നശിപ്പിച്ച ഒരു രാജ്യത്തിന്റെ ചരിത്രമായിട്ടായിരിക്കും ഭാവി തലമുറ ഈ രാജ്യത്തിന്റെ ചരിത്രം പഠിക്കുന്നത് " (മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയ കഥ ... പെരുമ്പടവം.)
കഥകള്‍ വായിക്കുക കാലത്തിനൊപ്പം ആകുന്നതു ഒരു രസമാണ് . പലപ്പോഴും കാലത്തിനൊപ്പമോ കാലത്തിനതീതമോ കാലത്തിനു പിറകിലോ ആകും കഥകള്‍ സംഭവിക്കുന്നത് . എഴുത്തുകാരന്റെ വൈഭവമാണ് വായനക്കാരെ ആ കാലത്തിന്റെ പകിടകളില്‍ വിഭ്രമിപ്പിക്കുക എന്നത് . ചരിത്രങ്ങളെ , ദുരന്തങ്ങളെ , ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന രേഖകള്‍ ആണ് പലപ്പോഴും കഥകളും കവിതകളും നോവലുകളും . പൊതുവായ വിഷയങ്ങളില്‍ നിന്നും അകന്നു മാറി നില്‍ക്കുന്ന അത്തരം എഴുത്തുകള്‍ കാലത്തിനെ അടയാളപ്പെടുത്തുന്നതിനൊപ്പം നാം ജീവിക്കുന്ന പരിസരങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട് ചിലതൊക്കെ.
ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യകത മലയാളിക്ക് ഇല്ലാത്ത പ്രതിഭയാണ് "ഒരു സങ്കീര്‍ത്തനം പോലെ"യുടെ അധികാരിയായ ശ്രീ പെരുമ്പടവം ശ്രീധരന്‍ . നോവല്‍ , കഥ , തിരക്കഥ തുടങ്ങി അദ്ദേഹം കൈ വയ്ക്കാത്തതും വിജയിക്കാത്തതും ആയ മേഖലകളും കൈവരിക്കാത്ത അവാര്‍ഡുകളും ഇല്ല എന്ന് തന്നെ പറയാം . കേരള സാഹിത്യ അക്കാദമി തലപ്പത്ത് വരെ എത്തി നിന്ന ആ ജീവിതം പുതിയ കഥകളുടെ ,നോവലുകളുടെ പണിപ്പുരയില്‍ ആണ് ഇന്ന് എന്നതു മലയാളിക്ക് ആശക്ക് വക നല്‍കുന്നു . ശ്രീ പെരുമ്പടവത്തിന്റെ "ഡിസംബര്‍" എന്ന കഥകളുടെ സമാഹാരം പതിമൂന്നു കഥകള്‍ അടങ്ങിയതാണ് . ഇവയെല്ലാം തന്നെ സമകാലീനമാഗസിനുകളുടെ വാര്ഷികങ്ങളിലും മറ്റും പ്രസിദ്ധീകരിച്ച കഥകള്‍ ആണ് .
ഈ പുസ്തകത്തിന്റെ പ്രത്യേകത എന്താണ് എന്ന് പരിശോധിച്ചാല്‍ ഇതില്‍ ഒരു കഥ വായിക്കുന്നതും മുഴുവന്‍ കഥ വായിക്കുന്നതും ഒന്നുപോലെ തന്നെ ആണ് എന്നതാണ് , തുടക്കത്തിലെ ശീര്‍ഷക കഥയായ "ഡിസംബര്‍" മുതല്‍ ഒടുക്കത്തെ "ഒരു കീറു ആകാശം" വരെ പങ്കു വയ്ക്കുന്നത് (ഇടയില്‍ ഒന്ന് രണ്ടു കഥകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ) ഗുജറാത്ത് കലാപം തന്നെയാണ് . കഥകളിലെല്ലാം നായകര്‍ പലതാണ് . പരിസരങ്ങള്‍ പലതാണ് . കഥയുടെ വിഷയങ്ങള്‍ പലതാണ് . പക്ഷെ എല്ലാ കഥയും പങ്കു വയ്ക്കുന്നത് 'ഓര്‍ക്കാപ്പുറത്ത് പൊട്ടിപ്പുറപ്പെട്ട ലഹളയാണ്. കത്തിക്കരിയുന്ന ശവങ്ങള്‍ ആണ് . ജീവന് വേണ്ടി തൊഴുതു നില്‍ക്കുന്ന കരങ്ങള്‍ ആണ് , ഗര്‍ഭിണികളുടെ വയര്‍ കീറി കുഞ്ഞുങ്ങളെ ശൂലത്തുമ്പില്‍ കൊരുക്കുന്ന കാഴ്ചകള്‍ ആണ് , പിച്ചി ചീന്തിയെറിയപ്പെടുന്ന സ്ത്രീകള്‍ ആണ് .'
മറക്കാതെ നാം എന്നും ഓര്‍മ്മിക്കേണ്ട കറുത്ത ദിനങ്ങളെ കോറിയിട്ട് എഴുത്തുകാരന്‍ ചരിത്രങ്ങളെ അത്ര വേഗം താമസ്കരിക്കുവാന്‍ വേണ്ടിയുള്ളതല്ല എന്ന സന്ദേശം നല്‍കുന്നു . ജീവിതത്തിന്റെ കറുത്ത പ്രതലങ്ങളെ പറയുമ്പോഴും പെരുമ്പടവത്തിന്റെ വാക്കുകളിലെ മാര്‍ദ്ദവതയും ഭാഷയിലെ ലാളിത്യവും പുതിയ കാല എഴുത്തുകാര്‍ ശ്രദ്ധിക്കേണ്ടതുണ്ട് . നാട്ടിന്‍പുറത്തുകാരനായ ഒരു മനുഷ്യന്റെ , നിസംഗനായ ഒരു മനുഷ്യന്റെ വേദനകളുടെയും വികാരങ്ങളുടെയും ബഹിര്‍സ്ഫുരണങ്ങള്‍ ആകുന്ന മാത്രയിലും അതിനെ കയ്യടക്കത്തോടെ പറഞ്ഞു നിര്‍ത്തുന്നു കഥാകാരന്‍ .
തീര്‍ച്ചയായും വായിച്ചു പോകുവാന്‍ ഒട്ടും തന്നെ വിരസതയൊ , വിഷമമോ ഇല്ലാത്തതും എന്നാല്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ അല്ലാതെ വായിച്ചു നിര്‍ത്താന്‍ കഴിയാത്തതുമായ ഈ കഥാസമാഹാരം വായനയില്‍ ശരിയായ ഇടം നേടുന്നു എന്ന് വായന തെളിയിക്കുന്നു . കഥരചനകളെ ഗൌരവപരമായി സമീപിക്കുന്നവര്‍ക്ക് വായിച്ചു നോക്കാവുന്ന ഒരു ശൈലിയാണ് ശ്രീ പെരുമ്പടവത്തിന്റെത് .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല
No comments:
Post a Comment