Tuesday, February 27, 2018

അരുത് , മുകുളങ്ങൾ നുള്ളരുതേ....

അരുത്, മുകുളങ്ങൾ നുള്ളരുതേ...
.......................................................
യുദ്ധതന്ത്രങ്ങളിൽ പെട്ട്
ചത്തൊടുങ്ങുന്ന കുരുന്നുകൾ.
വെട്ടിപ്പിടിക്കാൻ കൊതിച്ചു
മതവെറിയിൽ തകർക്കുന്ന പൂവുകൾ.
പാലസ്തീനിലെ മണ്ണിൽ
പരീക്ഷിച്ചു വിജയിച്ചൊരായുധം
ഇരയും വേട്ടക്കാരനുമൊന്നായിരിക്കുമ്പോൾ
കൊഴിയുന്നത് പുതുവസന്തങ്ങൾ മാത്രം.
ഞങ്ങൾ ഇനിയും ഭോഗിക്കും
കുഞ്ഞുങ്ങൾ ഇനിയുമുണ്ടാകും.
നമ്മുടേതാകുന്ന ലോകത്തന്നാ
കുഞ്ഞുങ്ങൾ ജീവിച്ചിരിക്കും.
ഹാ ! കഷ്ടമീ ജനചിന്തയിൽ നിന്നെത്ര
പൂമൊട്ടുകൾ ചിതറി വീണതീ മണ്ണിലായ്.
എങ്കിലും ക്രൂരമാം മതാന്ധകാരത്തിൽ
യുദ്ധമൊഴിയാത്തൊരു മണൽക്കാടു കെട്ടുന്നു.
സംസ്കൃതി ഉയിരിട്ട മണ്ണതിലൊരിക്കലും
ചോര പടരാത്ത കാലമതില്ലെന്നാണോ?
ഉദിച്ച മതങ്ങളും , മരിച്ച പ്രവാചകരും
തെളിച്ച പാതയിൽ ഇന്നുമാ ജനക്കൂട്ടം.
ഒരിക്കലെങ്കിലും മനുഷ്യനാകുവാൻ
മറന്നിടുന്നൊരു കൊടിയ വിഷചിന്തകൾ
നയിച്ചിടുന്നധികാരമുറപ്പിക്കാൻ
തനിക്കു പിറന്ന കുരുന്നിനെ കരുവാക്കി.
നിർത്തലാക്കുകീ യുദ്ധമൊരര നാഴിക
എടുത്തു മാറ്റുകീ കുരുന്നു പൂക്കളെ .
തുടർന്നീടുക പിന്നേതു യുദ്ധവും.
തളർന്നു വീഴ്കിലും  ,ജയിച്ചു കേറിലും
ഉറപ്പിലാക്കുക ഉറച്ച മനമോടെ.
പിഴുതെറിയില്ലൊരു കുരുന്നു ജീവനും .
.... ബിജു.ജി.നാഥ് വർക്കല

നിന്നെ വായിക്കുമ്പോള്‍


നിന്നെ വായിക്കുമ്പോൾ!
.......................................
നിലാവ് കടമെടുത്ത മിഴികളില്‍
ആഴങ്ങള്‍ തേടുമ്പോള്‍
അറിയാതെ വായിക്കുവാന്‍ കൊതിയാകുന്ന ദേഹി. 
യാത്രയ്ക്ക് തയ്യാറായി മനസ്സ്
വായിച്ചു തുടങ്ങുന്നു ഞാനും .
ഇഴയടുപ്പം നഷ്ടപ്പെട്ട ഇണകള്‍ പോലെ
ഇരുവശം മുഖം വീര്‍പ്പിച്ചു
മിഴികള്‍ താഴ്ത്തി നില്‍പ്പവര്‍
പറയാതെ പറയുന്നു കുടിച്ചു തീര്‍ത്ത
കഥകള്‍ പലതും മൂകമായി .
പൊട്ടുകുത്തിയ പോലൊരു മറുകിന്റെ
ചുട്ടി കുത്തി നിന്നൊരാള്‍ നാണം പൂണ്ടു.
പടര്‍ന്ന കണ്മഷിപോല്‍ പരന്നൊരു
തളര്‍ന്ന ചുണ്ടുകള്‍ തന്‍ ഭ്രമണപഥങ്ങളില്‍
നിറയെ  കുരുന്നു ഗ്രഹങ്ങള്‍ നിരക്കുന്നു .
കളഞ്ഞു പോയ മരതക മണി
തിരയുവാന്‍ ഒരു ചുഴിയുണ്ടതിലെങ്ങോ
മുങ്ങി നിവരുവാന്‍ കഴിയാതെ നില്‍ക്കുന്ന
മിഴികളെ ഞാന്‍ വലിച്ചെടുത്തീടവേ
പാര്‍ശ്വങ്ങള്‍ തന്‍ മടക്കുകള്‍ പറയുന്നു
പാഴാക്കി കളയുന്ന സൗന്ദര്യചിന്തകള്‍.
ഒടിഞ്ഞു മടങ്ങുന്ന വരകളും കുറികളും
മുറിച്ചു തുന്നിയ വടുക്കളും ചേര്‍ന്നൊരു
കവിത രചിക്കുന്നു പോയ കാലത്തിലെ
ജന്മ സാഫല്യകഥകള്‍ മധുരമായി .
നിറഞ്ഞു കവിഞ്ഞൊരു കൈക്കുടന്നയില്‍
മടങ്ങി ഒതുങ്ങുമാ പൂമുഖവാതിലില്‍
ഒളിച്ചുനിന്നൊരു കറുത്ത മറുകിന്റെ
ചിരിച്ച മുഖം കണ്ടു മനസ്സ് കുളിര്‍ത്തുപോയി .
വിടര്‍ന്ന ദളങ്ങള്‍ ചുരുണ്ട് മണ്ണിന്റെ
ഇരുണ്ട നിറത്തെ കടമെടുക്കുന്നതും
ഒളിച്ചു നില്‍ക്കാതെ പുറത്തു വന്നൊരു
സമസ്യ പോലെന്നെ കൊതിപിടിപ്പിക്കുന്നു .
തുടുത്തതാഴ്വര കടന്നു പോകുന്നു വെണ്-
തടമത് നൃത്ത ചുവടു പോലവേ
കൗമാരത്തിന്‍ മുഖമലങ്കരിക്കുന്ന
ശ്മശ്രുക്കള്‍ തന്‍ ഓര്‍മ്മപടര്‍ത്തുന്നു .
ഇല്ല വായന ഇനിയും നീട്ടുവാന്‍
ഇല്ല ബാക്കിയൊന്നും ശേഷിക്കുന്നുമില്ലങ്കിലും
മിഴികള്‍ തിരികെ വരാതെ നിന്നുള്ളില്‍
തടഞ്ഞു നില്കുന്നു ശാഠ്യക്കാരന്‍  കുരുന്നിനെപ്പോലെ .
-------------ബിജു .ജി. നാഥ് വര്‍ക്കല




Saturday, February 24, 2018

നിങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളാ...

മണ്ണിന്റെ മക്കളെ ,
നിങ്ങള്‍ തന്‍ പശിയുടെ
പേരു പറഞ്ഞു
നമ്മള്‍ കൊയ്യുന്നുണ്ട് കോടികള്‍ !
വര്‍ഷാവര്‍ഷങ്ങളില്‍
നിങ്ങള്‍ക്കന്നവും
ആരോഗ്യവും
കുടിലും നല്‍കാന്‍
ഒപ്പിട്ടു വാങ്ങുന്ന ചെക്കുകള്‍
നമ്മള്‍ പങ്കുവയ്ക്കുന്നുണ്ട് !
നിങ്ങളിലേ രോഗവും
വിശപ്പും
ദയനീയതയും
കമ്പോളത്തില്‍ വലിയ
വിലയുണ്ടെന്നറിയുന്നു ഞങ്ങള്‍ .
നിങ്ങളെ വച്ച് വിലപേശി
നമ്മള്‍ നേടുന്നുണ്ട് സൗഭാഗ്യങ്ങള്‍ .
ഇത്തിരികഞ്ഞിവറ്റെറിഞ്ഞും
ഫോട്ടോയ്ക്ക് പോസ് ചെയ്തും
ഞങ്ങള്‍ നേടുന്നുണ്ട് തുട്ടുകള്‍ .
നിങ്ങളില്ലങ്കിലില്ല ഞങ്ങള്‍.
നിങ്ങളന്നമൂട്ടുന്നു ഞങ്ങള്‍തന്‍ കിടാങ്ങള്‍ക്കു.
നിങ്ങള്‍ തന്‍ ഭിക്ഷയാണ്‌
ഞങ്ങളുടെ ആഡംബരം.
ഓര്‍ക്കുക , നിങ്ങള്‍ വലിയവര്‍
നിലനില്‍ക്കുക നിങ്ങള്‍ നീളെ നീളെ .
നിങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളാ.

 -----ബി.ജി.എന്‍ വര്‍ക്കല 

Thursday, February 22, 2018

അവൾമാർ .......... ചാതുരി ചന്ദ്രഗീത

അവൾമാര്‍
(കഥകള്‍ )
ചാതുരി ചന്ദ്രഗീത
3000 ബിസി
വില: 90 രൂപ

          കഥകള്‍ ജീവിതത്തിന്റെ നേര്‍മുഖങ്ങള്‍ ആണ് . അവയിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ അതിനാല്‍ തന്നെ പലപ്പോഴും വായനക്കാരെ ഒരു നൊടി പരവശപ്പെടുത്തിയേക്കും. എന്നെയെങ്ങനെ എഴുത്തുകാരന്‍ കണ്ടെത്തി എന്ന് ആലോചിച്ചു ചുറ്റുപാടും പതറി നോക്കിപ്പോയേക്കും . ചിലപ്പോഴൊക്കെ ഗൂഢമായ ഒരാനന്ദത്തോടെ സ്വയം കഥയിലേക്ക് സന്നിവേശിപ്പിച്ചു ഉന്മാദം കൊണ്ടേക്കും . കാരണം കഥ ജീവിതത്തിന്റെ നേര്‍മുഖങ്ങള്‍ ആണ് . ചെറുകഥകള്‍ പലപ്പോഴും വലിയ നോവലിലും വലുതായ ആകാശം കാട്ടിത്തരുന്ന ചെറിയ കാഴ്ചകള്‍ കൊണ്ട് നിറഞ്ഞവയാകും . എളുപ്പം വായിച്ചു മടക്കി വയ്ക്കാം എന്ന ചിന്തയെ അടിമുടി അത് ഇളക്കി മറിക്കുകയും നിശ്ചലമായ ഒരു അവസ്ഥയിലേക്ക് വായനക്കാരനെ തള്ളിവിടുകയും ചെയ്യും .
മാധവിക്കുട്ടിയുടെ എഴുത്തുകള്‍ വായിക്കുമ്പോള്‍ അതിലെ നായികമാരിലെ ഉന്മാദവും പ്രണയവും വായനക്കാര്‍ സ്വന്തമായി അനുഭവിക്കുന്നത് ഈയൊരു കരവിരുത് എഴുത്തുകാരന്‍ സ്വായത്തമാക്കുമ്പോഴാണ് . എണ്ണം പറഞ്ഞ എഴുത്തുകാരികള്‍ മാത്രമേ ഇന്നും മലയാളത്തില്‍ ഉള്ളൂ എന്നത് ഒരുപക്ഷെ എഴുത്തിലെ അതിഭാവനയും സാഹസികതയും മാത്രം പരീക്ഷിക്കുകയും , പലപ്പോഴും ഭയം ഒരു നിശാവസ്ത്രം ആയി പൊതിയുമ്പോള്‍ അക്ഷരങ്ങളെ മറച്ചു പിടിക്കുകയും ചെയ്യുന്നതിനാല്‍ ആണ് . നളിനി ജമീല എഴുതുമ്പോള്‍ വായനക്കാര്‍ അതില്‍ തേടുന്നത് ജമീല തന്റെ കസ്റ്റമേഴ്സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉണ്ടോ എന്ന് തിരയുകയാണ് . സിസ്റര്‍ ജെസ്മി എഴുതുമ്പോള്‍ വായനക്കാരന്‍ തിരയുന്നത് കന്യാസ്ത്രീകളിലെ രതി ഭാവങ്ങളെ അറിയാനും പുരോഹിതന്മാരുടെ വികാരത്തെക്കുറിച്ച് പറഞ്ഞു രസിക്കാനും പോയിന്റുകള്‍ തേടിയാണ് . ഒരുപക്ഷെ പമ്മന്റെ നോവലുകളില്‍ നിന്നും രതിയുടെ പേജുകള്‍ മാത്രം നഷ്ടമായിരുന്ന കാലത്തിന്റെ പുതിയ കാല ഓര്‍മ്മകള്‍ പോലെയാണ് ഈ ഓര്‍മ്മകള്‍ മനസ്സില്‍ വരുന്നതും .
സ്ത്രീ എഴുതുമ്പോള്‍, പ്രത്യേകിച്ചും അത് തുറന്നെഴുത്തുകള്‍ ആകുമ്പോള്‍ സ്ത്രീകള്‍ക്ക് പോലും അതൊരു അസഹ്യതയായി അനുഭവപ്പെടുന്നു. പുറമേ ഭാവിക്കുകയാണ് അവയെന്ന് മറ്റുള്ളവര്‍ക്ക് അറിയാം എന്നത് പോലും അവര്‍ അറിയുന്നില്ല . ആര്‍ത്തവം എന്ന വാക്കിനെ കാണുമ്പോള്‍ ചുളിയുന്ന മുഖം പോലെയാണ് പെണ്ണ് രതിയെ കുറിച്ച് എഴുതുമ്പോഴും വായനക്കാരില്‍ ഉണ്ടാകുന്നത് .
ഈ കാലത്തിന്റെ മാറ്റം എന്നത് തുറന്നെഴുതുവാന്‍ ആര്‍ജ്ജവം ഉള്ള സ്ത്രീകള്‍ മലയാളത്തില്‍ സജീവമായി എന്നതാണ് . സോഷ്യല്‍ മീഡിയ മാത്രമല്ല പുസ്തകമേഖലയിലും അവരുടെ കൈയ്യൊപ്പുകള്‍ പതിഞ്ഞു ആഴത്തില്‍ തന്നെ . ലീന മണിമേഖലയെയൊക്കെ നോക്കി അത്ഭുതം കൂറിയിരുന്ന മലയാളിപ്പെണ്ണിന് ഇന്ന് അതിലും മനോഹരമായി എഴുതാന്‍ കഴിയുന്നതായി തെളിയിക്കുന്നു പല പുതിയ വായനകളും . ‘ചാതുരി ചന്ദ്രഗീത’യുടെ “അവൾമാര്‍” വായിക്കാനെടുക്കുമ്പോള്‍ പതിന്നാലു ചെറിയ കഥകള്‍ പെട്ടെന്ന് സമയം അപഹരിച്ചു കടന്നു പോകും എന്ന ചിന്തയായിരുന്നു . ശൈലന്‍ എഴുതിയ വരികളും എച്ചുമിക്കുട്ടിയുടെ ആസ്വാദനവും കടന്നു കഥകളിലേക്ക് നടന്നു തുടങ്ങിയപ്പോഴാണ് ഈ എഴുത്തുകാരിയുടെ ആഴം മനസ്സില്‍ വേരുറപ്പിച്ചത് .
ഓരോ സ്ത്രീ ജീവിതത്തിലേയും പതിവുകള്‍ , ആവര്‍ത്തനങ്ങള്‍ അതിനെ എത്ര ക്ലിയര്‍ ആയി ‘പതിവ്’ എന്ന കഥയില്‍ അവതരിപ്പിക്കുന്നു . അതിന്റെ ആഴം അറിയുക അവസാന വരികളില്‍ ആണ് . കൂട്ടുകാരിയുടെ 'എന്തുണ്ട് ' എന്ന ചോദ്യത്തിന് “ഒന്നുമില്ല വെറുതെ കിടക്കുന്നു” എന്നു പറഞ്ഞുകൊണ്ട് കാലുകള്‍ അകത്തി ഇണയ്ക്ക് ഭോഗിക്കാന്‍ കിടന്നുകൊടുക്കുന്ന കഥാപാത്രം കുടുംബജീവിതത്തിലെ നിശബ്ദ പ്രതിരോധങ്ങളുടെ നേര്‍ക്ക് തുറന്നു പിടിച്ച ഒരു കണ്ണാടിയാണ് .  വിരസമായ രതിയുടെ , ആവര്‍ത്തനങ്ങളുടെ മടുപ്പിനെ ഒക്കെ കഥാകാരി നന്നായി പറഞ്ഞു പോകുന്നുണ്ട് കഥകളില്‍ . പ്രണയത്തിന്റെ കളവില്‍, ഫോണില്‍ സെക്സ് ചെയ്യുന്ന വൃദ്ധനോട് ‘എനിക്ക് നിങ്ങളോട് പ്രണയമായിരുന്നു’ എന്ന് പറയുന്നിടത്ത് സ്ത്രീ എപ്പോഴും പ്രണയത്തോടെയല്ലാതെ രതിയെ ശരീര വിശപ്പിനായി ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന തുറന്നു പറച്ചില്‍ നടത്തുകയാണ് . മരണവും രതിയും ഒരേ തരംഗത്തില്‍ അലയടിക്കുന്ന ആ ഭ്രാന്തിന്റെ ഉന്മാദം അടങ്ങുമ്പോള്‍ ആണ് തിരിച്ചറിവിന്റെ ഓര്‍ക്കാനം സംഭവിക്കുന്നത് എന്നത് ജീവിതത്തിലെ കേവലമായ ശരീരബന്ധങ്ങളുടെ നിര്‍വ്വികാരതയെ അടയാളപ്പെടുത്തുന്നു .
ഈ കഥകളില്‍ ഒക്കെ ശരീരം ഒരു ഘടകമാണ് . ഒഴിവാക്കാനാവാത്ത ഒരു ഘടകം. പക്ഷെ ഒന്നിലും നേരെ പറയാതെ ഗുപ്തമായി പറഞ്ഞു പോകുന്ന ഒരു പെണ്‍മനസ്സുണ്ട് . ഒരിക്കലും തുറന്നു കാണിക്കാന്‍ കഴിയാതെ പോകുന്ന ആര്‍ക്കും മനസ്സിലാകാതെ പോകുന്ന ഒരു പെണ്‍മനസ്സ് . തിരക്കുള്ള ബസ്സില്‍ തന്റെ മാറിടം ഞെരിച്ചു കടന്നു പോയവനെ തിരഞ്ഞു പിടിച്ചു തന്റെ മുന്നില്‍ ഒരു കോമാളി ആയി നിര്‍ത്തി അവന്റെ ഉറ്റവര്‍ക്ക്‌ മുന്നില്‍ അവനെ തുറന്നു കാട്ടുമ്പോള്‍ പോലും അവളുടെ മാറിടം വേദനിക്കുന്നുണ്ടായിരുന്നു . അതുപോലെയാണ് സ്വാതന്ത്ര്യം തേടി ഓരോ പുരുഷനിലും പ്രണയം തേടുന്ന അവള്‍ തന്റെ ചിറകുകള്‍ അവിടെ ഉണ്ടോ എന്ന തപ്പിനോക്കലിലും കാണാന്‍ കഴിയുന്നത്‌ . വിവാഹം കഴിച്ചു തന്റേതാക്കി സ്വകാര്യ സ്വത്താക്കി സൂക്ഷിക്കാന്‍ ശ്രമിക്കുന്ന ഓരോ പുരുഷനും സ്നേഹിക്കുന്നത് അവളെയല്ല തന്നെത്തന്നെയാണ് എന്ന യാഥാര്‍ത്ഥ്യം അവള്‍ വിളിച്ചു പറയുമ്പോള്‍ പുരുഷന്റെ കാപട്യത്തിനു നേര്‍ക്കുള്ള ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണത് . ‘അവിഹിതം’ എന്ന കഥയാകട്ടെ മധുരമായ ഒരു പ്രതികാരവും ഒരേ മനസ്സുള്ള രണ്ടു സ്ത്രീകളുടെ പ്രണയത്തിന്റെ സാക്ഷാത്കാരവും കൂടിയാണ് . ‘വേശ്യ’ എന്ന കഥ സമൂഹത്തിന്റെ കാഴ്ചപ്പാടിനെയും നിയമവ്യവസ്ഥയുടെ മാറാത്ത മുഖവും കാട്ടുന്നു . ഈ കഥ കഥാകാരിയുടെ കൈയ്യൊപ്പു കൊണ്ട് മാത്രമാണ് സ്ഥിരം കണ്ടും കേട്ടും പഴകിയിട്ടും പുതുമയോടെ നില്‍ക്കുന്നത് . കൂട്ടത്തില്‍ ‘യക്ഷി’ മാത്രം ഒരു വലിയ പുതുമയോ എടുത്തു പറച്ചിലോ ഇല്ലാതെ പോയ കഥയായി തോന്നി . പ്രണയം , കാമിനിയുടെ മനസ്സ് എന്നിവയൊക്കെ നന്നായി പറയുന്നുണ്ട് എങ്കിലും അവതരണം അത് വേണ്ട വിധത്തില്‍ എത്തിക്കാന്‍ കഴിയാതെ പോയി എന്നതാണ് ആ കഥയില്‍ സംഭവിച്ചത് എന്ന് കാണാം .
‘മനുഷ്യാവകാശം’ എന്നത് വെറും വാക്കുകള്‍ മാത്രമാണ് എന്ന സംഗതിയെ എത്ര ലാഘവത്വത്തോടെയാണ് അവതരിപ്പിച്ചത് എന്ന് കാണാം . “ഒന്നൂല്ലടോ ഒരു ഗര്‍ഭപാത്രം ഉണ്ടായിപ്പോയി” എന്ന ഒറ്റ വാക്യത്തില്‍ ആ കഥ പൂര്‍ണ്ണത നേടുകയാണ്‌ . കൂട്ടത്തില്‍ ഏറ്റവും മനോഹരമായി പറഞ്ഞു എങ്കിലും അവസാനം കാല്പനികമായ ഒരു ഭ്രമലോകത്തില്‍ എറിഞ്ഞു കളഞ്ഞകഥയാണ് ‘വീട്ടിലേക്കുള്ള വഴി’ . അവസാനത്തിലെ നാഗക്കാവിലെ നാടകീയതയെ മാറ്റി പറഞ്ഞിരുന്നു എങ്കില്‍ തീര്‍ച്ചയായും ഈ കഥ ഏറ്റവും മികച്ചതായി മാറിയേനെ .
നല്ല കഥകള്‍ വായിക്കുക എന്നത് വായനക്കാരന്റെ സന്തോഷമാണ് . പ്രത്യേകിച്ചും എഴുത്തിനെ പരീക്ഷണം പോലെ കാണുകയും മാമൂലുകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുകയും ചെയ്യുന്ന എഴുത്തുകാര്‍ ആണെങ്കില്‍ . തീര്‍ച്ചയായും ആധുനിക മലയാള സാഹിത്യത്തില്‍ തന്റേതായ ഒരു സ്ഥാനം ഈ കഥാകാരിക്ക് സ്വന്തമാകും . പക്ഷെ എഴുത്തിലെ ലാഘവത്വവും , അലസതയും മാറ്റി വയ്ക്കുകയും ഗൗരവപരമായ ഒരു സമീപനം എഴുത്തിലേക്ക് കൊണ്ട് വരികയും ചെയ്യുക ആണെങ്കില്‍ മാത്രമേ അത് സാധിക്കൂ . എളുപ്പം എഴുതി തീര്‍ക്കുക എന്നതല്ല കാര്യം . ഉള്ളത് ചെറുതായി പറയുമ്പോള്‍ ഉണ്ടാകുന്ന അതേ സന്തോഷം അതിനെ പരത്തിപ്പറയുമ്പോഴും ഉണ്ടാകും എന്നത് കഥാകാരിക്ക് പരീക്ഷിക്കാവുന്ന സങ്കേതമാണ് . ആശയങ്ങള്‍ നിറയെ ഉണ്ട് . ഭാഷയും . വേണ്ടത് ഗൗരവപരമായ എഴുത്തിലേക്കുള്ള കാല്‍വയ്പ്പ്‌ ആണ് . മലയാളത്തില്‍ കൂടുതല്‍ കഥകള്‍ വായിക്കപ്പെടാന്‍ കഴിയട്ടെ എന്ന ശുഭപ്രതീക്ഷകളോടെ സസ്നേഹം ബി.ജി.എന്‍ വര്‍ക്കല

കെട്ടുകാഴ്ചകൾ

ഇനി നമുക്ക് മെനോപ്പാസത്തിന്റെ കാലത്ത്
വദനസുരതത്തിനു ഇളം മാംസം ചുമക്കുന്നവരുടെ
കഥ പറയാം.
പിന്നെ ജീവിതം പ്രണയമെന്നും
കവിതയെന്നും എഴുതാം.
കാലം നല്കിയ വരകൾ
പ്രണയത്തിന്റെ അടയാളങ്ങളായി എണ്ണാം.
യാത്രകളുടെ ചെങ്കല്ലു പാതകളിലൂടെ
കൊന്നപ്പൂവിന്റെ ഇതളുകൾ ചവിട്ടി നടക്കാം.
സൗഹൃദത്തിന്റെ ഇളം ചുണ്ടുകൾ
ഇടിഞ്ഞ മുലഞെട്ടിൽ തൊട്ടുറപ്പിക്കാം.
കാമിനിയുമമ്മയുമായി നടനസമവാക്യങ്ങൾ തീർക്കാം.
കുടിച്ചു തീർത്ത കദനങ്ങളും
നഷ്ടപ്പെട്ട കൂട്ടുമോർത്തു കണ്ണീർ വാർക്കുകയും
ചേർത്തു പിടിച്ചു മറുകുകൾ എണ്ണി
ഉമ്മകൾ നല്കുന്നവരുടെ ചിത്രമെഴുതാം.
അപരിചിതരുടെ ഷാൾ പുതച്ചു
വെറും കൂട്ടുകാരായി ജീവിച്ചു തീർക്കുകയും
സംശയ കണ്ണുകളിൽ
സദാചാര ചിലന്തിവല കുരുക്കികളിക്കുകയും
ചെയ്യുന്ന വിചിത്ര ജീവികളെ
പുസ്തകത്താളുകളിൽ ഒട്ടിച്ചു വയ്ക്കാം.
ഇത് കപടതയുടെ ലോകം :
ഇവിടെ മുഖം മൂടികൾ അനിവാര്യം.
അതേ നമുക്കിനി കവിതകൾ കുറിക്കാം.
...... ബിജു.ജി.നാഥ് വർക്കല

Wednesday, February 21, 2018

പാദസരത്തിൻ ഭംഗിയോർത്തു

പാദസരത്തിൻ ഭംഗിയോർത്തു .
.................................................
നേർത്ത രോമങ്ങൾ
ചിത്രത്തുന്നൽ തീർത്ത
കണങ്കാലിലരഞ്ഞാണം പോൽ
പൊന്നിൻ പാദസരം കാൺകെ
കവിതയൊന്നുള്ളിൽ വിടരുന്നു സഖീ.
ഓർമ്മകൾ തൻ തണൽമരങ്ങൾ
പാതയോരങ്ങളിൽ കുട ചൂടി നിൽക്കവേ
പുലരി നല്കിയ കനവിൽ ഞാനത്
കണ്ടു പുഞ്ചിരി തൂകുന്നു.
നീ വരുന്ന വഴികളിലെങ്ങും
ഞാൻ തിരയുന്നതുണ്ടത് നിശ്ചയം.
എങ്കിലും ഞാൻ കാണാതെ പോയൊരാ
കാൽ വണ്ണ തൻ നിറമതും മറക്കാമോ?
പണ്ടു നാം ഒരു വിരൽ കോർത്തു
യാത്ര ചെയ്തൊരാ പാരാവരങ്ങളിൽ
കണ്ടതില്ല ഞാൻ , ഓർത്തതുമില്ല നിൻ
സ്വർണ്ണ പാദസരത്തിനെ നോക്കുവാൻ.
കാത്തു നിന്നെത്ര നാളുകൾ പിന്നെ ഞാൻ
കേണിരുന്നിതെത്രയോ വേളകൾ
ഇല്ല നിന്നിലെ ലോലമാം തന്ത്രികൾ
തെല്ലുമേയെന്നെ ആശ്വസിപ്പിച്ചില്ലഹോ!
ഇന്നുമാ നിമിഷങ്ങളോർത്തു ഞാൻ
കാത്തു നില്പുണ്ടീയിടവഴിയോരത്ത്.
വന്നീടുക നീയൊന്നു കൂടിയെൻ
കനവു നിനവായ് മാറുവാൻ പ്രിയസഖീ.
...... ബി.ജി.എൻ വർക്കല

Tuesday, February 20, 2018

ഗസൽ .... ബാലചന്ദ്രൻ ചുള്ളിക്കാട്

ഗസൽ
കവിതകൾ
ബാലചന്ദ്രൻ ചുള്ളിക്കാട്.

പിതാവേ ,
ഞാൻ കീഴടങ്ങിയവരുടെ കവി.
കരിങ്കൊടിയേന്തിയ ഏകാങ്ക ജാഥ.
ഇച്ഛയുടെ രക്തപതാക
എന്നിൽ നിന്നും തിരിച്ചെടുക്കേണമേ.
                                 -പതാക.... ചുള്ളിക്കാട്

കവിതയിൽ നിന്നൊരു കവിയിറങ്ങി പൊതുനിരത്തിൽ നഗ്നനാ(യാ)യി നില്ക്കുമ്പോൾ കവിത തലച്ചോറിലൊരു കൊടുങ്കാറ്റായും കടന്നൽ മൂളലായും അനുഭവപ്പെടുന്നുവെങ്കിൽ തീർച്ചയാക്കുക നിങ്ങൾ ഒരു കവിയെ വായിക്കുകയാണ്. അയ്യപ്പനെയും ചുള്ളിക്കാടിനെയും കടമ്മനിട്ടയെയും വായിച്ചു വന്ന തലമുറയുടെ തലച്ചോറിലേക്ക്  അതേ പോലൊരു തീച്ചൂള കോരിയിടാൻ പുതിയ തലമുറയിൽ ആര് എന്ന ചോദ്യത്തിനു മറുപടി പറയാൻ കഴിയാതെ പോകുന്നത് ഒന്നോ രണ്ടോ മിന്നാമിന്നി വെളിച്ചം വിതറി ഓരോ കവിയും ആരാധകവൃന്ദത്താൽ കവിത്വം നഷ്ടപ്പെട്ടു എഴുത്തുതൊഴിലാളികളായി  മാറുന്നു  എന്നതാണ്. സോണി ദത്തോ വിഷ്ണു പ്രസാദോ കരിം മലപ്പറ്റമോ ആർ സംഗീതയോ, കുഴൂർ വിത്സനോ  ഒന്നും തന്നെ ഈ കടമ്പയിൽ നിന്നും പുറത്തു കടക്കാൻ കഴിയാത്ത രീതിയിൽ ആവർത്തനങ്ങളിലോ  പരീക്ഷണങ്ങളിലോ  വീണു ശ്വാസം മുട്ടുകയാണ്. സുധീർ രാജ് പ്രതീക്ഷകൾക്ക് തിരികൊളുത്തിയെങ്കിലും ജീവിതത്തിന്റെ ഒഴുക്കിൽ പെട്ടോ , പുറത്തു വരാനുള്ള മടിയിലോ എഴുത്ത് കുറഞ്ഞു വരുന്നതു കാണുമ്പോൾ ക്ഷുഭിത യൗവ്വനത്തിന്റെ പേര് നിലനിർത്താൻ പുതിയ കാലം ഒന്നും തരാതെ പോകുന്ന വിഷാദം കവിതാസ്വദകരെ വിഷമിപ്പിക്കുന്നുണ്ട്.
ഗസൽ എന്ന കവിതാ പുസ്തകത്തിൽ ചുള്ളിക്കാടിന്റെ പതിനഞ്ചു കവിതകൾ ഉണ്ട്. ചിലതൊക്കെ ചുള്ളിക്കാടിന്റെ പ്രണയ കവിതകളിൽ ഉള്ളവയാണ്.  ആവർത്തന വിരസത തോന്നാത്ത കവിതകളുടെ ഒഴുക്ക് ആസ്വദിക്കാൻ ചുള്ളിക്കാടിനെ വായിച്ചാൽ മതിയെന്നു തോന്നും ഓരോ വായനയും .
ജീവിതത്തിന്റെ ചൂരും ചൂടും അനുഭവിക്കുന്നവർക്കു മാത്രമേ അതിനെ കവിതയിലോ കഥയിലോ ചിത്രവത്കരിക്കാൻ കഴിയൂ. ലോകോത്തരമായ ഭാഷാനൈപുണ്യം വാക്കുകളെയും വരികളെയും മറ്റൊരു ദേശവും കാലവും കാട്ടിത്തരാൻ ഉപയുക്തമാക്കുന്ന രീതിയിൽ പ്രയോഗിക്കാൻ കഴിഞ്ഞ ചുള്ളിക്കാടിന്റെ  കവിതകളെ കെ പി അപ്പനും നരേന്ദ്ര പ്രസാദും സച്ചിദാനന്ദനും ഒക്കെ വാക്കുകൾ കൊണ്ടു മാല ചാർത്തുന്ന സുന്ദരമായ കാഴ്ചകൾ വായനക്കാരുടെ സന്തോഷത്തെ വർദ്ധിപ്പിക്കും. സമാനതകളില്ലാതെ പ്രണയവും നൊമ്പരവും ജന്മശാപങ്ങളും ജീവിത ദുരിതങ്ങളും ദാരിദ്ര്യവും പങ്കുവയ്ക്കാൻ കവികൾക്ക് ഇന്നുമൊരു ചുള്ളിക്കാടും അയ്യപ്പനും മാത്രം പ്രതീകമാകുന്നത്  ഈ അനുഭവത്തിന്റെ പനിച്ചൂട് അവർക്ക് സ്വന്തമായിട്ടുണ്ട് എന്നതിനാൽ മാത്രമാണ്. കാലം ചുള്ളിക്കാടിനെ ഒരു പാട് മാറ്റിയിട്ടുണ്ടെങ്കിലും ഇന്നും ആ യുവതുർക്കിയുടെ വരികളിൽ ഞാന്നു കിടക്കാൻ മാത്രമാണ് വായനക്കാർക്കിഷ്ടം. അവർ ഒഴിച്ചിട്ട ഇരിപ്പിടം അനുകരണ സ്വഭാവികൾ മലീമസമാക്കുന്ന കാഴ്ചകൾക്കിടയിലും വായനക്കാരെ സന്തോഷിപ്പിക്കുക ഇത്തരം പുസ്തകങ്ങൾ തേടിപ്പിടിച്ചു  വായിക്കുക എന്നതാണ്. ആശംസകളോടെ ബി.ജി.എൻ വർക്കല

എന്റെ വാനം

പഞ്ഞിമരക്കായയൊന്നു പൊട്ടിയപ്പോള്‍ 
കള്ളനാ കാറ്റ് വന്നു കവര്‍ന്നതും , പിന്നെ 
കൊണ്ട് പോയെന്‍ നീലവാനം നിറയെ 
എഴുതിയോരീ ചിത്രമെത്ര കോമളം !
....ബി.ജി.എന്‍ വര്‍ക്കല  

Friday, February 16, 2018

കവിതായനം

കവിതായനം
.....................
വൃത്തം നോക്കീ പദ്യം ചമച്ചു
താളത്തിൽ ലോകം നൃത്തം വച്ചു .
ഉണ്ടോ കാര്യം ഉള്ളിൽ നോക്കി
ഇല്ലാ കാവ്യം , കാണ് വത് താളം .
...... ബി.ജി.എൻ

വൈകിവീശിയ മുല്ലഗന്ധം ........ജാസ്മിൻ സമീർ

വൈകിവീശിയ മുല്ലഗന്ധം
(കവിതകൾ)
ജാസ്മിൻ സമീർ
ലിപി പബ്ലിക്കേഷൻസ്
വില: 60 രൂപ

"കവിതയാണ് ജീവിതം.
ജീവിതം തന്നെ കവിതയും."
കവിത എഴുതുക എന്നത് ഒരു കാലത്ത് അസാധാരണ കൃത്യം ആയിരുന്നതും അതിനാൽ തന്നെ അവരെ വ്യക്തമായ് കാലം അടയാളപ്പെടുത്തുകയും ചെയ്തിരുന്നു എന്നും സാഹിത്യം ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് കവിത ജീവിതത്തെ വരച്ചിടാൻ ശ്രമിച്ചിരുന്നതിനാലല്ല മറിച്ചതിൽ വിജയിച്ചിരുന്നു എന്നതിനാലാണ്. ശ്രമവും വിജയവും രണ്ടാണ്. ഒന്നു മനസ്സ് കൊതിക്കുന്നതാണ് മറ്റേത് മനസ്സിന്റെ തീരുമാനമാണ്.  അതു കൊണ്ടു തന്നെ ഓരോ കവിയും കവിത കുറിക്കുമ്പോൾ അത് ശ്രമമോ വിജയമോ എന്നു വ്യക്തമായി മനസ്സിലാക്കണം. അപ്പോൾ മാത്രമേ സാഹിത്യാസ്വാദകർക്ക് നല്ല വായനാവിരുന്നു നൽകുവാൻ കഴിയുകയുള്ളു.

ലിപി പബ്ലിക്കേഷൻസ് പുറത്തിറക്കിയ ജാസ്മിൻ സമീറിന്റെ  "വൈകിവീശിയ മുല്ലഗന്ധം" എന്ന കവിത സമാഹാരം വായനക്കെടുക്കുമ്പോൾ കവിതയുടെ ഒരു മാല്യം വളരെ വൈകിയാണെങ്കിലും വായനക്കാർക്ക് സമ്മാനിക്കുന്ന സന്തോഷം കവിയും, കവിതയുടെ മാസ്മരിക സൗന്ദര്യത്തിന്റെ അഭൗമ തലങ്ങളെ ഉദ്ധരിച്ചിട്ടുള്ള ബഷീർ തിക്കോടിയുടെ അവതാരികയും, മുരളി മംഗലത്തിന്റെ പഠനവും ആണ് വഴികാട്ടിയായത്. വളരെ ആകാംഷയോടുകൂടിയാണ്  25 കവിതകളുടെ ഇടയിലേക്ക് ദാഹിച്ചു വലഞ്ഞ മനസ്സുമായി കവിതാ രസം നുകരാനിറങ്ങിയതും.  പക്ഷേ, കവിതകൾക്ക് വായനയിൽ ഒന്നും തന്നെ നല്കാനായില്ല എന്ന ഖേദത്തോടെയാണ് പുസ്തകം വായിച്ചു തീർത്തത്. ടൈറ്റിൽ കവിത തന്നെ കർത്താവും ക്രിയയും തമ്മിൽ വൈരുദ്ധ്യങ്ങൾ നല്കി തുടക്കമിടുകയായിരുന്നു. മുല്ല, മരുഭൂമിയിലെ ഒറ്റച്ചെടിപ്പോലെ സഹിച്ചും ത്യജിച്ചും കഴിഞ്ഞവൾ പടർന്നു കയറാൻ ഒരു മരമില്ലാതെ കാത്തിരുന്നവൾ എന്നു തുടങ്ങുന്ന കവിത പിന്നെ കാണുന്നത് വള്ളിപ്പടർപ്പിൽ കാട്ടുമരങ്ങളിൽ പറ്റിയും പുൽകിയും കിടക്കുന്നതും ഒടുവിൽ പടരാൻ , ഗന്ധം പകരാൻ വൈകിയൊരുവൻ വന്നതുമാണ്. ആരും താങ്ങില്ലായിരുന്നൊരുവൾ തന്റെ ജീവിതം പുഴുക്കുത്തുകൾക്കിട്ടു കൊടുത്തു ഒടുവിൽ ഒരാൾ തണലാകുന്ന കാഴ്ചയെ നല്കാനുള്ള ശ്രമം വേണ്ടവിധത്തിൽ പറയാൻ കഴിയാതെ പോയതായി മനസ്സിലാക്കാൻ കഴിഞ്ഞു. മാതൃത്വം കവിതയിൽ പറയാൻ ശ്രമിക്കുന്നത് കാണുമ്പോഴും ,മറ്റെല്ലാ കവിതകൾ വായിക്കുമ്പോഴും ബോധ്യമാകുന്നത് എന്തൊക്കെയോ പറയാൻ വെമ്പുന്ന ഒരു കവിമനസ്സും കുറേ വാക്യങ്ങളും തമ്മിൽ നടക്കുന്ന സമരങ്ങൾ ആണ് ഓരോ കവിതയും എന്നാണ്.
തീർച്ചയായും ഒരു നല്ല എഡിറ്റർ ഇല്ലാത്ത പ്രശ്നം ഈ പുസ്തകത്തിനു അനുഭവപ്പെട്ടു. പുതിയ കവിതകൾ കൂടുതൽ മികവോടെ വായനയ്ക്ക് ലഭിക്കും എന്ന ശുഭപ്രതീക്ഷയോടെ ബി.ജി.എൻ വർക്കല

ഇരുൾ പൂത്തു തുടങ്ങുന്നുവോ !

ഇരുൾ പൂത്തു തുടങ്ങുന്നുവോ !
.................................................
ആകാശത്തെ ചുവപ്പിച്ചും
മഞ്ഞിപ്പിൽ കുളിപ്പിച്ചും
മണ്ണിനെ കറുപ്പിച്ചുമിതാ
ഇരുൾ പൂവ് വിടരുന്നു. !
ആകാശത്തിനും
ഭൂമിക്കുമിടയിലൂടെ
കാറ്റിൽ ഒഴുകി വരുന്നു
നീയീണമിട്ട തേങ്ങലുകൾ.
പിരിച്ചു വയ്ക്കപ്പെട്ട
ഓർമ്മശകലങ്ങൾ പോലാകണം
കുങ്കുമ പൂവുകൾ പൊട്ടിയടരുന്നു.
വേദനയില്ലാത്ത പുഞ്ചിരിയിൽ
ഞാനസ്തമയം എഴുതുന്നു.
      ബി.ജി.എൻ വർക്കല

Thursday, February 15, 2018

നിലവിളികൾ

നിലവിളികൾ
.......................
എങ്ങും നിലവിളികളാണ്.
വിശപ്പിന്റെ
വെറുപ്പിന്റെ
പരാതികളുടെ
ഇഷ്ടങ്ങളുടെ
കൊടുക്കൽ വാങ്ങലുകളുടെ നിലവിളികൾ.
നോക്കൂ
വിറകു ശേഖരിക്കാൻ വൈകിയ
പെൺവിളികളല്ലത്.
കാട്ടുതേൻ ലഭിച്ച
ആഹ്ലാദസ്വരവുമല്ല.
പിസ നഷ്ടപ്പെട്ട കുഞ്ഞിന്റെ
ബൈക്ക് നിഷേധിച്ച കൗമാരത്തിന്റെ
മൊബൈൽ നിരോധിച്ച കുപ്പിവളയുടെ
അമർത്താനാകാതെ പോയ വിലാപം.
ഉടുവസ്ത്രം മാറിയുടുക്കാനില്ലാതെ
മുറിയിരുളിൽ അമർന്നവളുടേതല്ല
നിതംബം കീറിയ ജീൻസിടാൻ
അനുവദിക്കാത്ത കാറിക്കരച്ചിലാണത്.
നിലവിളികൾക്ക് രൂപമൊന്നേയുള്ളു.
ബർഗർ പോലെ കൊഴുത്തതാണത്.
നരകക്കോഴിയുടൽ പോലെ
എണ്ണ പുരണ്ട നഗ്നതയല്ലത്.
പൂന്തോട്ടത്തിലെ സുഗന്ധമല്ലത്
ഉപ്പുപരലുണങ്ങിയ രൂക്ഷഗന്ധമാണത്.
.... ബിജു.ജി.നാഥ് വർക്കല