Saturday, February 8, 2020

തട്ടാരക്കുടിയിലെ വിഗ്രഹങ്ങൾ......... ചന്ദ്രമതി

തട്ടാരക്കുടിയിലെ വിഗ്രഹങ്ങൾ 
(കഥകൾ)
ചന്ദ്രമതി
സങ്കീർത്തനം പബ്ലിക്കേഷൻസ് (2002)
വില : ₹ 60.00 


കഥകൾക്ക് പഞ്ഞമില്ലാത്ത മനുഷ്യർ കഥ പറയാൻ എടുക്കുന്ന വൈഭവത്തെയാണ് അവരുടെ അടയാളമായി വായനാലോകം കണക്കാക്കുന്നത്. അമ്മമാരാണ് ലോകത്തെ ഏറ്റവും വലിയ കഥാകൃത്തുക്കൾ എന്നു പറയാം. ഒരു കുഞ്ഞിന്റെ ശൈശവത്തെ ഏറെയും സ്വാധീനിക്കുന്നത് അമ്മക്കഥകളിലൂടെയാണ്. ഉറങ്ങാനും, പാപ്പം കഴിക്കാനും ഒക്കെ കഥകൾ കൂടിയേ തീരൂ. അവയൊന്നും ഒരു കഥാ പുസ്തകത്തിലും വായിക്കാൻ കഴിഞ്ഞുവെന്നു വരില്ല. അവ എഴുതപ്പെട്ട ഒരു കഥകൾക്കും ഒപ്പം നില്ക്കുകയുമില്ല. വലുതാകുമ്പോൾ അമ്മക്കഥകളിൽ നിന്നും കുഞ്ഞുങ്ങൾ കഥാപുസ്തകങ്ങളിലേക്കും വായനയുടെ ലോകത്തേക്കും നടന്നു കയറുന്നു. അവയൊക്കെ എഴുതപ്പെട്ട കഥകൾ ആണ്. അവ അമ്മക്കഥകൾ പോലെ മനസ്സിൽ തറഞ്ഞു കിടക്കുന്നവയും മറന്നു പോയവയുമായി ഇടകലർന്നു കടന്നു പോകുന്നു. 

ചന്ദ്രമതി എന്ന ചന്ദ്രികാ ബാലൻ മലയാളികൾക്ക് പരിചിതയായ എഴുത്തുകാരിയാണ്. ഒരു കോളേജധ്യാപികയായിരുന്ന ഈ എഴുത്തുകാരി വിദ്യാഭ്യാസപരമായി വളരെ ഉയർന്ന തലങ്ങളിൽ വ്യാപരിച്ച, ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന ഒരാൾ ആണ് എന്ന് മാത്രം പറയുന്നത് അവരുടെ സാഹിത്യ പ്രതിഭയോടുള്ള അനാദരവാകും. മലയാള സാഹിത്യത്തിൽ തന്റേതായ നിലപാടുകളും ശൈലിയുമായി ഒട്ടേറെ സംഭാവനകൾ നല്കുന്ന ഒരു എഴുത്തുകാരി എന്ന നിലയിൽ ചന്ദ്രമതിയുടെ രചനകൾക്ക് അതിന്റെ തായ പ്രസക്തിയുണ്ട്. പരീക്ഷണങ്ങൾ എപ്പോഴും ഇഷ്ടപ്പെടുന്ന ഈ എഴുത്തുകാരിയുടെ ഹാസ്യരൂപത്തിലെ എഴുത്തുകൾ പലപ്പോഴും സമകാലീനതയുടെ ചങ്കിൽ തറയ്ക്കുന്ന മുള്ളുകൾ ആണ്. 

ഇന്നിവിടെ വായിച്ചു പരിചയപ്പെടുത്തുന്ന പുസ്തകം ശ്രീമതി ചന്ദ്രമതി 1998 മുതൽ 2001 വരെ എഴുതിയിട്ടുള്ളതിൽ നിന്നും 21 കഥകളെ ഒന്നടുക്കി വച്ച തട്ടാരക്കുടിയിലെ വിഗ്രഹങ്ങൾ എന്ന കഥാസമാഹാരമാണ്. മനോഹരമായ ഭാഷയിൽ, മനുഷ്യമനസ്സിന്റെ പ്രത്യേകിച്ചും സ്ത്രീ മനസ്സിന്റെ വിഭിന്നമായ ചിന്താഗതികളെ, വിചാരധാരകളെ അവതരിപ്പിക്കുന്ന ഈ കഥകളിൽ നോവും, സ്നേഹവും, വാത്സല്യവും രാഷ്ട്രീയവും മതവും ഹാസ്യവും ഇഴുകിച്ചേർന്നു കിടക്കുന്നു. അനുകരണങ്ങളില്ലാത്ത സാഹിത്യം എന്നൊന്നില്ല. ആരോ എഴുതിയ വരികളും വാക്കുകളുമല്ലാതെ പുതിയ ഒരു വാക്കോ ഭാഷയോ സൃഷ്ടിക്കാനാവില്ല ഒരെഴുത്തുകാരനും. അതിനാൽ തന്നെ എഴുതുന്നവയൊക്കെ പുതിയവ എന്നു തോന്നിപ്പിക്കണമെങ്കിൽ അതിൽ വ്യത്യസ്ഥത ഉണ്ടാകണം. ആ വ്യത്യസ്ഥതയാണ് എപ്പോഴും എഴുത്തുകാരന്റെ മുഖമുദ്രയാകുന്നതും. 

കഥാപാത്രത്തിന്റെ സൃഷ്ടിയിൽ കഥാകാരി പുലർത്തുന്ന സൂക്ഷ്മതയറിയാൻ ഒരു കഥാപാത്രത്തിന്റെ മനോവിചാരത കൂടി പകർത്താമെന്നു കരുതുന്നു. 'കഥയാകാത്ത കഥ' എന്ന കഥയിൽ കഥാപാത്രം ഇങ്ങനെ പറയുന്നു. " ഞാൻ കഥകളിൽ ആത്മകഥാംശം കലരാതിരിക്കാൻ ഏറെ ശ്രദ്ധിക്കുന്നവനായതുകൊണ്ട് നിന്നെയെനിക്ക് ഒഴിവാക്കിയേ പറ്റൂ.'' തികച്ചും സൃഷ്ടിപരമായ ഒരു സത്യസന്ധത ഇവിടെ കഥാകാരി പിന്തുടരുവാൻ ആഗ്രഹിക്കുന്നതായി മനസ്സിലാക്കാൻ കഴിയുന്നു. കാരണം മാധവിക്കുട്ടിയുടെ കഥകൾക്കൊക്കെ ഒരു ആത്മകഥാംശം ഉണ്ട്. അവയിലെ നായികമാരിലൊക്കെയും തുടർച്ചയായി മാധവിക്കുട്ടി ഒളിഞ്ഞും തെളിഞ്ഞും നില്ക്കുന്നത് കാണാം. ചന്ദ്രമതിയുടെ കഥകളിൽ പക്ഷേ ഈ സ്വകീയത വായിച്ചെടുക്കാനാകുകയുമില്ല. ഇത്തരം കണ്ണുകെട്ടലുകൾ എഴുത്തിന്റെ പക്വതയെ സൂചിപ്പിക്കാൻ ഉതകുന്നവയാണ്. 

മുമ്പു സൂചിപ്പിച്ച പോലെ സ്ത്രീ മനസ്സുകളുടെ വിവിധ ഭാവങ്ങളും ചിന്തകളും പ്രതിഫലിപ്പിക്കുന്നവയാണ് എല്ലാ കഥകളും. പിൽക്കാലത്ത് എഴുത്തുകാരി കഥാപാത്രങ്ങളിലും പരിസരങ്ങളിലും ബിംബവത്കരണം നന്നായി പരീക്ഷിച്ചു വിജയിപ്പിക്കുന്നുവെങ്കിലും ഈ പഴയ കഥകൾക്ക് പച്ച ജീവന്റെ തുടിപ്പുകൾ ആണ് ഉള്ളതെന്ന് കാണാം. ഹാസ്യം തനിക്ക് നന്നായി ഇണങ്ങുന്ന ഒന്നാണെന്നന്ന വസ്തുത തെളിയിച്ചു കൊണ്ടിരിക്കുന്ന വായനയാണ് ഓരോ കഥയും. 

സംശയക്കുടുക്കയായ ഒരുവളെ 'ഇടവേള ' എന്ന കഥയിൽ കൊണ്ടു വരുന്നതും സ്ത്രീ സ്വാതന്ത്ര്യമെന്നാൽ മുണ്ടു മാടിക്കെട്ടലും തെറി വിളിയും മദ്യപാനവുമല്ല എന്ന കാഴ്ചപ്പാടിൽ നിന്നു കൊണ്ട് വാസ്തവികതയിലേക്ക് നടത്തുന്ന 'ഫെലിസിറ്റയും നരസിംഹവും.' എന്ന കഥയും എല്ലാ മക്കളും അമ്മമാർക്ക് ഒരു പോലെ ആകുന്നുവെന്ന സന്ദേശത്തിനൊപ്പം വിദ്യാലയ രാഷ്ട്രീയത്തിന്റെ ബീഭത്സതയും നെറികേടും വിളിച്ചു പറയുന്ന 'കൗസല്യമാരുടെ പ്രാർത്ഥനയും' കഥകളിൽ ശ്രദ്ധിക്കപ്പെടുന്നവയാണ്. 'ചെറുതാകാത്ത വര' യിലൂടെ ലോകത്തിലിന്നേവരെ ഒരു വരയ്ക്കും മറ്റൊരു വരയെ ചെറുതാക്കാൻ ആവില്ലെന്ന വലിയ സത്യത്തെ കഥാകാരി സമർത്ഥിക്കുന്നു. 'ഒരു സൂപ്പർകഥ'യിൽ നിലവിലെ സിനിമാലോകത്തെ ദാമ്പത്യത്തിന്റെ സ്വാർത്ഥതയെ ലിംഗമാറ്റത്തിലൂടെ പരിവർത്തനം ചെയ്യപ്പെടുന്ന കാഴ്ച വരച്ചിടുന്നു. സ്ത്രീ സ്വാതന്ത്ര്യവും പുരുഷ സ്വാതന്ത്ര്യവും കുടുംബത്തിലെ അകക്കാഴ്ചകളിലൂടെയാകുമ്പോൾ പറഞ്ഞു പഴകിയ വസ്തുതയാണങ്കിലും 'സർവ്വേ' ഒരു മാനസിക പoനം പോലെ മാറി നില്ക്കുന്നു. കുടുംബിനി എന്നതിന്റെ എതിർ ലിംഗ പദം തേടുന്ന ഒരു കഥയാണിത്. രാഷ്ടീയത്തിന്റെയും മതത്തിന്റെയും ഇടയിലെ കുതിരക്കച്ചവടത്തെ പ്രതീകാത്മകമായി വരച്ചു കാട്ടുന്ന 'സഹജരേ വാ ' പ്രമേയ ഭംഗികൊണ്ട് ശ്രദ്ധിക്കപ്പെടുന്നു. ഉപഭോക്ത്ര സംസ്കാരവും ആഗോളവത്കരണവും വാർദ്ധക്യത്തിന്റെ ദയനീയമായ അടിയറവുകളും കുതറിമാറലും 'റിമോട്ട് കൺട്രോൾ ' എന്ന കഥയിൽ തെളിഞ്ഞു കാണാം. പറഞ്ഞു പഴകിയ ഒരു വസ്തുതയാണെങ്കിലും മുമ്പേ പറഞ്ഞവർ എന്ന കാഴ്ചപ്പാടിൽ എഴുത്തുകാരുടെ മുൻകൂട്ടി കാണാനുള്ള കഴിവിന്റെ തെളിവായി 'വരും വരാതിരിക്കില്ല' എന്ന കഥ ഇന്നു വായിക്കപ്പെടുന്നു. ദാരിദ്ര്യത്തിന്റെ പച്ചയായ നോവും കച്ചവടത്തിന്റെ ആക്രാന്ത കണ്ണുകളും ഒരുപോലെ പ്രതിഫലിപ്പിക്കുന്നതാണ് ' കാക്ക' എന്ന കഥ. ലോകത്തിന്റെ ഏതൊക്കെയോ കോണുകളിലിരുന്നു സംവദിക്കുന്ന മനുഷ്യർ കേവലം വരികളുടെയോ വാക്കുകളുടെയോ മുൻവിധികളിൽ പരസ്പരം വിലയിരുത്തപ്പെടുന്നതിന്റെ കേവലതയെ നന്നായി പറഞ്ഞു ' വെബ്സൈറ്റ് ' എന്ന കഥ. ഇന്ന് വളരെ പ്രചുരപ്രചാരം നേടിയ മീഡിയ റിയാലിറ്റി ഷോകൾ നല്കാൻ സാധ്യതയുള്ള ചില വിപത്തുകൾ 'പ്രായോജകർ' എന്ന കഥ വെളിപ്പെടുത്തുന്നു. ഒരു കൂട്ടം ആൾക്കാർ ഒളിപ്പിച്ച ക്യാമറയുമായി നിരത്തുകളിൽ നടത്തുന്ന ഹാസ്യനാടകങ്ങളിൽ പതിയിരിക്കാവുന്ന വലിയൊരു ചതിയെ അത് അനാവൃതം ചെയ്യുന്നു. വീട് എന്ന ആഡംബരത്തെ വളരെ തന്മയത്തത്തോടെ 'തിരയിളക്കം' എന്ന കഥയിൽ കഥാകാരി അവതരിപ്പിക്കുന്നു. ഇന്നത്തെ സാംസ്കാരിക രംഗത്തെ അവാർഡ് നാടകങ്ങളെ സ്വയം ഇരയായി അവതരിപ്പിക്കുന്ന 'ഓടക്കുഴൽ കഥകൾ' ശരിക്കും യാഥാർത്ഥ്യമാണ്. മാനസികമായ ഒരു തലത്തിൽ കഥകൾ അവതരിപ്പിക്കാൻ ശ്രമിക്കുന്ന കഥാകാരിയുടെ ചില കഥകൾ വളരെയേറെ ആഴത്തിൽ വായിക്കപ്പെടേണ്ടവയാണ്. 'പാറ്റകളും പട്ടികളും കുറേ മനുഷ്യരും' എന്ന കഥ ഇത്തരം ശ്രേണിയിലുള്ളതാണ്. പരാദ ഭീതി, ജന്തുഭീതി എന്നിവയുടെ കാര്യ കാരണങ്ങളിലേക്ക് ഇറങ്ങിപ്പോകാതെ അതിനെ പറഞ്ഞു പോകാൻ ശ്രമിക്കുമ്പോഴും നിഗൂഢമായി ചില യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുന്നവയാണത്. ഭർത്താവിന്റെ സ്നേഹം പിടിച്ചെടുക്കാൻ ഭാര്യയുടെ ശ്രമങ്ങൾ അവതരിപ്പിക്കുന്ന 'പ്രശ്നകഥയും ' മാനസികാപഗ്രഥന കഥയാണ്. സ്ത്രീ മനസ്സിന്റെ അപരിചിതമായ യാത്രകളുടെ സൂചികയാണ് സാധാരണ കഥായായി വായിച്ചു പോകുമ്പോഴും ഉള്ളിൽ കൊളുത്തുന്ന 'ടൂ ലേറ്റ്' എന്ന കഥയെന്നു കാണാം. മതമൈത്രിയുടെയും ഒപ്പം ദൈവങ്ങളുടെ ഗതികേടിന്റെയും ഹാസ്യാവിഷ്കാരം ആണ് 'തട്ടാരക്കുടിയിലെഗ്രഹങ്ങൾ ' എന്ന കഥയിലൂടെ പ്രേക്ഷിതമാകുന്നത്. 'ആദ്യരാത്രി' എന്ന കഥയാകട്ടെ രണ്ടു ജീവിതങ്ങളുടെ ആരംഭത്തിനെ നർമ്മത്തിലൂടെ പറയുന്ന വളരെ വ്യത്യസ്ഥമായ ഒരു കഥയാണ്. നവ ജീവിതത്തിലേക്ക് കടക്കുന്ന ദമ്പതികളുടെ ആദ്യ രാത്രിയും ആദ്യതൊഴിലിനായി മകനുമായി കടന്നു വരുന്ന കവർച്ചക്കാരനും വളരെ  രസാവഹമായ കാഴ്ചയായിരുന്നു. 

അനുകരണനങ്ങൾ ഇല്ലായെങ്കിലും 'അനുരാധയുടെ ഭർത്താവി'നെ വായിക്കുമ്പോൾ മാധവിക്കുട്ടിയുടെ പക്ഷിയുടെ മണം ഓർമ്മകളിലേക്ക് കടന്നു വരുന്നുണ്ടായിരുന്നു. ചില കഥകൾക്ക് ബഷീറിനെയും വികെ എന്നിനെയും ഓർമ്മിപ്പിക്കാനായത് ഭാഷയുടെ പ്രയോഗത്തിലെ രാസമാറ്റങ്ങളുടെ വിദഗ്ധതയിലാണ്. വായനയിൽ ഒട്ടും മുഷിവ് തോന്നിപ്പിക്കാത്ത കഥകൾ ആണ് ചന്ദ്രമതിക്കഥകൾ. കൂടുതൽ വായനകൾ അർഹിക്കുന്ന, ആദരവുകൾ അർഹിക്കുന്ന ഒരെഴുത്തുകാരി. മലയാള സാഹിത്യത്തിൽ ഓർമ്മിക്കപ്പെടേണ്ട എഴുത്തുകാരുടെ നിരയിലേക്ക് പ്രതിഷ്ഠിക്കപ്പെട്ട എഴുത്തുകാരിക്ക് ആശംസകളോടെ ബി.ജി.എൻ വർക്കല.

No comments:

Post a Comment