Sunday, October 1, 2017

കേരളം പീഡനശാലയല്ല

ലോകത്തുള്ള പുരുഷന്മാർ മുഴുവൻ പീഡകരാണ് എന്ന പെൺ കവിതകൾ കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് അരി പാറ്റിപ്പറക്കുന്ന അമ്മ ഈ അരിയിൽ കല്ല് മാത്രമേയുള്ളു എന്നു പരാതി പറയുന്നതാണ്. എന്താണ് നമ്മുടെ കാലഘട്ടം പീഡനങ്ങൾ മാത്രം നിറഞ്ഞ വാർത്തകൾ സൃഷ്ടിക്കുന്നത് ? എന്തുകൊണ്ടാണ് നമ്മുടെ പ്രതികരണത്തൊഴിലാളികൾ വികാരവായ്പ്പോടെ എല്ലാ വിഷയങ്ങളും മാറ്റിവച്ചു പീഡനങ്ങൾക്ക് പിറകേ മാത്രം പായുന്നത്?  ഒരിടത്തൊരാൾ നന്ദി പ്രദർശിപ്പിക്കുന്നു തന്നെ പീഡിപ്പിക്കാതിരുന്ന ബന്ധുക്കളോട് . മറിടത്തൊരാൾ നെഞ്ചു പൊടിഞ്ഞമ്മ മനസ്സായി നിന്നു കൊന്നു തള്ളാൻ ആഹ്വാനം ചെയ്യുന്നു. പുരുഷന്മാരായ പുരുഷന്മാരൊക്കെ   ശിക്ഷാവിധികൾക്ക് മുള്ളുമുരിക്കും ഗില്ലറ്റിനും കൈയ്യിലേന്തണമെന്നു ആക്രോശിക്കുന്നു. പത്രങ്ങളും ചാനലുകളും പീഡിപ്പിക്കപ്പെട്ട ഉടലുകളുടെ പീഡന ഭാഗങ്ങൾക്കുള്ളിലേക്ക് വരെ ക്യാമറ കുത്തിക്കയറ്റി വാർത്തകൾ ചമയ്ക്കുന്നു. എന്താണിതിനു കാരണം.?
ഓർക്കുക.! ഓരോ വീടിനുള്ളിലും ഓരോ കുട്ടിയുടെ ഉള്ളിലും നിങ്ങൾ അരക്ഷിതാവസ്ഥയുടെ ബീജങ്ങൾ വർഷിക്കുകയാണ്. ഓരോ ബന്ധങ്ങളെയും സംശയ കണ്ണുകളാൽ നോക്കാനവരെ പ്രേരിപ്പിക്കുകയാണ്. വരും തലമുറയുടെ മാനസിക ലോകത്തെ ലൈംഗികതയുടെ ഭയം കൊണ്ടു നിങ്ങൾ മൂടുകയാണ്. കടുത്ത ലൈംഗിക അരാജകത്വം ആകും വരും തലമുറ ഇതുവഴി അനുഭവിക്കേണ്ടി വരിക. ഈ യാത്ര അപകടമാണ്. നമുക്ക് നമ്മുടെ കുട്ടികളോട് സ്പർശനങ്ങളുടെ വ്യതിയാനങ്ങളെക്കുറിച്ചു പഠിപ്പിക്കേണ്ടി വരുന്നത് എത്ര ലജ്ജാവഹമായ കാര്യമാണ്. ഇതിന്റെ ഏറ്റവും വലിയ ദോഷം മനുഷ്യസഹജമായ കൗതുകമാണ്. തൊടലുകളെ ഭയത്തോടെ വീക്ഷിക്കുന്ന ഒരു മാനസികതലം മാത്രമല്ല ഉണ്ടാകുക ,ആ തൊടലുകളെ എന്തെന്നറിയാനുള്ള കൗതുകവും കുഞ്ഞുങ്ങളിൽ ഉണ്ടാകും. വീണ്ടുവിചാരങ്ങളോ തെറ്റുകുറ്റങ്ങളോ അവർക്കറിയണമെന്നില്ല. ഇത് വലിയ വീഴ്ച തന്നെയാണ്. കുട്ടികൾക്ക് മനസ്സു തുറന്നു രക്ഷകർത്താക്കളോട് സംസാരിക്കാൻ എന്തും ചർച്ച ചെയ്യാൻ ഉള്ള സാധ്യതകൾ തുറന്നിടുക എന്നതാണ് ഓരോ രക്ഷകർത്താക്കളും ചെയ്യേണ്ട ആദ്യപാഠം. കുട്ടിയുടെ ചെറുതും നിസാരവുമെന്നു തോന്നുന്ന പല വിഷയങ്ങളെയും രക്ഷകർത്താക്കൾ ചെവികൊടുക്കുകയോ കാര്യമാക്കുകയോ ചെയ്യാറില്ല പലപ്പോഴും. ചിലപ്പോഴാകട്ടെ ശാസിക്കുകയും മർദ്ദിക്കുകയും കൂടി ചെയ്യും. "നിന്നോട് പറഞ്ഞിട്ടില്ലേ"  , "നീയെന്തിനു പോയി " തുടങ്ങിയ രീതിയിൽ തുടങ്ങുന്ന ശകാരം പലപ്പോഴും കുട്ടികളിൽ അകാരണമായ ഭയവും , വെറുപ്പും രക്ഷകർത്താക്കളോട് തോന്നിപ്പിക്കുകയും അവർ പതിയെ ഒന്നുകിൽ സ്വയം ഉൾവലിയുകയോ അല്ലെങ്കിൽ നിസ്സഹായമായി ഇരകളാകുകയോ ചെയ്യും. ഇവിടെ അവസാന സംഭവമായ ഏഴു വയസ്സുകാരിയിലുണ്ടായത് എന്ത് എന്ന് ഒന്നു പരിശോധിക്കാം. അമ്മയുടെ അനുജത്തിയുടെ ഭർത്താവായി വന്ന മാനസിക രോഗി അയാളുടെ മൂന്നാമത്തെ ഭാര്യയാണവർ. അയാൾ ആര് എന്ത് എന്നറിയാതെ ആണില്ലാത്ത വീട്ടിന്റെ അധിപനാക്കിയ ആ സ്ത്രീകൾ എങ്ങനെയാണ് ന്യായീകരിക്കപ്പെടുക. ആ ആണധികാരത്തിന്റെ മറവിലാണ് അയാൾ ആ കുഞ്ഞിനെ മരണത്തിലേക്ക് കൂട്ടിക്കൊണ്ട് പോയതും . ആ സംഭവം അടക്കം ഓരോന്നിലും നമുക്ക് കാണാനാവുന്ന ഒരു യാഥാർത്ഥ്യം ഉണ്ട്. അരക്ഷിതാവസ്ഥയിൽ ജീവിക്കുന്ന കുട്ടികൾ , സുരക്ഷിതമല്ലാത്ത ജീവിത പശ്ചാത്തലങ്ങൾ , രക്ഷകർത്താക്കളുടെ ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ , പിന്നെ സമൂഹത്തിൽ അത്ര വലുതല്ലാത്തതും എന്നാൽ മുഖംമൂടിയണിഞ്ഞതുമായ മാനസിക രോഗികൾ , മയക്കുമരുന്നുകൾ ഇവയാണ് ഇത്തരം സംഭവങ്ങളുടെ പിന്നിലുള്ള പേരക ഘടകങ്ങൾ. ഇവയെ നാം ബോധപൂർവ്വം അവഗണിച്ചു കൊണ്ട് പെൺകുട്ടികളെ ഭ്രൂണഹത്യ ചെയ്യാനും പുരുഷന്മാരെ ഗില്ലറ്റിൻ ചെയ്യാനും ആഹ്വാനം ചെയ്യുകയും രക്ഷപ്പെട്ട ആശ്വാസം പറഞ്ഞു രചനകൾ ചമയ്ക്കാനും സമയം കണ്ടെത്തുന്നു. മുളക്കാത്ത മുലഞെട്ടും തുറക്കാത്ത യോനിയും എഴുതി അതിനെ വിമർശിക്കുന്നവരുടെ സദാചാര ബോധത്തെ പരിഹസിക്കാനും സമയം കണ്ടെത്തുകയാണ് നാം. യാഥാർത്ഥ്യങ്ങളിൽ ജീവിക്കാൻ നമുക്കു കഴിയുന്നില്ല. മാറ്റം നമ്മിൽ നിന്നാണ് വേണ്ടത്. കേരളത്തിൽ വർദ്ധിച്ചു വരുന്ന റോഡപകടങ്ങളെ നാം പത്രത്തിൽ ചെറിയ കോളങ്ങളിൽ അകപ്പേജുകളിൽ ഒതുക്കി പീഡനങ്ങളെ ചർച്ചക്ക് വയ്ക്കുന്ന അജണ്ടകളെ തിരിച്ചറിയണം.
..... ബിജു.ജി.നാഥ് വർക്കല

1 comment:

  1. കുടുംബങ്ങളില്‍നിന്നും തുടങ്ങണം ബോധവല്‍ക്കരണം.
    ആശംസകള്‍

    ReplyDelete