Monday, December 5, 2016

നിദ്രയകന്ന രാവുകൾ .


നിലാവു വഴിപിരിഞ്ഞു പോയ
രാവുകളിലെപ്പോഴോ
നീ വിരുന്നു വന്നതറിയുന്നു ഞാൻ!
പിടയുന്ന മിഴികളിൽ
രക്തച്ഛവി പടർന്നു കിടപ്പതും
കപോലങ്ങൾ വിളർത്തു
തുടിച്ചു കാണപ്പെട്ടതും
ചുണ്ടുകൾ വിറ പൂണ്ടിരുന്നതും
നാസികാഗ്രം വിയർപ്പിൻ
മുത്തുകൾ അലങ്കരിച്ചിരുന്നതും
ഞാനറിഞ്ഞിരുന്നു.
വസ്ത്രാഞ്ചലം ഉലയാതെ
പാദസരങ്ങൾ കിലുങ്ങാതെ
കുപ്പിവളകൾ തെല്ലും അനങ്ങാതെ
നീ എന്നെ നോക്കി നിന്നിരുന്നു.
കരിനാഗങ്ങൾ പോലുള്ള
നിൻ വാർമുടിക്കെട്ടഴിഞ്ഞു
നമ്മുടെ മുഖം മറയ്ക്കുന്നതും
നീയെന്റെ നെറ്റിയിൽ മുത്തമിടുന്നതും
കനവുകണ്ടു ഞാൻ നിദ്രയിൽ  മുഴുകി.
നീയോ, നിശ്ചലം എന്നെ നോക്കി
കണ്ണുനീർ പൊഴിക്കുകയും
നിശബ്ദം അകന്നു പോകുകയും ചെയ്തു.
പിന്നീടൊരിക്കലും എനിക്കുറങ്ങാനായിട്ടില്ല.
....... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment