Wednesday, February 19, 2020

ബര്‍ദുബായ്‌ കഥകള്‍ .................... രമേഷ് പെരുമ്പിലാവ്

ബർദുബൈ കഥകൾ (അനുഭവം)
രമേഷ് പെരുമ്പിലാവ്
ചിന്ത പബ്ലിക്കേഷൻസ് 2019
വില : ₹ 200.00

കഥകള്‍ പറയുന്നതൊരു കഴിവാണ് . ഓര്‍മ്മകളാണ് അവയെങ്കില്‍ അവ പറയുന്നതിനൊരു പ്രത്യേക ചാരുത വേണം . എങ്കില്‍ മാത്രമേ കഥകളായും ജീവിതമായും അതു വായനക്കാരെ പിടിച്ചിരുത്തുകയുള്ളൂ. കഥകള്‍ക്ക് വേണ്ട പ്രധാന ഗുണം എന്താണ്? അതില്‍ സത്യസന്ധത ഉണ്ടാകണം എന്നുള്ളതാണ് . പ്രത്യേകിച്ചും അത് ഓര്‍മ്മകള്‍ ,അല്ലെങ്കില്‍ അനുഭവങ്ങള്‍ ആകുമ്പോള്‍ . പൊടിപ്പും തൊങ്ങലും ഉപയോഗിച്ച് ചരിത്രം നിര്‍മ്മിക്കുന്ന കഥകള്‍ എഴുതുന്ന എഴുത്തുകാര്‍ ആണ് പ്രധാനമായും നമുക്ക് ചുറ്റും ഇന്ന് കാണാന്‍ കഴിയുക. പ്രശസ്തിയുടെ  മധുരം നുണയാന്‍ എന്ത് നുണയും അവര്‍ ഉപയോഗിക്കുകയും ചെയ്യും .  ശരിയായ കഥ പറച്ചിലുകള്‍ , കഥയോടൊപ്പം ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിക്കും. അങ്ങനെ വായനക്കാരന് കഥയിലൂടെ ഒരു സംസ്കാരവും , ഒരു ഭൂമികയും പരിചിതമാകും. മനുഷ്യരുടെ വികാര വിചാരങ്ങളെ മനസ്സിലാക്കാനും നിര്‍വ്വചിക്കാനും കഴിയും. ഒരിക്കല്‍ ഗള്‍ഫിലെ ഒരു സാംസ്കാരികസമ്മേളനത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ അഭിപ്രായപ്പെടുകയുണ്ടായി ലോകത്തെ പ്രധാന ക്ലാസ്സിക്കുകള്‍ എല്ലാം സംഭവിച്ചത് സംസ്കാരവുമായി , നഗരങ്ങളുമായി ബന്ധപ്പെട്ടാണ് എന്ന്. ഒരു നഗരം ഉണ്ടാകുന്നത് ഒരു സംസ്കാരം ഉണ്ടാകുന്നത് ഒരു ജനതയുടെ വളര്‍ച്ചയും വികാസവും കൂടിയാണ് . അതിനെ അടയാളപ്പെടുത്തുക എന്തു ഭാരിച്ച ചുമതലയുമാണ്!.

രമേഷ് പെരുമ്പിലാവ് എന്ന യുവഎഴുത്തുകാരന്‍ തന്റെ “ഇരുപത്തഞ്ചു കുബൂസു ഓര്‍മ്മകള്‍” എന്ന പേരില്‍ രേഖപ്പെടുത്തുന്ന പ്രവാസത്തിലെ ഓര്‍മ്മക്കുറിപ്പുകള്‍ ആണ് “ബര്‍ദുബൈ കഥകള്‍.” കുബൂസ് എന്നാല്‍ പ്രവാസം എന്നൊരു ബിംബം എന്തുകൊണ്ടോ പ്രവാസികള്‍ക്കിടയില്‍ പണ്ട് മുതലേ ഉറച്ചുകിടക്കുന്നുണ്ട്. അബ്ബാസ്‌ കുബ്ബൂസിനെ പ്രണയിക്കുന്നവന്‍ എന്ന പേരില്‍ മുന്പ് ഒരു എഫ് ബി എഴുത്തുകാരന്‍ തന്റെ ഓര്‍മ്മകള്‍ എഴുതുകയും പിന്നീട് അത് പുസ്തകമാക്കുകയും ചെയ്തിട്ടുണ്ട് . കുബ്ബൂസിനെ തലക്കെട്ടില്‍ വച്ച് ഒരുപാട് പ്രവാസികള്‍ ഓര്‍മ്മകളും കവിത, കഥ, ലേഖനങ്ങള്‍ എഴുതിയിട്ടും ഉണ്ട്. പ്രവാസിയുടെ ജനകീയ ഭക്ഷണം ആയ കുബൂസിനെ അതിനാല്‍ തന്നെയാകണം മുഖചിത്രത്തില്‍ എഴുത്തുകാരനെ കുബൂസ് ഓര്‍മ്മകള്‍ എന്ന അടിക്കുറിപ്പ് നല്‍കാന്‍ പ്രേരിപ്പിച്ചത് എന്ന് തോന്നുന്നു. പ്രവാസത്തിലെ ഓര്‍മ്മകള്‍ എന്ന തലത്തില്‍ നിന്നു കൊണ്ടാണ് രമേഷിനെ വായിക്കേണ്ടത് എന്നൊരു ധാരണ ഈ പുസ്തകം വായിക്കുമ്പോള്‍ വായനക്കാരില്‍ ഉണ്ടാകുകയാണെങ്കില്‍ അതിനു സാധ്യമല്ല എന്ന നിബന്ധന രമേഷ് തന്റെ കുറിപ്പുകളില്‍ അടയാളപ്പെടുത്തുന്നു. താന്‍ കണ്ട ദുബായ് എന്ത് എന്നല്ല രമേഷിന് പറയാനുള്ളത്. തന്റെ ഓരോ കുറിപ്പിലും പ്രവാസത്തിലെ ഓരോ അനുഭവങ്ങള്‍ അടയാളപ്പെടുത്തുന്നതിനൊപ്പം തന്നെ താന്‍ ജീവിക്കുന്ന ഭൂമികയുടെ ചരിത്രമോ സവിശേഷതകളോ പറയുക കൂടി ചെയ്യുന്നുണ്ട് എഴുത്തുകാരന്‍ ഈ പുസ്തകത്തില്‍. തുടക്കം മുതല്‍ തന്നെ ആ ഒരു രീതി ആണ് രമേഷിന്റെ പ്രത്യേകതയായി ഈ പുസ്തകത്തിനു പറയാനുള്ളത്. ദുബായിയുടെ ചരിത്രം , പ്രത്യേകതകള്‍ , തുടങ്ങി ആമുഖം പോലെ വ്യക്തമായി ലളിതമായി പറയുന്നു. ശേഷം തന്റെ ഗള്‍ഫ് ജീവിതം ആരംഭിക്കുന്ന ജന്മനാടായ പെരുമ്പിലാവിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും അവിടെ നിന്നും തിരികെ ഗള്‍ഫിലേക്ക്  സഞ്ചരിക്കുന്ന സഹയാത്രികനായി കൂട്ടുകയും ചെയ്യുന്നു വായനക്കാരനെ. പഴയകാലത്തെ, എന്നാല്‍ അത്ര പഴയതല്ലാത്ത ഗള്‍ഫ് യാത്രയുടെ ചിത്രവും , ഗള്‍ഫില്‍ എത്തിച്ചേര്‍ന്ന ശേഷം ഉള്ള അതിജീവനത്തിന്റെ കഥയും തുടര്‍ന്ന് വായിക്കാനാകും. ഒരു പ്രവാസി , തന്റെ നിലനില്‍പ്പിനായി സഹിക്കേണ്ടി വരുന്ന പല വിഷമഘട്ടങ്ങളും ഉണ്ട്.  മിക്കവാറും ആള്‍ക്കാര്‍ക്ക് ഇത് പൊതുവില്‍ ഒരുപോലെയാകും . അതിനെ ആവര്‍ത്തനവിരസതയോ, മുഷിവോ കൂടാതെ സത്യസന്ധമായി അവതരിപ്പിക്കാന്‍ രമേഷിന് കഴിയുന്നുണ്ട് . 

തന്റെ മനസ്സിലെ വികാരങ്ങളും വിചാരങ്ങളും ആലങ്കാരികതകൾ ഇല്ലാതെ പറയുന്നു. പ്രണയമായാലും വെറുപ്പും സങ്കടവും തന്നെയായാലും അതിനു അതിന്റേതായ സത്യസന്ധത നിലനിര്‍ത്തുന്നു. ചെറുപ്പക്കാരുടെ  മനസ്സിന്റെ വികാര വിചാരങ്ങളെ അതുപോലെ അവതരിപ്പിക്കുന്ന ഓര്‍മ്മയാണ് മയില്‍‌പ്പീലിക്കണ്ണുള്ള  ഷാള്‍ പറയുന്നത് അതുപോലെ ഇന്തോനേഷ്യന്‍ കൂട്ടുകാരിയുടെ ഓര്‍മ്മയും. കഠിനം എന്ന് തോന്നിക്കുന്ന ചില ഘട്ടങ്ങളെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഓരോ യുവാക്കളും അഭിമുഖീകരിക്കുന്നുണ്ട്. സൗദിയില്‍ ദമ്മാമില്‍ ഉള്ള ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞ ഒരു വസ്തുത ഓര്‍മ്മിക്കുന്നു . സത്യമായതാകാം അല്ലാതിരിക്കാം പക്ഷെ അതിനു ഒരു നേരുണ്ട് എന്നത് പിന്നീടുള്ള പല അനുഭവങ്ങളില്‍ മനസ്സിലാക്കിയിട്ടുണ്ട്. ഗ്രാമീണരായ (ബദുക്കള്‍) അറബികള്‍ മാര്‍ക്കറ്റില്‍ വന്നിട്ട് കൗമാരക്കാരായ ചെറുപ്പക്കാരെ ഒറ്റയ്ക്ക് കണ്ടാല്‍ ബലമായി പിടിച്ചുകൊണ്ടു പോയി ലൈംഗിക ദാഹം തീര്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ട് എന്നതാണ് അത് . അതുകൊണ്ട് തന്നെ രമേഷ് അതുപോലുള്ള തൻ്റെ ഒരു അനുഭവത്തെക്കുറിച്ച് പറയുകയും അതില്‍ നിന്നും രക്ഷപ്പെട്ടു ഓടുന്നതു കാണുകയും ചെയ്യുമ്പോള്‍ അതിനു യാഥാര്‍ത്ഥ്യത്തിന്റെ ചുവയുണ്ട് . അതുപോലെ മറ്റൊന്നാണ് ദുബായ് പോലുള്ള മഹാനഗരിയില്‍ മലയാളികള്‍ അടക്കമുള്ളവര്‍ നടത്തുന്ന പെണ്‍വാണിഭങ്ങള്‍. നിഷേധിക്കാന്‍ കഴിയാത്ത ഒരു സത്യമാണത്. എത്രയോ സ്ത്രീകള്‍ അത്തരക്കാരുടെ വലയില്‍ വീണു ജീവിതം നശിച്ചിട്ടുണ്ട്. ചിലരെങ്കിലും വന്നു പെട്ട് പോയതല്ലേ എന്ന് ഓര്‍ത്ത് അതില്‍ തന്നെ അടിഞ്ഞു കൂടി കുടുംബത്തെ നാട്ടില്‍ നല്ല സ്ഥിതിയില്‍ ജീവിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അത്തരം ആള്‍ക്കാരില്‍ ഒരാള്‍ തന്റെ സ്നേഹിതനായിപ്പോയതില്‍ ദുഖിക്കുന്ന എഴുത്തുകാരന്‍ മാനുഷികമായ ഒരു നേര് കൂടി തന്റെ ജീവിതത്തിലെ പോളിസി ആയി കൂടെ കരുതുന്നു. ആ ആത്മാർത്ഥ സൗഹൃദം മൂലം പെരുവഴിയിൽ ഒരു ജന്മദിനത്തിന് മർദ്ദനമേറ്റ് മാനം കെട്ട് നിൽക്കേണ്ടി വരുമ്പോൾ അയാൾ ഓർമ്മിക്കുന്നുണ്ട് എത്ര അളവു ചേർന്ന വസ്ത്രമായാലും ഉപേക്ഷിക്കേണ്ടി വന്നാൽ അതിന് മടിക്കരുതെന്ന് .

യൂ ഏ ഇ യുടെ ചരിത്രത്തില്‍ മലയാളികള്‍ അടയാളങ്ങള്‍ ആകുന്ന ചിത്രങ്ങള്‍ തന്റെ പരിമിതമായ പരിചയങ്ങളില്‍ക്കൂടി പരിചിതപ്പെടുത്തുന്നു രമേഷ് ഇവിടെ. പ്രവാസിയുടെ ജീവിതവുമായി അഭേദ്യമായ ഒരു ബന്ധം സ്ഥാപിക്കപ്പെട്ട എഫ് എം റേഡിയോയെക്കുറിച്ചും അതിനു പിന്നിലെ മനുഷ്യരെക്കുറിച്ചും , സാഹിത്യ സാംസ്കാരിക മേഖലകളിലെ തന്റെ പരിചിതവൃന്ദങ്ങളെ പരിചയപ്പെടുത്താനും രമേഷ് ശ്രമിക്കുന്നുണ്ട്. ഇന്ത്യ വിട്ടുകഴിഞ്ഞാല്‍ മലയാളിക്കായാലും മറ്റേത് ഇന്ത്യാക്കാരനായാലും പാകിസ്ഥാനി എന്നോ ബംഗ്ലാദേശി എന്നോ മറ്റേതൊരു രാജ്യക്കാരനെന്നോ വേര്‍തിരിവ് ഇല്ല എന്ന സത്യം രമേഷ് സ്വന്തം ജീവിതത്തിലൂടെ വ്യക്തമാക്കിത്തരുന്നുണ്ട്. മനുഷ്യര്‍ തമ്മില്‍ രാജ്യങ്ങളുടെ വിവേചനം ഇല്ല എന്നും ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ ഉള്ള ഓട്ടത്തില്‍ മതമോ രാജ്യമോ ഒരു ഘടകമോ പ്രശ്നമോ അല്ല എന്നും രമേഷ് വ്യക്തമാക്കുന്നു . വളരെ നല്ല രീതിയില്‍ തന്റെ ഓര്‍മ്മകളെ രമേഷ് ഈ പുസ്തകത്തില്‍ വരച്ചിടുന്നു.

വായന അവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടായ വികാരം രമേഷ് എന്ന യുവ എഴുത്തുകാരന്റെ ആത്മവിശ്വാസക്കുറവിനോടുള്ള സഹതാപമായിരുന്നു. ഇത്ര നല്ല വായനയും, എഴുതാനുള്ള കഴിവും ഭാഷാശുദ്ധിയും ഉള്ള രമേഷിന് ഒന്ന് മനസ്സ് വച്ചിരുന്നെങ്കില്‍ ഇതൊരു നോവല്‍ ആയി അവതരിപ്പിക്കാമായിരുന്നു എന്നോര്‍ത്താണു അത് തോന്നിയത്. പ്രവാസിയുടെ ആത്മനൊമ്പരം എന്ന തലക്കെട്ടില്‍ ഒരുപിടി പൈങ്കിളി, കണ്ണീര്‍ക്കഥകള്‍ അവതരിപ്പിക്കുന്ന എഴുത്തുകാര്‍ക്കിടയില്‍ ആണ് നല്ലൊരു അവസരം രമേഷ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. കാരണം അത്ര വ്യക്തമായി ഈ കഥകളെ ഒന്നിപ്പിച്ചു ഒരു നോവല്‍ ആക്കാമായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ അതിനു കുറേക്കൂടി വികാസവും വ്യക്തതയും വരികയും പ്രവാസത്തിലെ നല്ലൊരു നോവല്‍ എന്ന അടയാളപ്പെടുത്തല്‍ ആകുകയും ചെയ്തേനെ. ചരിത്രവും സാമൂഹിക മാറ്റങ്ങളും സംസ്കാരവും പ്രവാസവും അതിജീവനവും ഒക്കെ ചേര്‍ന്ന് ഒരു ജീവിതം അവതരിപ്പിക്കാന്‍ കഴിഞ്ഞേനെ. അതിനുള്ള എല്ലാ അസംസ്കൃത വസ്തുക്കളും അദ്ദേഹം ഈ കുറിപ്പുകളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു . നല്ലൊരു വായന നല്‍കിയ ഓര്‍മ്മക്കുറിപ്പുകള്‍ ആണ് ഇത് . ആശംസകളോടെ ബിജു .ജി.നാഥ് വര്‍ക്കല

No comments:

Post a Comment