Sunday, January 12, 2014

ലൈവാണ് ജീവിതം

ഉച്ചസൂര്യന്റെ ക്രൂരതപത്തില്‍
രക്തമൊഴുകി കിടക്കുന്നൊരു പെണ്ണ്
കൂടി നില്‍ക്കും കൌമാരത്തിന്‍
ക്യാമറക്കണ്ണില്‍ വെളിവാകുന്ന ദൈന്യത.

ചുറ്റും ചിതറിക്കിടക്കും
ചോര മുത്തമിട്ട പച്ചക്കറികളില്‍
മൂക്കില്‍ വിരല്‍ വച്ച്
കഷ്ടം പറയുന്നു മൂത്ത് നരച്ച
കാരണവ ജന്മങ്ങള്‍

തൊട്ടപ്പുറത്ത്
വണ്ടിയൊതുക്കി തന്റെയാരുമല്ലെന്നു
ഉറപ്പിച്ചൊരു മാന്യന്‍
കണ്ണാടി പൊക്കി
യാത്രയാകുന്നു ചുണ്ടിലെരിയും
ചൂളംവിളിയുമായ് .

വിട്ടുപോകുന്ന
ജീവനില്‍ നിന്നൊരു
നേര്‍ത്ത ഞരക്കവും
പിടച്ചിലും നോക്കി
സാംസ്കാരശൂന്യത ഘോഷിക്കും
സാമൂഹ്യ സേവകന്‍
രോക്ഷാകുലനവന്‍ .

ചൂട് മാറാതെ
ഷെയര്‍ ചെയ്തു
ലൈക് നേടി
സ്റ്റാര്‍വാല്യൂ തേടുന്നു
കീബോര്‍ഡ് സിംഹങ്ങള്‍
രോക്ഷത്താല്‍ ഗര്‍ജ്ജിക്കുന്നു
അസൂയയാല്‍ കൂമ്പുന്നു
ഒരു ലൈവ് കൊടുക്കാന്‍
അവസരം ഇല്ലാതെ .
--------------ബി ജി എൻ


2 comments: