പോകാതെ വയ്യ.
............................
ആറടി മണ്ണിന്നീർപ്പമറിയാൻ,
ആളുന്നൊരഗ്നിതൻ ഉഷ്ണമറിയാൻ
വിട്ടിടാനാവില്ലീ ദേഹിയെ...
നാളെയുടെ പ്രതീക്ഷകൾ,
കീറി മുറിച്ചും
തുന്നിക്കെട്ടിയും പഠിക്കുവാൻ
എന്നേയുഴിഞ്ഞു വച്ചു ഞാൻ.
വെളിച്ചം നല്കാൻ
മിടിപ്പുകൾ വീണ്ടെടുക്കാൻ
ആവശ്യമുള്ളതൊക്കെ കൊടുത്തു
യാത്രയാകണമെനിക്ക് .
വിട പറച്ചിലുകൾ അപ്രസക്തമാകുന്ന
വരണ്ട സൗഹൃദത്തിൻ ലോകത്ത്
കേവല പുഞ്ചിരിയിൽ
ഒരു വെറും വാക്കിന്റെ സുഖാന്വേഷണത്തിൽ
ഒറ്റയ്ക്കാണെന്ന ബോധത്തെ
വീണ്ടും വീണ്ടും മനസ്സിലുറപ്പിച്ചു
യാത്ര തുടങ്ങണമിനി.
രണ്ടു നാളിന്റെ ഓർമ്മമരത്തിൽ
ഞാന്നു കിടക്കുന്ന ഫലമാകാതെ ,
ബന്ധങ്ങൾക്കു നടുവിൽ
കോമാളി വേഷമായി
ഗൂഢസ്മിതങ്ങൾക്ക് പാത്രമാകാതെ,
ഒരിക്കലുമുണരാത്തൊരുറക്കത്തെ
സ്വപ്നം കാണലല്ലാതനുഭവിക്കണമിനി.
കടമകളും കടപ്പാടുകളും
മുൾക്കിരീടമായണിഞ്ഞ ജീവിതത്തെ
കുരിശുമരണത്തിലേക്ക് വലിച്ചെറിയാതെ
അനിവാര്യതയിലേക്ക് മിഴിതുറക്കണം.
ആരുമില്ലായ്മയുടെ ഉപ്പുനീരിറ്റിച്ചു
ഒട്ടും തണുപ്പില്ലാതൊരു വോഡ്കയിൽ
കരളിനെ കുളിപ്പിച്ചു കിടത്തണം.
ആയിരം വിരൽമുനകൾ നീളുന്ന ദേഹിയെ
കല്ലെറിഞ്ഞു കൊല്ലാൻ അനുവദിച്ചുകൊണ്ട്
ആസ്വദിച്ചു തുടങ്ങണം .
... ബി.ജി.എൻ വർക്കല
കവിത ഇഷ്ട്രമായി
ReplyDeleteവിട്ടിടാനാവില്ലീ ദേഹിയെ
ആത്മാവിനെ വിട്ടു കൊടുക്കില്ലന്നാണോ
ശരീരെത്തെ വിട്ടു കൊടുക്കില്ലന്നാണോ കവി ഉദ്ദേശിചതു്.