Wednesday, October 26, 2016

ഉച്ചവെയില്‍ ചൂടില്‍........... പ്രദീപ്‌ വാസുദേവ്



പുസ്തകപരിചയം
“ഉച്ചവെയില്‍ ചൂടില്‍”
പ്രദീപ്‌ വാസുദേവ്
പായല്‍ ബുക്സ്
വില 60 രൂപ

അറുപത്തിയാറു കവിതകള്‍ അടങ്ങുന്ന ഒരു കവിതാ സമാഹാരം ആണ് ശ്രീ പ്രദീപ്‌ വാസുദേവിന്റെ “ഉച്ചവെയില്‍ ചൂടില്‍”.  റഫീഖ് അഹമ്മദിന്റെ ആശംസകളും എം കെ കരീമിന്റെ അവതാരികയും ആയി പുറത്തിറങ്ങിയിരിക്കുന്ന ഈ സമാഹാരം ചെറുതും വലുതുമായ ഒരു പിടി കവിതകള്‍ വായനക്കാരന് മുന്നില്‍ പങ്കു വയ്ക്കുന്നു . കവിതയില്‍ നിയതമായ ഒരു തലമോ , നിയമമോ , രീതികളോ ഇന്ന് നിലവില്‍ ഇല്ല എന്നതും , ആധുനിക കവിതകള്‍ പ്രമേയം കൊണ്ട് ആണ് അലങ്കാര വൃത്തങ്ങള്‍ കൊണ്ടല്ല സംവദിക്കുന്നത് എന്നുള്ളത് കൊണ്ടും പ്രദീപിന്റെ കവിതകള്‍ വായനക്കാരില്‍ അസ്വാരസ്യം ഉളവാക്കാന്‍ വഴിയില്ല . പ്രമേയഭംഗി കൊണ്ട് മികച്ചു നില്‍ക്കുന്നത് പുതിയകാലത്തില്‍ ക്യാപ്സൂള്‍ കവിതകള്‍ ആണെന്ന് തോന്നിയിട്ടുണ്ട് . ആ തോന്നലിനെ ഉറപ്പിക്കുന്നുണ്ട് പ്രദീപിന്റെ ചില കവിതകള്‍ . നമ്മുടെ നാട്ടിന്‍ പുറത്തേ ജീവിതത്തിന്റെ നേര്‍ ചിത്രങ്ങള്‍ പലതും ഇങ്ങനെ വായിക്കാന്‍ കഴിയുന്നത്‌ പരത്തി പറയാഞ്ഞിട്ടു തന്നെയാകണം.
രാത്രി വണ്ടിയുടെ
അവസാനത്തെ സീറ്റില്‍
സീല്‍ക്കാരങ്ങളുയര്‍ത്തുന്നത്
യാത്രക്കാരായ
കുറേ പാമ്പുകള്‍ (പാമ്പുകള്‍) അത്തരത്തില്‍ ചൂണ്ടിക്കാണിക്കാവുന്ന കവിതകളില്‍ ഒന്നാണ് . പ്രകൃതിയോട് വല്ലാതെ അടുത്തു നില്‍ക്കുന്ന ഒരു കവി മനസ്സ് പല കവിതകളിലും നിഴലിച്ചു നില്‍ക്കുന്നുണ്ട് . അതുപോലെ പച്ചപ്പിന്റെ മണ്ണില്‍ നിന്നും മരുഭൂമിയുടെ മണലിലേക്ക് പറിച്ചു നടപ്പെട്ടവന്റെ വേദന പങ്കുവയ്ക്കുന്ന മഴയും മഞ്ഞും നിലാവും പല കവിതകളിലും ചോദിക്കാതെ തന്നെ കടന്നു വരുകയും പരിഭവിക്കുകയും ചെയ്യുന്നത് വായനക്കാരന്‍ മനസിലാക്കുക തന്നെ ചെയ്യും . ആനുകാലിക സംഭവങ്ങളിലേക്കും വര്‍ത്തമാന കാലത്തിന്റെ അപചയങ്ങളിലേക്കും തുറന്നു വയ്ക്കപ്പെടുന്ന എഴുത്തുകാരന്‍ എന്ന സാമൂഹ്യ പ്രതിബദ്ധകന്റെ കടമ നിറവേറ്റാന്‍ കവി ചിലയിടങ്ങളില്‍ ശ്രമിക്കുന്നുണ്ട് . ആയുധങ്ങള്‍ , എടുത്തുചാട്ടം,തുറന്ന പുസ്തകം, ബംഗാളി , സ്വാതന്ത്ര്യം   തുടങ്ങിയ കവിതകള്‍ ഇതിനു ഉദാഹരണമായി എടുത്തു പറയാവുന്നതാണ് . അത് നീയല്ല പാക്കരാ എന്ന കവിത തനിക്കു നര്‍മ്മവും വഴങ്ങും എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ പോലെ കൂട്ടത്തില്‍ വേറിട്ട്‌ നിന്ന ഒരു കവിതയായിരുന്നു. സാധാരണ എഴുത്തുകാരില്‍ കാണുന്ന ഒരു വസ്തുത ആണ് ഒരു കാര്യം പറയാന്‍ പരത്തിപറഞ്ഞു പോകുന്ന രീതി . ഒരു ചെടിയോടു എന്ന കവിത വായിക്കുമ്പോള്‍ അനുഭവപ്പെട്ടത് അതാണ്‌ . കാരണം ആ കവിതയുടെ സത്ത എന്നത് അവസാന വരികള്‍ ആയ
പ്രാണവായു ദുര്‍ലഭമാകുന്ന
ഈ കാലപ്രവാഹങ്ങളില്‍
അന്ത്യശ്വാസത്തിനായി
ഞാന്‍ പിടയുമ്പോള്‍
ഒരു കൈക്കുമ്പിള്‍ വായു
നീയെനിക്കായി പകരണം . എന്ന പഞ്ചിന് വേണ്ടി ഒരു ചെടി നടുകയും അതിനെയും കൊണ്ട്  കാടും പടലും എല്ലാം നടത്തിക്കുകയും ചെയ്യുന്ന കാഴ്ച കാണുകയുണ്ടായി . പൊതുവേ കവിതകളില്‍ എല്ലാം തന്നെ നീളം കൂടും തോറും ഭംഗി കുറയുന്നതോ , പറയാന്‍ വന്നതിനെ തിരഞ്ഞു വായനക്കാരന്‍ പതറി നടക്കേണ്ടി വരുന്നതോ കാണാന്‍ കഴിഞ്ഞു എന്നതൊരു പോരായ്മയായി തോന്നി . എന്നാല്‍ ചെറു കവിതകളില്‍ വളരെ നല്ല കയ്യടക്കം സാധ്യമാകുകയും ചെയ്തു എന്ന് കാണാം .
വായനയുടെയും കയ്യടക്കത്തിന്റെയും കൗശലത കരഗതമാക്കുക ആണെങ്കില്‍ കവിതാലോകത്ത് ഒരിടം സാധ്യമാകും എന്ന് ഉറപ്പു നല്‍കുന്ന ഈ എഴുത്തുകാരന്റെ പ്രഥമ പുസ്തകം ആണ് ഉച്ചവെയില്‍ ചൂടില്‍ .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല .  

1 comment: