കോമാളികളുടെ ലോകം.
......................................
ഇരുട്ട്
പകൽ
വെളിച്ചം
ചുറ്റും കടൽ
നീലാകാശം
വെറുപ്പിന്റെ ചാരനിറം
ഇഷ്ടത്തിന്റെ പീതനിറം
ഇതല്ലല്ലോ....
എനിക്കിഷ്ടം
പ്രണയത്തിന്റെ ചുവന്ന നിറം.
ഗുൽമോഹറിന്റെ
കണ്ണഞ്ചിക്കുന്ന ചുവപ്പ്
ഇല്ലയെന്നാണ് നീ പറയുന്നതെങ്കിൽ
ശരിക്കും
എനിക്കിഷ്ടം
മരണത്തിന്റെ നിറം മാത്രമാണ്.
ഊത നിറമാർന്ന
പിംഗളകേശിനിയെ
മതിയാവോളം പ്രണയിക്കാം ഞാൻ.
അതേ....
വയ്യാഞ്ഞിട്ടു തന്നെയാ.
നീയില്ലാതെ ഒട്ടും വയ്യാത്തതിനാൽ
പ്രണയമില്ലാതെ ജീവിതം വിരസമായതിനാൽ
പ്രണയിച്ചു തുടങ്ങട്ടെ ഞാൻ.
നിനക്ക് പകരം
നിന്നെക്കാളും സുന്ദരിയായ
അവളെ
മരണത്തെ .
സ്വപ്നം കണ്ടു തുടങ്ങട്ടെ ഞാൻ .!
..... ബിജു.ജി.നാഥ് വർക്കല
എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Tuesday, April 30, 2019
കോമാളികളുടെ ലോകം.
Monday, April 29, 2019
അമ്മ കുഞ്ഞിനെ കൊന്നു
Sunday, April 28, 2019
അപരിചിതമായ ലോകം
അപരിചിതമായ ലോകം
........................................
അയഥാർത്ഥമായവയെയും
താത്പ്പര്യരഹിതമായവയെയും
പടിക്കു പുറത്തു നിർത്തിയിട്ടാകണം
ഹൃദയമതിന്റെ വാതിൽ തഴുതിട്ടത്.
മുട്ടി വിളിക്കാനാഞ്ഞതാണ്.
പിന്നെയുമോർത്തു.
എന്തിനാകും
നിലാവിന്റെ കുളിരിനെ
ഒറ്റക്ക് കൈക്കലാക്കാൻ മോഹിക്കുന്നത്.
പ്രപഞ്ചമേ,
നീ കൊളുത്തുന്ന വെളിച്ചം
ഒരു തുണ്ടു പോലുമെനിക്കുള്ളതല്ലല്ലോ.
അത്യഗാധമായ വേദനയിലും
ആഴമേറിയ ഇരുട്ടിലും
അലയുന്നതിന് വേണ്ടിയാകാം
ഏതോ ദിശാ സന്ധിയിൽ
അതു സംഭവിച്ചത്.
കണ്ണുനീർ ഗ്രന്ഥികളെ മൂടിക്കൊണ്ട്
ഇരുട്ട് ചാമരം വീശുന്നു.
കിഴക്കൻ ചക്രവാളത്തിൽ
ചുവപ്പ് നേരിയ രേഖ വരയുന്നു.
ഇനിയും തണുപ്പറിയാത്ത
ഗിരിനിരകളിൽ
കോടക്കാറ്റ് അലറിയടിക്കുന്നു.
ഇല്ല.
നിശാന്ധതയുടെ നരിച്ചീറുകൾ
മനസ്സു കീറി ചോര കുടിക്കുമ്പോൾ
ഇടറില്ല പാദങ്ങൾ എന്നാകണം
മനസ്സ് വെറുതെ പിറുപിറുക്കുന്നത്.
...... ബിജു. ജി.നാഥ് വർക്കല
Friday, April 26, 2019
ഇല്ല ഞാൻ പറയില്ല.
ഇല്ല ഞാൻ പറയില്ല
............................
ഞാൻ
ഒരിക്കലും പറയില്ല
നിന്റെ മുലകൾ എനിക്ക് പ്രിയമായിരുന്നെന്ന്.
നിന്റെ മുലഞെട്ടിനെ
അലങ്കരിച്ചിരുന്ന മറുക്
എനിക്ക് ഇഷ്ടമായിരുന്നെന്ന്.
നിന്റെ അടിവയറിലെ
വെളുത്ത പാടുകൾ
ഞാൻ ഇഷ്ടപ്പെട്ടിരുന്നുവെന്ന്.
നിന്റെ പെൺപൂവിന്റെ
ഇരുണ്ട നിറം എന്നെ മോഹിപ്പിച്ചു എന്ന്.
നിന്റെ ലാബിയ
എന്നിൽ കൊതിയുണർത്തുന്നുവെന്ന്.
നിന്റെ തുടകൾ
എന്നെ ഉത്തേജിപ്പിച്ചു എന്ന്.
നിന്നെ ഞാൻ
കാമിച്ചിരുന്നു എന്ന്...
ഇല്ല ,
ഞാനൊരിക്കലും
ആരോടും പറയില്ല
ഇപ്പോഴും
ഞാൻ നിന്നെ പ്രണയിക്കുന്നുവെന്ന്..
... ബിജു, ജി.നാഥ് വർക്കല
Thursday, April 25, 2019
നമുക്ക് പ്രണയിക്കാം.
നമുക്ക് പ്രണയിക്കാം.
...............................
നേർക്കു കണ്ടാൽ
മിണ്ടാതിരിക്കാം.
മിണ്ടുമ്പോൾ
കവിതയെക്കുറിച്ചും,
നീ പറന്നു നടക്കുമാ
ഉദ്യാനത്തെക്കുറിച്ചും
വാതോരാതെ പറയാം.
ഉള്ളം പുറത്തറിയുമെന്ന
ആദ്യ നിമിഷത്തിൽ തന്നെ
മൗനം വാരിയണിയാം.
നമുക്ക് ചിരിക്കാം.
പരസ്പരം വിശേഷങ്ങളും
സുഖവിവരങ്ങളും
ആകാംഷയോടെ തിരയാം.
ചുറ്റിലും പറക്കുന്ന
ശലഭങ്ങളെക്കുറിച്ചും
വണ്ടുകളെക്കുറിച്ചും
കുത്തുവാക്കുകൾ പറയാം.
ദേഷ്യം കൊണ്ടു കൂർത്ത
നാസികത്തുമ്പു കണ്ടാനന്ദിക്കാം.
ഉമ്മകൾ ചോദിച്ചു
ശുണ്ഠി പിടിപ്പിക്കാം.
തരില്ലെന്ന വാശിയും
തായെന്ന നിർബന്ധവും
അതിരുകൾ തൊടുമ്പോൾ
പിന്നെ കാണാമെന്നു പറയാം.
സങ്കടം വരുന്നെന്ന
ഒറ്റ വാക്യത്തോടെ
ഉള്ളിൽ കരഞ്ഞുകൊണ്ടു
തിരിഞ്ഞു നടക്കാം.
നാളെ, വീണ്ടും
എല്ലാമൊന്നു കൂടി ആവർത്തിക്കാം.
..... ബിജു.ജി.നാഥ് വർക്കല
Tuesday, April 23, 2019
പറയാതെ എങ്ങനെ ...?
പറയാതെ എങ്ങനെ ....?
.........................................
നിന്റെ വിഷാദ തന്ത്രികളിൽ
ഞാൻ മീട്ടുന്നു പ്രണയ രാഗം.
നിന്റെ ഏകാന്ത നിമിഷങ്ങളെ
ഞാൻ തൊട്ടുണർത്തുന്നു വീണ്ടും.
നീ ... എന്റെ ജീവൻ
നി ... എന്റെ വഴിയും.
നീ നടക്കും വഴികളിലെങ്ങുമേ
ഞാനില്ല നീ ഭയക്കരുതേ
നിന്നെ ഞാനെന്നും
ചുവന്നതീ ഹൃദയത്തിൽ
ഭയമരുതേ തെല്ലുമേ .
തുടരുക യാത്ര നീ
പ്രിയതമ മടിയാതെ
വിട തരു നീയെനിക്ക്.
ഈ സന്ധ്യയിൽ
വിട തരൂ നീയെനിക്ക്
.... ബിജു.ജി.നാഥ് വർക്ക
Sunday, April 21, 2019
ഓര്‍മ്മകള്‍ മരിക്കുന്നില്ല.
Friday, April 19, 2019
ഉന്മാദകേളികള്‍....................... ടി.കെ. ഉണ്ണി
ഭയം ഒരടിവസ്ത്രമാകരുത്
Thursday, April 18, 2019
അവ്യക്ത മനസ്സുകൾ
അവ്യക്ത മനസ്സുകൾ .
..................................
ഇനിയുമുണ്ടെൻ മനസ്സിന്റെ ചില്ലയിൽ,
പറന്നു പോകുവാൻ കിളികളെന്നാകിലും
പറയുവാനെനിക്കിനിയുമാകുന്നില്ല
തളർന്നു പോയൊരു മനമാണെനിക്കെന്ന്.
കടന്നുപോയൊരാ കാലത്തിലെങ്ങുമേ
കനവ് പോലൊരു ജീവിതം കണ്ടില്ല.
ഇടറിയിടറി കടന്നു ഞാൻ പോകുന്ന
ഇടവഴികളിൽ വിഷക്കല്ലുകൾ കണ്ടില്ല.
എവിടെയും ചിരിതൂകുന്ന പൂവുകൾ
വിടരും ഉദ്യാനക്കാഴ്ചകൾ എങ്കിലും
ഒരു നൊടിപോലും നിന്നതല്ലെങ്ങുമേ
ഒരു സുമം നുള്ളി വാസനിച്ചീടുവാൻ.
മിഴികൾ നല്കിയ കാഴ്‌ചകൾക്കപ്പുറം
മനമതിന്നെന്തുണ്ട് സന്തോഷമെങ്കിലും.
പലവുരുവെന്നെ കബളിപ്പിച്ചു പോയതാം
നിറങ്ങൾക്കുണ്ടാകാം ഗൂഢമാം ചിന്തകൾ.
...... ബിജു.ജി.നാഥ് വർക്കല
Monday, April 15, 2019
പൂത്തു പോയില്ലേ ഞാൻ ..
പൂത്തു പോയില്ലേ ഞാൻ
.......................................
പൂത്തു പോയില്ലേ ഞാൻ
നീയെന്നെ കാത്തിരിക്കുമെന്നതോർത്ത്
പൂത്തു പോയില്ലേ ഞാൻ .
പൂക്കാതിരിക്കുന്നതെങ്ങനെ
നീയെന്റെ ഹൃത്തിൽ നിറഞ്ഞിരിക്കുമ്പോൾ
പൂത്തു പോയില്ലേ ഞാൻ .
വേനലാണെന്നറിയുന്നു എങ്കിലും
വാടാതെ നിന്നിടാം ഞാൻ
നീ വരും വീഥിയിൽ
ഏറെ പ്രതീക്ഷയിൽ
വാടാതെ നിന്നിടാം ഞാൻ
ഇതൾ കൊഴിയാതെ കാത്തിടാം ഞാൻ.
പൂത്തു പോയില്ലേ ഞാൻ .
കാറ്റടിക്കുന്നുണ്ട് ശക്തം,
ചുറ്റിലും കാട്ടുതീയെരിയുന്നുവല്ലോ.
കീഴടങ്ങീടുവാൻ മനമില്ല തെല്ലുമേ
നീ വന്നണയും വരേക്കും
പൂത്തു പോയില്ലേ ഞാൻ .
എത്ര കാലം കഴിഞ്ഞാലും
ഋതുക്കൾ എത്ര കടന്നു പോയാലും
വീഴാതെ ഞാൻ നില്ക്കും
വാഗ്ദാനമാണത്
പൂത്തു പോയില്ലേ ഞാൻ.
...... ബി.ജി.എൻ വർക്കല
ഭൂമിയും സൂര്യനും
ഭൂമിയും സൂര്യനും
.........................
പരസ്പരം കണ്ണുപൊത്തിക്കളിക്കും
രണ്ടു കള്ളങ്ങളാണവർ.
രണ്ടു പേർക്കുമറിയാം തമ്മിലിഷ്ടമാണെന്ന്
കാണാതെ കഴിയില്ലൊരു നാളുമെന്ന്
മിണ്ടാൻ കൊതിയാണെന്ന്
എങ്കിലും മുഖം വീർപ്പിച്ച്
കണ്ടിട്ടും കണ്ടില്ലെന്ന മട്ടിൽ
മിണ്ടിയിട്ടും നിന്നോടല്ലന്ന പോലെ
അഭിനയിക്കുകയാണവർ.
വെയിൽ കൊണ്ടു പൊള്ളിച്ചും
മഴ കൊണ്ട് തണുപ്പിച്ചും
മറഞ്ഞു നിന്ന് മഞ്ഞിൽ പുതപ്പിച്ചും
സൂര്യൻ അപ്രമാദിത്വം കാട്ടുന്നു.
ക്ഷമയാൽ മൗനം പൂണ്ടും
പ്രതികരണം മറച്ചു പിടിച്ചും
സർവ്വം സഹയായി ഭാവിച്ചഭൂമിയോ?
പ്രണയത്തിന്റെ ചാന്ദ്ര വെളിച്ചത്തിലൂടെ
രാത്രികളിൽ മാത്രം രൂപമാറ്റം വരുന്ന
സൂര്യനെയെന്താകും ഭൂമി വെറുക്കാത്തത്?
ഒന്നും പറയാതെ
എല്ലാം അറിഞ്ഞു കൊണ്ട്
കീഴടങ്ങിയും
അടിമയല്ലെന്ന ഭാവം പുറമേ കാട്ടിയും
ഭൂമീ , നീയെന്തിനാ സൂര്യനെയിങ്ങനെ പ്രണയിക്കുന്നു?
..... ബിജു.ജി.നാഥ് വർക്കല
Sunday, April 14, 2019
മേല്‍ വിലാസം
Saturday, April 13, 2019
അങ്ങ് ദൂരെയൊരു കാട്ടില്‍.....
Friday, April 12, 2019
അച്ഛൻ പിറന്ന വീട് ......... വി. മധുസൂദനൻ നായർ
അച്ഛൻ പിറന്ന വീട് (കവിത)
വി.മധുസൂദനൻ നായർ
ഡി.സി.ബുക്സ്
വില: 175 രൂപ
വൃത്തവും അലങ്കാരങ്ങളും നിബന്ധനകളും രീതികളും ഒക്കെ ചേർന്ന് വളരെ ഭദ്രമായി കുറച്ചു പേർ കൈയ്യടക്കി വച്ചിരുന്ന കവിതയെ ഒരു കാലത്ത് സ്വായത്തമാക്കാനും ഭാഗഭാക്കാകാനും വേണ്ടി സംസ്കൃതം പഠിച്ചവരാണ് കവികൾ. വർണ്ണവ്യവസ്ഥ നിലനിന്ന കേരളവും സാംസ്കാരികമായ ഉന്നമനങ്ങളിൽ പൊതുവേ ഭാരതം പിന്തുടർന്ന ജാതിഭോഷ്ക് പിന്തുടർന്നു പോന്നിരുന്നു. അതിനാൽ തന്നെ ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന മഹാകവിക്കു പോലും കാലത്തിന്റെ അശ്വ വേഗതയിൽ ഊരും പേരും നഷ്ടമായത് നാം കാണുന്നു. കവിത ഒരു കാലത്ത് വരേണ്യതയുടെ കുത്തകയായിരുന്നു. ഉണ്ട് രമിച്ചുറങ്ങാനായി മാത്രം പിറവിയെടുത്തവർ എന്നു സ്വയം അടയാളപ്പെടുത്തിയ അവർ സമയം പോക്കാൻ വേണ്ടി രചിച്ചു കൂട്ടിയ മണിപ്രവാളങ്ങളും ദേവതാസ്തുതികളും പുരാണ കഥകളുടെ കാവ്യവത്കരണങ്ങളും രാജ സ്തുതി ( സമ്മാന ലഭ്യതയുടെ ആവശ്യകതയിലേക്ക്) യും കൊണ്ടു നിറഞ്ഞിരുന്നു. കൊട്ടാരക്കെട്ടുകളിലും ഇല്ലങ്ങളിലും തുള്ളിത്തുളുമ്പി രതി രസം പരത്തി കവിത ഒതുങ്ങി നിന്നു കുല സ്ത്രീയെപ്പോലെ. കാലത്തിന്റെ നീതി എന്നത് മാറ്റം അനിവാര്യമെന്ന നിലപാടാണ്. അതിനാൽ തന്നെ കവിത ഇല്ലം വിട്ടിറങ്ങുകയും പാടവരമ്പിൽ തേക്കുപാട്ടിന്റെ ഈണത്തിനൊത്തും ഷാപ്പുകളിൽ കള്ളിന്റെ മണമാർന്നും ഉതിർന്നു വീഴാൻ തുടങ്ങി. തേവിടിശ്ശി പ്പുരകളിലെ ഭാഷ എന്നു പരിഗണിച്ചു രഹസ്യമായാഘോഷിച്ച പദസമ്പത്തുകൾ ആധുനിക കവിതകളുടെ അപ്രമാദിത്തത്തിന്റെ നേർക്കാഴ്ചകൾ ആയി മാറുമ്പോൾ കവിത കാലോചിതമായ മാറ്റങ്ങൾ തേടുന്നു. ഒന്നരയുടുത്തു നടന്നവൾ മാറു മറച്ചതും പിന്നെ സർവ്വാംഗം മൂടിയതും ഒന്നൊന്നായി അഴിച്ചു മാറ്റിയതും കവിതയുടെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ശരിയാണ്.
എങ്കിലും കവിതകൾക്ക് മധുരം പകരുന്ന ആധുനിക കാലത്തിന്റെ തേനീച്ചക്കൂട്ടിൽ ഇടക്കിടെ ചിലരെങ്കിലും പഴയകാല കവിതകളെ ഉടുപ്പിട്ടു കൊണ്ടു നിർത്താറുണ്ട്. മത്സരത്തിന്റെ കാലമാണ് ചുറ്റിനും. മത്സരങ്ങളുടെ ഗുണനിലവാരം പക്ഷേ ഇന്നും വിലയിരുത്തുന്നത് ഗണവും മാത്രയും വേർതിരിച്ച അളവുകോലുകൾ കൊണ്ടാണ് എന്നത് പഴയ കാല കവിതയുടെ ഭൂതം ഉള്ളിൽ നിന്നും മാറാത്ത വിധി നിർണ്ണായകരുടെ പോരായ്മയാണ്. ഈ പരിസരങ്ങളെ മുന്നിൽ കണ്ടു കൊണ്ട് അവാർഡുകൾക്കും അംഗീകാരങ്ങൾക്കും വേണ്ടി ചിലരൊക്കെ ആ പഴമയെയും സംസ്കാരത്തെയും ആധ്യാത്മികതയും തത്വചിന്തകളും കൊണ്ടു പൊതിഞ്ഞ് കവിതകളാക്കി അവതരിപ്പിക്കാറുണ്ട്.
മലയാളിക്ക് സുപരിചിതനായ കവിയാണ് നാറാണത്ത് ഭ്രാന്തനിലൂടെയും അഗസ്ത്യഹൃദയത്തിലൂടെയും ഒക്കെ പ്രശസ്തിയിലേക്ക് വന്ന പ്രൊഫ: വി. മധുസൂദനൻ നായർ. ഒരു കാലത്ത് കവിതയെന്നാൽ ആദ്യം മനസ്സിലേക്ക് എത്തുന്ന തരത്തിലേക്ക് അദ്ദേഹം കടന്നു വരികയും കാസറ്റ് കവിതകളുടെ പ്രധാന അടയാളമായി നിലയുറപ്പിക്കുകയും ചെയ്തു. പിന്നെ ഒരു തരംഗമായിരുന്നു. മുരുകൻ കാട്ടാക്കടയും അനിൽ പനച്ചൂരാനും ആ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി കവികളായി അറിയപ്പെട്ടവരാണ്. പ്രൊഫ. മധുസൂദനൻ നായരുടെ കവിതാപുസ്തകമാണ് അച്ഛൻ പിറന്ന വീട്. ഇതിൽ അദ്ദേഹം കവിതകളെ അഗ്നി, ജലം, വായു, വീട്, കിണർ, തുടങ്ങി ഏഴു ഭാഗങ്ങളാക്കി അവതരിപ്പിക്കുന്നു. വേദങ്ങളും ഉപനിഷത്തുകളും ഉപയോഗിച്ചു സൂചികകൾ നിർമ്മിച്ച് കവിതകൾ ഒരു പുതു ശൈലിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചതായി കാണാം. പക്ഷേ എല്ലാ കവിതകളും ഒരു പോലെ ആണ് എന്ന് പറയാൻ കഴിയുകയില്ല. ആദ്യ ഭാഗങ്ങൾ ഒക്കെയും വേദവും ഇതിഹാസവും സംസ്കാരവുമൊക്കെ കൂട്ടിക്കുഴച്ചു ഒരു മുപ്പത് കൊല്ലം പിറകിലേക്ക് കൊണ്ടു പോകുകയും ഇന്നത്തെ തലമുറയ്ക്ക് അന്യമായ ഒരു ലോകം കാട്ടി ഇതാണ് ശരി എന്ന ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്യുകയാണ് കവി. ഭാഷയുടെ മനോഹാരിതയെ ഇവിടെ കവി ഉപയോഗിച്ചിരിക്കുന്നത് വാരിവലിച്ചു പറയുന്ന ആർഷഭാരത സംസ്കൃതിയുടെ വിളിച്ചു ചൊല്ലലുകൾക്ക് വേണ്ടിയാണ്. അച്ഛൻ പിറന്ന വീട്ടിലേക്ക് തിരികെ യാത്ര ചെയ്യുന്ന ഇളം തലമുറയെ പഴമയുടെ കാഴ്ചകളും ആചാരങ്ങളും വിശ്വാസങ്ങളും പരിചയപ്പെടുത്തുന്ന ഒരു സംസ്കാര ഗ്രന്ഥമായി കവിത സഞ്ചരിക്കുന്നു. സംസ്കൃതി സംരക്ഷര കായ ഒരു വിഭാഗത്തിന്റെ എല്ലാ സന്തോഷങ്ങളും ഏറ്റുവാങ്ങി സുരക്ഷിതമായി നിലയുറപ്പിക്കുന്ന കവി ഒരു ജ്ഞാനപീഠത്തിനപ്പുറം ഒന്നും മോഹിക്കുന്നുണ്ടാകില്ല എന്ന് കവിത സംസാരിക്കുന്നു. എങ്കിലും കവിതകൾ സംവദിക്കുന്നത് പ്രകൃതിയോടാണ്. പരിസ്ഥിതിയോടാണ്. നമുക്കന്യമാകുന്ന ജലമാണ്, പച്ചപ്പാണ് കവിതയിൽ കൂടുതലും നിറയുന്നത്. ആ കാഴ്ചകൾ അവതരിപ്പിക്കുന്നതിന്റെ തിരക്കിൽ കവിയുടെ ആത്മീയ ദർശനങ്ങളെ കൂടി തിരുകി കയറ്റി വലിച്ചു നീട്ടുന്ന അവസ്ഥ കാണാതിരിക്കാനാകില്ല തന്നെ. സവർണ്ണ രാഷ്ട്രീയത്തിന്റെ സഹചാരിയാകുന്ന കവിയുടെ വാക്കിലും നോക്കിലും എഴുത്തിലും തെളിയുന്ന കുശാഗ്രത കാണുമ്പോൾ സമീപ കാലങ്ങളിൽ എഴുത്തോ കഴുത്തോ എന്ന ചോദ്യത്തിൽ കവിയുടെ നിലപാട് എന്തെന്ന് വ്യക്തമാകുന്നുണ്ട്.
ഒരധ്യാപകൻ എന്ന തലത്തിൽ കവിതയുടെ ലക്ഷ്യബോധം എന്ത് എന്ന അന്വേഷണം സമഗ്രമായ ബോധവത്കരണം തന്നെ എന്ന് വ്യക്തമാണ്. എന്നാൽ നൂറ്റാണ്ടിന്റെ വ്യത്യാസമോ കാലത്തിന്റെ കുതിപ്പോ ഉൾക്കൊള്ളാൻ പലപ്പോഴും വിസമ്മതിക്കുന്ന കവിയിൽ സാമൂഹ്യബോധമെന്നത് സംസ്കാരവും ഔന്നത്യവും മാത്രമാണോ എന്ന ചിന്ത ഉണർത്തുന്നു വായന. പുതിയ കാലത്തിന്റെ രസനയെ ഉത്തേജിപ്പിക്കുന്ന ഒന്നും തന്നെ കവിതകളിൽ ഇല്ല. ഗൃഹാതുരതയുടെ നിശബ്ദതയല്ലാതെ. കുഞ്ഞിന്റെ ചുണ്ടിൽ കറുപ്പും പുരട്ടി കടന്നു പോയ കാലമല്ല മുന്നോട്ട് വരുമ്പോൾ കവിയിൽ. തീക്ഷ്ണതയാർന്ന ഒന്നും കവി അവശേഷിപ്പിക്കുന്നില്ല. പഴമയിലേക്ക് മടങ്ങാനുള്ള ആഹ്വാനമാണ് അച്ഛൻ പിറന്ന വീട്ടിലേക്ക് കൂട്ടുമ്പോൾ കവി മുന്നോട്ട് വയ്ക്കുന്നത്. കവി ദീർഘ വീക്ഷണമുള്ളവൻ എന്ന വാക്ക് ശരിയാകാം ഒരു പക്ഷേ. കാരണം രാജ്യം തന്നെ പിറകോട്ട് സഞ്ചരിക്കുകയാണല്ലോ.
കവിതയുടെ കാലഭേദങ്ങളും ഭാഷയും പഠിക്കാൻ ശ്രമിക്കുന്നവർക്ക് നല്ലൊരു വിരുന്നാകും ഈ പുസ്തകം . ആശംസകളോടെ ബി.ജി.എൻ വർക്കല