Wednesday, December 7, 2016

ദേര .................കെ എം അബ്ബാസ്

ദേര
(നോവൽ)
കെ എം അബ്ബാസ്
ഗ്രീൻ ബുക്ക്സ്
വില: 60 രൂപ

നഗരങ്ങളുടെ ചരിത്രം നാഗരികതയുടെ നേർചിത്രങ്ങൾ ആകുന്നു . നാം ജീവിക്കുന്ന കാലത്തെയും ദേശത്തേയും അടയാളപ്പെടുത്തുക എന്നതു സാഹസികമായ ഒരു സംഗതി ആണ് . അതിനെ വിജയിപ്പിക്കുക എന്നത് കൂടെ നടക്കുകയും സാക്ഷിയാകുകയും ചെയ്യുക മാത്രമല്ല അത് വായനക്കാരിൽ എത്തിക്കുക എന്ന കർമ്മം പൂർണ്ണം ആകുമ്പോൾ മാത്രമാണ് . കുടിയേറ്റങ്ങൾ ആണ് നാഗരികതയുടെ ആണിക്കല്ലുകൾ . കുടിയേറ്റസംസ്കാരം എന്നത് പല സംസ്കാരത്തിന്റെ ഒരുമയാണ് . സാഹിത്യത്തിലെ കുടിയേറ്റസംസ്കാരത്തെ ചരിത്രം പല രീതിയിൽ മഹാനഗരങ്ങളുടെ ചിത്രവത്കരണത്തിലൂടെ വായനക്കാരിൽ എത്തിച്ചിട്ടുണ്ട് . പലപ്പോഴും യാത്രക്കുറിപ്പുകളിൽ മാത്രമാണ് നഗരങ്ങളുടെ ചരിത്രം നാം അറിയുന്നത്. അതല്ലങ്കിൽ ചരിത്രത്തിന്റെ ആഖ്യായികകളിൽ നമുക്ക് നഗരങ്ങളെ വായിച്ചെടുക്കാൻ കഴിയും എങ്കിൽ തന്നെയും താൻ ജീവിക്കുന്ന ചുറ്റുപാടുകളുടെ മാറ്റങ്ങളെ തന്മയത്തത്തോടെ അവതരിപ്പിച്ചുകൊണ്ട് കാലത്തിനൊപ്പം സഞ്ചരിക്കുക എന്നത് എഴുത്തുകാരന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് .
കെ എം അബ്ബാസ് എന്ന എഴുത്തുകാരൻ പ്രവാസത്തിലെ അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകൻ ആണ് . മലയാള സാഹിത്യത്തിൽ ഒരു പിടി പുസ്തകങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായുണ്ട് . ഇവയിൽ നിന്നും വായനക്ക് തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ "ദേര" എന്ന നോവൽ ആണ് . ഈ നോവൽ പ്രതിനിധാനം ചെയ്യുന്നത് തലക്കെട്ട് സൂചിപ്പിക്കും പോലെ ദേര എന്ന നഗരത്തിന്റെ വളർച്ചയുടേത് ആണ് . യു ഏ ഇ യിലെ ഒരു കടൽ നഗരമായ ദേരയെ വെറും മണൽ സമതലത്തിൽ നിന്നും ഒരു വശത്തു പത്തേമാരിയും മറു വശത്തു കണ്ണാടി മാളികയും ചിത്രീകരിച്ചുകൊണ്ടു കഥാകാരൻ തുടങ്ങി വയ്ക്കുന്നു . മണൽപ്പരപ്പിൽ ഉയർന്നു പൊങ്ങുന്ന അംബരചുംബികൾക്കൊപ്പം താഴെ മണ്ണിൽ പാദമുറപ്പിക്കാൻ വ്യഗ്രത കാണിക്കുന്ന മനുഷ്യന്റെ കൂടി കാഴ്ചകൾ വായനക്കാരന് ഇതിൽ കാണാം . പത്തേമാരികളിൽ വന്നവരിൽ നിന്നും തുടങ്ങി ആകാശ നൗകയിൽ തിരികെ പോകുന്നവരുടെ കാഴ്ചകൾക്കിടയിൽ ഇവിടെ മരിച്ചു പോകുന്ന സ്വപ്നങ്ങളെ , ഇവിടെ പച്ചപിടിച്ച ജീവിതങ്ങളെ , ജീവിതം ഉത്സവമാക്കിയവരെക്കു റിച്ച് , ജീവിതം എറിഞ്ഞുടച്ചവരെക്കു റിച്ചും , ലേബർ ക്യാമ്പുകൾ , കുടിയേറ്റക്കാരായ വിവിധ ദേശക്കാരെക്കു റിച്ച് , മലയാളിയെക്കു റിച്ച് മലയാളിയുടെ കാരുണ്യത്തിന്റെ , സഹായ മനസ്ഥിതിയെക്കുറിച്ചു അവനിലെ ആർത്തിയെക്കു റിച്ച് അവനു നഷ്ടമാകുന്ന കുടുംബ ജീവിതത്തെക്കുറിച്ച് ഒക്കെ അബ്ബാസിന്റെ തൂലിക വാചാലമാകുന്നു ദേര എന്ന പുസ്തകത്തിൽ . ഇതിലെ പലരെയും പ്രവാസത്തിലെ പലർക്കും പരിചയമായിരിക്കുകയോ കേട്ടും കണ്ടും വായിച്ചും അറിഞ്ഞിട്ടുള്ളതോ ഒക്കെ ആണ് എന്നത് ആണ് ദേര മുന്നോട്ടു വയ്ക്കുന്ന വിജയം എന്ന് പറയാം . പറയുവാൻ ഒരുപാട് ഉള്ളപ്പോഴും പലപ്പോഴും വാക്കുകളിൽ പിശുക്കിയും സൂചകങ്ങൾ മാത്രം കൊടുത്തും ഒഴിവാക്കിയും കഥാപാത്രങ്ങളെ അലയാൻ വിട്ടു എന്നൊരു പോരായ്മ ഈ ചെറിയ പുസ്തകം വഹിക്കുന്നുണ്ട്. 'ഞാൻ' എന്നൊരു കഥാപാത്രമായി വായനക്കാരനെ കാഴ്ചകളിൽ നിന്നും കാഴ്ചകളിലേക്ക് കൊണ്ട് പോകാൻ ഉള്ള ശ്രമം ആണ് രചനയിൽ അബ്ബാസ് സ്വീകരിച്ചിരിക്കുന്നത് എന്ന് കാണാം . ഒരുപക്ഷെ ഇതൊരു അപൂർണ്ണ രചനയായി നിൽക്കുന്നത് ഇതിൽ ദേരയെ വരച്ചിടുമ്പോൾ പലതും ബോധപൂർവ്വം ഒഴിവാക്കിക്കിയതോ വിശദമായ ഒരു ചരിത്ര പഠനം ചെയ്യാതിരിക്കുകയോ ചെയ്തതാകാം . ആ വിഷയങ്ങൾ ഒന്ന് മനസ്സ് വച്ചിരുന്നു എങ്കിൽ പ്രവാസത്തിലെ നല്ല രചനകളുടെ കൂട്ടത്തിൽ കാലം ഓർത്ത് വയ്ക്കുന്ന ഒരു ഉത്തമ കൃതിയായേനെ ദേര എന്ന് വായന തോന്നിപ്പിച്ചു. കൂടുതൽ രചനകൾ ഇനിയും മലയാളിക്ക് ലഭിക്കട്ടെ ഈ കലാകാരനിൽ നിന്നും . ആശംസകളോടെ ബി.ജി. എൻ വർക്കല

1 comment: