അപര (കവിതകൾ)
ജിഷ കാർത്തിക
ലോഗോസ്
വില: ₹ 120.00
"പ്രണയമില്ലാത്ത വീട് വീടാകുന്നില്ല. ഒരു പെണ്ണിനും അവിടെ പുലരാനാകില്ല" (വീട് പണിയുന്നവൾ - ജിഷ കാർത്തിക)
കവിതകൾ മനസ്സിന്റെ വിങ്ങലാണ്. ഒഴുകാൻ കഴിയാതെ കെട്ടിക്കിടന്നൊടുവിൽ നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഒരു പ്രവാഹം! ശരിയായ കവിതകൾ ഒരിക്കലും കരുതിക്കൂട്ടി സംഭവിക്കുന്നവയല്ല. അവ അത്യധികമായ ഉഷ്ണത്താൽ കരിമ്പാറക്കെട്ടുകളിൽ നിന്നും അറിയാതെ ഉറഞ്ഞുകൂടുന്ന കന്മദം പോലെയാണ്. ഇന്നത്തെ സോഷ്യൽ ഇടങ്ങളിൽ സംഭവിക്കുന്ന തട്ടിക്കൂട്ട് വരികൾക്ക് കവിതയെന്ന തലക്കെട്ടും അവ പടച്ചു വിടുന്നവർ സ്വയം എഴുത്തുകാരനെന്നോ കവിയെന്നോ പേരിനൊപ്പം എഴുതിച്ചേർക്കുന്നതു കൊണ്ട് നല്ല കവിതകൾ സംഭവിക്കുന്നില്ല എന്നു പറയാനാകില്ല. പക്ഷേ അവ എണ്ണത്തിൽ കുറവാണെന്നു മാത്രം.
ജിഷ കാർത്തിക എന്ന കവി, മലയാളത്തിൽ ബിരുദാനന്തര ബിരുദമുള്ള ഒരധ്യാപിക കൂടിയാണ്. ലോഗോസിന്റെ ബാനറിൽ 2019 ൽ പുറത്തിറക്കിയ അപര എന്ന കവിതാ സമാഹാരത്തിൽ ജിഷയുടെ 40 കവിതകൾ ആണ് ഉള്ളത്. നല്ല രീതിയിൽ പ്രിൻറ് ചെയ്യപ്പെട്ട ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് അധ്യാപികയും കവിയുമായ നിഷ നാരായണൻ ആണ്. കവിതകൾ ഒക്കെയും ആധുനിക കവിതയുടെ ചൊൽക്കാഴ്ചകളിൽ നില്ക്കുന്ന, ലളിതമായ വരികളും ദുരൂഹതകൾ അവശേഷിപ്പിക്കാത്ത, എളുപ്പം ഗ്രഹിക്കാൻ കഴിയുന്നവയുമാണ്.
40 കവിതകൾ എന്നത് വായനക്കാരെ സംബന്ധിച്ച് ആയാസരഹിതവും ആനന്ദം നല്കുന്നതുമായ വായന പ്രതീക്ഷിക്കുന്ന ഒന്നാകുക സ്വാഭാവികമാണ്. ഒരു ഭാഷാധ്യാപികയുടെ കവിതകൾ എന്നു വായിക്കുമ്പോൾ ആ പ്രതീക്ഷകൾക്ക് വളരെ ആഴവുമുണ്ടാകും. എന്താണ് ഈ പുസ്തകം നല്കുന്നത് എന്നൊന്നു പരിശോധിക്കാം. ഗഹനമായ ഒരു വിശകലനത്തിന് മുതിരുന്നതിലും നല്ലത് മൊത്തത്തിൽ പറയുന്നതാകും എന്നു കരുതുന്നു. ഭൂരിഭാഗം കവിതകളും പ്രണയത്തിന്റെ നൊമ്പരങ്ങളും മധുരവും പരിഭവങ്ങളും നിറഞ്ഞു നില്ക്കുന്നവയാണ്. പ്രണയം പ്രപഞ്ചത്തിന്റെ നിലനില്പിനെത്തന്നെ നിയന്ത്രിക്കുന്ന ഒന്നെന്ന് മനുഷ്യൻ കരുതുന്നു. പ്രണയമില്ലാത്ത രതി ഉടലുകളെ വെറുതെ വിയർക്കാൻ വിടുന്ന ഒന്നാണല്ലോ. കവികൾ പൊതുവേ പ്രണയത്തിന്റെ മൊത്തക്കച്ചവടക്കാരാണ്. പ്രണയമില്ലായെങ്കിൽ ഇവിടൊരു കവിയും ജനിക്കുകയില്ല എന്ന് പറയേണ്ടി വരും. ഇവിടെ ജിഷയും പ്രണയത്തെത്തന്നെയാണ് കവിതകൾക്ക് പ്രമേയമാക്കുന്നത്. .നിരന്തരം ജോലി സംബന്ധമായ യാത്ര നടത്തുന്ന കവി തന്റെ കവിതകളുടെ ജനനത്തെക്കുറിച്ച് കവിതയിലൂടെ പറയുന്നുണ്ട്. പാഞ്ഞാളിലേക്കുള്ള നിരന്തര യാത്രയിൽ, തന്റെ ചാരത്തിരുന്നു യാത്ര ചെയ്ത ഒരുവൾ! അവളോടുള്ള സംസാരങ്ങൾ... ഒടുവിൽ അവൾ അയഥാർത്ഥമെന്ന തിരിച്ചറിവിൽ, അത് താൻ തന്നെ എന്ന ബോധം. അതാണ് അപര എന്ന പുസ്തകം.
പ്രണയമാണ് കവിതകളുടെ ഭൂരിഭാഗവും കൈയ്യടക്കി വച്ചിരിക്കുന്നത്. എഴുപതാം വയസ്സിൽ ഒരിക്കൽക്കൂടി കാണും എന്നു കരുതി അന്നത്തേക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ ഇന്നേ മനസ്സിൽ ഒരുക്കി വയ്ക്കുന്ന ഒരുവളുടെ, എവിടെയോ നഷ്ടമായ പ്രണയത്തിന്റെ ഓർമ്മക്കുറിപ്പുകൾ ആണ് കവിതകളായി പിറക്കുന്നത് എന്ന് വായന തോന്നിപ്പിച്ചു. തകർന്ന പ്രണയപ്പുറ്റിന്റെ മൺ നനവിൽ നസ്രാണി തുളസികൾ മുളയ്ക്കുന്നിടത്ത് ഒരു നാഗത്തെപ്പോലെ അവൾ കാവലാണ്. പ്രണയത്തെ പാവാടച്ചരടിൽ കുരുക്കിട്ട് നിർത്താൻ . പരസ്പരം കാണും ഒരിക്കൽക്കൂടി എന്ന ശുഭപ്രതീക്ഷയാണ് കവിതകൾക്കു പൊതുവേ പറയാനുള്ളത്. ചുട്ടുപഴുത്ത ഒരു സ്വർണ്ണഗോളമാണവൾക്ക് പ്രണയം. ഒരിക്കൽ പ്രണയിച്ചു തുടങ്ങിയാൽ നിഷ്പ്രയാസം ആർക്കും വിഴുങ്ങാൻ കഴിയുന്ന ഒന്നാണതെന്നവൾ ഓർമ്മപ്പെടുത്തുന്നു. വിരഹിണിയായ രാധയുടെ കണ്ണനെ കാത്തിരിപ്പിനെ ഓർമ്മിപ്പിക്കും വിധം പ്രണയം തുളുമ്പിത്തുടുക്കുന്ന ഒരുവൾ! വഴിതെറ്റിപ്പോകുമ്പോഴാണ് കാടിന്റെ ഭയം നീയറിയുന്നത് എന്നവൾ തന്നെത്തന്നെ ഓർമ്മിപ്പിക്കുകയാണ്. അപ്പോഴും, ഭയത്തിന്റെ കൂട്ടിലാണെങ്കിലും വിസ്മയത്തുരുത്തിന്റെ പച്ചപ്പുകൾ നീ കണ്ടെത്തും എന്ന ശുഭപ്രതീക്ഷ കൈവിടുന്നുമില്ല. പരസ്പരം നഷ്ടമാകുന്ന വിശ്വാസം. വ്യത്യസ്ഥമായ വഴികൾ , വിപരീത ചിന്തകൾ ഒക്കെയും കൊണ്ടു ശിഥിലമാണ് ദാമ്പത്യത്തിന്റെ മൂലക്കല്ലുകൾ എന്ന് കവി പറയുന്നു. എങ്കിലും സാമൂഹ്യനീതിയുടെ നിയമത്തിന്റെ ചട്ടക്കൂടുകൾ ഭേദിക്കാൻ ശ്രമിക്കാതെ പരസ്പരം ഇണചേർന്ന്, ദാമ്പത്യ മഹാ നൗകയെ യൗവ്വനത്തിന്റെ പടവുകളിൽ നിന്നും വാർദ്ധക്യത്തിന്റെ കടവിലേക്ക് തുഴഞ്ഞു പോകാനവൾ ആഗ്രഹിക്കുന്നു. വായിച്ചു തുടങ്ങുന്നതെപ്പോഴും പുറന്താളിന്റെ ആകർഷണത്തിലാണെങ്കിലും അകമേ വായിച്ചു ചെല്ലുമ്പോൾ അക്ഷര സമസ്യകളിൽ, ആശയ സങ്കീർണ്ണതയിൽ പാതിവഴി നിലച്ചു പോകുന്ന പ്രണയവിവാഹ യാഥാർത്ഥ്യത്തെ വായന എന്ന ബിംബത്തിലൂടെ കവി നല്ല രീതിയിൽ അടയാളപ്പെടുത്തുന്നു.
പ്രണയം മാറ്റി നിർത്തിയാൽ പിന്നെ കവിതകൾ കടന്നു പോകുന്നത് അധ്യാപന ജീവിതത്തിലെ ചില കാഴ്ചകളിലും ഓർമ്മകളിലും കൂടിയാണ്. കുളത്തിൽ വീണു മരിച്ച അയലത്തെ അമ്മായിയുടെ ഓർമ്മയും കുന്നുംപുറത്തെ സ്കൂളിലെ തസ്കര മുദ്ര ചാർത്തപ്പെട്ട ബാല്യത്തെയും, സുമേഷ് എന്ന വിദ്യാർത്ഥിയും, അതു പോലെ അധ്യാപികയുടെ ഡയറിയിലെ ചില നോവുകാഴ്ചകളും നിറഞ്ഞ കവിതകളും യൗവ്വനത്തിൽ മരിച്ചു പോയ ഒരമ്മ തന്റെ പെൺമക്കളെ ഉപദേശിക്കുന്ന ഒരു കവിതയും, മരണപ്പെട്ടു പോയ സഹ അധ്യാപികയുടെ ഓർമ്മ നിറഞ്ഞ പുഷ്പമാല്യവും കവിതകളിൽ ഇടം നേടി. കൂട്ടത്തിൽ കുടുംബനാഥൻ / അച്ഛൻ നഷ്ടമാകുന്ന ഒരു വീടിന്റെ ചിത്രം മനോഹരമായി വരച്ചിട്ടു. "വീട്ടിനകത്ത് നിന്നും പലതും കളവുപോയിട്ടുണ്ട് അച്ഛൻ മരിച്ചതിൽ പിന്നെ" എന്ന ഒറ്റവരിയാൽ ആ കവിത പൂർണ്ണമാക്കുന്നുണ്ട്.
ഒരധ്യാപികയും ഭാഷാവിദഗ്ധയുമെന്ന തലത്തിൽ, ഈ കവിയിൽ നിന്നും വായനക്കാർ ഒരു പാട് പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ, പതിവ് ശൈലിയിലുള്ള പ്രണയം മാത്രം നല്കി സാമൂഹ്യമായ ഒരു സന്ദേശവും, ധർമ്മവും നല്കാതെ കവി വായനക്കാരെ നിരാശരാക്കുന്നു. ഓർത്തു വയ്ക്കുവാനും കുട്ടികൾക്ക് ബോധവത്ക്കരണമാകാനും ഉള്ള എന്തെങ്കിലും നല്കുക എന്നത് ഒരു ഉത്തരവാദിത്വമാണ് കവിയുടെ . മുപ്പതാം വയസ്സിൽ മരിച്ചു പോയ ഒരമ്മയുടെ വാക്കുകളിൽ കൂടി ആ ഒരു ധർമ്മത്തെ നിർവ്വഹിച്ചു എന്ന വരുത്തിത്തീർക്കലിനപ്പുറം സൂക്ഷ്മമായ ഒന്നും കവി നല്കുന്നില്ല. പ്രണയത്തിലാകട്ടെ കവി ഉദാരമതിയുമാണ്. അധ്യാപികയ്ക്ക് പ്രണയിച്ചു കൂടെ എന്ന മറുചോദ്യത്തെ നേരിടാൻ നില്ക്കുന്നത് കേവലതയാണ് എന്നു കരുതുന്നു. കവിത ആദ്യം പറഞ്ഞ പോലെ സംഭവിക്കുന്നതാണ് വരുത്തിത്തീർക്കുന്നതല്ല എന്ന വാക്യം ആവർത്തിച്ചു കൊണ്ട് ഈ കവിയിൽ നിന്നും മലയാള ഭാഷയ്ക്ക് മികച്ച കവിതകൾ ലഭിക്കാനിരിക്കുന്നതേയുള്ളു എന്ന ശുഭപ്രതീക്ഷയോടെ ആശംസകൾ . ബിജു.ജി.നാഥ്. വർക്കല
No comments:
Post a Comment