Wednesday, February 26, 2020

നമ്മളൊന്ന്

നമ്മളൊന്ന്
......................
ചങ്കു തകർക്കുന്ന വീഡിയോകൾ ദയവായി പങ്കിടാതെന്റെ സ്നേഹിതാ .
രണ്ടു ജാതി ജനത്തെ സൃഷ്ടിക്കാൻ
ഉണ്ടതിൽ പല ചിന്തകൾ.
ഒന്നവൻ കണ്ടു രോക്ഷത്താൽ
ചോര ചിന്തുവാൻ പുറപ്പെടും.
രണ്ടവൻ കണ്ടു ഹരമേറി
ചെയ്തു കാട്ടുവാൻ ഇറങ്ങിടും.
ശക്തിയില്ലെന്റെ മാനസത്തിന്
കണ്ടു നില്ക്കുവാൻ ഈ വിധം.
എന്തിനായിവർ കൊന്നു കൂട്ടുന്നു
ദൈവരാജ്യം വരുത്തുവാൻ ?
ഇല്ല മറ്റൊരു ലോകവും ഓർക്ക ;
ഇല്ലദൃശ്യനൊരു മാമനും
ഉണ്ട് ജീവിതം പച്ചയായ് മുന്നിൽ
കൺ തുറന്നു നീ നോക്കുകിൽ .
രണ്ടു തുട്ടേകി പുഞ്ചിരിപ്പിക്കുന്ന
കേട്ടു കേൾവിയെ വാഴ്ത്തുവാൻ
ചങ്കു കീറി നീ ചോര വീഴ്ത്തുന്ന
മാനുഷൻ നിന്റെ സോദരൻ !
ഓർക്കു മാനവ , നിങ്ങൾ ചെയ്യുമീ
ക്രൂരതയ്ക്കെന്തു പേരിടും ?
വന്നു ചേരുമൊരു മാരിയിൽ , വേണ്ട
നല്ല പോലൊരു പ്രളയത്തിൽ
കണ്ടിടുന്നില്ലേ നിങ്ങൾ നിങ്ങൾ തൻ
ജീവനാരുടെ കൈയിലാ?
ഇല്ല തിരയുവാൻ അന്ന് നിങ്ങൾക്ക്
ജാതിയും മതബോധവും
ഒന്നു കാലുറച്ചു നിന്നു കഴിയുമ്പോൾ
വന്നിടുന്നു കുടിലത ചിന്തയിൽ.
മാനവാ വന്നു ചേരുക നീയി
മണ്ണിൽ ഒന്നിച്ചു കൈ കൊരുക്കുവാൻ
നമ്മളില്ലെങ്കിൽ നമ്മളാരുടെ
നന്മയ്ക്കായി പൊരുതിടും.
നന്മയെന്നു പറയുവാൻ ഉള്ളിൽ
നല്ലതേ നിങ്ങൾ പേറുക.
വേണ്ട മർത്യ നിൻ ചിന്തയിൽ വൃഥാ
മതമെന്ന വെറിയതൊട്ടുമേ!
കാത്തു നില്ക്കുന്നു ഞാനുമീ തെരുവിൽ
ഒന്നു ചേർത്തു പുൽകീടുവാൻ
വന്നു ചേരുക നിങ്ങളും പിന്നെ
നമ്മളൊന്നെന്നു ചൊന്നിടാം.
..... ബി.ജി.എൻ വർക്കല

Tuesday, February 25, 2020

സമരമുഖം

സമരമുഖം.
......................
ഓരോ തെരുവും ഉണരുകയായ്
സമരമുഖമത് തുറക്കുകയായ്
നിങ്ങളറിഞ്ഞോ മാളോരെ
നിങ്ങളുമതിലൊരു കണ്ണിയതല്ലോ. 

യുദ്ധം തുടരുകയാണത് മണ്ണിൽ
ഉഗ്രൻ കാരണമാണത് പലതും
കണ്ടാലറിഞ്ഞാൽ നിങ്ങൾ ചിലപ്പോൾ
കണ്ണും പൊത്തി ചിരിച്ചേക്കും.

ഹിന്ദുവും മുസ്ലീമും തമ്മിലടി
മുസ്ലീമും മുസ്ലീമും തമ്മിലടി
ക്രിസ്ത്യനും മുസ്ലീമും തമ്മിലടി
ഭാഷയും ഭാഷയും തമ്മിലടി:

രാജ്യങ്ങൾ തമ്മിൽ മുട്ടനടി
കറുത്തവനും വെളുത്തവനും തമ്മിലടി
മണ്ണു കുടിച്ചൊരു ചോരയ്ക്ക്
ഒറ്റനിറമെന്നവർ കണ്ടീല !

ഒത്തൊരുമിക്കാൻ കഴിയാതെ
തമ്മിൽ തല്ലിച്ചാകുന്നോർ
ഒന്നിക്കുന്നുണ്ടൊരു കാര്യത്തിൽ
നിർമതജന്മം കൊയ്യാനായി.

കാപട്യത്തിൻ സമരമുഖത്തിൽ
യുദ്ധം ചെയ്വോർക്കറിയില്ല
എന്തിന് ചോര പൊടിയ്ക്കുന്നു നാം
എന്തിന് മരണം പുൽകുന്നു.

ഇല്ല മതവും ജാതിയുമെങ്കിൽ
ഇല്ല സമരം ഭൂമിയിലെന്നാൽ
ചൊല്ലുവതിന്നു കഴിയില്ലതു പാരിൽ
പിന്നവരാകും ശത്രുക്കൾ !
ബി.ജി.എൻ വർക്കല


Saturday, February 22, 2020

ഓർമ്മമഴയിൽ കുതിർന്നങ്ങനെ.


ഓർമ്മമഴയിൽ കുതിർന്നങ്ങനെ.
--------------------- ---------- -- ---------------------
നിലാവിൻ തിരശ്ശീല ഞൊറിയിട്ട ജാലക-
വാതിൽ തുറന്നു ഞാൻ ആകാശം നോക്കവേ !
താരക പെൺകൾ തൻ മിഴിത്തിളക്കം കാണും
കാഴ്ചക്ക് സാമ്യമാം മിഴികളുമായി നീ.
ചാരേയിരുന്നു കഥകൾ പറയുമ്പോൾ
കാലവും എൻ മുന്നിൽ നിശ്ചലമാകുന്നു.
നീണ്ട മിഴികൾ തുറന്നടച്ചും,
നീണ്ടഴകാർന്ന ചുണ്ടുകൾ വക്രിച്ചും,
പിന്നെയിടക്കിടെ നാവു നീട്ടിക്കാട്ടി
നീ തിന്നുതീർക്കുന്നെൻ നാഴിക മണിയെ.
ചാരിക്കിടന്നും, കമിഴ്ന്നു വീണും നീ 
ഗാനശകലങ്ങൾ ചൊരിയുന്നു ചുറ്റിനും ,
കൗതുകമോടെ നീ നോക്കുന്നു 
പിന്നെ ലജ്ജയണിയുന്നെൻ ചുംബനത്തിൽ.
എന്തിത്ര ചുവക്കുന്നു നിന്നധരം സന്ധ്യേ
എന്നെ നീ ചുംബിക്കും വേളയിലൊക്കെയും !
എത്ര കൗതുകമോടെ തിരയും നിൻ
നിർന്നിമേഷഭാവം എത്ര മനോഹരം.!
കാൽ മടക്കി നീ വിരലുകൾ ഞൊടിക്കുമ്പോൾ,
കാണുന്നു നിൻ പാദമേറുന്ന മറുകു ഞാൻ.
ഏറെ മനസ്താപമോടെ ഞാൻ തിരികെയാ
കൂട്ടിൽക്കയറി കതകടച്ചീടുന്നു.
രാവു കടന്നു പോകുന്നു പതിയെ
പുലരി വരുന്നു വേഗത്തിലെങ്കിലും,
ഓർമ്മകൾ ഇന്നും വിശ്രമിക്കുന്ന
രാത്രി വെളിച്ചം കനത്തൊരാ വീഥിയിൽ.
കണ്ണീർ മൂടും മിഴികൾ തുടയ്ക്കാതെ
ഗദ്ഗദം മൂടും വാക്കുകൾ ചൊല്ലാതെ
വലയിട്ടു പിടിച്ചൊരു പുഞ്ചിരിയൊട്ടിച്ചു
നടന്നകലുന്നു ഞാനുമാ,യിരുളിലേക്കിന്നിതാ.
.... ബി.ജി.എൻ വർക്കല

Thursday, February 20, 2020

ഒരിടത്തൊരുവൻ ഒരു നാളിൽ...

ഒരിടത്തൊരുവൻ ഒരു നാളിൽ...
........................................................
ഒരിടത്തൊരുവൻ 
ഒരു നാളിലൊരു കവിതയെഴുതുകയായിരുന്നു :
കവിതയ്ക്കു കാരണം അവർ രണ്ടു പേരായിരുന്നു.
ഒരാൾ
കവിതയെഴുതുവാൻ അവനെ നിർബന്ധിക്കുന്ന
വായനക്കാരിക്കപ്പുറം
ആരാധനയുടെ ഉന്മത്ത നായിക.
മറ്റൊരാൾ
അക്ഷര നടനത്താൽ
ആത്മാവിനെ സ്പർശിച്ചവൾ.
അവളോടു കവിത ചോദിച്ച് അവൻ കാത്തിരുന്നു.
ഉറഞ്ഞു പോയ നെയ്യിൽ നിന്നും
വാക്കിന്റെ ചൂടാൽ ഒലിച്ചിറങ്ങിയ വരികൾ 
മെയ്യാകെ പടരുമ്പോൾ
അവൻ ആരാധികയ്ക്കായൊരു കവിത കുറിച്ചു തുടങ്ങി.
പ്രണയം നിറച്ച വരികളാൽ ,
ഉന്മാദം ഉറഞ്ഞ വാക്കുകളാൽ ,
രതിമൂർച്ഛയുടെ ലഹരിയാൽ ,
എഴുതിത്തീർത്ത വരികൾക്ക്
അവളുടെ സ്നിഗ്ധതടങ്ങളെ നനയിക്കാനായി.
അവനോ,
ഉരുകി മെയ്യാകെ പടർന്ന നെയ്യിൽ
വഴുതി വഴുതി 
ഏഴു കടലുകൾ താണ്ടിക്കഴിഞ്ഞിരുന്നു.
രണ്ടുപേർ രണ്ടിടങ്ങളിൽ
കവിതയെ രണ്ടുരീതിയിൽ വായിക്കുകയായിരുന്നു അപ്പോൾ !
... ബി.ജി.എൻ വർക്കല

Wednesday, February 19, 2020

നിഴലോർമ്മകൾ

നിഴലോർമ്മകൾ !
...............................
പതിയെയാണെങ്കിലും
എന്നുടെ ഉള്ളിലെ
പകലിനെ നീയറിയുന്നു എൻ നിലാവേ...
പതിയെയാണെങ്കിലും 
എന്നുടെ ചാരത്ത്
പരിഭവമില്ലാതിരിക്കുന്നു നീയിന്ന്. 
കളി ചിരിയോലും 
സന്ധ്യകൾ മറഞ്ഞല്ലോ
വളപ്പൊട്ടുരുക്കും
ശരറാന്തൽ മാഞ്ഞല്ലോ
ഒളിച്ചു കളികൾ തൻ
കാൽത്തള ഉറങ്ങിയല്ലോ
നിഴലും തിരിവെളിച്ചവും
ഇണചേർന്ന കാവുകൾ
ഓർമ്മ തന്നിരുളിലൊളിച്ചല്ലോ.
എങ്കിലും മായാത്ത വെളിച്ചമായ് 
തമ്മിൽ പകരുന്ന
പ്രണയമാണീ ഭൂവിൽ ശാശ്വതമായത്.
... ബി. ജി.എൻ വർക്കല

ബര്‍ദുബായ്‌ കഥകള്‍ .................... രമേഷ് പെരുമ്പിലാവ്

ബർദുബൈ കഥകൾ (അനുഭവം)
രമേഷ് പെരുമ്പിലാവ്
ചിന്ത പബ്ലിക്കേഷൻസ് 2019
വില : ₹ 200.00

കഥകള്‍ പറയുന്നതൊരു കഴിവാണ് . ഓര്‍മ്മകളാണ് അവയെങ്കില്‍ അവ പറയുന്നതിനൊരു പ്രത്യേക ചാരുത വേണം . എങ്കില്‍ മാത്രമേ കഥകളായും ജീവിതമായും അതു വായനക്കാരെ പിടിച്ചിരുത്തുകയുള്ളൂ. കഥകള്‍ക്ക് വേണ്ട പ്രധാന ഗുണം എന്താണ്? അതില്‍ സത്യസന്ധത ഉണ്ടാകണം എന്നുള്ളതാണ് . പ്രത്യേകിച്ചും അത് ഓര്‍മ്മകള്‍ ,അല്ലെങ്കില്‍ അനുഭവങ്ങള്‍ ആകുമ്പോള്‍ . പൊടിപ്പും തൊങ്ങലും ഉപയോഗിച്ച് ചരിത്രം നിര്‍മ്മിക്കുന്ന കഥകള്‍ എഴുതുന്ന എഴുത്തുകാര്‍ ആണ് പ്രധാനമായും നമുക്ക് ചുറ്റും ഇന്ന് കാണാന്‍ കഴിയുക. പ്രശസ്തിയുടെ  മധുരം നുണയാന്‍ എന്ത് നുണയും അവര്‍ ഉപയോഗിക്കുകയും ചെയ്യും .  ശരിയായ കഥ പറച്ചിലുകള്‍ , കഥയോടൊപ്പം ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിക്കും. അങ്ങനെ വായനക്കാരന് കഥയിലൂടെ ഒരു സംസ്കാരവും , ഒരു ഭൂമികയും പരിചിതമാകും. മനുഷ്യരുടെ വികാര വിചാരങ്ങളെ മനസ്സിലാക്കാനും നിര്‍വ്വചിക്കാനും കഴിയും. ഒരിക്കല്‍ ഗള്‍ഫിലെ ഒരു സാംസ്കാരികസമ്മേളനത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ അഭിപ്രായപ്പെടുകയുണ്ടായി ലോകത്തെ പ്രധാന ക്ലാസ്സിക്കുകള്‍ എല്ലാം സംഭവിച്ചത് സംസ്കാരവുമായി , നഗരങ്ങളുമായി ബന്ധപ്പെട്ടാണ് എന്ന്. ഒരു നഗരം ഉണ്ടാകുന്നത് ഒരു സംസ്കാരം ഉണ്ടാകുന്നത് ഒരു ജനതയുടെ വളര്‍ച്ചയും വികാസവും കൂടിയാണ് . അതിനെ അടയാളപ്പെടുത്തുക എന്തു ഭാരിച്ച ചുമതലയുമാണ്!.

രമേഷ് പെരുമ്പിലാവ് എന്ന യുവഎഴുത്തുകാരന്‍ തന്റെ “ഇരുപത്തഞ്ചു കുബൂസു ഓര്‍മ്മകള്‍” എന്ന പേരില്‍ രേഖപ്പെടുത്തുന്ന പ്രവാസത്തിലെ ഓര്‍മ്മക്കുറിപ്പുകള്‍ ആണ് “ബര്‍ദുബൈ കഥകള്‍.” കുബൂസ് എന്നാല്‍ പ്രവാസം എന്നൊരു ബിംബം എന്തുകൊണ്ടോ പ്രവാസികള്‍ക്കിടയില്‍ പണ്ട് മുതലേ ഉറച്ചുകിടക്കുന്നുണ്ട്. അബ്ബാസ്‌ കുബ്ബൂസിനെ പ്രണയിക്കുന്നവന്‍ എന്ന പേരില്‍ മുന്പ് ഒരു എഫ് ബി എഴുത്തുകാരന്‍ തന്റെ ഓര്‍മ്മകള്‍ എഴുതുകയും പിന്നീട് അത് പുസ്തകമാക്കുകയും ചെയ്തിട്ടുണ്ട് . കുബ്ബൂസിനെ തലക്കെട്ടില്‍ വച്ച് ഒരുപാട് പ്രവാസികള്‍ ഓര്‍മ്മകളും കവിത, കഥ, ലേഖനങ്ങള്‍ എഴുതിയിട്ടും ഉണ്ട്. പ്രവാസിയുടെ ജനകീയ ഭക്ഷണം ആയ കുബൂസിനെ അതിനാല്‍ തന്നെയാകണം മുഖചിത്രത്തില്‍ എഴുത്തുകാരനെ കുബൂസ് ഓര്‍മ്മകള്‍ എന്ന അടിക്കുറിപ്പ് നല്‍കാന്‍ പ്രേരിപ്പിച്ചത് എന്ന് തോന്നുന്നു. പ്രവാസത്തിലെ ഓര്‍മ്മകള്‍ എന്ന തലത്തില്‍ നിന്നു കൊണ്ടാണ് രമേഷിനെ വായിക്കേണ്ടത് എന്നൊരു ധാരണ ഈ പുസ്തകം വായിക്കുമ്പോള്‍ വായനക്കാരില്‍ ഉണ്ടാകുകയാണെങ്കില്‍ അതിനു സാധ്യമല്ല എന്ന നിബന്ധന രമേഷ് തന്റെ കുറിപ്പുകളില്‍ അടയാളപ്പെടുത്തുന്നു. താന്‍ കണ്ട ദുബായ് എന്ത് എന്നല്ല രമേഷിന് പറയാനുള്ളത്. തന്റെ ഓരോ കുറിപ്പിലും പ്രവാസത്തിലെ ഓരോ അനുഭവങ്ങള്‍ അടയാളപ്പെടുത്തുന്നതിനൊപ്പം തന്നെ താന്‍ ജീവിക്കുന്ന ഭൂമികയുടെ ചരിത്രമോ സവിശേഷതകളോ പറയുക കൂടി ചെയ്യുന്നുണ്ട് എഴുത്തുകാരന്‍ ഈ പുസ്തകത്തില്‍. തുടക്കം മുതല്‍ തന്നെ ആ ഒരു രീതി ആണ് രമേഷിന്റെ പ്രത്യേകതയായി ഈ പുസ്തകത്തിനു പറയാനുള്ളത്. ദുബായിയുടെ ചരിത്രം , പ്രത്യേകതകള്‍ , തുടങ്ങി ആമുഖം പോലെ വ്യക്തമായി ലളിതമായി പറയുന്നു. ശേഷം തന്റെ ഗള്‍ഫ് ജീവിതം ആരംഭിക്കുന്ന ജന്മനാടായ പെരുമ്പിലാവിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും അവിടെ നിന്നും തിരികെ ഗള്‍ഫിലേക്ക്  സഞ്ചരിക്കുന്ന സഹയാത്രികനായി കൂട്ടുകയും ചെയ്യുന്നു വായനക്കാരനെ. പഴയകാലത്തെ, എന്നാല്‍ അത്ര പഴയതല്ലാത്ത ഗള്‍ഫ് യാത്രയുടെ ചിത്രവും , ഗള്‍ഫില്‍ എത്തിച്ചേര്‍ന്ന ശേഷം ഉള്ള അതിജീവനത്തിന്റെ കഥയും തുടര്‍ന്ന് വായിക്കാനാകും. ഒരു പ്രവാസി , തന്റെ നിലനില്‍പ്പിനായി സഹിക്കേണ്ടി വരുന്ന പല വിഷമഘട്ടങ്ങളും ഉണ്ട്.  മിക്കവാറും ആള്‍ക്കാര്‍ക്ക് ഇത് പൊതുവില്‍ ഒരുപോലെയാകും . അതിനെ ആവര്‍ത്തനവിരസതയോ, മുഷിവോ കൂടാതെ സത്യസന്ധമായി അവതരിപ്പിക്കാന്‍ രമേഷിന് കഴിയുന്നുണ്ട് . 

തന്റെ മനസ്സിലെ വികാരങ്ങളും വിചാരങ്ങളും ആലങ്കാരികതകൾ ഇല്ലാതെ പറയുന്നു. പ്രണയമായാലും വെറുപ്പും സങ്കടവും തന്നെയായാലും അതിനു അതിന്റേതായ സത്യസന്ധത നിലനിര്‍ത്തുന്നു. ചെറുപ്പക്കാരുടെ  മനസ്സിന്റെ വികാര വിചാരങ്ങളെ അതുപോലെ അവതരിപ്പിക്കുന്ന ഓര്‍മ്മയാണ് മയില്‍‌പ്പീലിക്കണ്ണുള്ള  ഷാള്‍ പറയുന്നത് അതുപോലെ ഇന്തോനേഷ്യന്‍ കൂട്ടുകാരിയുടെ ഓര്‍മ്മയും. കഠിനം എന്ന് തോന്നിക്കുന്ന ചില ഘട്ടങ്ങളെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഓരോ യുവാക്കളും അഭിമുഖീകരിക്കുന്നുണ്ട്. സൗദിയില്‍ ദമ്മാമില്‍ ഉള്ള ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞ ഒരു വസ്തുത ഓര്‍മ്മിക്കുന്നു . സത്യമായതാകാം അല്ലാതിരിക്കാം പക്ഷെ അതിനു ഒരു നേരുണ്ട് എന്നത് പിന്നീടുള്ള പല അനുഭവങ്ങളില്‍ മനസ്സിലാക്കിയിട്ടുണ്ട്. ഗ്രാമീണരായ (ബദുക്കള്‍) അറബികള്‍ മാര്‍ക്കറ്റില്‍ വന്നിട്ട് കൗമാരക്കാരായ ചെറുപ്പക്കാരെ ഒറ്റയ്ക്ക് കണ്ടാല്‍ ബലമായി പിടിച്ചുകൊണ്ടു പോയി ലൈംഗിക ദാഹം തീര്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ട് എന്നതാണ് അത് . അതുകൊണ്ട് തന്നെ രമേഷ് അതുപോലുള്ള തൻ്റെ ഒരു അനുഭവത്തെക്കുറിച്ച് പറയുകയും അതില്‍ നിന്നും രക്ഷപ്പെട്ടു ഓടുന്നതു കാണുകയും ചെയ്യുമ്പോള്‍ അതിനു യാഥാര്‍ത്ഥ്യത്തിന്റെ ചുവയുണ്ട് . അതുപോലെ മറ്റൊന്നാണ് ദുബായ് പോലുള്ള മഹാനഗരിയില്‍ മലയാളികള്‍ അടക്കമുള്ളവര്‍ നടത്തുന്ന പെണ്‍വാണിഭങ്ങള്‍. നിഷേധിക്കാന്‍ കഴിയാത്ത ഒരു സത്യമാണത്. എത്രയോ സ്ത്രീകള്‍ അത്തരക്കാരുടെ വലയില്‍ വീണു ജീവിതം നശിച്ചിട്ടുണ്ട്. ചിലരെങ്കിലും വന്നു പെട്ട് പോയതല്ലേ എന്ന് ഓര്‍ത്ത് അതില്‍ തന്നെ അടിഞ്ഞു കൂടി കുടുംബത്തെ നാട്ടില്‍ നല്ല സ്ഥിതിയില്‍ ജീവിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അത്തരം ആള്‍ക്കാരില്‍ ഒരാള്‍ തന്റെ സ്നേഹിതനായിപ്പോയതില്‍ ദുഖിക്കുന്ന എഴുത്തുകാരന്‍ മാനുഷികമായ ഒരു നേര് കൂടി തന്റെ ജീവിതത്തിലെ പോളിസി ആയി കൂടെ കരുതുന്നു. ആ ആത്മാർത്ഥ സൗഹൃദം മൂലം പെരുവഴിയിൽ ഒരു ജന്മദിനത്തിന് മർദ്ദനമേറ്റ് മാനം കെട്ട് നിൽക്കേണ്ടി വരുമ്പോൾ അയാൾ ഓർമ്മിക്കുന്നുണ്ട് എത്ര അളവു ചേർന്ന വസ്ത്രമായാലും ഉപേക്ഷിക്കേണ്ടി വന്നാൽ അതിന് മടിക്കരുതെന്ന് .

യൂ ഏ ഇ യുടെ ചരിത്രത്തില്‍ മലയാളികള്‍ അടയാളങ്ങള്‍ ആകുന്ന ചിത്രങ്ങള്‍ തന്റെ പരിമിതമായ പരിചയങ്ങളില്‍ക്കൂടി പരിചിതപ്പെടുത്തുന്നു രമേഷ് ഇവിടെ. പ്രവാസിയുടെ ജീവിതവുമായി അഭേദ്യമായ ഒരു ബന്ധം സ്ഥാപിക്കപ്പെട്ട എഫ് എം റേഡിയോയെക്കുറിച്ചും അതിനു പിന്നിലെ മനുഷ്യരെക്കുറിച്ചും , സാഹിത്യ സാംസ്കാരിക മേഖലകളിലെ തന്റെ പരിചിതവൃന്ദങ്ങളെ പരിചയപ്പെടുത്താനും രമേഷ് ശ്രമിക്കുന്നുണ്ട്. ഇന്ത്യ വിട്ടുകഴിഞ്ഞാല്‍ മലയാളിക്കായാലും മറ്റേത് ഇന്ത്യാക്കാരനായാലും പാകിസ്ഥാനി എന്നോ ബംഗ്ലാദേശി എന്നോ മറ്റേതൊരു രാജ്യക്കാരനെന്നോ വേര്‍തിരിവ് ഇല്ല എന്ന സത്യം രമേഷ് സ്വന്തം ജീവിതത്തിലൂടെ വ്യക്തമാക്കിത്തരുന്നുണ്ട്. മനുഷ്യര്‍ തമ്മില്‍ രാജ്യങ്ങളുടെ വിവേചനം ഇല്ല എന്നും ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ ഉള്ള ഓട്ടത്തില്‍ മതമോ രാജ്യമോ ഒരു ഘടകമോ പ്രശ്നമോ അല്ല എന്നും രമേഷ് വ്യക്തമാക്കുന്നു . വളരെ നല്ല രീതിയില്‍ തന്റെ ഓര്‍മ്മകളെ രമേഷ് ഈ പുസ്തകത്തില്‍ വരച്ചിടുന്നു.

വായന അവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടായ വികാരം രമേഷ് എന്ന യുവ എഴുത്തുകാരന്റെ ആത്മവിശ്വാസക്കുറവിനോടുള്ള സഹതാപമായിരുന്നു. ഇത്ര നല്ല വായനയും, എഴുതാനുള്ള കഴിവും ഭാഷാശുദ്ധിയും ഉള്ള രമേഷിന് ഒന്ന് മനസ്സ് വച്ചിരുന്നെങ്കില്‍ ഇതൊരു നോവല്‍ ആയി അവതരിപ്പിക്കാമായിരുന്നു എന്നോര്‍ത്താണു അത് തോന്നിയത്. പ്രവാസിയുടെ ആത്മനൊമ്പരം എന്ന തലക്കെട്ടില്‍ ഒരുപിടി പൈങ്കിളി, കണ്ണീര്‍ക്കഥകള്‍ അവതരിപ്പിക്കുന്ന എഴുത്തുകാര്‍ക്കിടയില്‍ ആണ് നല്ലൊരു അവസരം രമേഷ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. കാരണം അത്ര വ്യക്തമായി ഈ കഥകളെ ഒന്നിപ്പിച്ചു ഒരു നോവല്‍ ആക്കാമായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ അതിനു കുറേക്കൂടി വികാസവും വ്യക്തതയും വരികയും പ്രവാസത്തിലെ നല്ലൊരു നോവല്‍ എന്ന അടയാളപ്പെടുത്തല്‍ ആകുകയും ചെയ്തേനെ. ചരിത്രവും സാമൂഹിക മാറ്റങ്ങളും സംസ്കാരവും പ്രവാസവും അതിജീവനവും ഒക്കെ ചേര്‍ന്ന് ഒരു ജീവിതം അവതരിപ്പിക്കാന്‍ കഴിഞ്ഞേനെ. അതിനുള്ള എല്ലാ അസംസ്കൃത വസ്തുക്കളും അദ്ദേഹം ഈ കുറിപ്പുകളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു . നല്ലൊരു വായന നല്‍കിയ ഓര്‍മ്മക്കുറിപ്പുകള്‍ ആണ് ഇത് . ആശംസകളോടെ ബിജു .ജി.നാഥ് വര്‍ക്കല

Tuesday, February 18, 2020

ദൈവത്തെ മണക്കുന്നവർ ........ ദീപ്തി നായർ

ദൈവത്തെ മണക്കുന്നവർ (കവിതകൾ) 
ദീപ്തി നായർ
ലിപി പബ്ലിക്കേഷൻസ് .(2019)
വില: ₹ 150.00 


കവിതയുടെ ഭംഗി അതിന്റെ ഭാഷയാണ്. ഭാഷ പ്രയോഗിക്കാനറിയുന്നവർ കവി എന്നറിയപ്പെടും. ഭാഷ എന്നത് പ്രായോഗികമായ ഒരു തലത്തിൽ കാണുക. വായിക്കാനും പറയാനും ഉതകുന്നതും കേൾക്കുന്നവന് മനസ്സിലാകുന്നതും ആയിരിക്കണമത്. ജീവിതത്തേയോ കാലത്തിനെയോ അടയാളപ്പെടുത്തുമ്പോൾ അതിന് അവ പ്രതിഫലിപ്പിക്കാനുള്ള കഴിവുണ്ടാകണം. എന്റെ ഹൃദയം ഞാനിതാ പറിച്ചു വച്ചിരിക്കുന്നു. നീയിതെടുത്തു കൊൾക എന്ന വാക്കിൽ നിന്നു കൊണ്ട് ആ ഹൃദയത്തെ അറിയാൻ കഴിയണം വായനക്കാർക്ക് . ഇന്നത്തെ ബഹു ഭൂരിപക്ഷം കവിതകളും സംഭാഷണങ്ങൾ ആണ്. അവയെ മറ്റൊരു തരത്തിൽ സന്ദേശങ്ങൾ എന്നും പറയാം. തന്റെ പ്രണയത്തിന് ചിലപ്പോൾ പ്രണയങ്ങൾക്ക് ഒറ്റമൂലിയായി കൊടുക്കുന്ന വാക്കുകൾ. ഒരപ്പം കൊണ്ട് ഒന്നിലധികം പേർ സംതൃപ്തരാകും. ചിലർ തങ്ങളുടെ പുസ്തകം ഇറക്കുമ്പോൾ ഇങ്ങനെയെഴുതും "നിനക്ക് " . ഇത് വായിക്കുന്ന ഓരോരുത്തരും സന്തോഷിക്കും ആഹാ എനിക്കാണ്. അത് ആരും അറിയാതിരിക്കാനാ പേര് പറയാത്തേ. ഈ ഒരു കൗശലം കവിതയെഴുത്തിൽ സോഷ്യൽ മീഡിയ പിന്തുടരുന്നുണ്ട് ഭൂരിഭാഗവും. അതിനാൽ തന്നെ പ്രണയം , രതി, വർണ്ണന, പരിഭവം, വിരഹം തുടങ്ങി അനവധി തലങ്ങളിൽ അനവരതം കവിതകൾ എഴുതപ്പെടുന്നു. വായനക്കാർ ഓട്ട വായന നടത്തി ലൈക്ക്, മനോഹരം തുടങ്ങിയ അലങ്കാരങ്ങൾ നല്കി എഴുത്തുകാരെ വീണ്ടും വീണ്ടും ആ പാതകം ചെയ്യാൻ നിർബന്ധിതനാക്കുന്നു.

പരന്ന വായനയും ശ്രദ്ധാപൂർവ്വമായ എഴുത്തും ഇന്നു വളരെ കുറവാണ്. ഈ ഇടത്തിലേക്കാണ് ദീപ്തി നായർ എന്ന എഴുത്തുകാരി കടന്നു വരുന്നത് തന്റെ "ദൈവത്തെ മണക്കുന്നവർ " എന്ന കവിതാ സമാഹാരവുമായി . ഈ എഴുത്തുകാരിയുടെ തന്നെ വാക്കുകൾ ശ്രദ്ധിക്കാം. 
"കവിതയെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചും വാക്കാൽ വരച്ചുകാട്ടാവുന്ന ആധികാരികമായ കൈയാധുങ്ങളൊന്നും എന്റെ പക്കലില്ല. കൈമുതലായുള്ളത് അക്ഷരങ്ങളോടുള്ള സ്നേഹം, വായനയുടെ പരപ്പ്, മനസ്സിൽ തങ്ങി നിന്ന വാക്കുകൾ , വാചകങ്ങൾ, ശൈലികൾ പ്രയോഗങ്ങൾ ഇവയൊക്കെ." അതേ തനിക്കു പറയാനുള്ളത് വ്യക്തമായി പറഞ്ഞു കൊണ്ട് കവിതയിലേക്ക് കടക്കുന്ന കവി എഴുത്തുകളിൽ ശ്രദ്ധേയമായ ഒരു വ്യത്യാസം സൂക്ഷിക്കുന്നത് വായന രസാവഹമാക്കുന്നു. നൈമിഷിക വികാരങ്ങളുടെ ബഹിർഗമനങ്ങളല്ല തികച്ചും യാഥാർത്ഥ്യങ്ങളുടെ നേർക്കുള്ള ചോദ്യങ്ങളാണ് കവിതകളുടെ അന്തർധാര. വ്യവസ്ഥിതികളോട് വലിയ തോതിൽ കവി കലഹിക്കുന്നില്ല പക്ഷേ സാമൂഹ്യ മാറ്റങ്ങളും ഗൃഹാതുരത്വവും കാണാൻ കഴിയുന്ന പ്രവാസക്കണ്ണുകളിലൂടെ കവി കവിതകളുടെ ലോകമാനം തേടുകയാണ് ഇവിടെ.

മതിൽക്കെട്ടുകളിൽ .
സുരക്ഷിതത്വത്തിൽ 
ആലസ്യം പൂണ്ടുറങ്ങാതെ
മുറ്റത്തൊരു പൂച്ചെടി നടുക.( ക്ഷുഭിത യൗവ്വനത്തോട് ) എന്ന രീതിയിൽ മാറ്റങ്ങളോട് നല്ല രീതിയിൽ പ്രതികരിക്കാൻ പഠിപ്പിക്കുന്ന കവിയുടെ ആത്മരോക്ഷം പലപ്പോഴും ചാട്ടുളിയാകുന്നുണ്ട്.

നാടകങ്ങൾക്ക് പിന്നിൽ
വിശക്കുന്ന ഒരു
വയറും
ഒഴിഞ്ഞ ഒരു
ചോറ്റുപാത്രവുമെങ്കിൽ
അന്നന്നത്തെ
അന്നത്തിനു വേണ്ടി
അരക്കാൽ ചക്രത്തിനു വേണ്ടി
ചെറിയ കള്ളങ്ങൾ
ചെയ്യുന്ന
ഒരു ലോക്കൽ കള്ളനെ
നിങ്ങളെന്തു കൊണ്ട്
വാഴ്ത്തപ്പെട്ടവനെന്നു 
വിളിക്കുന്നില്ല ! ( ഒരു സ്മാർത്ത വിചാരത്തിന്റെ സൂര്യ (സോളാർ ) ച (സ) രിതം എന്ന ചോദ്യം ഒരു വിഷയത്തിൽ നിന്നു കൊണ്ടുള്ള പൊതുവത്കരണം ആകുന്നു. അത് പലപ്പോഴും വ്യക്തവും ഉത്തരമില്ലായ്മയും നല്കുന്ന അവസ്ഥ കൂടിയാണ്. 

വിദേശ ഭാഷയിൽ നിന്നും മൊഴിമാറ്റം ചെയ്യപ്പെടുന്നതു പോലെയോ അതല്ലെങ്കിൽ പാശ്ചാത്യ കവിതകൾ വായിക്കുന്നതു പോലെയോ കവിതകൾ അനുഭവപ്പെടുന്നു എന്നത്  കവിതാസ്വാദകർക്ക് സന്തോഷം നല്കുന്ന ഒരു സംഭവമാണ്. റഷ്യ, കവിയിൽ ചെലുത്തിയ സ്വാധീനം കവിതകളിൽ വ്യക്തമാണ്. കവിതകൾക്ക് നിയതമായ ഒരു ഭൂമിക ഇല്ല എന്ന വസ്തുത ഓരോ കവിതകൾക്കും ചൂണ്ടിക്കാട്ടാനുണ്ട്. പ്രമേയ ഭംഗി കൊണ്ട് വ്യത്യസ്ഥമായ കവിതകൾ എഴുതാൻ കഴിയുന്ന , ഭാഷയെ മനോഹരമായി പ്രയോഗിക്കാൻ കഴിയുന്ന ഒരാൾ എന്ന നിലയ്ക്ക് കവിതാ ലോകത്തിന് പ്രതീക്ഷകൾ നല്കാനാകുന്ന ഒരാളാണ് ദീപ്തി നായർ എന്ന എഴുത്തുകാരി എന്നു കരുതുന്നു. ആശംസകളോടെ ബി.ജി.എൻ വർക്കല

Friday, February 14, 2020

അർത്ഥമറിയാതുഴലുന്നോർ !

അർത്ഥമറിയാതുഴലുന്നോർ അതിലോലമാമൊരു പൂവിന്നിതളിൽ നി- ന്നതിദ്രുതം നീയെന്നെ കട്ടെടുത്തൂ ഇലപോലുമറിയാതെ ക്ഷണമൊരു മാത്രയിൽ മറവിയിലേക്കെന്നെ ഒളിച്ചുവച്ചൂ. ഒരു കൊച്ചു നുണയുടെ മധുരവുമായ് പിന്നെ അലയുകയായി നീ മലർവഴിയിൽ . ഒരു വേള പോലും തിരിഞ്ഞു നോക്കാ- ത്തൊരീ ഇടമിന്ന് നീയറിഞ്ഞീടുന്നുവോ? കരൾ പകുത്താദ്യം നല്കിയ കാലത്ത് കടലാഴമെന്നു നീ പുകഴ്ത്തിയ മിഴികളിൽ കനലടങ്ങീയിന്ന് കാണുവാനാകുന്നോ കാർമേഘപടലത്തിൻ ശ്യാമവർണ്ണം. ഒരു മൊഴി പോലും പറയാതെ നീ പല ദിവസങ്ങൾ അകലേക്ക് പോയിതെന്നാൽ വരുമൊരു നാളിൽ ഇടവേള തന്നിലായി മയിൽപ്പീലി തേടുന്ന കൂതുഹലം പോൽ. കാണുന്ന മാത്രയിൽ തിരയുന്നു നീയെന്നിൽ മുടിയിഴകൾ മറ്റു സുഗന്ധങ്ങൾ - ഒക്കെയും നഖമുനയാൽ , നിന്റെ മിഴിമുനയാൽ അവസരമെങ്കിലാ ദന്ത ചിത്രമതേകുവാൻ. ഇനിയും മനസ്സിലാകുന്നില്ലെന്റെ പ്രണയമേ അകതാരിൽ നീയൊളിച്ച സുഗന്ധമൊട്ടും ഇനിയും തെളിയുന്നിതില്ലെന്റെയകതാരിൽ നീ കൊളുത്താറുള്ള ചെരാതിന്നൊളിയും. ....ബിജു ജി നാഥ്

Tuesday, February 11, 2020

കാന്തം

കാന്തം
............
ആദ്യം അതൊരു പുഴയായിരുന്നു.
എല്ലാം ഉള്ളിലൊതുക്കി
കഴുകി വെടിപ്പാക്കി
കടലിലേക്കൊരു യാത്ര.
ഒന്നും ഓർത്തു വയ്ക്കാതെ
തിരികെ യാത്ര ചെയ്യാതെ
കടലിലേക്കൊരു യാത്ര.

പിന്നെ അതൊരു കാടായി മാറി.
രഹസ്യങ്ങളുടെ കലവറ !
അതിഗൂഢമായ മനസ്സിൽ
നിറഞ്ഞ പച്ചിലക്കാട്ടിൽ
ഒളിഞ്ഞിരിക്കുന്നതെന്തൊക്കെ?
ജീവന്റെ ആദി താളം മുതൽ
ക്രൗര്യതയുടെ മൗനം വരെ.
ഒരേ താളമില്ലാത്ത
വിവിധ ജന്മങ്ങൾ.

നോട്ടത്തിലേക്ക് ഒരാകാശം വന്നു.
നീലയുടെ ശാന്തതയിൽ
മേഘ വെണ്മയുടെ നിർമ്മലതയിൽ
ആത്മീയതയുടെ തണുത്ത കാറ്റ്.
കാമത്തിന്റെയല്ലാതെ
പ്രണയത്തിന്റെയല്ലാതെ 
സുതാര്യമായ മൗലികത
ജീവിതത്തിന്റെ താളം.

നിറങ്ങളില്ലാത്തൊരുവന്റെ ജീവിതത്തിൽ
കനവുകൾ നെയ്തു തളർന്നവൾ,
ചിറകുകൾ തളർന്നവൾ
പകർന്നിട്ട കാഴ്ചകൾ.
വേറിട്ട ചിന്തകളോടെ
വേദനയൊളിപ്പിച്ച മനമോടെ
കാഴ്‌ചകളെയവൻ കണ്ടു തുടങ്ങുന്നു.
പുഴയവന് ജീവിതവും
കാട് മനസ്സും
ആകാശം ആശ്വാസവുമാകുന്നു.

അവസാന ശ്വാസത്തിന് മുമ്പ്
അവനെഴുതാൻ തുടങ്ങുന്നു
എല്ലാം മറന്നൊന്നുറങ്ങുവാൻ
നീയെന്റെ ജീവനെടുക്കുക.
ഒഴുകുന്ന ചോരയിൽ തൊട്ട്
നീയെന്റെ ചരമക്കുറിപ്പ് കുറിക്കുക.
കാലം പറഞ്ഞിടട്ടെ...
നമുക്കിടയിൽ 
ഒഴുകിയകന്ന പുഴയിലും
പടർന്നു കയറിയ കാട്ടിലും
തെളിഞ്ഞ നീലാകാശത്തിലും
ഒരിക്കലും ഒന്നിക്കാനാവാതെ പോയ
രണ്ടു പേരുടെ നിശ്വാസമുണ്ടായിരുന്നുവെന്ന്....
.... ബി.ജി.എൻ വർക്കല
.

Sunday, February 9, 2020

പ്രണയം ... അവൾ .... ജീവിതം!

പ്രണയം ... അവൾ .... ജീവിതം!
.......................................................
പ്രണയാർദ്രമായൊരു 
മധുരമായ് നീയെന്റെ 
വഴികളിൽ വന്നു വിടർന്നു നില്ക്കുമ്പോൾ!
ഇതൾ വിടരാൻ കൊതിച്ചു
നില്ക്കുന്നൊരു 
സുമമാണെന്നുള്ളിൽ നിറഞ്ഞു നിൽപ്പതെൻ സഖേ.

ഒരു ചെറു കാറ്റിൽ സുഗന്ധം നിറച്ചു നീ
പൊതിയുകയാണെന്നെയറിയുന്നുവെങ്കിലും
അരുതെന്നു ചൊല്ലിയകറ്റി നിർത്തുന്നുണ്ട്
സഹജമാമെന്നന്തരംഗം നിരന്തരം .

കടലുകൾ താണ്ടി നീ വന്നുവെൻ ചാരത്ത്
കനവുകൾ നെയ്യും തിരശ്ശീലയുമായി.
പ്രണയം മറന്നു പോയെന്നു പറയുന്ന
പതിരാം വാക്കുകൾ പതിവായെറിഞ്ഞു നീ.

ഒരു വാക്ക് ചൊല്ലാതൊരു നോക്കു നല്കാതെ
അകലുന്നു ഞാനടുക്കുന്ന നിമിഷത്തിൽ.
അകലെ നിന്നെന്നെ നീ പുൽകുന്നു മിഴികളിൽ
ആരാധനതൻ ആലക്ത ദീപ്തിയാൽ!

ഒഴുകുന്ന പുഴയിലും, ആകാശമാകെയും
നക്ഷത്ര ദീപ്തിയാണെങ്കിലും നിന്നുടെ
മിഴികൾ പകരും തിളക്കം തന്നതിൽ
നിഷ്പ്രഭമല്ലയോ ഏതു വെളിച്ചവും.

നോക്കൂ പ്രിയേ, നീ പോകുന്ന വീഥിയിൽ
കണ്ടു പോയേക്കാമീ ഈയലിൻ ചിറകുകൾ!
തിരിഞ്ഞൊന്നു നോക്കുവാൻ കരുതരുതേയുള്ളിൽ
കരുണയെന്നുള്ളോരാ കണിക പോലും തെല്ലും.

ഇനിയും പ്രഭാതങ്ങൾ നിന്നെ തഴുകിടും
ഇനിയും കവിതകൾ നിന്നിൽ തളിർത്തിടും
ഒടുവിൽ സമുദ്രം പിറകിലേക്കാഞ്ഞിടും
മൃതിയിൽ, സ്മൃതിയിൽ മാഞ്ഞിടും ഞാനുമേ !

പുഷ്‌പങ്ങൾ പലതുണ്ട് വാടിയിലെങ്കിലും
മധുവുള്ള സൂനങ്ങൾ പലതില്ലെന്നറിയുവോൾ
തല്ലിക്കൊഴിച്ചു പോം വീഥിയിലെപ്പൊഴും
ഇതളുകൾ ശേഷിപ്പതെന്തിനാകും വൃഥാ!
.... ബി.ജി.എൻ വർക്കല

Saturday, February 8, 2020

പറഞ്ഞു തീർക്കാനിനിയെന്തുണ്ട് ?

പറഞ്ഞു തീർക്കാനിനിയെന്തുണ്ട്?
...................................
പറയേണ്ടതും അറിയേണ്ടതും 
നാം പറഞ്ഞു കഴിഞ്ഞിരിക്കുന്നു. 
ഇനി, പകലിന്റെ വിശപ്പു തീരുവോളവും
രാത്രിയുടെ ഉറക്കം കഴിയുവോളവും
നമുക്ക് ധ്രുവങ്ങളിലേക്ക് സഞ്ചരിക്കാം.

നിന്റേതെന്നുള്ളതൊക്കെ നീയെടുത്തുകൊൾക ! 
എന്റേതു ഞാനും. 
വിശ്രമമില്ലാത്ത യാത്രകൾക്കു പകരം വയ്ക്കാൻ 
എനിക്കു മാത്രമായി ഞാനെന്തു കരുതാൻ ?

നിനക്കു തന്നു പോയ ഹൃദയത്തിൽ 
എല്ലാം ഞാൻ നിറച്ച് പോയിരുന്നു. 
തിരികെ വാങ്ങാതിരിക്കാനും,
ചോദിക്കാതിരിക്കാനും 
ഞാനത് മറന്നു വച്ചിരുന്നു. 

ഓർത്തു വയ്ക്കാൻ നിനക്ക് പകലുകളുണ്ട്.
രാത്രികളും... 
മരിക്കാതിരിക്കാൻ എനിക്ക് നിന്റെ സാമീപ്യവും.
ഇരുണ്ട ഭൂഖണ്ഡങ്ങളിലൂടെ ഞാൻ സഞ്ചരിക്കുന്നു.

ചെളി പുരണ്ട കാലുകളിൽ നിന്നും,
അഴുക്കുപിടിച്ച നഖങ്ങളിൽ നിന്നും
ദുർഗന്ധം വമിക്കുന്ന പല്ലുകളിൽ നിന്നും നീയകന്നുകൊള്ളുക. 
മോശമായ ഒരു പദമായി 
നീയെന്നെ വലിച്ചെറിയുക.

മോതിരവിരലറുത്ത് ഞാൻ കാണിക്ക വയ്ക്കുന്നു. 
നടന്നു തീർത്ത വഴികളിൽ 
എനിക്ക് തണലെന്ന് ഞാൻ കരുതിപ്പോയ തെറ്റിന് 
പ്രായച്ഛിത്തമായി അത് നിന്നിലിരിക്കട്ടെ.

ഞാനെന്ന പരാജയത്തിന്റെ ഭ്രമണപഥങ്ങളിൽ 
ബാക്കിയാകുന്നത് 
വെറും പേരിന്റെ വികലാക്ഷരങ്ങൾ മാത്രമാകട്ടെ. 
നിന്നെ ഞാൻ കൂടു തുറന്നു സ്വതന്ത്രമാക്കുന്നില്ല. 
കാരണം
നീയെന്റെ പഞ്ചരത്തിലായിരുന്നില്ല 
ഒരു നാളും എന്നറിയുന്നു ഞാൻ . 
.... ബി.ജി.എൻ വർക്കല 

തട്ടാരക്കുടിയിലെ വിഗ്രഹങ്ങൾ......... ചന്ദ്രമതി

തട്ടാരക്കുടിയിലെ വിഗ്രഹങ്ങൾ 
(കഥകൾ)
ചന്ദ്രമതി
സങ്കീർത്തനം പബ്ലിക്കേഷൻസ് (2002)
വില : ₹ 60.00 


കഥകൾക്ക് പഞ്ഞമില്ലാത്ത മനുഷ്യർ കഥ പറയാൻ എടുക്കുന്ന വൈഭവത്തെയാണ് അവരുടെ അടയാളമായി വായനാലോകം കണക്കാക്കുന്നത്. അമ്മമാരാണ് ലോകത്തെ ഏറ്റവും വലിയ കഥാകൃത്തുക്കൾ എന്നു പറയാം. ഒരു കുഞ്ഞിന്റെ ശൈശവത്തെ ഏറെയും സ്വാധീനിക്കുന്നത് അമ്മക്കഥകളിലൂടെയാണ്. ഉറങ്ങാനും, പാപ്പം കഴിക്കാനും ഒക്കെ കഥകൾ കൂടിയേ തീരൂ. അവയൊന്നും ഒരു കഥാ പുസ്തകത്തിലും വായിക്കാൻ കഴിഞ്ഞുവെന്നു വരില്ല. അവ എഴുതപ്പെട്ട ഒരു കഥകൾക്കും ഒപ്പം നില്ക്കുകയുമില്ല. വലുതാകുമ്പോൾ അമ്മക്കഥകളിൽ നിന്നും കുഞ്ഞുങ്ങൾ കഥാപുസ്തകങ്ങളിലേക്കും വായനയുടെ ലോകത്തേക്കും നടന്നു കയറുന്നു. അവയൊക്കെ എഴുതപ്പെട്ട കഥകൾ ആണ്. അവ അമ്മക്കഥകൾ പോലെ മനസ്സിൽ തറഞ്ഞു കിടക്കുന്നവയും മറന്നു പോയവയുമായി ഇടകലർന്നു കടന്നു പോകുന്നു. 

ചന്ദ്രമതി എന്ന ചന്ദ്രികാ ബാലൻ മലയാളികൾക്ക് പരിചിതയായ എഴുത്തുകാരിയാണ്. ഒരു കോളേജധ്യാപികയായിരുന്ന ഈ എഴുത്തുകാരി വിദ്യാഭ്യാസപരമായി വളരെ ഉയർന്ന തലങ്ങളിൽ വ്യാപരിച്ച, ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന ഒരാൾ ആണ് എന്ന് മാത്രം പറയുന്നത് അവരുടെ സാഹിത്യ പ്രതിഭയോടുള്ള അനാദരവാകും. മലയാള സാഹിത്യത്തിൽ തന്റേതായ നിലപാടുകളും ശൈലിയുമായി ഒട്ടേറെ സംഭാവനകൾ നല്കുന്ന ഒരു എഴുത്തുകാരി എന്ന നിലയിൽ ചന്ദ്രമതിയുടെ രചനകൾക്ക് അതിന്റെ തായ പ്രസക്തിയുണ്ട്. പരീക്ഷണങ്ങൾ എപ്പോഴും ഇഷ്ടപ്പെടുന്ന ഈ എഴുത്തുകാരിയുടെ ഹാസ്യരൂപത്തിലെ എഴുത്തുകൾ പലപ്പോഴും സമകാലീനതയുടെ ചങ്കിൽ തറയ്ക്കുന്ന മുള്ളുകൾ ആണ്. 

ഇന്നിവിടെ വായിച്ചു പരിചയപ്പെടുത്തുന്ന പുസ്തകം ശ്രീമതി ചന്ദ്രമതി 1998 മുതൽ 2001 വരെ എഴുതിയിട്ടുള്ളതിൽ നിന്നും 21 കഥകളെ ഒന്നടുക്കി വച്ച തട്ടാരക്കുടിയിലെ വിഗ്രഹങ്ങൾ എന്ന കഥാസമാഹാരമാണ്. മനോഹരമായ ഭാഷയിൽ, മനുഷ്യമനസ്സിന്റെ പ്രത്യേകിച്ചും സ്ത്രീ മനസ്സിന്റെ വിഭിന്നമായ ചിന്താഗതികളെ, വിചാരധാരകളെ അവതരിപ്പിക്കുന്ന ഈ കഥകളിൽ നോവും, സ്നേഹവും, വാത്സല്യവും രാഷ്ട്രീയവും മതവും ഹാസ്യവും ഇഴുകിച്ചേർന്നു കിടക്കുന്നു. അനുകരണങ്ങളില്ലാത്ത സാഹിത്യം എന്നൊന്നില്ല. ആരോ എഴുതിയ വരികളും വാക്കുകളുമല്ലാതെ പുതിയ ഒരു വാക്കോ ഭാഷയോ സൃഷ്ടിക്കാനാവില്ല ഒരെഴുത്തുകാരനും. അതിനാൽ തന്നെ എഴുതുന്നവയൊക്കെ പുതിയവ എന്നു തോന്നിപ്പിക്കണമെങ്കിൽ അതിൽ വ്യത്യസ്ഥത ഉണ്ടാകണം. ആ വ്യത്യസ്ഥതയാണ് എപ്പോഴും എഴുത്തുകാരന്റെ മുഖമുദ്രയാകുന്നതും. 

കഥാപാത്രത്തിന്റെ സൃഷ്ടിയിൽ കഥാകാരി പുലർത്തുന്ന സൂക്ഷ്മതയറിയാൻ ഒരു കഥാപാത്രത്തിന്റെ മനോവിചാരത കൂടി പകർത്താമെന്നു കരുതുന്നു. 'കഥയാകാത്ത കഥ' എന്ന കഥയിൽ കഥാപാത്രം ഇങ്ങനെ പറയുന്നു. " ഞാൻ കഥകളിൽ ആത്മകഥാംശം കലരാതിരിക്കാൻ ഏറെ ശ്രദ്ധിക്കുന്നവനായതുകൊണ്ട് നിന്നെയെനിക്ക് ഒഴിവാക്കിയേ പറ്റൂ.'' തികച്ചും സൃഷ്ടിപരമായ ഒരു സത്യസന്ധത ഇവിടെ കഥാകാരി പിന്തുടരുവാൻ ആഗ്രഹിക്കുന്നതായി മനസ്സിലാക്കാൻ കഴിയുന്നു. കാരണം മാധവിക്കുട്ടിയുടെ കഥകൾക്കൊക്കെ ഒരു ആത്മകഥാംശം ഉണ്ട്. അവയിലെ നായികമാരിലൊക്കെയും തുടർച്ചയായി മാധവിക്കുട്ടി ഒളിഞ്ഞും തെളിഞ്ഞും നില്ക്കുന്നത് കാണാം. ചന്ദ്രമതിയുടെ കഥകളിൽ പക്ഷേ ഈ സ്വകീയത വായിച്ചെടുക്കാനാകുകയുമില്ല. ഇത്തരം കണ്ണുകെട്ടലുകൾ എഴുത്തിന്റെ പക്വതയെ സൂചിപ്പിക്കാൻ ഉതകുന്നവയാണ്. 

മുമ്പു സൂചിപ്പിച്ച പോലെ സ്ത്രീ മനസ്സുകളുടെ വിവിധ ഭാവങ്ങളും ചിന്തകളും പ്രതിഫലിപ്പിക്കുന്നവയാണ് എല്ലാ കഥകളും. പിൽക്കാലത്ത് എഴുത്തുകാരി കഥാപാത്രങ്ങളിലും പരിസരങ്ങളിലും ബിംബവത്കരണം നന്നായി പരീക്ഷിച്ചു വിജയിപ്പിക്കുന്നുവെങ്കിലും ഈ പഴയ കഥകൾക്ക് പച്ച ജീവന്റെ തുടിപ്പുകൾ ആണ് ഉള്ളതെന്ന് കാണാം. ഹാസ്യം തനിക്ക് നന്നായി ഇണങ്ങുന്ന ഒന്നാണെന്നന്ന വസ്തുത തെളിയിച്ചു കൊണ്ടിരിക്കുന്ന വായനയാണ് ഓരോ കഥയും. 

സംശയക്കുടുക്കയായ ഒരുവളെ 'ഇടവേള ' എന്ന കഥയിൽ കൊണ്ടു വരുന്നതും സ്ത്രീ സ്വാതന്ത്ര്യമെന്നാൽ മുണ്ടു മാടിക്കെട്ടലും തെറി വിളിയും മദ്യപാനവുമല്ല എന്ന കാഴ്ചപ്പാടിൽ നിന്നു കൊണ്ട് വാസ്തവികതയിലേക്ക് നടത്തുന്ന 'ഫെലിസിറ്റയും നരസിംഹവും.' എന്ന കഥയും എല്ലാ മക്കളും അമ്മമാർക്ക് ഒരു പോലെ ആകുന്നുവെന്ന സന്ദേശത്തിനൊപ്പം വിദ്യാലയ രാഷ്ട്രീയത്തിന്റെ ബീഭത്സതയും നെറികേടും വിളിച്ചു പറയുന്ന 'കൗസല്യമാരുടെ പ്രാർത്ഥനയും' കഥകളിൽ ശ്രദ്ധിക്കപ്പെടുന്നവയാണ്. 'ചെറുതാകാത്ത വര' യിലൂടെ ലോകത്തിലിന്നേവരെ ഒരു വരയ്ക്കും മറ്റൊരു വരയെ ചെറുതാക്കാൻ ആവില്ലെന്ന വലിയ സത്യത്തെ കഥാകാരി സമർത്ഥിക്കുന്നു. 'ഒരു സൂപ്പർകഥ'യിൽ നിലവിലെ സിനിമാലോകത്തെ ദാമ്പത്യത്തിന്റെ സ്വാർത്ഥതയെ ലിംഗമാറ്റത്തിലൂടെ പരിവർത്തനം ചെയ്യപ്പെടുന്ന കാഴ്ച വരച്ചിടുന്നു. സ്ത്രീ സ്വാതന്ത്ര്യവും പുരുഷ സ്വാതന്ത്ര്യവും കുടുംബത്തിലെ അകക്കാഴ്ചകളിലൂടെയാകുമ്പോൾ പറഞ്ഞു പഴകിയ വസ്തുതയാണങ്കിലും 'സർവ്വേ' ഒരു മാനസിക പoനം പോലെ മാറി നില്ക്കുന്നു. കുടുംബിനി എന്നതിന്റെ എതിർ ലിംഗ പദം തേടുന്ന ഒരു കഥയാണിത്. രാഷ്ടീയത്തിന്റെയും മതത്തിന്റെയും ഇടയിലെ കുതിരക്കച്ചവടത്തെ പ്രതീകാത്മകമായി വരച്ചു കാട്ടുന്ന 'സഹജരേ വാ ' പ്രമേയ ഭംഗികൊണ്ട് ശ്രദ്ധിക്കപ്പെടുന്നു. ഉപഭോക്ത്ര സംസ്കാരവും ആഗോളവത്കരണവും വാർദ്ധക്യത്തിന്റെ ദയനീയമായ അടിയറവുകളും കുതറിമാറലും 'റിമോട്ട് കൺട്രോൾ ' എന്ന കഥയിൽ തെളിഞ്ഞു കാണാം. പറഞ്ഞു പഴകിയ ഒരു വസ്തുതയാണെങ്കിലും മുമ്പേ പറഞ്ഞവർ എന്ന കാഴ്ചപ്പാടിൽ എഴുത്തുകാരുടെ മുൻകൂട്ടി കാണാനുള്ള കഴിവിന്റെ തെളിവായി 'വരും വരാതിരിക്കില്ല' എന്ന കഥ ഇന്നു വായിക്കപ്പെടുന്നു. ദാരിദ്ര്യത്തിന്റെ പച്ചയായ നോവും കച്ചവടത്തിന്റെ ആക്രാന്ത കണ്ണുകളും ഒരുപോലെ പ്രതിഫലിപ്പിക്കുന്നതാണ് ' കാക്ക' എന്ന കഥ. ലോകത്തിന്റെ ഏതൊക്കെയോ കോണുകളിലിരുന്നു സംവദിക്കുന്ന മനുഷ്യർ കേവലം വരികളുടെയോ വാക്കുകളുടെയോ മുൻവിധികളിൽ പരസ്പരം വിലയിരുത്തപ്പെടുന്നതിന്റെ കേവലതയെ നന്നായി പറഞ്ഞു ' വെബ്സൈറ്റ് ' എന്ന കഥ. ഇന്ന് വളരെ പ്രചുരപ്രചാരം നേടിയ മീഡിയ റിയാലിറ്റി ഷോകൾ നല്കാൻ സാധ്യതയുള്ള ചില വിപത്തുകൾ 'പ്രായോജകർ' എന്ന കഥ വെളിപ്പെടുത്തുന്നു. ഒരു കൂട്ടം ആൾക്കാർ ഒളിപ്പിച്ച ക്യാമറയുമായി നിരത്തുകളിൽ നടത്തുന്ന ഹാസ്യനാടകങ്ങളിൽ പതിയിരിക്കാവുന്ന വലിയൊരു ചതിയെ അത് അനാവൃതം ചെയ്യുന്നു. വീട് എന്ന ആഡംബരത്തെ വളരെ തന്മയത്തത്തോടെ 'തിരയിളക്കം' എന്ന കഥയിൽ കഥാകാരി അവതരിപ്പിക്കുന്നു. ഇന്നത്തെ സാംസ്കാരിക രംഗത്തെ അവാർഡ് നാടകങ്ങളെ സ്വയം ഇരയായി അവതരിപ്പിക്കുന്ന 'ഓടക്കുഴൽ കഥകൾ' ശരിക്കും യാഥാർത്ഥ്യമാണ്. മാനസികമായ ഒരു തലത്തിൽ കഥകൾ അവതരിപ്പിക്കാൻ ശ്രമിക്കുന്ന കഥാകാരിയുടെ ചില കഥകൾ വളരെയേറെ ആഴത്തിൽ വായിക്കപ്പെടേണ്ടവയാണ്. 'പാറ്റകളും പട്ടികളും കുറേ മനുഷ്യരും' എന്ന കഥ ഇത്തരം ശ്രേണിയിലുള്ളതാണ്. പരാദ ഭീതി, ജന്തുഭീതി എന്നിവയുടെ കാര്യ കാരണങ്ങളിലേക്ക് ഇറങ്ങിപ്പോകാതെ അതിനെ പറഞ്ഞു പോകാൻ ശ്രമിക്കുമ്പോഴും നിഗൂഢമായി ചില യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുന്നവയാണത്. ഭർത്താവിന്റെ സ്നേഹം പിടിച്ചെടുക്കാൻ ഭാര്യയുടെ ശ്രമങ്ങൾ അവതരിപ്പിക്കുന്ന 'പ്രശ്നകഥയും ' മാനസികാപഗ്രഥന കഥയാണ്. സ്ത്രീ മനസ്സിന്റെ അപരിചിതമായ യാത്രകളുടെ സൂചികയാണ് സാധാരണ കഥായായി വായിച്ചു പോകുമ്പോഴും ഉള്ളിൽ കൊളുത്തുന്ന 'ടൂ ലേറ്റ്' എന്ന കഥയെന്നു കാണാം. മതമൈത്രിയുടെയും ഒപ്പം ദൈവങ്ങളുടെ ഗതികേടിന്റെയും ഹാസ്യാവിഷ്കാരം ആണ് 'തട്ടാരക്കുടിയിലെഗ്രഹങ്ങൾ ' എന്ന കഥയിലൂടെ പ്രേക്ഷിതമാകുന്നത്. 'ആദ്യരാത്രി' എന്ന കഥയാകട്ടെ രണ്ടു ജീവിതങ്ങളുടെ ആരംഭത്തിനെ നർമ്മത്തിലൂടെ പറയുന്ന വളരെ വ്യത്യസ്ഥമായ ഒരു കഥയാണ്. നവ ജീവിതത്തിലേക്ക് കടക്കുന്ന ദമ്പതികളുടെ ആദ്യ രാത്രിയും ആദ്യതൊഴിലിനായി മകനുമായി കടന്നു വരുന്ന കവർച്ചക്കാരനും വളരെ  രസാവഹമായ കാഴ്ചയായിരുന്നു. 

അനുകരണനങ്ങൾ ഇല്ലായെങ്കിലും 'അനുരാധയുടെ ഭർത്താവി'നെ വായിക്കുമ്പോൾ മാധവിക്കുട്ടിയുടെ പക്ഷിയുടെ മണം ഓർമ്മകളിലേക്ക് കടന്നു വരുന്നുണ്ടായിരുന്നു. ചില കഥകൾക്ക് ബഷീറിനെയും വികെ എന്നിനെയും ഓർമ്മിപ്പിക്കാനായത് ഭാഷയുടെ പ്രയോഗത്തിലെ രാസമാറ്റങ്ങളുടെ വിദഗ്ധതയിലാണ്. വായനയിൽ ഒട്ടും മുഷിവ് തോന്നിപ്പിക്കാത്ത കഥകൾ ആണ് ചന്ദ്രമതിക്കഥകൾ. കൂടുതൽ വായനകൾ അർഹിക്കുന്ന, ആദരവുകൾ അർഹിക്കുന്ന ഒരെഴുത്തുകാരി. മലയാള സാഹിത്യത്തിൽ ഓർമ്മിക്കപ്പെടേണ്ട എഴുത്തുകാരുടെ നിരയിലേക്ക് പ്രതിഷ്ഠിക്കപ്പെട്ട എഴുത്തുകാരിക്ക് ആശംസകളോടെ ബി.ജി.എൻ വർക്കല.

Monday, February 3, 2020

അപര ............... ജിഷ കാർത്തിക

അപര (കവിതകൾ)
ജിഷ കാർത്തിക
ലോഗോസ് 
വില: ₹ 120.00

"പ്രണയമില്ലാത്ത വീട് വീടാകുന്നില്ല. ഒരു പെണ്ണിനും അവിടെ പുലരാനാകില്ല" (വീട് പണിയുന്നവൾ - ജിഷ കാർത്തിക)

കവിതകൾ മനസ്സിന്റെ വിങ്ങലാണ്. ഒഴുകാൻ കഴിയാതെ കെട്ടിക്കിടന്നൊടുവിൽ നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഒരു പ്രവാഹം! ശരിയായ കവിതകൾ ഒരിക്കലും കരുതിക്കൂട്ടി സംഭവിക്കുന്നവയല്ല. അവ അത്യധികമായ ഉഷ്ണത്താൽ കരിമ്പാറക്കെട്ടുകളിൽ നിന്നും അറിയാതെ ഉറഞ്ഞുകൂടുന്ന കന്മദം പോലെയാണ്. ഇന്നത്തെ സോഷ്യൽ ഇടങ്ങളിൽ സംഭവിക്കുന്ന തട്ടിക്കൂട്ട് വരികൾക്ക് കവിതയെന്ന തലക്കെട്ടും അവ പടച്ചു വിടുന്നവർ സ്വയം എഴുത്തുകാരനെന്നോ കവിയെന്നോ പേരിനൊപ്പം എഴുതിച്ചേർക്കുന്നതു കൊണ്ട് നല്ല കവിതകൾ സംഭവിക്കുന്നില്ല എന്നു പറയാനാകില്ല. പക്ഷേ അവ എണ്ണത്തിൽ കുറവാണെന്നു മാത്രം. 

ജിഷ കാർത്തിക എന്ന കവി, മലയാളത്തിൽ ബിരുദാനന്തര ബിരുദമുള്ള  ഒരധ്യാപിക കൂടിയാണ്. ലോഗോസിന്റെ ബാനറിൽ 2019 ൽ പുറത്തിറക്കിയ അപര എന്ന കവിതാ സമാഹാരത്തിൽ ജിഷയുടെ 40 കവിതകൾ ആണ് ഉള്ളത്. നല്ല രീതിയിൽ പ്രിൻറ് ചെയ്യപ്പെട്ട ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് അധ്യാപികയും കവിയുമായ നിഷ നാരായണൻ ആണ്.  കവിതകൾ ഒക്കെയും ആധുനിക കവിതയുടെ ചൊൽക്കാഴ്ചകളിൽ നില്ക്കുന്ന, ലളിതമായ വരികളും ദുരൂഹതകൾ അവശേഷിപ്പിക്കാത്ത, എളുപ്പം ഗ്രഹിക്കാൻ കഴിയുന്നവയുമാണ്.

40 കവിതകൾ എന്നത് വായനക്കാരെ സംബന്ധിച്ച് ആയാസരഹിതവും ആനന്ദം നല്കുന്നതുമായ വായന പ്രതീക്ഷിക്കുന്ന ഒന്നാകുക സ്വാഭാവികമാണ്. ഒരു ഭാഷാധ്യാപികയുടെ കവിതകൾ എന്നു വായിക്കുമ്പോൾ ആ പ്രതീക്ഷകൾക്ക് വളരെ ആഴവുമുണ്ടാകും. എന്താണ് ഈ പുസ്തകം നല്കുന്നത് എന്നൊന്നു പരിശോധിക്കാം. ഗഹനമായ ഒരു വിശകലനത്തിന് മുതിരുന്നതിലും നല്ലത് മൊത്തത്തിൽ പറയുന്നതാകും എന്നു കരുതുന്നു. ഭൂരിഭാഗം കവിതകളും പ്രണയത്തിന്റെ നൊമ്പരങ്ങളും മധുരവും പരിഭവങ്ങളും നിറഞ്ഞു നില്ക്കുന്നവയാണ്. പ്രണയം പ്രപഞ്ചത്തിന്റെ നിലനില്പിനെത്തന്നെ നിയന്ത്രിക്കുന്ന ഒന്നെന്ന് മനുഷ്യൻ കരുതുന്നു. പ്രണയമില്ലാത്ത രതി ഉടലുകളെ വെറുതെ വിയർക്കാൻ വിടുന്ന ഒന്നാണല്ലോ. കവികൾ പൊതുവേ പ്രണയത്തിന്റെ മൊത്തക്കച്ചവടക്കാരാണ്. പ്രണയമില്ലായെങ്കിൽ ഇവിടൊരു കവിയും ജനിക്കുകയില്ല എന്ന് പറയേണ്ടി വരും. ഇവിടെ ജിഷയും പ്രണയത്തെത്തന്നെയാണ് കവിതകൾക്ക് പ്രമേയമാക്കുന്നത്. .നിരന്തരം ജോലി സംബന്ധമായ യാത്ര നടത്തുന്ന കവി തന്റെ കവിതകളുടെ ജനനത്തെക്കുറിച്ച് കവിതയിലൂടെ പറയുന്നുണ്ട്. പാഞ്ഞാളിലേക്കുള്ള നിരന്തര യാത്രയിൽ, തന്റെ ചാരത്തിരുന്നു യാത്ര ചെയ്ത ഒരുവൾ! അവളോടുള്ള സംസാരങ്ങൾ... ഒടുവിൽ അവൾ അയഥാർത്ഥമെന്ന തിരിച്ചറിവിൽ, അത് താൻ തന്നെ എന്ന ബോധം. അതാണ് അപര എന്ന പുസ്തകം.

പ്രണയമാണ് കവിതകളുടെ ഭൂരിഭാഗവും കൈയ്യടക്കി വച്ചിരിക്കുന്നത്. എഴുപതാം വയസ്സിൽ ഒരിക്കൽക്കൂടി കാണും എന്നു കരുതി അന്നത്തേക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ ഇന്നേ മനസ്സിൽ ഒരുക്കി വയ്ക്കുന്ന ഒരുവളുടെ, എവിടെയോ നഷ്ടമായ പ്രണയത്തിന്റെ ഓർമ്മക്കുറിപ്പുകൾ ആണ് കവിതകളായി പിറക്കുന്നത് എന്ന് വായന തോന്നിപ്പിച്ചു. തകർന്ന പ്രണയപ്പുറ്റിന്റെ മൺ നനവിൽ നസ്രാണി തുളസികൾ മുളയ്ക്കുന്നിടത്ത് ഒരു നാഗത്തെപ്പോലെ അവൾ കാവലാണ്. പ്രണയത്തെ പാവാടച്ചരടിൽ കുരുക്കിട്ട് നിർത്താൻ . പരസ്പരം കാണും ഒരിക്കൽക്കൂടി എന്ന ശുഭപ്രതീക്ഷയാണ് കവിതകൾക്കു പൊതുവേ പറയാനുള്ളത്. ചുട്ടുപഴുത്ത ഒരു സ്വർണ്ണഗോളമാണവൾക്ക് പ്രണയം. ഒരിക്കൽ പ്രണയിച്ചു തുടങ്ങിയാൽ നിഷ്പ്രയാസം ആർക്കും വിഴുങ്ങാൻ കഴിയുന്ന ഒന്നാണതെന്നവൾ ഓർമ്മപ്പെടുത്തുന്നു. വിരഹിണിയായ രാധയുടെ കണ്ണനെ കാത്തിരിപ്പിനെ ഓർമ്മിപ്പിക്കും വിധം പ്രണയം തുളുമ്പിത്തുടുക്കുന്ന ഒരുവൾ!  വഴിതെറ്റിപ്പോകുമ്പോഴാണ്‌ കാടിന്റെ ഭയം നീയറിയുന്നത് എന്നവൾ തന്നെത്തന്നെ ഓർമ്മിപ്പിക്കുകയാണ്. അപ്പോഴും, ഭയത്തിന്റെ കൂട്ടിലാണെങ്കിലും വിസ്മയത്തുരുത്തിന്റെ പച്ചപ്പുകൾ നീ കണ്ടെത്തും എന്ന ശുഭപ്രതീക്ഷ കൈവിടുന്നുമില്ല. പരസ്പരം നഷ്ടമാകുന്ന വിശ്വാസം. വ്യത്യസ്ഥമായ വഴികൾ , വിപരീത ചിന്തകൾ ഒക്കെയും കൊണ്ടു ശിഥിലമാണ് ദാമ്പത്യത്തിന്റെ മൂലക്കല്ലുകൾ എന്ന് കവി പറയുന്നു. എങ്കിലും സാമൂഹ്യനീതിയുടെ നിയമത്തിന്റെ ചട്ടക്കൂടുകൾ ഭേദിക്കാൻ ശ്രമിക്കാതെ പരസ്പരം ഇണചേർന്ന്, ദാമ്പത്യ മഹാ നൗകയെ യൗവ്വനത്തിന്റെ പടവുകളിൽ നിന്നും വാർദ്ധക്യത്തിന്റെ കടവിലേക്ക് തുഴഞ്ഞു പോകാനവൾ ആഗ്രഹിക്കുന്നു.  വായിച്ചു തുടങ്ങുന്നതെപ്പോഴും പുറന്താളിന്റെ ആകർഷണത്തിലാണെങ്കിലും അകമേ വായിച്ചു ചെല്ലുമ്പോൾ അക്ഷര സമസ്യകളിൽ, ആശയ സങ്കീർണ്ണതയിൽ പാതിവഴി നിലച്ചു പോകുന്ന പ്രണയവിവാഹ യാഥാർത്ഥ്യത്തെ വായന എന്ന ബിംബത്തിലൂടെ കവി നല്ല രീതിയിൽ അടയാളപ്പെടുത്തുന്നു. 

പ്രണയം മാറ്റി നിർത്തിയാൽ പിന്നെ കവിതകൾ കടന്നു പോകുന്നത് അധ്യാപന ജീവിതത്തിലെ ചില കാഴ്ചകളിലും ഓർമ്മകളിലും കൂടിയാണ്. കുളത്തിൽ വീണു മരിച്ച അയലത്തെ അമ്മായിയുടെ ഓർമ്മയും കുന്നുംപുറത്തെ സ്കൂളിലെ തസ്കര മുദ്ര ചാർത്തപ്പെട്ട ബാല്യത്തെയും, സുമേഷ് എന്ന വിദ്യാർത്ഥിയും, അതു പോലെ അധ്യാപികയുടെ ഡയറിയിലെ ചില നോവുകാഴ്ചകളും നിറഞ്ഞ കവിതകളും യൗവ്വനത്തിൽ മരിച്ചു പോയ ഒരമ്മ തന്റെ പെൺമക്കളെ ഉപദേശിക്കുന്ന ഒരു കവിതയും, മരണപ്പെട്ടു പോയ സഹ അധ്യാപികയുടെ ഓർമ്മ നിറഞ്ഞ പുഷ്പമാല്യവും കവിതകളിൽ ഇടം നേടി. കൂട്ടത്തിൽ കുടുംബനാഥൻ / അച്ഛൻ നഷ്ടമാകുന്ന ഒരു വീടിന്റെ ചിത്രം മനോഹരമായി വരച്ചിട്ടു. "വീട്ടിനകത്ത് നിന്നും പലതും കളവുപോയിട്ടുണ്ട് അച്ഛൻ മരിച്ചതിൽ പിന്നെ" എന്ന ഒറ്റവരിയാൽ ആ കവിത പൂർണ്ണമാക്കുന്നുണ്ട്.

ഒരധ്യാപികയും ഭാഷാവിദഗ്ധയുമെന്ന തലത്തിൽ, ഈ കവിയിൽ നിന്നും വായനക്കാർ ഒരു പാട് പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ, പതിവ് ശൈലിയിലുള്ള പ്രണയം മാത്രം നല്കി സാമൂഹ്യമായ ഒരു സന്ദേശവും, ധർമ്മവും നല്കാതെ കവി വായനക്കാരെ നിരാശരാക്കുന്നു. ഓർത്തു വയ്ക്കുവാനും കുട്ടികൾക്ക് ബോധവത്ക്കരണമാകാനും ഉള്ള എന്തെങ്കിലും നല്കുക എന്നത് ഒരു ഉത്തരവാദിത്വമാണ് കവിയുടെ . മുപ്പതാം വയസ്സിൽ മരിച്ചു പോയ ഒരമ്മയുടെ വാക്കുകളിൽ കൂടി ആ ഒരു ധർമ്മത്തെ നിർവ്വഹിച്ചു എന്ന വരുത്തിത്തീർക്കലിനപ്പുറം സൂക്ഷ്മമായ ഒന്നും കവി നല്കുന്നില്ല. പ്രണയത്തിലാകട്ടെ കവി ഉദാരമതിയുമാണ്. അധ്യാപികയ്ക്ക് പ്രണയിച്ചു കൂടെ എന്ന മറുചോദ്യത്തെ നേരിടാൻ നില്ക്കുന്നത് കേവലതയാണ് എന്നു കരുതുന്നു. കവിത ആദ്യം പറഞ്ഞ പോലെ സംഭവിക്കുന്നതാണ് വരുത്തിത്തീർക്കുന്നതല്ല എന്ന വാക്യം ആവർത്തിച്ചു കൊണ്ട് ഈ കവിയിൽ നിന്നും മലയാള ഭാഷയ്ക്ക് മികച്ച കവിതകൾ ലഭിക്കാനിരിക്കുന്നതേയുള്ളു എന്ന ശുഭപ്രതീക്ഷയോടെ ആശംസകൾ . ബിജു.ജി.നാഥ്. വർക്കല

Sunday, February 2, 2020

പോകാതെ വയ്യ.

പോകാതെ വയ്യ.
............................
ആറടി മണ്ണിന്നീർപ്പമറിയാൻ,
ആളുന്നൊരഗ്നിതൻ ഉഷ്ണമറിയാൻ
വിട്ടിടാനാവില്ലീ ദേഹിയെ...
നാളെയുടെ പ്രതീക്ഷകൾ,
കീറി മുറിച്ചും 
തുന്നിക്കെട്ടിയും പഠിക്കുവാൻ
എന്നേയുഴിഞ്ഞു വച്ചു ഞാൻ.
വെളിച്ചം നല്കാൻ 
മിടിപ്പുകൾ വീണ്ടെടുക്കാൻ
ആവശ്യമുള്ളതൊക്കെ കൊടുത്തു
യാത്രയാകണമെനിക്ക് .

വിട പറച്ചിലുകൾ അപ്രസക്തമാകുന്ന 
വരണ്ട സൗഹൃദത്തിൻ ലോകത്ത്
കേവല പുഞ്ചിരിയിൽ 
ഒരു വെറും വാക്കിന്റെ സുഖാന്വേഷണത്തിൽ
ഒറ്റയ്ക്കാണെന്ന ബോധത്തെ
വീണ്ടും വീണ്ടും മനസ്സിലുറപ്പിച്ചു
യാത്ര തുടങ്ങണമിനി.

രണ്ടു നാളിന്റെ ഓർമ്മമരത്തിൽ
ഞാന്നു കിടക്കുന്ന ഫലമാകാതെ ,
ബന്ധങ്ങൾക്കു നടുവിൽ
കോമാളി വേഷമായി
ഗൂഢസ്മിതങ്ങൾക്ക് പാത്രമാകാതെ,
ഒരിക്കലുമുണരാത്തൊരുറക്കത്തെ
സ്വപ്നം കാണലല്ലാതനുഭവിക്കണമിനി.
കടമകളും കടപ്പാടുകളും
മുൾക്കിരീടമായണിഞ്ഞ ജീവിതത്തെ
കുരിശുമരണത്തിലേക്ക് വലിച്ചെറിയാതെ 
അനിവാര്യതയിലേക്ക് മിഴിതുറക്കണം.

ആരുമില്ലായ്മയുടെ ഉപ്പുനീരിറ്റിച്ചു
ഒട്ടും തണുപ്പില്ലാതൊരു വോഡ്കയിൽ
കരളിനെ കുളിപ്പിച്ചു കിടത്തണം.
ആയിരം വിരൽമുനകൾ നീളുന്ന ദേഹിയെ
കല്ലെറിഞ്ഞു കൊല്ലാൻ അനുവദിച്ചുകൊണ്ട്
ആസ്വദിച്ചു തുടങ്ങണം .
... ബി.ജി.എൻ വർക്കല

Saturday, February 1, 2020

ധീരർ

ധീരർ
.......
അവർ ആയിരങ്ങളായിരുന്നു.
ജ്വലിച്ചുയരുന്ന വിപ്ലവാവേശം അല്ല
നിലനില്പിന്റെ പ്രതിരോധമായിരുന്നു
തലച്ചോറിൽ നിറഞ്ഞു നിന്നത്.
അവർക്ക് നേതാക്കളില്ലായിരുന്നു.
അവരോരുത്തരും ഓരോ മതിലുകളായിരുന്നു.
അതിനാലാണ്
അതു കൊണ്ടു മാത്രമാണ്
ഒരു ഭീരുവിനെ
ആയുധത്തോടെ പിന്നോട്ട് നടത്തിച്ചത്.
അധികാരം കൈ കെട്ടി നിസ്സംഗം നിൽക്കേ
ലോകം നിസ്സഹായതയോടെ കണ്ടു നിൽക്കേ
ഒരു വെടിയുണ്ട കൊണ്ട് ഭയക്കാതെ
അവർ മുന്നോട്ടു നടന്നത്.
പണ്ടെങ്ങാണ്ട് കണ്ടൊരു മലയാള പടത്തിൽ
മുതലാളി, ഗുണ്ടകളെക്കൊണ്ട് അടിച്ചു നിരത്തുമ്പോൾ
ഊഴം വച്ച് സംഘങ്ങളായി മുന്നോട്ട് ചെന്ന്
തല്ലു കൊണ്ടു വീണവർ 
അവർ യാഥാർത്യമാകുകയാണ്.
ബയണറ്റുകൾക്കും
വെടിയുണ്ടകൾക്കും
ജലപീരങ്കികൾക്കും
വടിവാളുകൾക്കുമിനിയവരെ ഭയപ്പെടുത്താനാകില്ല.
കാലം മാറുകയാണ്.
ഹേ അധികാരവർഗ്ഗമേ!
മാറേണ്ടത് ഇനി നിങ്ങളാണ്.
... ബി.ജി. എൻ വർക്കല

അടിമ

അടിമ
====
നിന്റെ നേര്‍ച്ചക്കോഴിയാകാം ഞാനൊ-
രുപാധിക്കുമേല്‍ മേല്‍ മാത്രം പ്രേയസീ .
ഒറ്റവെട്ടിനു തീര്‍ക്കരുതെന്റെ വേദനയെ
ഇഞ്ചിഞ്ചായി പ്രണയിച്ച് തീരണമെനിക്ക്
..... ബി.ജി.എൻ വർക്കല